കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന നായകൻ ടി കെ എസ് മണി അന്തരിച്ചു. 77വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി ഒൻപതോടെ ആയിരുന്നു അന്ത്യം. ഭാര്യ പരേതയായ രാജമ്മ, മക്കൾ ആനന്ദ്, ജ്യോതി, ഗീത,അരുൺ എന്നിവർ. കേരള ഫുട്ബോൾ ഒരിക്കലും മറക്കാത്ത പേരാണ് ടി കെ എസ് സുബ്രമണ്യൻ അഥവാ ക്യാപ്റ്റൻ മണി. കണ്ണൂർ തളിക്കാവിലാണ് മണിയുടെ ജനനം. സംസ്കാരം ഇടപ്പള്ളി പോണേക്കര ശ്‌മശാനത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്.
മൂന്നാറിലെ നിരാഹാര സമരത്തിൽ നിന്ന് ആം ആദ്മി പാർട്ടി പിന്മാറി
മൂന്നാർ: മന്ത്രി എം എം മണിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ മൂന്നാറിൽ നടത്തിവന്ന നിരാഹാര സമരത്തിൽ നിന്ന് ആം ആദ്മി പ്രവർത്തകർ പിന്മാറി. എന്നാൽ പൊമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രവർത്തകർ സമര പന്തലിൽ തുടരും. ആം ആദ്മി പാർട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ആം ആദ്മി പാർട്ടി നേതൃത്വം തീരുമാനിച്ചത്.
നിരാഹാരം കിടന്ന ആം ആദ്മി നേതാവ് സി ആർ നീലകണ്ഠൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പകരം മറ്റൊരു പ്രവർത്തകൻ നിരാഹാരത്തിനായി മുന്നോട്ട് വന്നെങ്കിലും പെമ്പിളൈ ഒരുമൈ പ്രവർത്തകർ ഇതിനെ എതിർക്കുകയായിരുന്നു.
പരിയാരം മെഡി.കോളേജ് ജീവനക്കാരുടെ കുടുംബസംഗമം
പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിലെ 20 വര്‍ഷം തികച്ച ജീവനക്കാരുടെ കുടുംബ സംഗമം കെ.കെ.മാരാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി.ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ഭരണ സമിതി ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, എം.ഡി. കെ.രവി, പ്രിന്‍സിപ്പല്‍ ഡോ. കെ.സുധാകരന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം.കെ.ബാലചന്ദ്രന്‍, ഡോ. കെ.രമേശന്‍, കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു. കലാ പരിപാടികള്‍ അരങ്ങേറി.
റോഡുപണിക്കിടെ ടിപ്പര്‍ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
ഇരിട്ടി: റോഡുനിര്‍മാണ പ്രവൃത്തിക്കിടെ മെറ്റല്‍ കയറ്റിയ ടിപ്പര്‍ലോറി വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുന്നാട് പാറേങ്ങാട്ടെ കിഴക്കേപുരയില്‍ വിന്‍കുമാറിന്റെ വീടിന്റെ അടുക്കളഭാഗത്തേക്കാണ് ലോറി മറിഞ്ഞത്. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം. അപകടത്തിന് അല്പംമുമ്പുവരെ വീട്ടുകാര്‍ മുറ്റത്തുണ്ടായിരുന്നു. ക്രെയിനുപയോഗിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ ലോറി എടുത്തുമാറ്റി.
താഴെ ചൊവ്വയിൽ പാലം നിർമാണം തുടങ്ങി
താഴെചൊവ്വ: ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമായി താഴെ ചൊവ്വയിൽ പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചു. നിലവിലെ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തു ഒന്നര മീറ്റർ മാറിയാണ് പാലം പണിയുന്നത്. 20 മീറ്റർ നീളവും 9 .80 മീറ്റർ വീതിയുമുള്ള പാലത്തിന് 3 .50 കോടി രൂപയുമാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കുന്നുണ്ട്. ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നു പോകാനാവുന്ന വിധത്തിലാണ് നിർമാണം.
നിയമസഹായം നൽകുന്നതിന് വളണ്ടിയർമാരെ നിയമിക്കുന്നു
കണ്ണൂർ: ജില്ലാ നിയമസേവന അതോറിറ്റി പാരാ ലീഗൽ വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു. നിയമസേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമസഹായം, നിയമ ബോധവൽക്കരണം, ബദൽ തർക്ക പരിഹാര മാർഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയും അഴിമതി അടക്കമുള്ള സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടലുകളുമാണ് പാരാ ലീഗൽ വളണ്ടിയർമാരുടെ ചുമതലകൾ.
അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, മുതിർന്ന പൗരന്മാർ, അംഗൻവാടി പ്രവർത്തകർ, ഡോക്ടർമാർ, വിദ്യാർഥികൾ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയേതര സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം തലശ്ശേരിയിലെ ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിട്ടി , കണ്ണൂരിലെയും തളിപ്പറമ്പിലേയും താലൂക്ക് നിയമന സേവന കമ്മിറ്റി ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകർ മെയ് 25 നു മുമ്പ് അതാത് ഓഫീസുകളിൽ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കും.
ജനങ്ങളെ സർക്കാർ അപമാനിക്കുന്നു
കണ്ണൂർ : വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിച്ച് അധികാരത്തിലേറിയ എൽ ഡി എഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ നിരന്തരം അപമാനിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ എ ഡി മുസ്തഫ. ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയത്തിലും പ്രവാസി വിരുദ്ധ നയത്തിലും പ്രതിഷേധിച്ച് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറി പത്തുമാസം കഴിയുമ്പോഴേക്കും ജനങ്ങൾ ഇത്രമാത്രം വെറുത്ത ഒരു സർക്കാർ കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
കേദല്‍ ഇനി ഊളമ്പാറയില്‍
നന്തന്‍കോട്: നന്ദൻകോഡ് കൂട്ടക്കൊല കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയെ ഊളന്‍പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കേദല്‍ അസ്വഭാവികമായി പെരുമാറാന്‍ തുടങ്ങിയതോടെയാണ് മാനസികരോഗാശുപത്രിയിലേക്ക് മാറ്റിയത്. മാനസിക അസ്വാസ്ഥ്യത പ്രകടിപ്പിച്ച കേദലിനെ ആദ്യം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു. മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കേദലിനെ നിരീക്ഷിക്കാന്‍ കോടതി 10 ദിവസത്തെ അനുമതിനല്‍കിയിട്ടുണ്ട്. ആദ്യം ആസ്ട്രല്‍ പ്രൊജക്ഷനെന്നും പിന്നീട് കുടുംബത്തോടുള്ള വൈരാഗ്യവുമാണ് കൊല നടത്താനുള്ള കാരണമായി കേദല്‍ മൊഴി നല്‍കിയിരുന്നത്. പിന്നീട് പിതാവിന്റെ സ്വഭാവദൂഷ്യമാണ് തന്നെ ഇത്തരത്തിലൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും കേദല്‍ മൊഴി നല്‍കിയിരുന്നു. അടിക്കടി മൊഴി മാറ്റുന്നതിനാല്‍ കേസിലെ അന്വേഷണവും വഴി മുട്ടിയിരിക്കുകയാണ്.
ബസ് യാത്രയ്ക്കിടെ പോസ്റ്റിലിടിച്ച് ബാലന്റെ തലയറ്റു
വയനാട്: ബസ് യാത്രയ്ക്കിടെ ഛർദിക്കാൻ തല പുറത്തിട്ട പതിമൂന്നുകാരന് ദാരുണാന്ത്യം. വൈദ്യുതി തൂണിലിടിച്ച് തലയും ഉടലും വേർപെട്ടു. ഗുഡല്ലൂർ പുതുർവയൽ സ്വദേശികളായ പരേതനായ ജയറാമിന്റെയും ഡേയ്‌സിയുടെയും മകൻ സിബിയാണ് ദാരുണമായി മരിച്ചത്. മാനന്തവാടിയിൽ നിന്നും ഇരിട്ടിയിലേക്കു പോയ കെ എസ് ആർ ടി സി ബസിൽ വെച്ചായിരുന്നു സംഭവം. തന്റെ അമ്മായിയുടെ കൂടെ ആറളത്തുള്ള ബന്ധു വീട്ടിലേക്ക് പോയതായിരുന്നുസിബി. ഇടിയുടെ ആഘാതത്തെ തുടർന്ന് ശിരസ്സ് വേർപെട്ട് റോഡിൽ വീഴ്ച്കയായിരുന്നു. റോഡിന്റെ ഈ ഭാഗത്തു വീതി കുറവായിരുന്നു. പേരാവൂർ സി ഐയുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.
ആധാരങ്ങൾ സ്വയം തയ്യാറാക്കാം
തളിപ്പറമ്പ: ആധാരങ്ങൾ സ്വയം തയ്യാറാക്കി സ്ഥലം കൈമാറ്റത്തിന് മുന്നോട്ട് വരുന്നവർക്ക് എല്ലാ വിധ പ്രോത്സാഹനങ്ങളും നല്കാൻ രെജിസ്ട്രേഷൻ വകുപ്പിന്റെ ഉന്നത തല യോഗം തീരുമാനിച്ചു. സ്വയം തയ്യാറാക്കി ഓൺലൈനിൽ സമർപ്പിക്കുന്ന ആധാരങ്ങൾക്കൊപ്പം ഫയലിംഗ് ഷീറ്റുകൾ ലൈസൻസികൾ ഒപ്പിട്ടു സമർപ്പിക്കണം എന്ന നിബന്ധന വേണ്ടെന്നു വെക്കാനുള്ള തീരുമാനങ്ങൾ ഉടൻ കൈക്കൊള്ളാനാണ് തീരുമാനം. ഇതിന് ആവശ്യമായ നടപടികൾ അടുത്ത ദിവസം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് വകുപ്പ് തല യോഗത്തിൽ പങ്കെടുത്ത രെജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.