തലശ്ശേരി: മാടപ്പീടിക പാറയില്‍താഴെ ലജന്‍ഡ് ലയണ്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഗ്രാമോത്സവം സിനിമാതാരം സനുഷ ഉദ്ഘാടനം ചെയ്തു. സന്തോഷ് ഇല്ലോളില്‍ അധ്യക്ഷതവഹിച്ചു. എ.കെ.രാധാകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിച്ചു.
പഠനസഹായം വിതരണംചെയ്തു
മട്ടന്നൂര്‍: പരിയാരം പ്രവാസി കൂട്ടായ്മ, എ.കെ.ജി. വായനശാല എന്നിവചേര്‍ന്ന് ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് പഠനസഹായം വിതരണംചെയ്തു. എ.കെ.ജി. വായനശാലാപരിധിയിലുള്ള സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് തുക നല്‍കിയത്. ചടങ്ങ് ഇ.പി.ജയരാജന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.ശോഭന അധ്യക്ഷതവഹിച്ചു.
കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി റേഷൻ വ്യാപാരികൾ
കണ്ണൂർ ∙ റേഷൻ വ്യാപാരികളോടു കേന്ദ്ര– സംസ്ഥാന സർക്കാരുകൾ അവഗണന കാണിക്കുന്നു എന്നാരോപിച്ചു കടകളടച്ചു നടത്തിയ സമരത്തിന്റെ ഭാഗമായി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ വ്യാപാരികൾ കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. വ്യാപാരികൾക്ക് അനുവദിച്ച വേതനം നൽകുക, കൃത്യമായ അളവിലും തൂക്കത്തിലും ഡോർ ഡെലിവറി നടപ്പാക്കുക, വെട്ടിച്ചുരുക്കിയ റേഷൻ സാധനങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു മാർച്ച് നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.സഹദേവൻ അധ്യക്ഷത വഹിച്ചു.
ചെറുപുഴ റെഗുലേറ്റർ– കം– ബ്രിജിന് ഉദ്ഘാടനത്തിനു മുൻപേ ചോർച്ച
ചെറുപുഴ ∙ മലയോരത്തിന്റെ സ്വപ്നപദ്ധതിയായ ചെറുപുഴ റെഗുലേറ്റർ– കം– ബ്രിഡ്ജ് ഉദ്ഘാടനത്തിനു മുൻപേ ചോർന്നൊലിക്കാൻ തുടങ്ങി. ആറു സ്പാനുകളുള്ള റെഗുലേറ്റർ– കം– ബ്രിഡ്ജിനു 2014 ഫെബ്രുവരി 22ന് അന്നത്തെ ജലസേചനവകുപ്പു മന്ത്രി പി.ജെ.ജോസഫാണ് തറക്കല്ലിട്ടത്. രണ്ടു വർഷം കൊണ്ടു പണി പൂർത്തിയാക്കണമെന്നു മന്ത്രി നിർദേശിച്ചിരുന്നുവെങ്കിലും പല കാരണങ്ങൾ കൊണ്ടു മൂന്നു വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. മരപ്പലകയിട്ട് ജലം സംഭരിക്കാൻ തുടങ്ങിയതോടെയാണ് തടയണയുടെ പല ഭാഗങ്ങളിലും ചോർച്ച കാണപ്പെട്ടത്. റെഗുലേറ്റർ– കം– ബ്രിഡ്ജിന്റെ ഒരു തൂണിനുള്ളിൽ നിന്നും വെള്ളം പുറത്തേക്കു ചോർന്നൊലിക്കുന്നുണ്ട്. ഉദ്ഘാടനത്തിനു മുൻപേ തന്നെ ചോർന്നൊലിക്കാൻ തുടങ്ങിയതു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
മന്ത്രി മണിയുടെ കോലം കത്തിക്കാനെത്തിയ യൂത്ത് കോൺഗ്രസുകാരെ അറസ്റ്റു ചെയ്തു
കണ്ണൂർ: മന്ത്രി എം.എം.മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്കു മുന്നിൽ .മണിയുടെ കോലം കത്തിക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം പോലീസ് തടഞ്ഞു. പ്രവർത്തകരുടെ കയ്യിലുണ്ടായിരുന്ന മന്ത്രിയുടെ കോലം പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒടുവിൽ പൊലീസ് കോലം നശിപ്പിച്ചു. യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പൊതുപരിപാടികൾ കഴിയുന്നതു വരെ ടൗൺ പൊലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ വച്ച പ്രവർത്തകരെ വൈകിട്ട് നാലിനു ജാമ്യത്തിൽ വിട്ടു.
ഈഡിസ് കൊതുകിന്റെ ലാർവയെ വീണ്ടും കണ്ടെത്തി
മട്ടന്നൂർ: ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ ലാർവയെ കഴിഞ്ഞ ദിവസവും മട്ടന്നൂരിൽ കണ്ടെത്തി. പോലീസ് ക്വാർട്ടേഴ്‌സ് പരിസരത്താണ് ആരോഗ്യ വകുപ്പ് കൊതുകിന്റെ സാന്നിധ്യം കണ്ടെത്തിയത്. കെട്ടിടങ്ങളുടെ മുകളിലും പ്ലാസ്റ്റിക് പാത്രങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് പെരുകാൻ കാരണമാകുന്നുണ്ട്. ഡെങ്കി സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുറഞ്ഞെങ്കിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ല.
കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ ഇനി സബ് ജയിൽ
കൂത്തുപറമ്പ്: കൂത്തുപറമ്പിൽ സബ് ജയിൽ അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. കുത്തുപറമ്പ പഴയ പോലീസ് സ്റ്റേഷനും സ്റ്റേഷനോട് ചേർന്ന് നേരത്തെ ഉണ്ടായിരുന്ന സബ് ജയിലും നവീകരിച്ചുകൊണ്ടാണ് പുതിയ ജയിൽ സ്ഥാപിക്കുക.
പെമ്പിളൈ ഒരുമൈ മണിയുടെ രാജിയാവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങി
തൊടുപുഴ∙ മൂന്നാറില്‍ മന്ത്രി എം.എം. മണിയുടെ രാജിയാവശ്യപ്പെട്ടു പെമ്പിളൈ ഒരുമൈയുടെ നേതാക്കളായ ഗോമതി, കൗസല്യ എന്നിവർ നിരാഹാര സമരം തുടങ്ങി. എം.എം. മണി മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും മാപ്പു പറയണമെന്നുമാണ് ആവശ്യം. സിപിഎമ്മുകാരുടെ ഭീഷണി ഭയന്ന് തൊഴിലാളികള്‍ സമരത്തില്‍നിന്നു വിട്ടുനിൽക്കുന്നത് കാരണം തൊഴിലാളികളുടെ കാര്യമായ പങ്കാളിത്തം ഉറപ്പാക്കാന്‍ സമരക്കാര്‍ക്കു കഴിഞ്ഞിട്ടില്ല എന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.
ഡേറ്റ ലയനം: നാലു ദിനം എസ്ബിഐയുടെ എടിഎം, ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും
തിരുവനന്തപുരം∙ എസ്ബിടി-എസ്ബിഐ ഡേറ്റ ലയനത്തിനു പിന്നാലെ മറ്റു നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരകൈമാറ്റം നടക്കുന്നതിന്റെ ഭാഗമായി മേയ് ആറ്, 13, 20, 27 തീയതികളിൽ എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ നിശ്ചലമാകും. രാത്രി 11.30 മുതൽ പിറ്റേന്നു രാവിലെ ആറു വരെയാണ് ഇടപാടുകൾ സ്തംഭിക്കുക. എസ്ബിഐയുടെയും പഴയ എസ്ബിടിയുടെയും ശാഖകളും എടിഎമ്മുകളും ഇന്നലെ മുതൽ ഒറ്റ ശൃംഖലയിലാണു പ്രവർത്തിക്കുന്നത്. മൊബൈൽ ബാങ്കിങ് സംബന്ധിച്ച പരാതികളുമായി ഇന്നലെ ശാഖകളിൽ ഇടപാടുകാർ എത്തി. ഇവ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകിയിട്ടുണ്ട്.
മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം∙ മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയിൽ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തിളത്തിലിറങ്ങി. മണി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നാണു പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. ചോദ്യോത്തരവേള നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, ചോദ്യോത്തരവേള നിർത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. അടിയന്തരപ്രമേയം പരിഗണിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി.