തൃശ്ശൂർ : ഭക്ഷണത്തിനു ശേഷം ഇനി കൈകഴുകണ്ട . വിദേശ രീതി അനുകരിക്കാൻ ഒരുങ്ങുകയാണ് നമ്മുടെ കൊച്ചു കേരളവും. ഭക്ഷണശേഷം കൈയും വായും കഴുകാതെ നാപ്കിൻ ഉപയോഗിച്ച് കൊണ്ടാണ് ഈ വിദേശ അനുകരണം. ഭക്ഷണ വില്പന ശാലകളിൽ വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേരളം ഇത്തരത്തിൽ വിദേശ സംബ്രദായത്തിലേക്ക് മാറാൻ ഒരുങ്ങുന്നത്. ഇനി ഹോട്ടലുകളിൽ വാഷ് ബേസിനുകൾ ഓർമ്മയാകും മാത്രമല്ല ഡിസ്പോസിബിൾ പ്ലേറ്റും ഗ്ലാസും നടപ്പിലാക്കാനും സാധ്യതയുണ്ട്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെറ്റായ സമീപനമാണ് ഇങ്ങനൊരു നീക്കത്തിന് തങ്ങളെ നിര്ബന്ധിതരാക്കിയെന്നു ഹോട്ടലുടമകൾ പറയുന്നു.
കാസറഗോഡ് ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടുന്നു
കാസറഗോഡ്: കാസറഗോഡ് പെരിയയിലെ സഫാരി ഫൂവൽസ് എന്ന ഭാരത് പെട്രോളിയത്തിന്റെ പെട്രോൾ പമ്പിൽ ഇന്ന് രാവിലെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകളും മാർച്ച് 12ന് രാവിലെ 6 മുതൽ 10 മണി വരെയുള്ള നാല് മണിക്കൂർ അടച്ചിടും എന്ന് AKFPT ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ അറിയിച്ചു.
ചില്ലറയില്ലാത്തതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തെ തുടുർന്ന് പമ്പ് ജീവനക്കാരനെ അക്രമിക്കുന്നത് തടയാൻ വന്ന യാത്രക്കാരനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും ക്രൂരമായി മർദ്ദനമേറ്റ പമ്പ് ജീവനക്കാരനെ കാഞ്ഞങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പമ്പ് ജീവനക്കാരനായ അമ്പലത്തറ സ്വദേശി അനൂപിനെ മർദിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് ലോഡിങ് തൊഴിലാളിയും സിഐടിയു മെമ്പറും ആയ കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ ഷിജുവിന് കുത്തേറ്റത്.
അക്രമവിവരം അറിഞ്ഞ ഉടനെ ബേക്കൽ പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തു. കുണിയ സ്വദേശിയായ സാബിറിനെയാണ് അറസ്റ്റ് ചെയ്തത്.
ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതല ഏറ്റു
ന്യൂഡല്‍ഹി:കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് അധികാരത്തിൽ. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി.രാധാകൃഷ്ണനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജേന്ദ്രമേനോനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ മോഹന്‍ എം ശാന്തനഗൗഡറും ഛത്തീസ് ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപക് ഗുപ്തയും സുപ്രീംകോടതി ജഡ്ജിമാരായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം.
തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ശക്തി കുറഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം; ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു നിയമസഭാതിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ശക്തി കുറഞ്ഞതായി മുഖ്യ മന്ത്രി പിണറായി വിജയൻ. അഞ്ചുസംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആറ്റുകാലിൽ വൻ ഭക്തജനത്തിരക്ക്
തിരുവനന്തപുരം: തലസ്ഥാന നഗരി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ. പാതയോരങ്ങളിലെല്ലാം പൊങ്കാല അടുപ്പുകളുടെ നീണ്ട നിര കാണാം. വർഷത്തിലൊരിക്കൽ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി ജനലക്ഷങ്ങളാണ് അനന്തപുരിയിൽ എത്തിയിട്ടുള്ളത്. ദിവസങ്ങൾക്കു മുൻപുതന്നെ ക്ഷേത്രമുറ്റവും പരിസരവും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞിരുന്നു.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും രണ്ടു കിലോമീറ്റര് അകലെ കിള്ളിയാറിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങെന്ന നിലയിൽ ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. പൊങ്കാല ഇട്ടാൽ ആപത്തുകൾ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കുന്നു.
പ്രസവാവധി 6 മാസം ; ലോക്സഭ ബില്ല് പാസ്സാക്കി
ന്യൂഡൽഹി : സ്വകാര്യ മേഖലകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 6 മാസം ആക്കികൊണ്ട് ലോക്സഭ ബില്ല് പാസ്സാക്കി. നിലവിൽ പ്രസവാവധി 3 മാസമാണ്. ആദ്യത്തെ 2 പ്രസവത്തിനു മാത്രമേ 6 മാസത്തെ അവധി ബാധകമുള്ളൂ. അതിനു ശേഷവും ഗർഭം ധരിക്കുന്നവർക്ക് 3 മാസത്തെ അവധിയെ കിട്ടു.
50 ൽ കൂടുതൽ സ്ത്രീകളുള്ള സ്ഥാപനങ്ങളിൽ ക്രഷ് സംവിധാനം തുടങ്ങണമെന്നും കുട്ടികളെ ജോലിക്കിടയിൽ നാല് തവണ സന്ദർശിക്കാനും പാലുകൊടുക്കാനുമുള്ള അവകാശം സ്ത്രീകൾക്ക് ഉണ്ടാവണമെന്നും നിയമം അനുശാസിക്കുന്നു.
നല്ല ഇനം മനുഷ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
തൃശ്ശൂർ : ‘നല്ല ഇനം മനുഷ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്…ഫാ. ജോളി ചാക്കാലക്കല്‍ ‘….തൃശൂർ ബസ് സ്റ്റാൻഡിലെ ഈ പരസ്യബോർഡ് ആരെയും ഞെട്ടിപ്പിക്കും. ഇത്തരത്തില്‍ ഒരു നോട്ടീസ് തൃശൂര്‍ ബസ് സ്റ്റാന്റില്‍ പതിച്ചിട്ട് ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടോ എന്നറിയില്ല. പക്ഷിയേയും പൂച്ചയേയും പട്ടിക്കുട്ടിയേയും ഒക്കെ വില്‍ക്കുന്ന പോലെ മനുഷ്യക്കുഞ്ഞുങ്ങളെയും വില്‍പ്പനയ്ക്ക് വയ്ക്കുന്ന കാലമാണോ ഇനി വരാന്‍ പോകുന്നത്..?
വാട്ട്‌സ് ആപ്പില്‍ ഈ പോസ്റ്ററിനൊപ്പം പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ…
കണ്ടോ ? നമ്മുടെ തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിലെ തൂണുകളില്‍ ഇയടുത്തായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന നോട്ടീസ് ആണ്. ഇതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്? മനുഷ്യ ജീവിതം മൃഗങ്ങള്‍ക് തുല്യമോ അതൊ അതിലും താഴെയോ? വില്‍ക്കാന്‍ പട്ടിയോ കോഴിയോ മറ്റോ ആണോ? താഴെ എഴുതിയത് ശ്രദ്ദിക്കു.. ഫാ. ചക്കാലക്കല്‍. ഇവരൊക്കെ ഇങ്ങനെ ആണല്ലോ കഷ്ടം.കുറച്ചു കൂടി മര്യാദ ഭാഷ ഉപയോഗിക്കാന്‍ കൂടി സാമാന്യ ബോധം ഇല്ലാതെയാണോ ഇവര്‍ക്കു? മനുഷ്യ ജീവനെ ഇത്ര മാത്രം തരം താഴ്ത്തി കാണുന്ന ഇ മഹത് വ്യക്തിയെ നമുക്ക് എന്ത് ചെയ്യാനാവും ? പട്ടികള്‍ക്ക് ഒരുപാടു നിയമമുള്ള നമ്മുടെ നാട്ടില്‍ മനുഷ്യജീവനുകള്‍ക്ക് ഇത്രയേ വിലയുള്ളൂ. നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ഇവര്‍ ഇവിടെ നമ്മുടെ ഇടയില്‍ ജീവിക്കുന്നു. നിയമങ്ങള്‍ എല്ലായിടത്തും നോക്കുകുത്തിയാകുന്ന പോലെ ഇവിടെയും നോക്കുകുത്തി ആവുന്നു.. നിയമങ്ങളെ ഞാന്‍ വിശ്വസിക്കുന്നു.. നിയമത്തിന്റെ കണ്ണുതുറക്കാന്‍ പരമാവതി ഷെയര്‍ ചെയ്യുക.
ഒരു മനുഷ്യ സ്‌നേഹി…
പുതിയ കെ പി സി സി അധ്യക്ഷനാര്?
തിരുവനന്തപുരം: വി.എം സുധീരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള അപ്രതീക്ഷിത രാജിയോടെ പുതിയ അധ്യക്ഷനാരെന്നുള്ള ചര്‍ച്ചകള്‍ സജീവമായി. പുതിയ കെപിസിസി പ്രസിഡന്റായി ഉമ്മന്‍ ചാണ്ടിയുടെ പേരാണ് ആദ്യമായി പരിഗണിക്കാനിടയുള്ളതെങ്കിലും പിടി തോമസ്, വി ഡി സതീശന്‍, കെ. സുധാകരന്‍ തുടങ്ങിയവരും പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നാമനിര്‍ദ്ദേശത്തിലൂടെ തന്നെയാവും പുതിയ പ്രസിഡന്റിനെയും കണ്ടെത്തുക എന്നാണ് റിപ്പോർട്ട്.
കേരളീയരിൽ 12 ശതമാനം പേരും ഹൃദയസംബന്ധമായ അസുഖമുള്ളവർ
കൊച്ചി :കേരളീയരിൽ 12 ശതമാനം പേരും ഹൃദയ സംബന്ധമായ രോഗമുള്ളവരാണെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തൽ. 20-79 പ്രായപരിധിയിൽ പെടുന്നവരിൽ ഭൂരിഭാഗവും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ മൂലം വലയുന്നവരാണ്. അമേരിക്കയിലെ പിടിഎസ് ഡയഗ്‌നോസ്റ്റിക്‌സിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കമ്പനി സിഇഒ റോബര്‍ട്ട് ഹഫ് സ്‌റ്റോഡ്റ്റ് അറിയിച്ചതാണിക്കാര്യം.
ഇന്ത്യയിലെ മറ്റൊരു പ്രധാന ആരോഗ്യ പ്രശ്‌നം പ്രമേഹമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത് ഇന്ത്യയിലാണ്.
രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ട്
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ കാർപോർട്ട് ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സൗരോര്‍ജ കാര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യും. പൂർണമായും സൗരോര്‍ജ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യവിമാനത്താവളമെന്ന പേര് സിയാല്‍ ഇതിനോടകം തന്നെ നേടിയെടുത്തിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ടാണ് സിയാലില്‍ ഉത്ഘാടനത്തിനൊരുങ്ങുന്നത്. ഏകദേശം 1400 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. നിലത്തുറപ്പിച്ചിട്ടുള്ള സ്റ്റീല്‍ തൂണുകള്‍ക്ക് മുകളിലെ പ്ലാറ്റ്ഫോമിലാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. പ്ലാറ്റ്ഫോമില്‍ നിന്ന് പാനലുകള്‍ വൃത്തിയാക്കാനുള്ള ഫൈബര്‍ റി ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.