പ്ലസ് വണ്‍ പരീക്ഷയില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് യാദൃശ്ചികം

keralanews plus one exam

തിരുവനന്തപുരം: പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് യാദൃച്ഛികമെന്ന് സംഭവം അന്വേഷിച്ച ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ട്. പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു എന്നതായിരുന്നു വിവാദം. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.

ഔദ്യോഗിക സൈറ്റില്‍ നിന്നാണ് ചോദ്യങ്ങള്‍ എടുത്തതെന്നും 17 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മാത്രമാണ് അവർത്തിച്ചതെന്നുമാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തേ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചിരുന്നു.

എസ് എസ് എൽ സി ചോദ്യപേപ്പർ വിവാദം; പ്രതിപക്ഷ നേതാവ് സത്യാഗ്രഹം നടത്തും

keralanews sslc question paper leakage

തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ജുഡീഷ്യൽ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹം നടത്തും.  ക്ലിഫ് ഹൗസിൽ എത്തിയാണ് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരേ വിദ്യാര്‍ഥി-അധ്യാപക പ്രതിഷേധം

keralanews sslc exam question paper leakage

കണ്ണൂര്‍: എസ്എസ്എല്‍സി ഗണിത ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരേ വിദ്യാര്‍ഥി-അധ്യാപക പ്രതിഷേധം. കെഎസ്‌യു, എംഎസ്എഫ്, കാംപസ് ഫ്രണ്ട് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്്ടറേറ്റ് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി എം പി നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി കെ നജാഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുന്നോന്‍, ജില്ലാ സെക്രട്ടറി ഒ കെ ജാസിര്‍, മുഹമ്മദ് കുഞ്ഞി, പി നസീര്‍, ഇജാസ് ആറളം സംസാരിച്ചു.കണക്കില്‍ പിഴച്ച വിദ്യാഭ്യാസ മന്ത്രി കേരളത്തിന് അപമാനമാണെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ചാവശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പ്രതിഷേധ പ്രകടനം നടത്തി. കെഎസ്‌യു ജില്ലാ ഉപാധ്യക്ഷന്‍ ഫര്‍സീന്‍ മജീദ്, സെക്രട്ടറി അബ്ദുല്‍ വാജിദ് നേതൃത്വം നല്‍കി. കണ്ണൂരില്‍ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അധ്യാപകര്‍ പ്രകടനം നടത്തിയത്. കെ സി രാജന്‍ നേതൃത്വം നല്‍കി.

വളപട്ടണം പാലം വർഷങ്ങളായി ഇരുട്ടിൽ

keralanews valapattanam bridge

വളപട്ടണം: വളപട്ടണം പാലത്തിലെ തെരുവ് വിളക്കുകൾ കത്താതായിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വളപട്ടണം ബോട്ട് ജെട്ടിമുതൽ പഴയങ്ങാടി റോഡ് ചുങ്കം വരെയുള്ള 25 ഓളം തെരുവ് വിളക്കുകളിൽ ഒന്നുപോലും കത്തുന്നില്ല. ഏഴു വര്ഷം മുൻപ് എം പ്രകാശൻ എം എൽ എ യുടെ വികസന ഫണ്ടുപയോഗിച്ചാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. പാലത്തിൽ വിളക്കുകൾ ഇല്ലാത്തത് അപകട സാധ്യത വർധിപ്പിക്കുകയാണ്. പാലത്തിന്റെ അടിഭാഗത്ത് താവളമാക്കുന്ന നായകളുടെ ശല്യം കാരണം കാൽനട യാത്ര ഭീഷണിയാണ്. ഒരു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ് അധികാരികൾ പറയുന്നത്.

ആലപ്പുഴയില്‍ ഭീതിപടര്‍ത്തി എച്ച് വണ്‍ എന്‍ വണ്‍

keralanews h1n1 spread in alappuzha

ആലപ്പുഴ :  ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗഭീഷണി. ആലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലാണു രോഗം കണ്ടെത്തിയത്. ഏതെങ്കിലുമൊരു പ്രദേശത്ത് രോഗം സ്ഥിരീകരിച്ചാല്‍ അവിടെ ടാമി ഫല്‍ (ഒസള്‍ട്ടാമിവര്‍) ഗുളിക നല്‍കണമെന്നാണു വ്യവസ്ഥ. ഗര്‍ഭിണികള്‍, പ്രായമായവര്‍, വൃക്കരോഗം, ഹൃദ്രോഗം, കരള്‍രോഗം, എച്ച്.ഐ.വി എന്നിവ പിടിപെട്ടവര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ വന്നാല്‍ മാരകമാകാം. മരണംവരെ സംഭവിച്ചേക്കാം. ഇതുവരെ 40 പേരുടെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ചപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. സംശയമുള്ളവരുടെ സ്രവമെടുത്ത് പരിശോധിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പനിക്കു പുറമേ കഠിനമായ തൊണ്ടവേദന, അതിസാരം, ശ്വാസംമുട്ടല്‍, രക്തംപൊടിച്ചില്‍ തുടങ്ങിയവയാണു രോഗത്തിന്റെ ലക്ഷണങ്ങള്‍.

പാപ്പിനിശ്ശേരി വെസ്റ്റ് പരിസരത്ത് പുലിയെ കണ്ടതായി അഭ്യൂഹം

keralanews leopard in pappinisseri west

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയിൽവേ ലൈൻ ഭാഗത്തു പുലിയെ കണ്ടതായി അഭ്യൂഹം. തുടർന്ന് നാട്ടുകാർ ഞായറാഴ്ച രാത്രി പ്രദേശത്തു തിരച്ചിൽ നടത്തി. തിങ്കളാഴ്ച രാവിലെ കീച്ചേരി ഭാഗത്തു മഞ്ഞ നിറത്തിലുള്ള ജീവിയെ കണ്ടതായി പ്രഭാത സവാരിക്കാർ അറിയിച്ചതോടെ പരിഭ്രാന്തി വർധിച്ചിരിക്കുകയാണ്.

ജിഷാ വധക്കേസ് വിചാരണ നിർ‌ത്തിവയ്ക്കണം: പ്രതിഭാഗം

keralanews jisha murder case trail stop amirulislam

കൊച്ചി∙ പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന് പ്രതിഭാഗം. അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന വിജിലൻസ് റിപ്പോർട്ട് കോടതി പരിശോധിക്കണം. ജിഷാ വധക്കേസ് അന്വേഷണത്തിൽ തുടക്കം മുതൽ പാളിച്ചയുണ്ടായെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കാരിനു റിപ്പോർ‍ട്ട് നൽകിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 28നാണ് ജിഷയെ വീട്ടിനുള്ളിൽ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്രീകണ്ഠപുരം ഹയർ സെക്കണ്ടറി സ്കൂൾ രാജ്യാന്തര നിലവാരത്തിലേക്ക്

keralanews sreekandapuram hss international level

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഹയർ സെക്കണ്ടറി സ്കൂൾ രാജ്യാന്തര നിലവാരത്തിലേക്ക് എത്തുന്നു. ഇരിക്കൂർ നിയോജക മണ്ഡലത്തിൽ നിന്ന് കെ സി ജോസഫ് എം എൽ എ ആണ് സ്കൂളിന്റെ പേര് ശിപാർശ ചെയ്തത്. യോഗം  കെ സി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർ പേഴ്സൺ നിഷിത റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സമൂഹവും വിദ്യാലയവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ അഡ്വ എം സി രാഘവൻ ചെയർമാനായും പ്രത്യേകം കമ്മിറ്റികൾ  രൂപീകരിച്ചു.

കണ്ണൂരിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം

keralanews kannur plastic prohibition

കണ്ണൂർ : ഏപ്രിൽ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് ബാഗ് ഡിസ്പോസബിൾ വിമുക്തമാക്കുന്നതിനു ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നടത്തിവരുന്ന പ്രോഗ്രാമുകൾ ഏതാണ്ട് വിജയത്തോടടുക്കുകയാണ്. ജില്ലയിലെ 60 ഓളം തദ്ദേശ സ്ഥാപനങ്ങൾ ഇതിനകം പ്ലാസ്റ്റിക് ബാഗ് മുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു.ഏപ്രിൽ രണ്ടിന് ശേഷം ജില്ലയിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഡിസ്പോസബിൾ കപ്പുകളും പ്ലേറ്റുകളും വിതരണം ചെയ്യപ്പെടുന്നില്ലെന്നുറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ സംവിധാനത്തിന് രൂപം നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിർദേശിച്ചു.

മിഷേലിന്റെത് ആത്മഹത്യ അല്ല കൊലപാതകം

keralanews mishel shaji s case new twist (2)

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് മറ്റൊരു വഴിയിലേക്ക്. ആത്മഹത്യയെന്ന നേരത്തേയുള്ള നിഗമനം മാറ്റി കൊലപാതക സാധ്യതയെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്. മിഷേലിനെ ആരെങ്കിലും ബോട്ടില്‍ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാണോ എന്ന സംശയം നിലനിൽക്കുന്നുന്നുണ്ട്.  മിഷേലിന്റെ അച്ഛന്‍ ഷാജിയാണ് തന്റെ മകളെ ആരെങ്കിലും ബോട്ടില്‍ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതാവാമെന്ന സംശയമുന്നയിച്ചത്. ഇതേത്തുടര്‍ന്നാണ് സംഭവ ദിവസം ഹൈക്കോടതി ജെട്ടികള്‍ക്കു സമീപത്തുള്ള കായലിലെ ബോട്ടുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈബ്രാഞ്ച് തീരുമാനിച്ചത്.

ഷാജിയുടെ ആരോപണങ്ങള്‍ ശരിയാവാന്‍ സാധ്യതയില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നത്. കാരണം ഏതെങ്കിലും തരത്തിലുള്ള മല്‍പ്പിടുത്തം നടക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. കലൂര്‍ പള്ളിയിലെ സിസിടിവിലെ ദൃശ്യത്തിലുള്ളത് മിഷേല്‍ തന്നെയാണെന്ന് ഷാജി സമ്മതിക്കുന്നുണ്ടെങ്കിലും ഹൈക്കോടതി ജംക്ഷനില്‍ നിന്നു ലഭിച്ച സിസിടിവിയിലേത് മകളല്ലെന്ന് അദ്ദേഹം പറയുന്നു. മിഷേലിനെ ശല്യപ്പെടുത്തിയിരുന്ന തലശേരിക്കാരനായ യുവാവ് മരണത്തിന് ഒരാഴ്ച മുമ്പ് എറണാകുളം ടൗണ്‍ ഹാളില്‍ എത്തിയിരുന്നുവെന്ന സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം ഗൗരവമായെടുത്തിട്ടുണ്ട്. ഇയാളും ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയിലാണ്.