സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലര്‍ട്ട്

keralanews heavy rain continues in the state low lying areas in thiruvananthapuram flooded orange alert for malappuram and kozhikode

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നി ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് ഇടിയോടുകൂടിയ മഴ ശക്തമാണ്. ഇന്ന് പുലർച്ചെ മുതൽ ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കൊല്ലത്തും മഴ തുടരുകയാണ്. രാത്രി മുഴുവൻ ശക്തമായി മഴ പെയ്തു. ജില്ലയുടെ കിഴക്കൻ മേഖലയിലും മഴയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ആറ് ജില്ലകളിൽ യെല്ലോ അർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലിലെ ന്യൂനമർദ്ദം കേരള തീരത്തോട് അടുത്തതോടെയാണ് മഴശക്തമായത്. കേരള ലക്ഷദ്വീപ് തീരങ്ങിളിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍.

കണ്ണൂരിൽ ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവം കൊലപാതകം;പിതാവിനെതിരെ കേസെടുത്തു

keralanews incident of one and a half year old girl died falling in the river was murder case charged against father

കണ്ണൂർ:പാനൂര്‍ പാത്തിപ്പാലത്ത് ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവം കൊലപാതകം.വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന (25) യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയും പുഴയില്‍ വീണത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.ന്നെയും മകളേയും ഭര്‍ത്താവ് തള്ളിയിട്ടതാണെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷിജുവിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.ഷിജുവിനെ കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫാണ്.

കൊച്ചി കോർപ്പറേഷൻ കൗൺസിലർ മിനി ആർ മേനോൻ അന്തരിച്ചു

keralanews kochi orporation councillor mini r menon passes away

കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗൺസിലർ മിനി ആർ മേനോൻ(43) അന്തരിച്ചു.ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. എറണാകുളം സൗത്ത് 62 ആം ഡിവിഷനിലെ ബിജെപി കൗൺസിലറായിരുന്നു മിനി ആർ മേനോൻ.ഭര്‍ത്താവ്: കൃഷ്ണകുമാര്‍ വര്‍മ മക്കള്‍: ഇന്ദുലേഖ, ആദിത്യ വര്‍മ. ബിജെപി സ്ഥാനാര്‍ത്ഥിയായി എറണാകുളം സൗത്ത് ഡിവിഷനില്‍ നിന്നാണ് മിനി ആര്‍. മേനോന്‍ കൊച്ചി കോര്‍പ്പറേഷന്‍ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ ഇവരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ലീവെടുത്ത് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.വാരിയം റോഡ് ചിന്മയ കോളജിന് എതിര്‍വശത്തുള്ള ഇവരുടെ കൗണ്‍സിലര്‍ ഓഫിസില്‍ 10.30 മുതല്‍ ഒന്നര വരെ മൃതദേഹം പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഇതിനടുത്തുള്ള ശാന്തി ഫ്ലാറ്റില്‍ ഒരു മണി മുതല്‍ മൂന്നു മണിവരെയും ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. മൂന്നുമണിക്ക് രവിപുരം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.

പത്ത് വര്‍ഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

keralanews mattannur mahadeva temple taken over by malabar devaswom board after more than 10 years of legal battle

കണ്ണൂര്‍:പത്ത് വര്‍ഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. വിശ്വസികളുടെയും ക്ഷേത്രം ജീവനക്കാരുടെയും ഏറെ നാളായുള്ള ആഗ്രഹമാണ് സഫലമായത്. ജനകീയ കമ്മറ്റി എന്ന പേരില്‍ ചില സ്വകാര്യ വ്യക്തികളുടെ കൈകളിലായിരുന്നു ഇതുവരെ ക്ഷേത്ര ഭരണം. 2007 ല്‍ ക്ഷേത്ര നടത്തിപ്പിനെ കുറിച്ച്‌ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ നടപടികളിലേക്ക് ദേവസ്വം ബോര്‍ഡ് കടന്നത്. ഇതിനെതിരെ ക്ഷേത്ര സമിതി നിയമ പോരാട്ടം നടത്തിയെങ്കിലും വിജയിച്ചില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. ജീവനക്കാരുടെയും വിശ്വസികളുടെയും അഭിലാഷം അനുസരിച്ച്‌ സുതാര്യമായ രീതിയില്‍ ക്ഷേത്ര ഭരണം മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതുതായി ചുമതലയേറ്റ എക്‌സിക്റ്റീവ് ഓഫീസര്‍ പി ശ്രീകുമാര്‍ പറഞ്ഞു. ജീവനക്കാരും വിശ്വാസികളും ആഗ്രഹിച്ച കാര്യമാണ് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടിയെന്ന് മേല്‍ശാന്തി മാധവന്‍ നമ്പൂതിരി പറഞ്ഞു.

അതേസമയം ക്ഷേത്രം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധവുമായി എത്തിയവരും ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ ക്ഷേത്രത്തിന് മുന്നില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായി. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പോലീസിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിയത്. ഇവരെ തടഞ്ഞ പ്രതിഷേധക്കാരുമായി തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഒരാള്‍ കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ ദേഹത്ത് ഒഴിക്കാനും ശ്രമിച്ചു.താനും പേരെ സ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി ഉത്തരവുപ്രകാരമാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുകയാണെന്നും മൂന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് ക്ഷേത്രം കൈയേറിയതെന്നും ക്ഷേത്രസമിതി ഭാരവാഹികള്‍ ആരോപിച്ചു.

ജലനിരപ്പ് 2390.86 അടിയായി ഉയർന്നു;ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു

keralanews water level rises to 2390.86 feet blue alert issued for idukki dam

ഇടുക്കി: ജലനിരപ്പ് 2390.86 അടിയായി ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ 2390.86 ആണ് ബ്ലൂ അലേര്‍ട് ലവല്‍. പകല്‍ സമയത്ത് മണിക്കൂറില്‍ 0.02 അടി വീതമാണ് ജലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് നല്‍കുന്ന ആദ്യ ജാഗ്രതാ നിര്‍ദ്ദേശം കൂടിയാണ് ഇത്. 2,403 ആണ് ഡാമിന്റെ സംഭരണ പരിധി. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നതോടെയാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്. 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച ശേഷം ജില്ലാ കലക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടണമെന്നാണ് ചട്ടം.ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്നാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. പ്രളയ സാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ അനുമതി കെഎസ്‌ഇബിക്ക് അനുമതി നല്‍കിയിരുന്നു.85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അണക്കെട്ട് തുറക്കുന്നത് പ്രളയ സാധ്യതയുണ്ടാക്കുമെന്നാണ് കേന്ദ്ര ജലക്കമ്മീഷന്റെ കണക്കു കൂട്ടല്‍. അതിനാല്‍ പരമാവധി സംഭരണ ശേഷിയിലെത്തുന്നതു വരെ തുറക്കേണ്ടെന്നാണ് നിര്‍ദ്ദേശം. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 150 ദശലക്ഷം ഘനമീറ്ററിലധികം വെള്ളം കൂടി അണക്കെട്ടില്‍ സംഭരിക്കാനാകും.

കണ്ണൂരിൽ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവത്തിൽ പ്രതി പിടിയില്‍

keralanews defendant arrested in the case of old lady killed during robbery attempt

കണ്ണൂർ: കണ്ണൂരില്‍ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് അറസ്റ്റിലായത്. അസമില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.വാരം എളയാവൂരില്‍ തനിച്ച്‌ താമസിക്കുകയായിരുന്ന പി കെ ആയിഷയെയാണ് കവര്‍ച്ചാ സംഘം ആക്രമിച്ചത്. ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങളും പറിച്ചെടുത്തിരുന്നു. കാതുകളില്‍ നിന്ന് സ്വര്‍ണം എടുക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ ആയിഷ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.ആയിഷയുടെ വീടിന് അകലെ മാറിയുള്ള സിസിടിവിയില്‍ പ്രതികളുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച്‌ കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. പുലര്‍ച്ചെ നമസ്കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടര്‍ ഓണാക്കിയിട്ടും വെള്ളം കിട്ടാത്തതോടെ വീടിന് പുറത്തിറങ്ങി. ഈ സമയത്ത് കവര്‍ച്ചാ സംഘം ആക്രമിക്കുകയായിരുന്നു.

പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്. വൈശാഖിന്റെ സംസ്‌കാരം ഇന്ന്

keralanews funeral of malayalee soldier vaisakh martyred in the encounter with terrorists in poonch today

കൊല്ലം:കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്. വൈശാഖിന്റെ സംസ്‌കാരം ഇന്ന് നടക്കും.പൊതുദർശനത്തിന് ശേഷം ഉച്ചയ്‌ക്ക് 12.30ന് കൊല്ലത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം.തിരുവനന്തപുരം വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രിയെത്തിച്ച മൃതദേഹം സേനയെ പ്രതിനിധീകരിച്ച് പാങ്ങോട് ക്യാമ്പ് അഡ്മിൻ കമാൻഡന്റ് കേണൽ മുരളി ശ്രീധരൻ ഏറ്റുവാങ്ങി.സർക്കാരിനായി മന്ത്രി എൻ.ബാലഗോപാൽ പുഷ്പചക്രം അർപ്പിച്ചു. എം.പി.കൊടിക്കുന്നിൽ സുരേഷ്, കളക്ടർ നവജ്യോത് ഖോസ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷ് എന്നിവരും അന്തിമോപചാരമർപ്പിച്ചിരുന്നു. തുടർന്ന് പാങ്ങോട് മിലിറ്ററി ക്യാമ്പിൽ ഭൗതിക ദേഹമെത്തിച്ചു.കഴിഞ്ഞ തിങ്കളാഴ്‌ച്ച പുലർച്ചെയാണ് വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർ പൂഞ്ചിൽ വീരമൃത്യു വരിച്ചത്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടൽ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചതും.

പേരാവൂര്‍ ഹൗസ് ബിൽഡിങ് സൊസൈറ്റിയില്‍ വീണ്ടും വ്യാപക ക്രമക്കേടുകള്‍;ലതര്‍ ബാഗ് നി‍ര്‍മ്മാണ യൂണിറ്റിലും തിരിമറി കണ്ടെത്തി

keralanews irregularities at peravoor house building society fraud found in leather bag manufacturing unit

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ ഹൗസ് ബില്‍ഡിം സൊസൈറ്റിയില്‍ വീണ്ടും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പ് സംബന്ധിച്ച്‌ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ലതര്‍ ബാഗ് നി‍ര്‍മ്മാണ യൂണിറ്റിലും തിരിമറി നടന്നതായി കണ്ടെത്തിയത്.എന്നാല്‍, എല്ലാ പ്രവര്‍ത്തനവും ഭരണ സമിതി അറിവോടെയായിരുന്നു എന്നാണ് സെക്രട്ടറിയുടെ മൊഴി. അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ജോ. രജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ പ്രദോഷ് കുമാര്‍ പറഞ്ഞു . കുറ്റക്കാരില്‍ നിന്നും പണം ഈടാക്കണം എന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടാകും. പൊലീസ് കേസ് ഉള്‍പെടെ വേണമോ എന്ന് ജോ രജിസ്ട്രാര്‍ക്ക് തീരുമാനിക്കാമെന്നും പ്രദോഷ് കുമാര്‍ വ്യക്തമാക്കി.അതിനിടെ, പേരാവൂര്‍ സൊസൈറ്റി മുന്‍ പ്രസിഡന്‍റ് എ പ്രിയന്‍റെ വീട്ടിലേക്ക് നിക്ഷേപകര്‍ മാര്‍ച്ച്‌ നടത്തി. സിപിഎം ലോക്കല്‍ സെക്രട്ടറികൂടിയായ പ്രിയന് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ആക്ഷേപം.

മിനിവാനിന്റെ വിൻഡോ ഗ്ലാസിനിടയിൽ കഴുത്ത് കുരുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം

keralanews four year old boy died when his neck trapped between window glass of a minivan

ആലപ്പുഴ:മിനിവാനിന്റെ വിൻഡോ ഗ്ലാസിനിടയിൽ കഴുത്ത് കുരുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം.പകുതി താഴ്‌ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. പുന്നപ്ര മണ്ണാപറമ്പിൽ അല്‍ത്താഫ്-അന്‍സില ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാനാണ് മരിച്ചത്.വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാനില്‍ കളിക്കുന്നതിനിടെ ബുധനാഴ്ച പകല്‍ 2.30 ഓടെയായിരുന്നു സംഭവം. വീലില്‍ ചവുട്ടി വാനിന്‍റെ അടഞ്ഞു കിടന്ന വാതിലിന്‍റെ പാതി താഴ്ത്തിയ ഗ്ലാസിനിടയ്ക്കുകൂടി തല അകത്തേക്കിട്ടപ്പോള്‍ കാല്‍ തെന്നിപ്പോകുകയായിരുന്നു.ഈ സമയം കഴുത്ത് ഗ്ലാസില്‍ കുരുങ്ങിയാണ് അന്ത്യം സംഭവിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി പുറത്തെടുത്ത അല്‍ ഹനാനെ ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതിമാസം 5,000 രൂപ വീതം മൂന്ന് വര്‍ഷത്തേക്ക്; കൊറോണ ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാരിന്റെ ധനസഹായം

keralanews 5000 rupees per month for three years state government financial assistance to the dependents of those who died of corona

തിരുവനന്തപുരം:കൊവിഡ് ബാധിച്ച്‌ മരണപ്പെട്ട വ്യക്തികളുടെ ആശ്രിതര്‍ക്ക് സമാശ്വാസ സഹായവുമായി സംസ്ഥാന സർക്കാർ.നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എൽ. കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക.സാമൂഹികക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് സഹായം ലഭിക്കുന്നതിന് അയോഗ്യതയാവില്ല.വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ വച്ച്‌ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം ലഭിക്കും. പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറായി മൂന്നു വർഷത്തേക്കാണ് നൽകുക.ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും യോഗം തീരുമാനിച്ചു.ഒറ്റ പേജിൽ ലളിതമായ ഫോറത്തിൽ അപേക്ഷ സമർപ്പിക്കാൻ ആശ്രിതർക്ക് കഴിയണം. ഇതിനാവശ്യമായ തുടർ നടപടികൾക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകേണ്ടതാണ്. ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസർ ഉറപ്പുവരുത്തണം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും നിർദ്ദേശമുണ്ട്.