ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. മാര്‍ച്ച് 24-ാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. സൂക്ഷ്മ പരിശോധന 27ന് നടക്കും. ഏപ്രിൽ 17നാണ് വോട്ടെണ്ണൽ. പത്രിക പിന്‍വലിക്കുന്നിനുള്ള അവസാന തീയതി മാര്‍ച്ച് 29 ആണ്.
കേരളത്തിൽ ഇടിയോടുകൂടി മഴപെയ്യാൻ സാധ്യത
വറ്റിവരളുന്ന നാടും നഗരവും കുളിരണിയിക്കാൻ കേരളത്തിൽ മഴപെയ്തെക്കും. ഇടിയോടു കൂടിയ ശക്തമായ മഴ പെയ്യാനാണ് സാധ്യത എന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. വറ്റിവരളുന്ന ജലാശയങ്ങൾക്കും കുടി നീരിന് ദാഹിക്കുന്ന ജീവജാലങ്ങൾക്കും വലിയ ആശ്വാസം തന്നെ ആയേക്കും ഈ വേനൽ മഴ.
മുഖ്യമന്ത്രിയെ ‘എടാ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബൽറാമിനെതിരെ എ എൻ ഷംസീർ
തിരുവനന്തപുരം: നിയമസഭയിൽ സദാചാര പ്രശ്നം ഉന്നയിച്ചു പ്രതിപക്ഷം ബഹളം വെച്ചതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ‘എടാ’ എന്ന് വിളിച്ച് ആക്ഷേപിച്ച ബൽറാമിനെതിരെ പ്രതിഷേധിക്കണമെന്നു എ എൻ ഷംസീർ.
ശിവസേനയെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ രൂക്ഷമായിട്ടാണ് പ്രതിപക്ഷം നേരിട്ടത്. മുഖ്യമന്ത്രിയുടെ പോലീസ് ശിവസേനയുടെ സദാചാര നാടകങ്ങൾക്ക് ഒത്താശ ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. വാക്കേറ്റം രൂക്ഷമായതോടെ ഇരു പക്ഷവും നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതിനിടെയാണ് വി ടി ബൽറാം മുഖ്യമന്ത്രിയെ ‘എടാ’ എന്ന് വിളിച്ചതെന്നാണ് ആരോപണം.
പുതിയ പത്ത് രൂപ നോട്ട് ഉടന്‍ ; ആർ ബി ഐ
ന്യൂഡല്‍ഹി: പുതിയ പത്ത് രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 2017 എന്ന് നോട്ടിന്റെ മറുഭാഗത്ത് രേഖപ്പെടുത്തിയിരിക്കും. ഇരു പാനലുകളിലേയും അക്ഷരങ്ങള്‍ ഇടത് നിന്നും വലത് ഭാഗത്തേക്ക് വലുതായി വരുന്ന രീതിയിലായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. പുതിയ നോട്ട് പുറത്തിറക്കിയാലും പഴയ നോട്ടുകള്‍ പഴയതുപോലെ മൂല്യമുള്ളവ ആയിരിക്കും എന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നത്തെ വ്യവസ്ഥികൾക്കെതിരെയുള്ള യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് ലഭിച്ച അവാർഡ് എന്ന് വിനായകൻ
കൊച്ചി : വർത്തമാന കാലത്തെ വ്യവസ്ഥിതികൾക്കെതിരെ യുവാക്കളുടെ പ്രതിഷേധമാണ് തനിക്കു കിട്ടിയ ഈ അവാർഡ് എന്ന് വിനായകൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രണയമില്ലാതാകുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും മറൈൻ ഡ്രൈവിലടക്കം കണ്ടത് ഇതാണെന്നും വിനായകൻ പറഞ്ഞു. സിനിമയി ജാതി വേര്തിരിവുണ്ടെന്നും താൻ അത് അനുഭവിച്ചിട്ടുള്ള ആളാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കണ്ണൂരിൽ ആക്രമണം പടരുന്നു; പോലീസിന് ആശങ്ക
കണ്ണൂർ: തലശ്ശേരി എം ൽ എ യും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റുമായ എ എൻ ഷംഷീറിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കണ്ണൂരിൽ വീണ്ടും ആക്രമണം ഉണ്ടായതിൽ നാടൊട്ടുക്കും ആശങ്ക. ഷംഷീറിന്റെ വീടിനു മുന്നിൽ ആർ എസ് എസ് പ്രവർത്തകർ പ്രകോപനകരമായ രീതിയിൽ പെരുമാറി. ഷംഷീറിന്റെ രക്തം കൊണ്ട് കാളീ പൂജ ചെയ്യുമെന്നായിരുന്നു ഭീഷണി. ഈ സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പിന്നീട് ബുധനാഴ്ച വൈകുന്നേരം കതിരൂർ പൊന്ന്യം നായനാർ റോഡിൽ നടന്ന ബോംബറിലാണ് സി പി എം പ്രവർത്തകർ ഉൾപ്പെടെ നാല് പേർക്കു വെട്ടേറ്റത് . തുടർന്ന് രാത്രി ഒൻപതു മണിയോടെ ആയിരുന്നു അടുത്ത ആക്രമണം. തളാപ്പിൽ ബി ജെ പി പ്രവർത്തകർക്കാണ് ഇവിടെ വെട്ടേറ്റത്. ഇവരെ കോഴിക്കോട്, കൊയ്‌ലി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയിലെ ഈ ക്രമസമാധാന പ്രശ്നം എങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ പോലീസ് ആശങ്കയിലാണ്.
സർക്കാരിന്റെ അടിയന്തിര ഇടപെടൽ; അരി വില കുറഞ്ഞു
കൊച്ചി: സർക്കാരിന്റെ അടിയന്തിര ഇടപെടലിനെ തുടർന്ന് സംസ്ഥാനത്തെ അരിവില ഇടിഞ്ഞു. പശ്ചിമ ബംഗാളിൽ നിന്ന് അരി എത്തിച്ചതോടെ അരിയുടെ വില ഗണ്യമായി കുറയുകയായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട അരി ഇനങ്ങളായ ജയാ, സുരേഖ ഇനങ്ങൾക്ക് കിലോയിൽ അഞ്ചു രൂപയുടെ കുറവാണു കഴിഞ്ഞ ദിവസം ഉണ്ടായത്. അരിപ്രശ്നം നിയമസഭയിലടക്കം ചർച്ചയാവുകയും ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തതോടെ സർക്കാർ വിലകുറയ്ക്കൽ നടപടികൾ നടപ്പിലാക്കി.
ആദിവാസി സ്ത്രീ കാട്ടാനയുടെ കുത്തേറ്റു മരിച്ച സംഭവം: ആറളം ഫാമിൽ മൃതദേഹം തടഞ്ഞു വെച്ച് പ്രതിഷേധം.
ഇരിട്ടി : ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കോട്ടപാറയിൽ അമ്മിണി (52) കാട്ടാനയുടെ കുത്തേറ്റ് മരിച്ച സംഭവം ആദിവാസികൾക്കിടയിൽ വൻ പ്രതിഷേധത്തിനിടയാക്കി. അമ്മിണിയുടെ മൃതദേഹം ജില്ലാ കളക്ടർ എത്തിയാലേ മാറ്റാൻ അനുവദിക്കൂ എന്നുള്ളതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഫാമിൽ ഇതിനു മുൻപും ആക്രമണം ഉണ്ടായപ്പോഴും ആക്രമണത്തിന് ഇരയായവരുടെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്ന് ആദിവാസി സംഘടനാ നേതാക്കളും പറഞ്ഞു.
കളക്ടർ സ്ഥലത്തില്ലാഞ്ഞതിനാൽ പകരമെത്തിയ എ ഡി എംന്റെ ഉറപ്പും പ്രതിഷേധം തണുപ്പിച്ചില്ല. ഒടുവിൽ മൃതദേഹം ഫ്രീസറിൽ വയ്‌ക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന സാഹചര്യം ബന്ധുക്കളെയും പ്രതിഷേധക്കാരെയും ബോധ്യപ്പെടുത്തിയതോടെയാണ് പ്രശ്നത്തിന് സമാധാനപരമായ ഒരു തീരുമാനമുണ്ടായത്.
വനിതകൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടികൾക്ക് തുടക്കമായി
കണ്ണൂർ : വനിതകൾക്കുള്ള സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ പോലീസിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിക്കു തുടക്കം. സ്ത്രീകൾക്കുനേരെ വർധിച്ചു വരുന്ന എല്ലാ തരം അക്രമങ്ങൾക്കും എതിരെ സ്വയം പ്രതിരോധം തീർക്കാനുള്ള പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും പരിശീലന പരിപാടി സംഘടിപ്പിക്കും. 12 വരെയാണ് കണ്ണൂരിലെ പരിശീലനം. പരിശീലന പരിപാടിയുടെ ജില്ലാതല ഉത്ഘാടനം പോലീസ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു.
കേരളത്തിൽ നിന്നുള്ള കുട്ടികൾക്ക് കേന്ദ്രസർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകുന്നു
കോഴിക്കോട് : കേരളത്തിൽ നിന്നുള്ള കുട്ടികൾക്ക് കേന്ദ്രസർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകുന്നു. ദേശീയ നൈപുണ്യതാ ചട്ടക്കൂടിൽ കേരളം ഉൾപ്പെടാത്തതിനാലാണിത്. 2018-നുള്ളില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ കേന്ദ്രസ്ഥാപനങ്ങളിലും അന്യസംസ്ഥാനങ്ങളിലും തുടര്‍പഠനത്തിനുള്ള സാധ്യതയും കേരളത്തിലെ കുട്ടികള്‍ക്ക് നഷ്ടപ്പെടും.
ഒൻപതു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സുകൾ ദേശീയതലത്തിൽ ഒരു കുടക്കീഴിലാക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണിത്. ഇതനുസരിച്ചു ഒൻപതു മുതൽ പ്ലസ്‌ടു വരെയുള്ള വിദ്യാർത്ഥി നാല് തലത്തിലായി ഒരു തൊഴിൽ പഠിക്കണം. കൃഷി, ഡി ടി പി, അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ സർവീസ് തുടങ്ങി 48 തൊഴിലുകൾ സിലബസിലുണ്ട്. ഭോപ്പാലിലെ പി എസ് എസ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷനാണ് സിലബസ് തയ്യാറാക്കിയത്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇത് നടപ്പാക്കി കഴിഞ്ഞിട്ടും വിദ്യാഭ്യാസത്തിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൽ ഇനിയും ഇത് നടപ്പിലാക്കിയിട്ടില്ല. ഇത് റെയിൽവേ അടക്കമുള്ള സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ കേരളീയർക്ക് നഷ്ടപ്പെടുത്തും