രാജ്യത്ത് ഇ​ന്ധ​ന വി​ലയിൽ ഇ​ന്നും വർദ്ധനവ്; തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 109.20 രൂപ

keralanews fuel prices continue to rise in the country petrol price in thiruvananthapuram is rs 109 20

ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്.പെട്രോളിന് ഒരു ലിറ്ററിന് 35 പൈസയും ഡീസലിന് ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്.ഇതോടെ കൊച്ചിയില്‍ ഡീസലിന് 100.96 രൂപയും പെട്രോളിന് 107. 20 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 109.20ഉം ഡീസല്‍ വില 102.75 രൂപയുമായാണ് കൂടിയത്.ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ37 പൈസയാണ്. പെട്രോളിന് 5 രൂപ 70 പൈസയും വര്‍ധിപ്പിച്ചു.അതേസമയം രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍.

വാഹന രജിസ്‌ട്രേഷൻ റദ്ദാക്കൽ;ട്രാവല്‍ വ്‌ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

keralanews cancellation of vehicle registration high court rejected the petition of travel vlogers e bull jet brothers

കൊച്ചി:നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരേ ട്രാവല്‍ വ്‌ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരന്മാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.ണ്ണൂര്‍ കിളിയന്തറ സ്വദേശി എബിന്‍ വര്‍ഗീസും സഹോദരന്‍ ലിബിന്‍ വര്‍ഗീസുമാണ് ഹർജി സമർപ്പിച്ചത്.ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മോട്ടോര്‍വാഹന നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. വാഹനത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.രജിസ്‌ട്രേഷൻ റദ്ദാക്കിയ വാഹനം വിട്ടുനൽകണമെന്ന ഇ-ബുൾജെറ്റ് സഹോദരന്മാരുടെ ആവശ്യവും ഹൈക്കോടതി സിംഗിൾ ബഞ്ച് നിരാകരിച്ചു.മോടി പിടിപ്പിക്കലിൽ വിവാദമായ ‘നെപ്പോളിയൻ’ കാരവാന്റെ രജിസ്ട്രേഷൻ താത്കാലികമായി മോട്ടോർവാഹന വകുപ്പ് റദ്ദാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചായിരുന്നു നടപടി.

മയക്കുമരുന്ന് കേസ്; ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews drug case mumbai high court consider bail application of aryan khan today

മുംബൈ; മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30ന് കോടതിയിലെത്തുമെന്ന് ആര്യന്റെ അഭിഭാഷകന്‍ അറിയിച്ചു. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷകര്‍. കഴിഞ്ഞ ഓഗസ്റ്റില്‍ സമാനമായ ഒരു കേസില്‍ മയക്കുമരുന്ന് കേസില്‍ പ്രതികളുടെ പ്രായം കൂടി പരിഗണിച്ച്‌ തിരുത്താന്‍ അവസരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

30 കോടി വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി കണ്ണൂരിൽ രണ്ട് പേർ പിടിയിൽ

keralanews two arrested with ambergris worth 30 crore in kannur

കണ്ണൂർ: 30 കോടി വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി കണ്ണൂരിൽ രണ്ട് പേർ പിടിയിലായി.ഒന്‍പത് കിലോയിലധികംവരുന്ന ആംബര്‍ഗ്രീസിന് ലോകമാര്‍ക്കറ്റില്‍ 30 കോടിയോളം വിലവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ പരിശോധനയിലാണ് വാഹനവുമായി പ്രതികള്‍ പിടിയിലായത്. മാതമംഗലം-കോയിപ്ര റോഡില്‍ കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ റേഞ്ച് ഓഫീസറും സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.കോയിപ്ര സ്വദേശി കെ.ഇസ്മായില്‍ (44), ബെംഗളൂരു കോറമംഗല സ്വദേശിയായ അബ്ദുല്‍ റഷീദ് (53) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. ആംബര്‍ഗ്രീസ് നിലമ്ബൂര്‍ സ്വദേശികള്‍ക്ക് 30 കോടി രൂപയ്ക്ക് വില്ക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. തളിപ്പറമ്പിൽ സി.സി.ടി.വി. ബിസിനസ് നടത്തുന്ന ഇസ്മായിലാണ് ബെംഗളൂരുവിലെ റഷീദില്‍നിന്ന് ആംബര്‍ഗ്രീസ് വാങ്ങിയത്.

എണ്ണത്തിമിംഗിലങ്ങളിലുണ്ടാകുന്ന ആംബര്‍ഗ്രീസ് ഔഷധ-സുഗന്ധദ്രവ്യ നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ രണ്ടില്‍ പെട്ട എണ്ണത്തിമിംഗിലത്തിന്റെ ഏതെങ്കിലും ഉത്പന്നങ്ങള്‍ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇതാണ് കേസിനും അറസ്റ്റിനും കാരണം.സ്‌പേം തിമിംഗലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ ഗ്രീസ്. കണ്ടാല്‍ പാറ പോലെ തോന്നുന്ന ഈ ഖരവസ്തുചാരനിറത്തിലുള്ളതും തീപിടിക്കുന്നതുമാണ്. പെര്‍ഫ്യൂം സുഗന്ധം കൂടുതല്‍ നേരം നിലനിര്‍ത്താന്‍ ആണ് ആംബര്‍ഗ്രീസ് എന്ന ഈ അപൂര്‍വ്വ പദാര്‍ത്ഥം ഉപയോഗിക്കുന്നത്. എണ്ണത്തിമിംഗലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളായതിനാലാണ് ആംബര്‍ഗ്രീസ് കൈവശം വെയ്ക്കുന്നത് കുറ്റകരം ആകുന്നത്.

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്;മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

keralanews extreme levels of thunderstorms are expected in the state for the next four days orange alert in three districts

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും ഞായറാഴ്ച വരെ ഇത് തുടര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കോട്ടയത്ത് രാവിലെയും ശക്തമായ മഴയുണ്ടായിരുന്നു. മറ്റ് ജില്ലകളില്‍ മഴ കുറഞ്ഞിരിക്കുകാണ്. എന്നാല്‍ അടുത്ത കുറച്ച്‌ ദിവസങ്ങള്‍ കൂടി ജാഗ്രത പുലര്‍ത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍ പൊട്ടി. ആളപായമില്ല. അന്‍പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പുലര്‍ച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. രാത്രിയില്‍ പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട മഴ തുടര്‍ന്നു. ഇന്ന് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി കല്ലാര്‍ ഡാം തുറന്നു. വെളുപ്പിന് 2.30 മുതല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.മലപ്പുറം ജില്ലയില്‍ രാത്രിയില്‍ കാര്യമായ മഴ ഉണ്ടായില്ല. വയനാട്ടില്‍ കനത്ത മഴയ്ക്ക് ശമനം.കോഴിക്കോട് നഗര മേഖലകളില്‍ ഇന്നലെ മുതല്‍ മഴയില്ല. എന്നാല്‍ മലയോര മേഖലകളില്‍ നല്ല മഴ തുടരുന്നു.കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ അടക്കം പുലര്‍ച്ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ഇപ്പോള്‍ മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും മഴ പെയ്യുന്നത് നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം

keralanews incident of driving bus in flooded road the license of ksrtc driver suspended

കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവറെ സസ്‌പെൻഡ് ചെയ്തതിനു പിന്നാലെ ലൈസന്‍സും സസ്‌പെൻഡ് ചെയ്യാൻ തീരുമാനം.പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് അടുത്തുള്ള വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിന് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച്‌ യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതിനെ തുടര്‍ന്ന് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിരുന്നു.ശനിയാഴ്ചയായിരുന്നു സംഭവം. ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിലൂടെ ബസ് ഓടിക്കുന്നതിനിടെ ബസ് ഭാഗികമായി വെള്ളക്കെട്ടില്‍ മുങ്ങുകയായിരുന്നു. മുക്കാല്‍ ഭാഗവും മുങ്ങിയ ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരാണ് രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചത്.

സംസ്ഥാനത്തെ ആദ്യ സോളാര്‍ ചാര്‍ജിങ്‌ സ്‌റ്റേഷന്റെ നിര്‍മാണം കൊല്ലം ചിന്നക്കടയില്‍ പൂര്‍ത്തിയായി

keralanews construction of the first solar charging station in the state has been completed at kollam chinnakkada

കൊല്ലം: സംസ്ഥാനത്തെ ആദ്യ സോളാര്‍ ചാര്‍ജിങ്‌ സ്‌റ്റേഷന്റെ നിര്‍മാണം കൊല്ലം ചിന്നക്കടയില്‍ പൂര്‍ത്തിയായി.കൊല്ലം കോര്‍പറേഷന്റെ നേതൃത്വത്തില്‍ തങ്കപ്പന്‍ സ്മാരക കോര്‍പറേഷന്‍ കെട്ടിടത്തിനോട് ചേര്‍ന്ന പാര്‍ക്കിങ് സ്ഥലത്താണ് സ്ഥാപിച്ചിട്ടുള്ളത്. മേല്‍ക്കൂരയില്‍ ആറു കിലോ വാട്ടിന്റെ 18 പാനലുകള്‍ സ്ഥാപിച്ചാണ് സൗരോര്‍ജ ഉല്‍പ്പാദനം. പ്രതിദിനം 25 യൂണിറ്റ് ഉല്‍പ്പാദിപ്പിക്കുന്ന ഇവിടെനിന്ന് കെഎസ്‌ഇബിയുടെ ഗ്രിഡിലേക്ക് വൈദ്യുതി കൈമാറുന്നുമുണ്ട്.പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് അനുവദിച്ച 6.74 ലക്ഷം വിനിയോഗിച്ചാണ് പ്ലാന്റ് സജ്ജമാക്കിയത്. ടികെഎം എന്‍ജിനിയറിങ് കോളേജിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ സ്റ്റേഷനില്‍ കെഎസ്‌ഇബി വൈദ്യുതി ഉപയോഗിച്ച്‌ ചാര്‍ജ് ചെയ്യാനുള്ള പോയിന്റുകളും ലഭ്യമാണ്. 3.3 കിലോവാട്ട് വരെ പവര്‍ കപ്പാസിറ്റിയുള്ള മൂന്നു വാഹനങ്ങള്‍ക്ക് ഒരേസമയം ചാര്‍ജ് ചെയ്യാം. സ്ലോ ചാര്‍ജ് സംവിധാനമാണ്. മൊബൈല്‍ ആപ് വഴിയാണ് പ്രവര്‍ത്തനം. പണവും ഓണ്‍ലൈനായി അടയ്ക്കാം. ആപ്പില്‍ കയറിയാല്‍ ലൊക്കേഷനും ലഭ്യമാകും. സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതിയായതിനാല്‍ നിരക്കും കുറയും. ഒരു ഓട്ടോ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ ഏഴു യൂണിറ്റ് വൈദ്യുതി മതി. ഇതില്‍ 80 – 130 കിലോമീറ്റര്‍വരെ ഓടും. പദ്ധതിയുടെ പ്രിന്‍സിപ്പിള്‍ ഇന്‍വെസ്റ്റിഗേറ്ററായ കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളേജിലെ ഡോ. ആര്‍ ഷീബ, അസിസ്റ്റന്റ് പ്രൊഫ. ഷെയ്ഖ് മുഹമ്മദ്, വിദ്യാര്‍ഥികളായ വരുണ്‍ എസ് പ്രകാശ്, പി അഭിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

കനത്ത മഴ;ഇന്ന് മുതല്‍ ശനിവരെ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

keralanews heavy rain leave for educational institutions in the state from today to saturday

തിരുവനന്തപുരം:ഇന്ന് മുതൽ അതിതീവ്ര മഴയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ  സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്കുക്കള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.സംസ്ഥാനത്തെ സര്‍വകലാശാലകളാട് ഇന്നു മുതല്‍ ശനിവരെ ക്രമീകരിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സര്‍വകലാശാല ഇന്ന് മുതല്‍ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല മറ്റന്നാള്‍ വരെയുള്ള പരീക്ഷകള്‍ എല്ലാം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കാത്തിരിപ്പിന് വിരാമം;കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് ആരംഭിച്ചു

keralanews international cargo service started from kannur airport

കണ്ണൂർ:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് ആരംഭിച്ചു.ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വേകുന്ന അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് വഴി പ്രതിവര്‍ഷം 20,000 ടണ്‍ ചരക്ക് നീക്കമാണ് പ്രതീക്ഷിക്കുന്നത്.ഷാർജയിലേക്കാണ് ആദ്യ സർവീസ് നടത്തുക.രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാര്‍ഗോ സര്‍വീസ് യാഥാര്‍ത്യമായതോടെ വിമാനത്താവളത്തിന്റെ മുഖച്ഛായ മാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ യാത്രാ വിമാനങ്ങളിലായിരിക്കും ചരക്കുനീക്കം. നാലുടണ്‍ വരെ ഒരു വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയും. മുഴുവനായും ഓണ്‍ലൈനായാണ് സേവനങ്ങള്‍. കൂടുതല്‍ വിമാനക്കമ്പനികളെ  ആകര്‍ഷിക്കാനായി ഒരു വര്‍ഷത്തേക്ക് ലാംഡിംഗ് പാര്‍ക്കിംഗ് ഫീസുണ്ടാകില്ല. വിദേശ വിമാനക്കമ്പനികളുടെ സര്‍വ്വീസ് കൂടി കേന്ദ്രം ഉടന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത;മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

keralanews chance for heavy rain in the state today and tomorrow high alert issued

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർകോഡ് ജില്ലകൾ ഒഴികെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകളോടും സേനാ വിഭാഗങ്ങളോടും നിര്‍ദേശിച്ചു. മണ്ണിടിച്ചിലിനും മറ്റും സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ പുനരവധിവസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേരള തീരത്ത് വലിയ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള- ലക്ഷദ്വീപ് തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുളളതിനാൽ മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം പുറപ്പെടുച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം തന്നെ റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ക്യാമ്പുകൾ തയ്യാറാക്കേണ്ടതും ഈ വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടതുമാണ്. പൊതുജനങ്ങൾ തങ്ങളുടെ പ്രദേശത്തെ ക്യാമ്പുകളുടെ വിവരം മനസ്സിലാക്കി വെക്കുകയും മഴ ശക്തിപ്പെടുന്ന ഉടനെ തന്നെ ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനത്തേക്കോ മാറുകയും ചെയ്യണം.അപകട സാധ്യതയുള്ള വീടുകളിൽ അധിവസിക്കുന്നവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉടനടി മാറേണ്ടതുമാണ്. പകൽ സമയത്ത് മഴ മാറി നിൽക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കാൻ പാടുള്ളതല്ല. കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരാവുന്നതും ചിലപ്പോൾ തെറ്റുകൾ സംഭവിക്കാവുന്നതുമാണ്. അതുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിർദേശം പിൻവലിക്കുന്നത് വരെ സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.