കണ്ണൂരില്‍ നിന്നും തുടക്കം സര്‍വ്വീസ് നടത്തുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്ക്

keralanews easy to fly to gulf from kannur airport

കണ്ണൂർ:  കണ്ണൂരില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് പറന്ന പ്രവാസികള്‍ക്കും ഇനിയങ്ങോട്ട് ഗള്‍ഫിലേക്ക് പോകാന്‍ ഒരുങ്ങുന്നവര്‍ക്കും, അവിടെ നിന്ന് തിരിച്ച് നാട്ടിലേക്ക് തിരികെയെത്തുന്നവര്‍ക്കും ഒരു സന്തോഷവാര്‍ത്തയുണ്ട്.കേരളത്തിന്റെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമാകാന്‍ ഒരുങ്ങുന്ന കണ്ണൂരില്‍ നിന്നും തുടക്കം സര്‍വ്വീസ് നടത്തുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കായിരിക്കുമെന്ന് റിപ്പോര്‍ട്ടാണ് പ്രവാസികളെ സന്തോഷിപ്പിക്കുന്നത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിപെടാനുള്ള ഇവരുടെ മണിക്കൂറുകള്‍ കുറഞ്ഞുകിട്ടും.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തുടക്കത്തില്‍ പത്ത് ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസ് നടത്താനുള്ള അനുമതിയ്ക്കായാണ് കണ്ണൂര്‍ കാത്തിരിക്കുന്നത്. നേരത്തെ വിദേശത്തും സ്വദേശത്തുമുള്ള വിമാന കമ്പനികളുമായി കിയാല്‍ ചര്‍ച്ച നടത്തിയതാണ്. ഈ ചര്‍ച്ചയില്‍ അനുകൂല നിലപാടുകളാണ് കമ്പനികള്‍ കൈക്കൊണ്ടതെന്നും കിയാല്‍ അറിയിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവരിലേറെയും വടക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ്. ഇവരെല്ലാം ആശ്രയിക്കുന്നതാകട്ടെ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ്. കണ്ണൂരില്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഇവരുടെ ഗള്‍ഫ് രാജ്യങ്ങളിക്കുള്ള പറക്കല്‍ എളുപ്പമാവും.

കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തി

keralanews body found in well

മട്ടന്നൂര്‍ : മട്ടന്നൂര്‍ചാവശ്ശേരി ടൗണിലുള്ള കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തി. ഇന്ന് ഒരു മണിയോടെയാണ് സംഭവം. പരിയാരം കായല്ലൂര്‍ സ്വദേശി റഫീഖിനെയാണ് മരിച്ച നിലയില്‍ കണ്ടത്. പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പാചകവാതക വിതരണ തൊഴിലാളികളുടെ സമരം പിന്‍വലിച്ചു

keralanews lpg workers strike is over

കണ്ണൂർ: ജില്ലയിലെ പാചകവാതക വിതരണ തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇക്കഴിഞ്ഞ 13ന് പാചകവാതക തൊഴിലാളികളും പെട്രോള്‍ പമ്പ് തൊഴിലാളികളും സമരം ആരംഭിച്ചത്. 2016 ഡിസംബര്‍ 21 ലെ മിനിമം വേതനം സംബന്ധിച്ചുള്ള ഉത്തരവ് നടപ്പാക്കാമെന്ന ധാരണയിലാണ് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തയാറായത്. അതേസമയം പെട്രോള്‍ പമ്പുടമകളും തൊഴിലാളി യുനിയനുകളും തമ്മിലുള്ള ചര്‍ച്ച തുടരുന്നു.

വിവരാവകാശ നിയമത്തില്‍ സി.പി.ഐക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

keralanews kas pinarayi vijayan kerala cpi cpm
തിരുവനന്തപുരം: സര്‍ക്കാര്‍ വിവരാവകാശ നിയമത്തിന് എതിരാണെന്ന വാദം ശരിയല്ല. ചിലര്‍ അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ക്ക് വേണ്ടിയാണ് ഈ പുകമറ സൃഷ് ടിക്കുന്നതെന്നറിയില്ല. വിവരാവകാശ നിയമത്തില്‍ സി.പി.ഐക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ആര് എതിര്‍ത്താലും നടപ്പാക്കുമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്‌സൈറ്റിലിടുന്ന ഏക സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു. വിവാദം ഒഴിവാക്കാനാണ് ചില കാര്യങ്ങള്‍ക്ക് മറുപടി പറയാതെ മിണ്ടാതിരിക്കുന്നത്. അല്ലാതെ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല.
കെ.എ.എസ് നാടിന്റെ ആവശ്യമാണ്. കെ.എ.എസ് സര്‍വീസ് മേഖലയ്ക്ക് ഉപദ്രവമുണ്ടാകുന്ന കാര്യമല്ല. ചിലര്‍ക്ക് തെറ്റിദ്ധാരണയുള്ളതുകൊണ്ടാണ് എതിര്‍ക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികള്‍ കുറവായ അംഗന്‍വാടികള്‍ പൂട്ടുന്നു

keralanews nursery schools with minimum kids could be forced to close

തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ കുറഞ്ഞ ആംഗന്‍വാടികള്‍ പൂട്ടിയിടാനും കുറഞ്ഞ കുട്ടികള്‍ ഉള്ളവരെ സമീപത്തെ ആംഗന്‍വാടികളിലേക്ക് മാററാനും നിര്‍ദേശം. ഇതു സംബന്ധിച്ച് ആംഗന്‍വാടി സൂപ്പര്‍വൈസര്‍മാരോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കയാണ് സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ചയാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ബ്ലോക്ക് ഐ.സി.ഡി.എസ്. ഓഫീസുകളില്‍ എത്തിയത്.

വിവിധ ബ്ലോക്കുകളായി നിരവധി ആംഗന്‍വാടികള്‍ ഉണ്ട്. കുട്ടികള്‍ കുറഞ്ഞ കാരണം പറഞ്ഞ് അംഗന്‍വാടികള്‍ പൂട്ടാനുളള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധത്തോടെയാണ് പലരും സ്വീകരിച്ചത്. സര്‍ക്കാറിന്റെ ഈ തീരുമാനം സര്‍വെ നടത്തി നടുവൊടിഞ്ഞു നില്‍ക്കുന്ന ആംഗന്‍വാടി ജീവനക്കാരില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഉണ്ടാകുന്നത്.

നോർക്ക റിക്രൂട്ട്മെന്റിലെ വീഴ്ചകൾ

keralanews norka roots nurses recruitment issues

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് നിയമനം നടത്തുന്ന കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയായ നോര്‍ക്കയുടെ വീഴ്ച കാരണം കഴിഞ്ഞ 9 മാസമായി ഒരു നഴ്സിംഗ് തൊഴിലവസരവും കേരളത്തിനു ലഭിച്ചില്ല.

കേന്ദ്രം ഏര്‍പ്പെടുത്തിയ ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാന്‍ നോര്‍ക്ക വീഴ്ചവരുത്തിയതിനാലാണ് നഴ്സിംഗ് നിയമന കാര്യത്തില്‍ കേരളത്തിലെ നഴ്സുമാരുടെ വഴിയടഞ്ഞത്.

തൊഴില്‍ തട്ടിപ്പ് വ്യാപകമായ പശ്ചാത്തലത്തിലാണ് ഇ.സി.ആര്‍. രാജ്യങ്ങളിലേക്കുള്ള നിയമനങ്ങള്‍ ഔദ്യോഗിക ഏജന്‍സികളിലൂടെയേ നടത്താവൂവെന്ന് 2015-ല്‍ ല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്.

നോര്‍ക്ക തുടര്‍നടപടിയെടുക്കാത്തതിനാല്‍ കുവൈത്ത് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത ആയിരം തൊഴിലവസരങ്ങളില്‍ നിയമനം  നടന്നിട്ടില്ല. മലയാളി നഴ്സുമാരുടെ അവസരമാണ് നോര്‍ക്ക കാരണം ഇല്ലാതായത്.

അല്‍ഷിമേഴ്സ് ബാധിച്ച അമ്മയെ എന്തുചെയ്യണം : ജയിൽ IG

keralanews jail ig gopakumar quarters issue

തിരുവനന്തപുരം: ജയിൽ ഐ ജി തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നവർക്കെതിരെ പൊട്ടിത്തെറിക്കുന്നു. ക്വാര്‍ട്ടേഴ്സ് ആര്‍ക്കും വാടകയ്ക്ക് നല്‍കിയിട്ടില്ല. എന്റെ ജയില്‍ ക്വാര്‍ട്ടേഴ്സില്‍ ഉള്ളത് അല്‍ഷിമേഴ്സ് ബാധിച്ച എന്റെ അമ്മയാണ്. ജയില്‍ ചട്ടം ഞാന്‍ ലംഘിച്ചിട്ടില്ല.ജയില്‍ ഐജി ഗോപകുമാര്‍ പ്രതികരിച്ചു.

ജയില്‍ ഐജി സ്വന്തം ക്വാര്‍ട്ടെഴ്സ് ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപണമുയരുകയും ജയില്‍ എഡിജിപി ശ്രീലേഖ ക്വാര്‍ട്ടെഴ്സില്‍ റെയിഡ് നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയില്‍ ഐജി ഗോപകുമാര്‍ അന്വേഷണത്തോട് പ്രതികരിച്ചത്. സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി ജയില്‍ ഐജി പറയുന്നു.അല്‍ഷിമേഴ്സ് പിടിയില്‍ ഉള്ള അമ്മയെ ഞാന്‍ എന്ത് ചെയ്യണം. അമ്മയെ ശുശ്രുഷിക്കുക മകന്റെ ധര്‍മ്മം തന്നെയല്ലേ.

പൂര്‍ണ്ണമായും അല്‍ഷിമേഴ്സിന്റെ  പിടിയില്‍ ആണ് അമ്മ. അവര്‍ ആരെയും തിരിച്ചറിയുന്നില്ല. പ്രാഥമിക കര്‍മ്മങ്ങളും കിടക്കയില്‍ തന്നെയാണ്. കൊച്ചു കുഞ്ഞിനെക്കാളും വലിയ സംരക്ഷണം അമ്മയ്ക്ക് വേണ്ട ഘട്ടമാണിത്. കഴിഞ്ഞ 15 വര്‍ഷമായി അമ്മ എനിക്കൊപ്പമാണ്. അച്ഛന്റെ മരണശേഷം അമ്മയെ പരിച്ചരിക്കേണ്ട  ചുമതല എനിക്കാണ്.

അമ്മയെ നോക്കാന്‍ എന്റെ സഹോദരന്‍ കൂടി ഒപ്പമുണ്ട്. . 80 വയസുള്ള ഭാര്യാ പിതാവ് കൂടി ഞങ്ങള്‍ക്കൊപ്പമുണ്ട്. അദ്ദേഹത്തിനു കൂടി പരിചരണം ആവശ്യമുണ്ട്.കാരണം ഭാര്യാമാതാവ് ജീവിച്ചിരിപ്പില്ല.  അതിനാല്‍ അദ്ദേഹത്തിന്റെ സംരക്ഷിക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്തമാണ്. പിന്നെ കേരളാ ജയില്‍ ചട്ടമനുസരിച്ച് മാതാ പിതാക്കള്‍, ഭാര്യ, മക്കള്‍, ബന്ധുക്കള്‍ എന്നിവരെ ക്വാര്‍ട്ടെഴ്സില്‍ താമസിപ്പിക്കാം. ക്വാര്‍ട്ടേഴ്സ് ഉപയോഗിക്കുന്നതിനു ഹൌസ് റെന്റ് സര്‍ക്കാരിന് അടയ്ക്കുന്നുണ്ട്. ജയില്‍ ക്വാര്‍ട്ടേഴ്സ് ആയതിനാല്‍ ഒരു തടവുകാരന്‍ വന്നു അടിച്ചു വാരി പോകുന്നുണ്ട്. അതും ചട്ടലംഘനമൊന്നുമല്ല. അദ്ദേഹം പ്രതികരിച്ചു.

 

അപേക്ഷിച്ച ഉടന്‍ പാന്‍ കാര്‍ഡ്

keralanews PAN in a few minutes

ന്യൂഡല്‍ഹി: അപേക്ഷിച്ച ഉടന്‍ പാന്‍ കാര്‍ഡ് ലഭിക്കാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നു. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ കെ വൈസി സംവിധാനമുപയോഗിച്ചാവും അഞ്ചു മിനുട്ടിനുള്ളില്‍ പാന്‍കാര്‍ഡ് ലഭ്യമാവുക. വിരലടയാളം ഉള്‍പ്പടെയുള്ളവ സ്വീകരിച്ചാവും ഇത്തരത്തില്‍ അതിവേഗത്തില്‍ പാന്‍കാര്‍ഡ് വിതരണം ചെയ്യുക.

പുതിയ സംവിധാനം പ്രകാരം പാന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള രേഖകളും വിരലടയാളവും നല്‍കിയാല്‍ അഞ്ച് മിനുട്ടിനുള്ളില്‍ പാന്‍കാര്‍ഡ് നമ്പര്‍ ലഭിക്കും. പാന്‍കാര്‍ഡും വൈകാതെ തന്നെ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ പാന്‍കാര്‍ഡ് ലഭിക്കണമെങ്കില്‍ മൂന്നാഴ്ചയെങ്കിലും കാത്തിരിക്കണം.

അതേസമയം മൊബൈല്‍ ഫോണ്‍ വഴി ആദായനികുതി അടക്കാനും പാന്‍കാര്‍ഡിന് അപേക്ഷിക്കാനും പുതിയ ആപ്പും നികുതി വകുപ്പ് പുറത്തിറക്കുന്നുണ്ട്. പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും റിട്ടേണ്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.

കുപ്രസിദ്ധ കുറ്റവാളി കാലിയ റഫീഖ് വെട്ടേറ്റു മരിച്ചു

keralanews kaliya rafeeque stabbed to death

കാസർകോട്: കൊലപാതകം അടക്കം അനേകം കേസുകളില്‍ പ്രതിയായ ഉപ്പള മണിമുണ്ട സ്വദേശി കാലിയ റഫീഖ് (38) മംഗളൂരുവില്‍ കൊല്ലപ്പെട്ടു. മംഗളൂരു കെ സി റോഡിന് സമീപം കെട്ടേക്കാറില്‍ വെച്ചാണ് ടിപ്പര്‍ ലോറിയിലെത്തിയ സംഘം റഫീഖിനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാത്രി 11.45 മണിയോടെയായിരുന്നു സംഭവം.

കൊലപാതകം, പിടിച്ചുപറി, മോഷണം, ഗുണ്ടാ പിരിവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. ഉപ്പളയിലെ ഗുണ്ടാ നേതാവായിരുന്ന മുത്തലിബിനെ വീടിന് സമീപത്ത് വെച്ച് കാര്‍ തടഞ്ഞ് വെടിവെച്ചും വെട്ടിയും കൊന്ന കേസിലും റഫീഖ് പ്രതിയാണ്.

റഫീഖ് സഞ്ചരിച്ച റിറ്റ്‌സ് കാറിനെ ടിപ്പർ ലോറിയിൽ പിന്തുടര്‍ന്ന അക്രമി സംഘം കെട്ടേക്കാറില്‍ വെച്ച് കാറില്‍ ഇടിക്കുകയും, റഫീഖിനെ വളഞ്ഞിട്ട് കൊല്ലുകയുമായിരുന്നു. സംഭവ സമയം ഫീഖിന്റെ സുഹൃത്തുക്കളും  കാറിലുണ്ടായിരുന്നതായും വെടിവെപ്പുണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഉള്ളാള്‍ പൊലീസ് ഇൻസ്പെക്ടർ ഗോപീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം ദേര്‍ളക്കട്ട കെ എസ് ഹെഡ്‌ഗെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവം; അടിമാലി സ്വദേശിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

keralanews malayalam actor baburaj stabbed over water dispute

അടിമാലി:  നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ അടിമാലി സ്വദേശി സണ്ണിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതി സണ്ണിയെ കഴിഞ്ഞദിവസം തന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. നെഞ്ചിനും കൈക്കും ആഴത്തിലുള്ള മുറിവേറ്റ ബാബുരാജ് ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. റിസോര്‍ട്ടിന് സമീപത്തെ കുളത്തിലെ വെള്ളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളില്‍ ചിലര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ ശ്രമം വാക്കുതര്‍ക്കത്തിനിട വരുത്തി. ഇതിനിടെ സണ്ണി വാക്കത്തികൊണ്ട് ബാബുരാജിന്റെ നെഞ്ചിലും കൈയ്ക്കും തോളിനും വെട്ടുകയായിരുന്നു.

അതേസമയം ബാബുരാജിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടതുകൈയുടെ തോള്‍ഭാഗത്താണ് മുറിവേറ്റത്. കക്ഷം വരെ മുറിവുണ്ടെങ്കിലും ആഴത്തിലുള്ളതല്ല. ഞരമ്പിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. മുറിവ് തുന്നി കെട്ടിയത് മൂലമുള്ള പാട് മാറ്റാന്‍ ഡോ. ജിജിരാജ് കുളങ്ങരയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് സര്‍ജറിയും വേണ്ടിവരും.