തിരുവനന്തപുരം: സംസ്ഥാനത്ത ഇനി പവർകട്ടുണ്ടാവില്ലെന്നു വൈദ്യുതി മന്ത്രി എം എം മണിയുടെ ഉറപ്പ്. ഏതു സാഹചര്യത്തിലും പവർകട്ട് ഒഴിവാക്കുകയാണ് ലക്‌ഷ്യം. മഴപെയ്യാത്തതിനാൽ ഡാമുകളിൽ വെള്ളം കുറവാണ്. അതുകൊണ്ടുതന്നെ വൈദ്യുത ഉത്പാദനം കുറയും. പുറമെ നിന്ന് വൈദ്യുതി കൊണ്ടുവന്നു ഇത് പരിഹരിക്കുമെന്നും ഇതിനുള്ള നടപടികൾ കെ എസ് ഇ ബി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ വിമാനത്താവളനിയമനം തർക്കവും പരാതിയും
കണ്ണൂര്‍: വിമാനത്താവളത്തിനായി ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍ക്ക് ജോലി നല്‍കാനുള്ള ആദ്യ ഘട്ടത്തിൽ തന്നെ തര്‍ക്കം. വിമാനത്താവളത്തിന് ഭൂമി വിട്ടുനല്‍കിയവരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിനല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനമെന്നതും കിയാല്‍ അല്ല ജോലിനല്‍കുന്നതെന്നതുമാണ് തര്‍ക്കത്തിനിടയാക്കിയത്. ഇതോടെ അഭിമുഖത്തിനെത്തിയവര്‍കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ട്.
വിമാനത്താവളത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്കെല്ലാം ജോലിനല്‍കുകയെന്നതാണ് കിയാലിന്റെയും ലക്ഷ്യമെന്ന് എച്ച്.ആര്‍. മാനേജര്‍ ദിനേശ്കുമാര്‍ പറഞ്ഞു. എല്ലാവര്‍ക്കും കിയാലില്‍തന്നെ ജോലിനല്‍കാനുള്ള ഒഴിവ് അവിടെയുണ്ടാകണമെന്നില്ല. അതുകൊണ്ടാണ് എയര്‍ലൈന്‍സ് കമ്പനികളുമായി കിയാല്‍ ധാരണയിലെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചാലില്‍ പ്രദേശത്ത് പുലി വീണ്ടും ഇറങ്ങിയതായി അഭ്യൂഹം
അഴീക്കോട്: കഴിഞ്ഞ ദിവസം രണ്ട് കുട്ടികളും ഒരു വീട്ടമ്മയും ചാലിൽ ഭാഗത്തു പുലിയെ കണ്ടതായി പറയുന്നു. വനം വകുപ്പ് അധികൃതര്‍ ചാലില്‍ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും പുലിയുടെ കാല്‍പ്പാടുകളൊന്നും കണ്ടില്ല.അഞ്ച് വര്‍ഷം മുമ്പ് ചാലില്‍ ഭാഗത്തുനിന്ന് തന്നെ പുലിയെ കൂട് വച്ച് പിടിച്ചിരുന്നു. വളപട്ടണം പുഴ നീന്തിക്കടന്നു വന്നതെന്നാണ് അന്ന് പറഞ്ഞിരുന്നത്.
അക്ഷയകേന്ദ്രങ്ങള്‍ക്ക് വ്യാജന്റെ ഭീഷണി
കണ്ണൂര്‍: അക്ഷയകേന്ദ്രങ്ങളെന്ന് തോന്നിപ്പിക്കുംവിധം പേരും ലോഗോയും ഉപയോഗിച്ച് അതേസേവനം വാഗ്ദാനം ചെയ്തു വ്യാജന്മാർ പെരുകുന്നു. ജില്ലയില്‍ 219 അക്ഷയകേന്ദ്രങ്ങളാണുള്ളതെങ്കിലും പലസ്ഥലങ്ങളിലും അക്ഷയകേന്ദ്രങ്ങളേക്കാള്‍ കൂടുതല്‍ വ്യാജസ്ഥാപനങ്ങളുണ്ടെന്നാണ് പറയുന്നത്.
ഇ-ഗവേണന്‍സ്, ഇ-ഡിസ്ട്രിക്ട് എന്നീ പദ്ധതികളൊക്കെ വന്നതോടെയാണ് അക്ഷയജനകീയമായത്. വ്യാജന്മാർ ഈ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. കളക്ടര്‍ ചെയര്‍മാനായുള്ള ഇ ഗവേണിങ് സൊസൈറ്റിക്കാണ് ഇതിന്റെ ചുമതല. അക്ഷയകേന്ദ്രങ്ങളുടെ പരിശോധനയ്ക്കായി ജില്ലയില്‍ നാല് ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുണ്ട്. ഇവർ ഇവരുടെ ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടോ എന്നും അന്വേഷിക്കും.
മിഷേലിന്റെ മരണവുമായി ബന്ധമില്ലെന്ന് അറസ്റ്റിലായ യുവാവ് ക്രോണിന്‍
കൊച്ചി: സാധാരണ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്നും ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ യുവാവ് , ക്രോണിൻ പറഞ്ഞു. ആസ്പത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് യുവാവ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. മിഷേല്‍ തന്നോട് അവസാനമായി പറഞ്ഞത് പള്ളിയില്‍ പോകുന്നുവെന്നാണ്. താനും മിഷേലും തമ്മിലുള്ള ബന്ധം വീട്ടുകാർക്ക് നേരത്തെ അറിയാമായിരുന്നെന്നും ക്രോണിൻ പറഞ്ഞു. എന്നാല്‍ ക്രോണിനെ തനിക്ക് അറിയില്ലെന്നാണ് മിഷേലിന്റെ പിതാവ് ഷാജി നേരത്തെ പറഞ്ഞത്. അതിനിടെ, ക്രോണിനെ കോടതി ഈമാസം 28 വരെ റിമാന്‍ഡ് ചെയ്തു.
ഗോവയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : മനോഹർ പരീക്കർ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ വിശ്വാസവോട്ടെടുപ്പു നടത്താൻ തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ജഗദീഷ് കേഹാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
മിഷേലിന്റെ മരണം; പിറവത്ത് ഇന്ന് ഹർത്താൽ
കൊച്ചി : സി എ വിദ്യാർത്ഥിനി മിഷേൽ ഷാജിയെ(18) കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അകന്ന ബന്ധുവായ പിറവം സ്വദേശി ക്രോണിൻ അലക്സാണ്ടർ ബേബിയെ(27) പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
എന്നാൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ആരോപിച്ച് പിറവത്ത് പ്രതിപക്ഷ പാർട്ടികൾ ഹർത്താൽ ആചരിക്കുകയാണ്. മിഷേലിനെ കാണാതായ ദിവസം പകൽ സംശയകരമായ ഫോൺ വിളികളും സന്ദേശങ്ങളും ശ്രദ്ധയിൽ പെട്ടതാണ് ക്രോണിനെ കസ്റ്റഡിയിൽ എടുക്കാൻ കാരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മിഷേലിന്റെ മരണകാരണം ശ്വാസകോശത്തിൽ വെള്ളം കയറിയതാണെന്നു സൂചിപ്പിക്കുന്നതാണ് പോലീസിൽ നിന്ന് കിട്ടുന്ന വിവരം. മിഷേലിനെ ആരെങ്കിലും കായലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയതാണോ എന്നുള്ള ബന്ധുക്കളുടെ സംശയവും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
മന്ത്രി ജി സുധാകരന് എക്സൈസ് വകുപ്പിന്റെ താൽക്കാലിക ചുമതല
തിരുവനന്തപുരം : മന്ത്രി ജി സുധാകരന് എക്സൈസ് വകുപ്പിന്റെ താത്കാലിക ചുമതല കൈമാറാൻ തീരുമാനം. നിലവിലെ എക്സൈസ് വകുപ്പ് മന്ത്രിയായ ടി പി രാമകൃഷ്ണൻ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലായ സാഹചര്യത്തിലാണ് വകുപ്പുമാറ്റം. നിലവിൽ പൊതുമരാമത്തുവകുപ്പുമന്ത്രിയാണ് ജി സുധാകരൻ.
കഴിഞ്ഞ ഞായറാഴ്ചയാണ് എക്സൈസ് മന്ത്രിയായ ടി പി രാമകൃഷ്ണനെ നെഞ്ചുവേദനയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഴുവൻ സമയവും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് മന്ത്രി
താനൂരിലെ ലീഗ്-സി പി എം സംഘർഷം; സഭയിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം : താനൂർ പ്രശ്നത്തിൽ ഭരണപക്ഷ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പോലീസ് താനൂരിൽ ശക്തമായ തീരുമാനങ്ങൾ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളിൽ കയറി പോലീസ് അതിക്രമം കാണിക്കുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു.
വിഷമുക്തി ലഹരി വർജ്ജന മിഷൻ ഉത്ഘാടനം 18 ന്
കണ്ണൂർ: മദ്യത്തിനും മയക്കുമരുന്നിനും എതിരായ ബോധവൽക്കരണ പരിപാടിയായ വിഷമുക്തി ലഹരി വർജ്ജന മിഷൻ ജില്ലാതല ഉദ്ഘാടനം 18 നു മന്ത്രി കെ കെ ശൈലജ നിർവഹിക്കും. വൈകുനേരം നാലിന് കണ്ണൂർ ടൌൺ സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാർ, എം പിമാർ, എം ൽ എ മാർ തുടങ്ങി വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
സ്റ്റുഡൻറ് പോലീസ് കേഡറ്സ് , സ്കൂൾ കോളേജ് ലഹരി വിരുദ്ധ ക്ലബ്ബുകൾ, എൻ എസ് എസ് , കുടുംബശ്രീ, ലൈബ്രറി കൌൺസിൽ മദ്യവർജ്ജന സമിതികൾ തുടങ്ങിയവയുമായി സഹകരിച്ചു മദ്യത്തിനും മയക്കുമരുന്നിനും എതിരായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണവും കടത്തും തടയുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാണ് വിഷമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്.