തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങും പവര്‍കട്ടും തല്‍ക്കാലം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം.വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.കേന്ദ്രവിഹിതം കുറഞ്ഞാല്‍ സംസ്ഥാനത്ത് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും.മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കിട്ടുന്ന വൈദ്യുതിയും കേന്ദ്ര വിഹിതവും കുറഞ്ഞതാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടാകാന്‍ പ്രധാന കാരണം.ലോഡ് ഷെഡിങ്ങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.എന്നാല്‍, 19 നുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം മുഖവിലക്കെടുത്ത് സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വൈദ്യുതി വകുപ്പ് അംഗീകരിച്ചു.3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. ഇതില്‍ 2200 മെഗാവാട്ടും പുറത്ത് നിന്നുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് ലഭിച്ചു വരുന്നത്.കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉത്പാദനത്തില്‍ കുറവ് വന്നതോടെ കേരളത്തിന് പ്രതിദിനം 1800 മുതല്‍ 1900 മെഗാവാട്ട് വരെ വൈദ്യുതി മാത്രമാണ് ലഭിക്കുന്നത്. മൂന്നൂറ് മുതല്‍ 400 മെഗാവട്ട് വരെ വൈദ്യുതിയുടെ കുറവാണുള്ളത്. ഇത് മറികടക്കാന്‍ രണ്ട് കോടിയോളം അധികം ചെലവിട്ട് മൂന്നൂറ് മെഗാവാട്ട് വൈദ്യുതിയോളം പവര്‍ ഏക്‌സ്‌ചേഞ്ചില്‍ നിന്ന് വാങ്ങുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ചിട്ടി തട്ടിപ്പ്; പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകർ നിരാഹാര സമരം നടത്തുന്നു
കണ്ണൂര്‍: ചിട്ടി തട്ടിപ്പ് നടന്ന പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റിക്ക് മുന്നില്‍ നിരാഹാര സമരം നടത്താനൊരുങ്ങി നിക്ഷേപകര്‍. ഇന്ന് മുതല്‍ അഞ്ച് ദിവസം റിലേ സത്യഗ്രഹം നടത്താനാണ് തീരുമാനം. സൂചനാ സമരമെന്ന രൂപത്തിലാണ് നിരാഹാരം നടത്തുന്നതെന്നും നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും നിക്ഷേപകര്‍ മുന്നറിയിപ്പ് നല്‍കി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പേരാവൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളെത്തി.അതേസമയം സൊസൈറ്റി സെക്രട്ടറി പി വി ഹരികുമാറിനോട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 11ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ സഹകരണ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായില്ല. ഹരികുമാറിനെതിരെ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രദോഷ് കുമാര്‍ പറഞ്ഞു. പണം ആരെങ്കിലും തട്ടിയെടുത്തതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ നിക്ഷേപമായി ചിട്ടി വഴി സ്വീകരിച്ച പണം ശമ്പളത്തിനും മറ്റുമായി വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിട്ടി നടത്തിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ്. സെക്രട്ടറിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരം സഹകരണ വകുപ്പിനുണ്ട്. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഈ മാസം 15 നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രദോഷ് കുമാര്‍ പറഞ്ഞു.
ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ഒക്ടോബര്‍ 13ന്
കൊച്ചി: അഞ്ചല്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധി.ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റാന്വേഷണ ചരിത്രത്തില്‍ രാജ്യത്ത് തന്നെ ശ്രദ്ധേയമായ ഉത്രവധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന് സൂരജിനോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു മറുപടി. ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്.കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയ പ്രോസിക്യൂഷന്‍, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വാദിച്ചു. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു.302, 307, 328,201 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സമയത്ത് എങ്ങനെ കൊല്ലുമെന്നാണ് സൂരജ് ഫോണിൽ തിരഞ്ഞത്. സൂരജിനെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. 2020 മേയ് ഏഴിനാണ് മൂര്‍ഖന്‍പാമ്ബിന്റെ കടിയേറ്റ് ഉത്ര മരിച്ചത്. കൊലപാതകമാണെന്ന എട്ടു പേജുള്ള പരാതിയുമായി ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പിയായിരുന്ന ഹരിശങ്കറിനെ കണ്ടതോടെയാണ് കൊലപാതകത്തിലേക്ക് അന്വേഷണമെത്തിയത്.തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14 ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണനടപടികളും വേഗത്തിലായിരുന്നു. പൊലീസിനൊപ്പം സര്‍പ്പശാസ്ത്രജ്ഞരും വിഷയവിദഗ്ധരും അന്വേഷണത്തില്‍ പങ്കാളികളായി. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷില്‍ നിന്നാണ് സൂരജ് ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ വാങ്ങിയത്. കേസില്‍ വിധി പറയുന്നതോടെ മാപ്പുസാക്ഷിയായ സുരേഷ് ജയിന്‍ മോചിതനാകുമെന്നാണ് വിവരം. 87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും അപഗ്രഥിച്ച ശേഷമാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപിച്ചത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. പണം മാത്രം ലക്ഷ്യമാക്കി വിവാഹം ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം.
നടൻ നെടുമുടി വേണു അന്തരിച്ചു
തിരുവനന്തപുരം: നടൻ നെടുമുടി വേണു(73) അന്തരിച്ചു.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ വേഷമിട്ട നെടുമുടി വേണു രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടിയിട്ടുണ്ട്.ആലപ്പുഴയിലെ നെടുമുടിയില്‍ അദ്ധ്യാപകനായിരുന്ന പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി ജനിച്ചത്. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. മൃദംഗം വായനക്കാരന്‍ കൂടിയായ അദ്ദേഹം നാടകരംഗത്ത് സജീവമായിരിക്കെയാണ് സിനിമയില്‍ എത്തിയത്.അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പൂരം എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഏതാനും ചിത്രങ്ങളുടെ തിരക്കഥയും നിര്‍വഹിച്ചു.1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2004 ല്‍ മാര്‍ഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി. ടി.ആര്‍ സുശീലയാണ് ഭാര്യ. ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍ എന്നിവര്‍ മക്കളാണ്.
തമ്പാനൂർ കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനല്‍ കെട്ടിടത്തില്‍ തീപിടിത്തം
തിരുവനന്തപുരം:തമ്പാനൂർ കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനല്‍ കെട്ടിടത്തില്‍ തീപിടിത്തം. ആർ ടി ഓ ഓഫീസ് പ്രവർത്തിക്കുന്ന അഞ്ചാം നിലയിലാണ് തീപിടുത്തമുണ്ടായത്.ഇത്തരം സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നതിനാല്‍ തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി.തുടര്‍ന്ന് ഡോര്‍ തകര്‍ത്താണ് രക്ഷാസംഘം അകത്തേക്ക് കയറിയത്. പത്ത് മിനുട്ടിലേറെയുള്ള തിരച്ചിലിനൊടുവിലാണ് തീപിടിച്ച ഭാഗം കണ്ടെത്താനായത്. ഒടുവില്‍ ഡോര്‍ തകര്‍ത്ത് രക്ഷാസംഘം അകത്ത് പ്രവേശിക്കുകയായിരുന്നു.മൂന്ന് വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറിയശേഷമാണ് തീ കണ്ടെത്തി അണയ്ക്കാനായത്.ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. കോണിപ്പടിയോട് ചേര്‍ന്ന ഭാഗത്ത് കൂട്ടിയിട്ട പേയ്‌പെറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. തീപിടുത്തമുണ്ടായ ഭാഗത്ത് വേണ്ടവിധത്തിലുള്ള അഗ്നിശമന സംവിധാനങ്ങള്‍ ഇല്ലായിരുന്നു. ശുചിമുറില്‍ നിന്നും ബക്കറ്റില്‍ സംഭരിച്ചവെളളം ഉപയോഗിച്ചാണ് അഗ്നിശമന സേന അവസാനം തീ കെടുത്തിയത്.
സ്‌കൂള്‍ തുറക്കല്‍; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍
തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാര്‍ജ് 10 രൂപയായും ഉയര്‍ത്തണമെന്നാണ് ആവശ്യം.ഒരു വര്‍ഷത്തെ റോഡ് ടാക്‌സ് ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ബസ് ഉടമകള്‍ പ്രഖ്യാപിച്ച വായ്പകള്‍ ഉടന്‍ ലഭ്യമാകണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും, ധനകാര്യമന്ത്രിയ്ക്കും പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നിവേദനം നല്‍കി.നവംബര്‍ ഒന്ന് മുതലാണ് സ്‌കൂളുകള്‍ തുറക്കുന്നത്.പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ ക്ലാസുണ്ടാവും. കുട്ടികള്‍ സ്‌കൂളില്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം എത്തിയാല്‍ മതിയെന്നാണ് ഉത്തരവ്.അതേസമയം ഡിജിറ്റല്‍ ക്ലാസുകള്‍ തുടരും. സ്‌കൂളില്‍ വരുന്ന കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. സംസ്ഥാനത്ത് പവർ കട്ട് വേണ്ടിവരുമോയെന്നത് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.രാജ്യത്തെ 45 കല്‍ക്കരി നിലയങ്ങളില്‍ രണ്ടു ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്ന്‌തെന്നും 16 നിലയങ്ങളില്‍ പൂര്‍ണമായും തീര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധി ഉണ്ടായാൽ പവർ കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു.കേന്ദ്രത്തില്‍ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതില്‍ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചു. ഇങ്ങനെ പോയാല്‍ കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്താതെ നിര്‍വര്‍ത്തിയില്ലാത്ത സാഹചര്യം ആണ് ഉള്ളതെന്നും മന്ത്രി അറിയിച്ചിരുന്നു.അതേസമയം രാജ്യത്ത് കൽക്കരി ക്ഷാമമോ വൈദ്യുതി പ്രതിസന്ധിയോ ഇല്ലെന്ന് കേന്ദ്ര വൈദ്യുത മന്ത്രി ആർ.കെ സിംഗും കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും വ്യക്തമാക്കിയിരുന്നു.രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടെന്നും, ഇത് കേരളത്തിലുൾപ്പെടെ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി കേന്ദ്രമന്ത്രിമാരെത്തിയത്. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ പവർ കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണ് കൽക്കരിയുടെ ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ; കണ്ണൂരിലെ മലയോരമേഖല വെള്ളപ്പൊക്ക ഭീഷണിയിൽ
കണ്ണൂർ: ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ. ഇതോടെ കണ്ണൂരിലെ മലയോര മേഖലയിലെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.ഞായറാഴ്‌ച്ച മഴ കനത്തതിനെ തുടർന്നാണ് കർണാടക വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. പയ്യാവൂർ മേഖലയിലെ കാഞ്ഞിരക്കൊല്ലിയ്‌ക്ക് സമീപം കേരളത്തോട് ചേർന്ന് കിടക്കുന്ന വനമേഖലയിലാണ് ഉരുൾ പൊട്ടിയത്.വട്ടിയാംതോട്, മണിക്കടവ്, നുച്യാട്, വയത്തൂര്‍ പുഴകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. വയത്തൂര്‍, വട്ടിയാംതോട് പാലങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.ഏത് സാഹചര്യത്തേയും നേരിടാൻ സജ്ജമാകണമെന്ന് കളക്ടർ ദുരന്ത നിവാരണ സേനയ്‌ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഷാജി, ഉളിക്കല്‍ പൊലീസ് എന്നിവര്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
കണ്ണൂരില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടയില്‍ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി
കണ്ണൂർ:സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികൾ വൃത്തിയാക്കുന്നതിനിടെ മൂർഖൻ പാമ്പിനെ കണ്ടെത്തി.കണ്ണൂര്‍ മയ്യിലെ ഐഎംഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പാമ്പിനെ കണ്ടെത്തിയത്. കോവിഡ് സാഹചര്യമായതിനാല്‍ ക്ലാസുകള്‍ നടക്കാത്തിനാല്‍ ഒന്നര വര്‍ഷമായി സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു. മൂര്‍ഖനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു.സ്‌കൂളും പരിസരവും വൃത്തിയാക്കാന്‍ എത്തിയവരാണ് പാമ്പിനെ ക്ലാസ്‌റൂമില്‍ കണ്ടെത്തിയത്.അതേസമയം എല്ലാവരും ക്ലാസ് മുറികളും സ്കൂള്‍ പരിസരവും വൃത്തിയാക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ട്രെയിന്‍തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ തട്ടിയെടുത്ത് ഉപയോഗിച്ച് ഉപയോഗിച്ചു; എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം:ട്രെയിന്‍തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ തട്ടിയെടുത്ത് ഉപയോഗിച്ച സംഭവത്തിൽ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മംഗലപുരം മുന്‍ എസ് ഐയും ഇപ്പോള്‍ ചാത്തന്നൂര്‍ എസ് ഐയുമായ ജ്യോതി സുധാകറിനെയാണ് സസ്‌പെന്റ് ചെയ്തത്. മരിച്ച യുവാവിന്റെ ഫോൺ തട്ടിയെടുത്ത് ഔദ്യോഗിക സിം ഇട്ട് ഉപയോഗിക്കുകയായിരുന്നു. മംഗലപുരം സ്വദേശിയായ അരുൺ ജെറിയുടെ ഫോണാണ് എസ് ഐ മോഷ്ടിച്ചത്. അരുൺ ജെറി ജൂൺ 18 ന് ട്രെയിൻ തട്ടി മരിച്ചിരുന്നു. ഫോൺ കാണാനില്ലെന്ന് അരുണിന്റെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. അരുൺ ജെറിയുടെ ഇൻക്വസ്റ്റ് നടത്തുമ്പോഴാണ് എസ്ഐ ഫോണെടുത്തത്.ബന്ധുക്കളുടെ പരാതിയില്‍ ഇഎംഇഐ നമ്ബര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫോണ്‍ എസ്‌ഐയുടെ കയ്യിലുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ എസ്‌ഐ ഫോണ്‍ തിരികെ മംഗലപുരം സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.