കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നര കിലോയോളം സ്വർണ്ണവുമായി യുവാവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കുറ്റ്യാടി സ്വദേശി ഇസ്മയിലാണ് സ്വർണ്ണവുമായി അറസ്റ്റിലായത്.വിപണിയിൽ 71 ലക്ഷം രൂപ വിലവരുന്ന 1492 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റ്‌റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.
ആശങ്ക വേണ്ട; സംസ്ഥാനത്ത് പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം:ആശങ്ക വേണ്ടെന്നും സംസ്ഥാനത്ത് പ്രളയസാധ്യത ഇല്ലെന്നും ദുരന്തനിവാരണ അതോറിട്ടി.ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണര്‍ ഡോ.എ കൗശികന്‍ മാധ്യമങ്ങളോട് പറഞ്ഞു.മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്ഥാനത്തെത്തിയിട്ടുണ്ട്.അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പലയിടത്തും നദികളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്. വീടുകളില്‍ വെള്ളം കയറി.ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച്ച ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ്.
അറബിക്കടലില്‍ കോടികള്‍ വിലയുള്ള കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായ സംഭവം; കാസര്‍കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ കടലില്‍ തിരച്ചില്‍ തുടരുന്നു
കണ്ണൂർ :അറബിക്കടലില്‍ കോടികള്‍ വിലയുള്ള കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായ സംഭവത്തിൽ കാസര്‍കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ കടലില്‍ തിരച്ചില്‍ തുടരുന്നു.സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായി ഒരു വര്‍ഷം മുൻപാണ് കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് ബോയ എന്നുപേരുള്ള ഈ യന്ത്രം ലക്ഷദ്വീപ് തീരത്തിനടുത്ത് സ്ഥാപിച്ചിരുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, കാറ്റിന്റെ ഗതി, വേഗം തുടങ്ങിയവ കണ്ടെത്തുന്നതിനായി സെന്‍സറുകളും, ഇതിനാവശ്യമായ ഊര്‍ജ്ജത്തിനായി സോളാര്‍ പാനലുകളും അടങ്ങിയതാണ് ഡേറ്റാ ബോയ് എന്ന് വിളിക്കപ്പെടുന്ന വേവ് റൈഡര്‍ ബോയ്.ഇതില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇലക്‌ട്രോണിക് സിഗ്നലുകളായി കേന്ദ്ര ഭൗമശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. കടല്‍പ്പരപ്പിന് മുകളില്‍ ഒഴുകി നടക്കുന്ന രീതിയിലാണ് ഇവ കാണപ്പെടുക. നഷ്ടപ്പെടാതിരിക്കുന്നതിനായി ചങ്ങലയോ നൈലോണ്‍ കയറുകളോ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടുമായി ബന്ധിപ്പിക്കാറുണ്ട്. കോടികള്‍ വില മതിക്കുന്നതാണ് ഈ ഉപകരണം.കഴിഞ്ഞ ജൂലൈ മുതലാണ് ബോയയെ കാണാതായത്. നങ്കൂരം വിട്ട് കടലില്‍ ഒഴുകുകയായിരുന്നുവെന്നാണ് കരുതുന്നത്. സിഗ്നല്‍ ലഭിക്കാത്തതിനാല്‍ ട്രാക് ചെയ്യാനും സാധിക്കുന്നില്ല. ദിവസങ്ങള്‍ക്ക് മുൻപ് മലപ്പുറത്തെ ചില മീന്‍പിടുത്ത തൊഴിലാളികള്‍ കടലില്‍ ഇതു കണ്ടപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഉദ്യോഗസ്ഥരാണ് കടലില്‍ തിരച്ചില്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചത്. ബോയ് ഇപ്പോള്‍ കടലിലൂടെ ഒഴുകി കാസര്‍കോട് ഭാഗത്ത് എത്തിയിരിക്കാമെന്നാണ് നിഗമനം.ഒരു വര്‍ഷത്തോളമായി ശേഖരിച്ച വിവരങ്ങള്‍ ബോയയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്. കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും മീന്‍പിടുത്ത തൊഴിലാളികളുടെ കൂടി സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. കണ്ടുകിട്ടിയാല്‍ മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് ബോയ കെട്ടിവലിച്ചുകൊണ്ടുവരാമെന്നും പൂര്‍ണ ചെലവ് വഹിക്കാമെന്നും ഇന്‍സ്റ്റിറ്റ്യൂട് അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ കനത്ത മഴ തുടരുന്നു;ഇരിട്ടി ഉള്‍പ്പെടെ മലയോരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി
കണ്ണൂർ:ജില്ലയിൽ കനത്ത മഴ തുടരുന്നു.തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇത് ഇരിട്ടി ഉള്‍പ്പെടെ മലയോരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് ഇടയാക്കി.പയഞ്ചേരിയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരവും ഓഫിസ് വരാന്തയും വെള്ളത്തില്‍ മുങ്ങി. ബാവലി, ബാരാപോള്‍ പുഴകളിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നു. പുഴയോര വാസികള്‍ക്കും മലയോരത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയിലെ വീട്ടുകാര്‍ക്കും പൊലീസും പ്രാദേശിക ഭരണകൂടങ്ങളും ജാഗ്രത നിര്‍ദേശം നല്‍കി.ചന്ദനക്കാംപാറ, കാഞ്ഞിരക്കൊല്ലി, ആടാംപാറ, വഞ്ചിയം ഭാഗങ്ങളില്‍ മഴ കനക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കര്‍ണാടക വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുഴകളാകെ കരകവിഞ്ഞിരിക്കുകയാണ്. ചന്ദനക്കാംപാറ ഒന്നാം പാലം വളവില്‍ കനത്ത മണ്ണിടിച്ചിലില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കമ്പിയും ഉള്‍പ്പെടെ പൊട്ടിവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആടാംപാറ പ്രദേശത്ത് വ്യാപക മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കാഞ്ഞിരക്കൊല്ലി ശശിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന കാസ്മി തോടിന്റെ കലുങ്കിന്റെ പാര്‍ശ്വഭിത്തിയുള്‍പ്പെടെ തകര്‍ന്നു.ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കാഞ്ഞിരക്കൊല്ലിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ അളകാപുരി വെള്ളച്ചാട്ടവും ശശിപ്പാറയും അടച്ചിടുകയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി. രതീശന്‍ അറിയിച്ചു.
ആറളം വനത്തില്‍ ഉരുള്‍പൊട്ടൽ; ഫാമിനുള്ളിലെ പാലങ്ങള്‍ വെള്ളത്തിനടിയിലായി
കേളകം: ആറളം വനത്തില്‍ ഉരുള്‍പ്പൊട്ടി.ഇതിനെ തുടര്‍ന്ന് ഫാമിനുള്ളിലെ പാലങ്ങള്‍ വെള്ളത്തിനടിയിലായി.ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കക്കുവ, ഇരിട്ടി പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നു.ഫാം ബ്ലോക്ക് 13 ലേക്ക് കക്കുവയിലെ പാലം വെള്ളത്തിലായതിനെ തുടര്‍ന്ന് മണിക്കൂറുളോളം യാത്ര തടസപ്പെട്ടു.ഫാമിനുള്ളിലെ തോടുകള്‍ കരകവിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലായി. കക്കുവയിലെ കടയും വെള്ളത്തിലായി. തിങ്കളാഴ്ച ഉച്ചമുതലുണ്ടായ കനത്ത മഴയിലാണ് വനത്തില്‍ ഉരുള്‍ പൊട്ടിയത്. ചീങ്കണ്ണിപ്പുഴയിലെ ജലവിതാനവും ഉയര്‍ന്നു. മഴ തുടരുന്നതിനാല്‍ പുഴയോരവാസികള്‍ ജാഗ്രതയിലാണ്.
മുൻമന്ത്രി കെടി ജലീലിനെതിരെ വധഭീഷണിയുമായി വാട്‌സാപ്പ് സന്ദേശം; പഴയങ്ങാടി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു
കണ്ണൂർ: മുൻമന്ത്രി കെടി ജലീലിനെതിരെ വധഭീഷണിയുമായി വാട്‌സാപ്പ് സന്ദേശം അയച്ച സംഭവത്തിൽ പഴയങ്ങാടി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.മാട്ടൂല്‍ കടപ്പുറത്ത് വീട്ടില്‍ കെ. എന്‍ അബൂബക്കറിനെതിരെയാണ് കേസ്. ഇക്കഴിഞ്ഞ അഞ്ചിന് കെ.ടി ജലീല്‍ എംഎല്‍എയുടെ ഫോണിലേക്ക് ഇയാള്‍ വധഭീഷണി സന്ദേശമയച്ചത്.ജലീല്‍ ഇതു ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിൽ സന്ദേശമയച്ചയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്നു വ്യക്തമായി. തുടര്‍ന്ന് സൈബര്‍ പൊലിസ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പഴയങ്ങാടി പൊലിസിന് കൈമാറുകയായിരുന്നു. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പഴയങ്ങാടി പൊലിസ് അറിയിച്ചു.മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ടു കെ.ടി ജലീല്‍ നവമാധ്യമങ്ങളിലൂടെ ഉന്നയിച്ച പരാമര്‍ശമാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമപ്രവർത്തകൻ മരിച്ചു
അടൂർ:ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമപ്രവർത്തകൻ മരിച്ചു.ജന്മഭൂമി ലേഖകൻ അടൂർ മേലൂട് പതിന്നാലാം മൈൽ സ്വദേശി പി.ടി. രാധാകൃഷ്ണകുറുപ്പ് ആണ് മരിച്ചത്.രാത്രി എട്ടുമണിയോടെ ചേന്നമ്പള്ളി ജങ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരം ബൈക്കിലേക്ക് വീണതിന്റെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ രാധാകൃഷ്ണന്റെ ഹെൽമറ്റും ഊരിമാറിയിരുന്നു. ഭാര്യ രാജലക്ഷ്മി, മക്കൾ: പി.ആർ ലക്ഷ്മി, പി.ആർ വിഷ്ണു, പി.ആർ പാർവ്വതി.
സംസ്ഥാനത്ത് ദുരന്തം വിതച്ച് അതി ശക്തമായ മഴ തുടരുന്നു;3 മരണം; പുഴകൾ കരകവിഞ്ഞു
തിരുവനന്തപുരം:സംസ്ഥാനത്ത് ദുരന്തം വിതച്ച് അതി ശക്തമായ മഴ തുടരുന്നു.ഇന്നലെ മുതലുള്ള തോരാത്ത മഴയിലുണ്ടായ വിവിധ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. പുലര്‍ച്ചെ മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചതിന് പിന്നാലെ കൊല്ലത്ത് ഒരു വയോധികന്‍ തോട്ടില്‍ വീണു മരിക്കുകയായിരുന്നു.കൊല്ലം തെന്‍മല നാഗമല സ്വദേശി ഗോവിന്ദരാജാണ് (65) മരിച്ചത്. വീട്ടിലേക്ക് പോകുമ്പോൾ റോഡ് മുറിച്ചു കടക്കവേ തോട്ടില്‍ വീണാണ് അപകടമുണ്ടായത്. തോട് കരകവിഞ്ഞൊഴുകിയതോടെ തോടും റോഡും തിരിച്ചറിയാന്‍ കഴിയാതായതാണ് അപകടത്തിന് കാരണമായത്.മലപ്പുറം കരിപ്പൂര്‍ മാതംകുളത്ത് മുഹമ്മദ്കുട്ടി എന്നയാളുടെ വീട് തകര്‍ന്നാണ് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചത്.മുഹമ്മദ് കുട്ടിയുടെ മകള്‍ സുമയ്യയുടെയും അബുവിന്റെയും മക്കളായ റിസ്വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്.
മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ജില്ലകളിലെ പ്രധാന നദികളിലെല്ലാം ജല നിരപ്പ് ഉയർന്നു.മഴയിൽ ജല നിരപ്പ് ഉയർന്നതോടെ പറമ്പിക്കുളം, അപ്പർ ഷോളയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ഇതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. അതിനാൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാത്രി മുതൽ മേഖലകളിൽ വലിയ അളവിലാണ് മഴ ലഭിക്കുന്നത്. ഒരു രാത്രി കൊണ്ട് പുഴയിലെ ജലനിരപ്പ് മീറ്ററുകളോളം ഉയർന്നു. പലയിടത്തും പുഴയുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. അട്ടപ്പാടി ചുരത്തിൽ പത്താം വളവിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയിൽ ഇന്ന് പുലർച്ചെയോടെയാണ് മണ്ണിടിഞ്ഞ് വീണത്. വൻ മരങ്ങളും പാറക്കല്ലുകളും റോഡിലേക്ക് വീണിട്ടുണ്ട്. ഇവ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാലാ- ആക്കട്ടി കെഎസ്ആർടിസി ബസ്സടക്കം നിരവധി വാഹനങ്ങളാണ് മണ്ണിടിച്ചലിനെ തുടർന്ന് ചുരത്തിൽ കുടുങ്ങിയത്.മണ്ണാര്‍ക്കാട്, അഗളി മേഖലയില്‍ കഴിഞ്ഞ രാത്രിക്ക് സമാനമായി കനത്ത മഴ തുടരുകയാണ്. നെല്ലിപ്പുഴയില്‍ പത്തിലധികം വീടുകളില്‍ വെള്ളം കയറി. കഞ്ചിക്കോട്, നെന്മാറ മേഖലയില്‍ ഏക്കര്‍ക്കണക്കിന് നെല്‍കൃഷി വെള്ളത്തിനടിയിലായി.കൊല്ലം ചെങ്കോട്ട റെയില്‍വേ പാതയില്‍ ഇടമണ്‍ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു. മണ്ണ് മാറ്റിയശേഷമാണ് രാവിലെ പാലരുവി എക്‌സ്പ്രസ് കടത്തിവിട്ടത്. ആര്യങ്കാവ് സ്വര്‍ണഗിരിയില്‍ ഉരുള്‍പൊട്ടി. ചേനഗിരി പാലത്തിന്റെ ഒരു വശം തകര്‍ന്നു. അഞ്ചല്‍, കൊട്ടാരക്കര, വാളകം, നിലമേല്‍ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു
മലപ്പുറം: കരിപ്പൂരിൽ കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. റിസ്വാന(8), ഏഴ് മാസം പ്രായമുള്ള റിൻസാന എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകർന്നത്. ഇയാളുടെ പേരക്കുട്ടികളാണ് ഇരുവരും. കരിപ്പൂർ മാതംകുളത്ത് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വീട് തകർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മലപ്പുറം ജില്ലയില്‍ രാത്രി മുഴുവന്‍ അതിശക്തമായ മഴ തുടരുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വീട് തകരുകയായിരുന്നുവെന്നാണ് വിവരം.
സംസ്ഥാനത്ത് ഇന്ന് 6,996 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 84 മരണം;16,576 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6,996 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂർ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂർ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസർഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 84 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,342 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 40 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6588 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 333 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,576 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1403, കൊല്ലം 2376, പത്തനംതിട്ട 332, ആലപ്പുഴ 623, കോട്ടയം 990, ഇടുക്കി 651, എറണാകുളം 3825, തൃശൂർ 1229, പാലക്കാട് 978, മലപ്പുറം 926, കോഴിക്കോട് 1918, വയനാട് 539, കണ്ണൂർ 708, കാസർഗോഡ് 78 എന്നിങ്ങനേയാണ് രോഗമുക്തിയായത്