ഇരിട്ടി: കൊട്ടിയൂര്‍, ആറളം വന്യജീവി സങ്കേതങ്ങളില്‍നിന്ന് ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്ന വന്യമൃഗങ്ങളെ തടയുന്നതിനുള്ള മതില്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്ന് വനം മന്ത്രി കെ.രാജു നിയമസഭയില്‍ അറിയിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സണ്ണി ജോസഫ് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
പാലപ്പുഴയില്‍ വെളിച്ചെണ്ണനിര്‍മാണയൂണിറ്റ് ഉദ്ഘാടനം നാളെ
ഇരിട്ടി: ഇരിട്ടി താലൂക്കിലെ നാളികേര കര്‍ഷകരുടെ കൂട്ടായ്മയായ ഇരിട്ടി കൊക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി പാലപ്പുഴയില്‍ ഒന്നേക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച കൊപ്ര ഡയറിന്റെയും വെളിച്ചെണ്ണനിര്‍മാണ യൂണിറ്റിന്റെയും ഉദ്ഘാടനം ശനിയാഴ്ച 2.30ന് സണ്ണി ജോസഫ് എം.എല്‍.എ. നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളികേര കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുകയാണ് കമ്പനി കൊണ്ട് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. വെളിച്ചെണ്ണ മില്ലിന്റെ സ്വിച്ച് ഓണ്‍ കര്‍മം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നയും നിർവഹിക്കും.
രാജരാജേശ്വരക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്ക് സര്‍ക്കാര്‍വക ഇടത്താവളം പണിയും
തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രം അതിഥിമന്ദിരത്തിനുസമീപം അയ്യപ്പഭക്തര്‍ക്ക് സര്‍ക്കാര്‍വക ഇടത്താവളം പണിയും. ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കാനാണ് പദ്ധതി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന 11 ഇടത്താവളങ്ങളിലൊന്നായിരിക്കും ഇത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ഇടത്താവളത്തിനുള്ള സ്ഥലം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. രണ്ടു വര്‍ഷത്തിനകം പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ജസ്റ്റീസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് സുപ്രീംകോടതി ആറുമാസത്തെ തടവിന് വിധിച്ച കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. മെയ് ഒമ്പതിനാണ് ജഡ്ജിമാര്‍ക്ക് എതിരെയുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് സുപ്രീംകോടതി ജസ്റ്റിസ് കര്‍ണന് തടവുശിക്ഷ വിധിച്ചത്. രാജ്യത്ത് ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സിറ്റിങ് ജഡ്ജിയാണ് കര്‍ണന്‍. എന്നാല്‍, ശിക്ഷാ വിധി വന്നതോടെ കര്‍ണന്‍ കൊല്‍ക്കത്ത വിടുകയായിരുന്നു. കൊല്‍ക്കത്ത പോലീസ് ജസ്റ്റിസ് കര്‍ണനായി തിരച്ചില്‍ നടത്തുകയാണ്. മാപ്പപേക്ഷ തള്ളിയതോടെ ജസ്റ്റിസ് കര്‍ണന്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്.
മൊബൈൽ പ്രണയം വിവാഹത്തിലെത്തി; മുഹൂർത്ത സമയത് വരൻ വീട്ടിൽ കിടന്ന് നല്ല ഉറക്കം
ഉദിനൂർ: മൊബൈലിലൂടെ യുവതിയെ പ്രേമിച്ച യുവാവ് നിശ്ചയിച്ച വിവാഹ ദിവസം മുഹൂർത്തത്തിൽ വധു പന്തലിൽ കാത്തിരിക്കെ വീട്ടിൽ കിടന്ന് നല്ല ഉറക്കം. ബുധനാഴ്ചനടന്ന സംഭവത്തിൽ 200പേർക്ക് സദ്യയൊരുക്കി വധുവിന്റെ ആൾക്കാർ കാത്തിരിക്കുമ്പോൾ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞത് വരൻ കല്യാണത്തിൽ നിന്ന് പിന്മാറിയെന്നായിരുന്നു. തുടർന്ന് വധുവിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ യുവാവിനെതിരെ വഞ്ചന കുറ്റത്തിന് പോലീസ് കേസെടുത്തു .
കിനാത്തിൽ തൊട്ടുകരയിലെ ഐ സി ഷിജുവും(26) സമീപ പ്രദേശത്തെ യുവതിയും തമ്മിലുള്ള വിവാഹമാണ് മുഹൂർത്തത്തിൽ വരൻ എത്താതെ മുടങ്ങിയത്. വധുവിന്റെ വീട്ടുകാർ ഇയാളുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു പോലീസ് വീട്ടിലെത്തിയപ്പോൾ മാത്രമാണ് വരന്റെ വീട്ടുകാർ വിവരം അറിഞ്ഞത്. യുവാവും യുവതിയും തമ്മിൽ മിസ്സ്ഡ് കോൾ വഴിയാണ് പ്രണയത്തിലാവുന്നത്. തുടർന്ന് മൊബൈൽ വഴി തന്നെ വളർന്ന പ്രണയത്തിന്റെ ഒടുവിൽ യുവാവ് തന്നെ സ്വന്തം വീട്ടുകാരെ അറിയിക്കാതെ കല്യാണത്തിനുള്ള സ്ഥലവും തീയ്യതിയും നിശ്ചയിക്കുകയായിരുന്നു. ഇതനുസരിച്ച് പെൺ വീട്ടുകാർ തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിൽ ബുധനാഴ്ച വിവാഹത്തിനുള്ള ഒരുക്കവും നടത്തി കാത്തിരിക്കുമ്പോഴാണ് വരൻ കാലുമാറിയത്.
കോട്ടയത്തെ ബി ജെ പി ഹർത്താൽ തുടരുന്നു
കോട്ടയം : കോട്ടയത്തു ബി ജെ പി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി. കെ എസ് ആർ ടി സി യും സർവീസ് നടത്തുന്നുണ്ട്. കുമരകം പഞ്ചായത്തിൽ ബി ജെ പി അംഗങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
പെട്രോൾ പമ്പിൽ വെള്ളം കയറി
പത്തനംതിട്ട: മൈലപ്രയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ഇന്നലെ ഉണ്ടായ മഴയെ തുടർന്ന് ഡീസൽ ടാങ്കിൽ വെള്ളം കയറി . ഈ സമയത്ത് പമ്പിൽ നിന്നും ഇന്ധനം നിറച്ച വാഹനങ്ങൾ പ്രവർത്തനക്ഷമമല്ലാതായി.
ഓട്ടോമേഷൻ ജോലി നടകുന്നതിനാൽ ടാങ്കിനെ ഇന്ത്യൻ ഓയലിന്റെ സർവ്വവുമായി ബന്ധിപ്പിക്കുവാൻ വേണ്ടിയുള്ള കേബിൾ ഘടിപ്പിക്കുന്ന ഭാഗത്ത് കൂടിയാണ് മഴവെള്ളം ടാങ്കിലേക്ക് കയറിയത്. വർഷങ്ങളായി ഈ പമ്പിലെ ടാങ്കിനോ പൈപ്പ് ലൈനിനോ കേടുപാടുകൾ ഇല്ലാത്തതിനാൽ ടാങ്കിലേക്കുള്ള മഴവെള്ളത്തിന്റെ ചോർച്ച പമ്പ് ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല.
ഓട്ടോമേഷനിലേക്ക് മാറി കൊണ്ടിരിക്കുന്ന പല പമ്പുകളിലും കഴിഞ്ഞ വർഷത്തിൽ കേരളത്തിൽ തന്നെ സമാന ദുരന്തങ്ങൾ സംഭവിച്ചിട്ടും ഓയൽ കമ്പനികൾ വേണ്ടത്ര ജാഗ്രത പാലിക്കുകയോ, ഇത്തരം ജോലിയിൽ വീഴച വരുത്തുന്ന കോൺട്രാക്റ്റർമാർക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപെടാനുള്ള പ്രധാന കാരണം എന്ന് പല ഡീലർമാരും അഭിപ്രായപ്പെട്ടു.
വെള്ളം കലർന്ന ഡീസൽ പമ്പിൽ നിന്നും ശേഖരിച്ച പലരും സമൂഹ മാദ്ധ്യമങ്ങളിൽ ഇന്ധനം മായം കലർത്തി വിൽപ്പന നടത്തുന്നു എന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും, ഡീസലോ പെട്രോളോ ജലവുമായി ലയിക്കുകയില്ല എന്ന സാമാന്യ അറിവ് പോലും മറച്ച് വെക്കുന്നു എന്ന് പമ്പുടമ പറഞ്ഞു.
ആറളം ഫാമിലും പരിസര പ്രദേശങ്ങളിലും ചുഴലിക്കാറ്റ്: വ്യാപക നാശം
ഇരിട്ടി: ആറളം ഫാമിലും പരിസരപ്രദേശങ്ങളിലും ചുഴലിക്കാറ്റിൽ വ്യാപകമായ നാശം. ഇന്നലെ വൈകിട്ടോടെയാണ് ശക്തമായ ചുഴലിക്കാറ്റ് നാശം വിതച്ചത്. ശക്തമായ കാറ്റിൽ ഷെഡ് തകർന്ന് വീണ് മൂന്നു പേർക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾ തകരുകയും വ്യാപകമായ കൃഷി നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നല്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ ജില്ല പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.
ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച പൊതുകിണർ കാടുമൂടി കിടക്കുന്നു
കൂത്തുപറമ്പ്: പിണറായി പഞ്ചായത്ത് പടന്നക്കര തെരു പതിനേഴാം വാർഡിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച പൊതുകിണർ കാടുമൂടിക്കിടക്കുന്നു. കടുത്ത വേനലിൽ നാടുമുഴുവൻ വെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോഴും ഈ കിണറ്റിൽ ആവശ്യത്തിന് വെള്ളമുണ്ട്. എന്നിട്ടും നാട്ടുകാർ ഇതിലെ വെള്ളമെടുക്കാൻ മടിക്കുന്നു. പത്തു വര്ഷത്തിനപ്പുറം ഒരാൾ ഈ കിണറ്റിൽ വീണ് മരിച്ചിരുന്നു.
ഇതാണ് വെള്ളമെടുക്കുന്നതിൽ നിന്നും നാട്ടുകാരെ പിന്തിരിപ്പിക്കുന്നത്. സർക്കാർ സ്ഥലത്തു മൂന്നുസെന്റ് സ്ഥലത്താണ് കിണർ കുഴിച്ചത്. രൂക്ഷമായ വേനലിൽ ഈ കിണർ ഉപയോഗപ്പെടുത്തി നാട്ടുകാർക്ക് വെള്ളം എത്തിക്കാനുള്ള പദ്ധതി പഞ്ചായത്ത് ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്റ്റേഷനിൽ കയറി പോലീസുകാരനെ മർദ്ധിച്ച യുവാവ് അറസ്റ്റിൽ
നീലേശ്വരം: നീലേശ്വരം പോലീസ് സ്റ്റേഷനിൽ കയറി യുവാവ് പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചു. സംഭവത്തിൽ മണൽ മാഫിയയുമായി ബന്ധമുള്ള തെക്കൻ ബങ്കളത്തെ വിജയനെ അറസ്റ്റ് ചെയ്തു. ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സലീമും കുടുംബവും സഞ്ചരിച്ചിരുന്ന കാറും പോലീസിനെ ആക്രമിച്ച വിജയൻറെ ബൈക്കും ചെറിയ അപകടത്തിൽ പെട്ടിരുന്നു. ഇതേ തുടർന്ന് ഇരുവരും വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. മോശമായി സംസാരിച്ച വിജയനെതിരെ നീലേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി നല്കാൻ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയ വിജയൻ സലീമിനെ വീണ്ടും ആക്രമിക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന അസ്സിസിറ്റന്റ് റൈറ്റർ കുമാരൻ, സിവിൽ പോലീസ് ഓഫീസർ മോഹനൻ എന്നിവർ തടയാൻ ശ്രമിച്ചപ്പോൾ അവരെയും മർദ്ധിക്കുകയായിരുന്നു. കുമാരന്റെ പരാതിയിൽ വിജയനെ അറസ്റ് ചെയ്തു.