കണ്ണൂര്‍ : ബജറ്റില്‍ അനുവദിച്ച വികസനോന്മുഖ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ജില്ലാ പഞ്ചായത്ത് ഗ്രാമസഭായോഗം. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് യോഗം ഉദ്ഘാടനം ചെയ്തത്. വികസനത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ മുന്നോട്ട് പോവുകയെന്നതാണ് സംസ്ഥാനസര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ജനോപകാരപ്രദവും ദീര്‍ഘവീക്ഷണവുമുളള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി പി ദിവ്യ ബജറ്റ് പദ്ധതികള്‍ വിശദീകരിച്ചു.
ജിഷ്ണുവിന്റെ മരണം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ അനിശ്ചിതകാല സമരത്തിലേക്ക്
നാദാപുരം: പാമ്പാടി നെഹ്‌റു കോളെജില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ജിഷ്ണു മരണപ്പെട്ട് 89 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധിച്ചാണ് സമരത്തിനിറങ്ങുന്നത്. ഈ മാസം അഞ്ചിന് ഡിജിപി ഓഫീസിനു മുന്നിലാണ് കുടുംബാംഗങ്ങളുടെ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.
നേരത്തെ കഴിഞ്ഞ മാസം അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. പ്രതികളെ രണ്ടാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യും എന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ ഇതുവരെയും പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. അതിനിടെ കേസിലെ മുഖ്യപ്രതി പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി സുപ്രിംകോടതി ശരിവെക്കുകയും ചെയ്തു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും ജിഷ്ണുവിന്റെ അമ്മ മഹിജയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിം കോടതി തള്ളുകയായിരുന്നു.
കഴിഞ്ഞ ദിവസം ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. വാട്ട്സാപ്പ് സന്ദേശങ്ങളാണ് സംഘത്തിന് ലഭിച്ചത്. ഇത് കേസന്വേഷണത്തില്‍ കൂടുതല്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് നോട്ടു പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നോട്ട് നല്‍കി. പല ട്രഷറികളിലും പണമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തുറന്നുപറഞ്ഞ് അക്രമത്തിനിരയായ നടി രംഗത്ത്
കൊച്ചി:പ്രമുഖ നടിക്ക് നേരെയുണ്ടായ ഗൂണ്ടാ അതിക്രമത്തിന്റെ വിവാദങ്ങളും തര്‍ക്കങ്ങളും ഒരിടവേളയ്ക്ക് ശേഷം വീണ്ടും വിഷയത്തില്‍ ഉയരുകയാണ്. പ്രമുഖ വാരികയ്ക്ക് നടി അതിക്രമത്തിനിരയായ ശേഷം ആദ്യമായി നല്‍കിയ അഭിമുഖമാണ് വീണ്ടും വിഷയത്തെ ചര്‍ച്ചയാക്കുന്നത്. തനിക്ക് നീതി കിട്ടിയേ തീരൂ എന്ന് ‘വനിതയ്ക്ക്’ നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു. അതിക്രമത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന സൂചനയും നടി നല്‍കി. പണത്തിന് വേണ്ടി മാത്രമായിരുന്നു ഇതെല്ലാമെന്ന് പറഞ്ഞാല്‍, യോജിക്കാത്ത ഒരുപിടി കാര്യങ്ങളുണ്ടെന്നും അവര്‍ വ്യക്തമാക്കി. തൃപ്തികരമായ ഉത്തരം കിട്ടേണ്ട ഒരുപിടി ചോദ്യങ്ങള്‍ തന്റെ മുന്നിലുണ്ട്. വിജയം വരെയും താന്‍ പോരാടുമെന്നും നടി അഭിമുഖത്തില്‍ പ്രഖ്യാപിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ ധൈര്യസമേതം മുന്നോട്ടുവന്ന് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും നടി ആഹ്വാനം ചെയ്തു. എന്തിന് വേട്ടക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കണം. അപമാനവത്തിന്റെ വേദന അനുഭവിക്കേണ്ടത് ഇരയായ സ്ത്രീയല്ല, മറിച്ച് കുറ്റം ചെയ്തയാളാകണമെന്നും അവര്‍ വ്യക്തമാക്കി. സിനിമാ മേഖലയില്‍ ശത്രുക്കളുണ്ടെന്നും നടി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ നടിക്ക് നേരെ ആക്രണമുണ്ടായത്. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനും പള്‍സര്‍ സുനിയുമുള്‍പ്പെടെയുള്ള അഞ്ച് പേര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
ചര്‍ച്ച പരാജയം; അനിശ്ചിതകാല ചരക്കു ലോറി സമരം തുടരും
പാലക്കാട്: പാലക്കാട്: സംസ്ഥാനത്ത് അനിശ്ചിതകാല ചരക്കു ലോറി സമരം ശക്തമാക്കാന്‍ ലോറി ഉടമകളുടെ തീരുമാനം. ഹൈദ്രാബാദില്‍ വെച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചത്. എല്‍പിജി ടാങ്കറുകളും ചരക്കു വാഹനസമരത്തില്‍ പങ്ക് ചേർന്നു.
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ലോറി ഉടമാ കോര്‍ഡിനേറ്റര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. സമവായമില്ലാത്ത പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള ചരക്ക് നീക്കം തീര്‍ത്തും സ്തംഭിച്ച മട്ടിലാണ്.
ഇനി ചെക്ക് പോസ്റ്റുകള്‍ ഇല്ല; പകരം സിസിടിവി
തിരുവനന്തപുരം: ചരക്കു സേവന നികുതി നടപ്പാക്കുന്നതിനെ തുടര്‍ന്ന് ചെക്ക് പോസ്റ്റുകള്‍ അടച്ചുപൂട്ടുമ്പോള്‍ പകരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് വാണിജ്യ നികുതി വിഭാഗം അറിയിച്ചു.നികുതിയില്ലാത്ത അസംസ്കൃത വസ്തുകള്‍ ഉപയോഗിച്ച് വില കൂടിയ വസ്തുക്കള്‍ നിര്‍മ്മിച്ച് പ്രധാന പാതകള്‍ക്ക് പുറമെ ചെറുവഴികളിലൂടെയും കടത്താന്‍ സാധ്യതയുള്ളതിനാല്‍ അത്തരം ഊടു വഴികളിലും ക്യാമറകള്‍ സ്ഥാപിക്കും എന്ന് മന്ത്രി തോമസ് ഐസക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതിര്‍ത്തി കടക്കുന്ന ചരക്കു വാഹനളുടെ ചിത്രം സിസിടിവി ക്യാമറയുപയോഗിച്ച് പകര്‍ത്തി വാണിജ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും. വാഹന നമ്പരും ഇന്‍വോയിസ് നമ്പരും ഒത്തു നോക്കി നികുതി അടച്ചാണോ ചരക്കു കടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു വരുത്താം. ക്യാമറകള്‍ വാങ്ങുവാനുള്ള ടെണ്ടര്‍ വിളിക്കുവാന്‍ തീരുമാനം കൈകൊണ്ടിട്ടുണ്ട്. വാളയാറിലായിരിക്കും സിസിടിവി ക്യാമറകള്‍ ആദ്യം സ്ഥാപിക്കുക.
ജാക്കിപ്പുറത്തെ വീട്
തളിപ്പറമ്പ്: വീടിനുമുന്നിലെ റോഡ് ഉയര്‍ന്നപ്പോള്‍ മഴക്കാലത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷനേടാൻ ഹംസ കണ്ടെത്തിയ വഴി എല്ലാവരിലും കൗതുകമാകുന്നു. ഹംസയുടെ വീട് ഇപ്പോള്‍ ജാക്കിപ്പുറത്താണ്. 25 ജാക്കികള്‍ക്കുമുകളില്‍ നീളത്തിലുള്ള ഉരുക്ക് ലിവറുകളിലാണ് ചുമരുകള്‍ ഉറപ്പിച്ചുനിര്‍ത്തിയത്. ഇനി കെട്ടിടം ആവശ്യത്തിന് ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാം. കെട്ടിടത്തിന്റെ ഭിത്തികളില്‍ പുതുതായി ഒരു ചെറുവിടവുപോലുമില്ല. രണ്ടായിരത്തിലേറെ സ്‌ക്വയര്‍ഫീറ്റ് ഉള്ള വീടിന്റെ താഴെ പണിനടന്നുകൊണ്ടിരിക്കെ മുകള്‍നിലയില്‍ തൊഴിലാളികള്‍ താമസിക്കുന്നമുണ്ട്. ഹരിയാണയിലെ സിസോദിയ ആന്‍ഡ് സണ്‍സ് ഹൗസ് ലിഫ്റ്റിങ് കമ്പനിയാണ് ചെരിഞ്ഞ കെട്ടിടം നേരെയാക്കല്‍, താഴ്ന്നവ ഉയര്‍ത്തല്‍, കെട്ടിടം സ്ഥലംമാറ്റല്‍ എന്നീ ജോലികള്‍ ഏറ്റെടുത്തുനടത്തുന്നത്. പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നത് ബല്‍വാന്‍ സിസോദയ്.
സച്ചിന്‍ പാടുന്നു
മുംബൈ : ഗ്രൗണ്ടുകളെ ബാറ്റ് കൊണ്ട് പൂരപറമ്പാക്കിയിരുന്ന സച്ചിന്‍ പല തലമുറകള്‍ക്കും ക്രിക്കറ്റ് എന്ന കായിക ഇനത്തിലേക്ക് വരാനുള്ള പ്രചോദനമായിട്ടുണ്ട്. എന്നാല്‍ വിരമിച്ചതിന് ശേഷം ക്രിക്കറ്റന് പുറമെയുള്ള മേഖലകളില്‍ പരീക്ഷണം നടത്താനാണ് അദ്ദേഹം ശ്രദ്ധപുലര്‍ത്തുന്നത്. ഫുട്ബോളിലും അഭിനയത്തിലും പയറ്റിനോക്കിയ സച്ചിൻ ഇപ്പോഴിതാ സംഗീതത്തിലും ഒരു കൈ നോക്കുകയാണ് . പ്രശസ്ത ഗായകന്‍ സോനു നിഗത്തിനൊപ്പം “ക്രിക്കറ്റ് വാലി ബീറ്റ്” എന്ന ഗാനം ആലപിച്ചാണ് സച്ചിന്‍ സംഗീത ലോകത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്. സച്ചിന്‍ മികച്ച ഒരു ഗായകനാണെന്ന് സോനു നിഗം അഭിപ്രായപ്പെട്ടു. ശരിയായ ശ്രുതിയല്‍ ഗാനം ആലപിച്ചതു കൊണ്ട് പിച്ച് കറക്ടര്‍ പോലും ഉപയോഗിക്കേണ്ടി വന്നില്ല. പൊതുവെ പിന്‍വലിഞ്ഞ് നില്‍ക്കുന്ന സ്വഭാവമുള്ള സച്ചിന്‍ സ്റ്റുഡിയോയില്‍ ഊര്‍ജസ്വലനായിരുന്നെന്നും. ജനങ്ങള്‍ പാട്ട് ഇഷ്ടപെടുന്നതില്‍ വലിയ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു
എല്‍.എസ്.ഡി.യുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ
കണ്ണൂര്‍: സ്റ്റാമ്പ് രൂപത്തിലാക്കി നാക്കില്‍ ഒട്ടിച്ച് ലഹരി നുണയുന്ന മാരക മയക്കുമരുന്നായ എല്‍.എസ്.ഡി.യുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. ടി.സി.ഹര്‍ഷാദ്, കെ.വി.ശ്രീരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കൊയ്യോട് സ്വദേശികളാണ്. പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ്. വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം മെയ് 15 വരെ നടപ്പിലാക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റിനുള്ള പുതിയ വ്യവസ്ഥ നടപ്പാക്കുന്നതിന് മെയ് 15 വരെ മാറ്റിവയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ പഴയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മതിയെന്നു ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ആവശ്യത്തിന് അടിസ്ഥാനസൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദ്ദേശം.
പുതിയ രീതി അനുസരിച്ച് കാര്‍ ലൈസൻസിൽ എച്ചിനു പുറമേ റിവേഴ്‌സ് പാര്‍ക്കിംഗ്, വാഹനം കയറ്റത്തു നിര്‍ത്താനുള്ള കഴിവ് എന്നിവ പരിശോധിക്കുന്നതും നിര്‍ബന്ധമാക്കി ഫെബ്രുവരി 16നാണ് പുതിയ സര്‍ക്കുലര്‍ ഇറങ്ങിയത്.