തലശ്ശേരി: മാഹിയില്‍നിന്ന് ഓട്ടോയില്‍ തളിപ്പറമ്പിലേക്ക് 88 കുപ്പി മാഹിമദ്യം കടത്തുകയായിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് പൊന്ന്യത്തുവെച്ചാണ് വാഹനപരിശോധനയ്ക്കിടെ മദ്യം പിടികൂടിയത്. തളിപ്പറമ്പ് ടൗണില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു.പി.മുരളീധരന്‍, സോമന്‍, ഉമേഷ്, ബഷീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജനങ്ങള്‍ അനാവശ്യ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : കടുത്ത വരള്‍ച്ച സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദനത്തെ കാര്യമായി ബാധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അനാവശ്യമായ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി ആവശ്യകത പരമാവധി കുറച്ച് ഈ സാഹചര്യം മറികടക്കാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രതിസന്ധികള്‍ക്ക് നടുവിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വ്യാജഹര്‍ത്താല്‍ വാര്‍ത്തയുമായി സമൂഹമാധ്യമങ്ങള്‍ വീണ്ടും
കണ്ണൂര്‍: കഴിഞ്ഞദിവസം അഞ്ചരക്കണ്ടിയില്‍ വെട്ടേറ്റയാള്‍ മരിച്ചെന്നും കണ്ണൂരില്‍ തിങ്കളാഴ്ച ഹർത്താലാണെന്നും ചില സാമൂഹ്യ ദ്രോഹികൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഒരു യുവാവിന്റെ ചിത്രം സഹിതമാണ് വാര്‍ത്തകള്‍ വന്നത്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ചതോടെ പത്രഓഫീസുകളിലേക്ക് നിരന്തരം വിളികള്‍വന്നു.
അഞ്ചരക്കണ്ടിയിലുള്ളവരാണെങ്കില്‍ ഈ സന്ദേശം കാണുമ്പോഴാണ് കഥയറിയുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുന്നതിനെതിരേ കളക്ടര്‍ തന്നെ രംഗത്തുവന്നിരുന്നു.ഇത്തരക്കാരെ നിയമപരമായി നേരിടുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാല്‍, തുടര്‍ന്ന് നടപടികളൊന്നുമുണ്ടാവാത്തതാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാകുന്നത്.
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടി. നിലവിലുള്ളതിനേക്കാള്‍ ഒരു മണിക്കൂറാണ് പ്രവര്‍ത്തി സമയത്തില്‍ വരുത്തിയിരിക്കുന്ന വര്‍ധന. ഇനി മുതല്‍ രാവിലെ 9.30 മുതൽ രാത്രി 9.30 വരെയാവും ബിവറേജസുകളുടെ പ്രവര്‍ത്തന സമയം.
ദേശീയ പാതയോരത്തു നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നൂറുകണക്കിന് മദ്യാശാലകള്‍ക്കാണ് കഴിഞ്ഞ ദിവസത്തോടെ പൂട്ടുവീണത്. ഇതോടെ നിയമം ബാധകമാവാത്ത മദ്യശാലകളില്‍ തിരക്ക് വര്‍ധിക്കുകയും ചെയ്തു. തിരക്കേറിയത് ബെവ്‌കോ ജീവനക്കാരേയും ഏറെ വലച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം.
സർക്കാർ ബദൽ മാർഗങ്ങൾ തേടും
തിരുനനന്തപുരം: മദ്യശാലകൾ പൂട്ടിയ സംഭവത്തിൽ സർക്കാർ ബദൽ മാർഗങ്ങൾ തേടും. മദ്യശാലകൾ പൂട്ടിയത് ടുറിസം മേഖലയ്ക് വൻ തിരിച്ചടിയായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയുന്ന കാര്യം തീരുമാനിച്ചില്ല. വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സ് നേതാവിന്റെ വീടിന്റെ നേരെ ബോംബാക്രമണം നടത്തിയത് കോൺഗ്രസ്സുകാർ തന്നെ
ആലപ്പുഴ : കാട്ടണത് യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ വീടിനു നേരെ നടന്ന ബോംബ് ആക്രമണം കോൺഗ്രസ്സുകാർ തന്നെ ആസൂത്രണം ചെയ്തതെന്ന് തെളിഞ്ഞു. യൂത്ത് കോൺഗ്രസ്സ് നേതാക്കൾ തമ്മിൽ നടത്തിയ ഫേസ്ബുക് ചാറ്റിങ്ങിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തായത്.
2016 ഡിസംബർ 14നു പുലർച്ചെ 2:30നാണ് യൂത്ത് കോൺഗ്രസ് ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ് സൽമാന്റെ വീട്ടിൽ സ്ഫോടനം ഉണ്ടായത്. ഡി വൈ എഫ് ഐ പ്രവർത്തകരാണ് ഇതിന്റെ പിന്നിൽ എന്ന നിലയിലാണ് വ്യാപക പ്രചാരണം നടന്നു വന്നത്. എന്നാൽ ഇത് തങ്ങൾ ചെയ്തതാണെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ചാറ്റിങ്ങിലൂടെ സമ്മതിച്ചത്.
സംസ്ഥാനത്ത് കുട്ടികൾക്ക് മാത്രമായി ഒരു തിയേറ്റർ
കോട്ടയം: സംസ്ഥാനത്തു കുട്ടികൾക്ക് മാത്രമായി ഒരു തിയേറ്റർ ഒരുങ്ങുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഗവണ്മെന്റ് ഹൈ സ്കൂളിനോട് ചേർന്നാണ് തിയേറ്റർ ഒരുങ്ങുന്നത്. കേവലം സിനിമ പ്രദർശനത്തിൽ മാത്രം ഒതുങ്ങാതെ സിനിമ നിർമാണം, സംവിധാനം, ഛായാഗ്രഹണം, അഭിനയം എന്നിവ പഠിപ്പിക്കുന്നതിനുള്ള അവസരവും ഇവിടെ ഉണ്ട്. സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ വിനോദ യാത്രയ്ക്ക് പോകുമ്പോൾ അവർക്ക് സിനിമകൾ കാണുന്നതിനുള്ള ഒരു വേദിയായി ഈ തീയേറ്റർ മാറ്റി എടുക്കാനും പദ്ധതിയുണ്ട്.
സമരത്തിന് നേതൃത്വം നൽകിയത് മാനേജ്‌മന്റ് ശത്രുതയ്ക്ക് കാരണം
കൊച്ചി :പാമ്പാടി നെഹ്‌റു കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ വാട്സാപ്പ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചു. മരണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകളാണ് ഈ സന്ദേശങ്ങൾ . സാങ്കേതിക സർവകലാശാലയുടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ജിഷ്ണു നേതൃത്വം നൽകിയെന്ന് തെളിയിക്കുന്ന രേഖകളാണ് പോലീസിന് കിട്ടിയത്.
ഇതര സംസ്ഥാന തൊഴിലാളികളെ പ്രതികളാക്കാന്‍ ശ്രമം : കാനം രാജേന്ദ്രൻ
കോട്ടയം: പല കുറ്റകൃത്യങ്ങളിലും പ്രതികളെ കിട്ടാതെ വരുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മേല്‍ ബോധപൂര്‍വം കുറ്റംചാര്‍ത്തി പ്രതിയാക്കുന്നത് സംസ്ഥാനത്തെ പോലിസിന്റെ ക്രൂരവിനോദമായി മാറിയിട്ടുണ്ടെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ എഐടിയുസി പ്രഥമ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ മേഖലയിലെ നിരവധി പദ്ധതികളും സാമൂഹികക്ഷേമ പദ്ധതികളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അന്യമാണ്. ഇവര്‍ക്കും റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് ഇടതുമുന്നണി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രം ഇതിന് പരിഗണന നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംഘടനയുടെ സംസ്ഥാന ഭാരവാഹികളായി വാഴൂര്‍ സോമന്‍ (പ്രസിഡന്റ്), ബിനു ബോസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
തലശ്ശേരിയില്‍ ജലക്ഷാമം രൂക്ഷം
തലശ്ശേരി: വേനല്‍ച്ചൂട് മുമ്പെങ്ങുമില്ലാത്തവിധം കനത്തോടെ തലശ്ശേരിയിൽ ജലക്ഷാമം രൂക്ഷമായി. നേരത്തെ കുടിവെള്ളമെത്തിക്കാനായി ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം പ്രഹസനമായി മാറി. നഗരസഭയിലെ 52 വാര്‍ഡുകളിലും ശുദ്ധജലം എത്തിക്കുന്നതിന് കിയോസ്‌കുകള്‍ ആരംഭിക്കാന്‍ പദ്ധതി തയ്യാറായെങ്കിലും 19 കിയോസ്‌കുകള്‍ മാത്രമാണ് സ്ഥാപിച്ചത്. വര്‍ഷങ്ങളായി നഗരസഭാ പരിധിയില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നു. ഭൂഗര്‍ഭ ജലവിതാനം അനിയന്ത്രിതമായി താഴുന്നതാണ് ഇതിനുകാരണമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നഗരസഭ കുടിവെള്ളം ടാങ്കര്‍ ലോറികളിലാണ് എത്തിച്ചിരുന്നത്. ഇത്തവണ വേനലില്‍ കിണറുകളും കുളങ്ങളും വരണ്ടതോടെ ലോറികളില്‍ ശേഖരിക്കാന്‍ പോലും ശുദ്ധമില്ല. അതിനാല്‍ ഉടന്‍ ശുദ്ധജലമെത്തിക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.