തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ സൈബർ ആക്രമണത്തിനിരയായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി റിസേർവ് ബാങ്ക്. ഇതിന്റെ ഭാഗമായി പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എല്ലാ എ ടി എമ്മുകളും അടച്ചിടാൻ റിസേർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകി. വിൻഡോസിന്റെ പുതിയ വേര്ഷനിലേക്ക് അപ്ഡേറ്റ് ചെയ്ത ശേഷം മാത്രം എ ടി എമ്മുകൾ പ്രവർത്തിപ്പിച്ചാൽ മതിയെന്നും ആർ ബി ഐ നിർദേശിച്ചിട്ടുണ്ട്.
ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.37 ആണ് ഇപ്രാവശ്യത്തെ വിജയശതമാനം. 83 സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. ഇതില്‍ എട്ട് സർക്കാർ സ്കൂളുകളും ഉണ്ട്. സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ ഏഴ് മുതല്‍ 13 വരെ നടക്കും. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് രൂപയുമാണ് ഫീസ്. സേ പരീക്ഷയ്ക്ക് 22 ന് മുന്‍പ് അപേക്ഷിക്കണം .
വിഎച്ച്എസ്ഇ പരീക്ഷയില്‍ 86.79 ആണ് വിജയശതമാനം. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം 93.36 ആണ്. പാര്‍ട്ട് ഒന്നും രണ്ടും മൂന്നിലുമായി ഏറ്റവും ഉയര്‍ന്ന വിജയശതമാനം 88.67 ആണ്.
റേഷന്‍കട വഴി ഇനി പഞ്ചസാര ലഭിക്കില്ല
തിരുവനന്തപുരം: കേന്ദ്രം സബ്സിഡി നിര്‍ത്തി. റേഷന്‍കട വഴി ഇനി പഞ്ചസാര ലഭിക്കില്ല. പഞ്ചസാര വിതരണം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇപ്പോള്‍ നിര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് പഞ്ചസാര വിതരണം നിര്‍ത്താന്‍ കടകള്‍ക്ക് നിര്‍ദേശം നല്‍കിയത്. പതിറ്റാണ്ടുകളായി റേഷന്‍ കടകള്‍ വഴിയുള്ള പഞ്ചസാര വിതരണമാണ് നിര്‍ത്തുന്നത്.
ആട്ടയുടെ വിതരണം നേരത്തേ നിര്‍ത്തിയിരുന്നു. മണ്ണെണ്ണവിഹിതവും വെട്ടിക്കുറച്ചു. ബി.പി.എല്‍. കുടുംബത്തിലെ ഒരംഗത്തിന് 400 ഗ്രാം പഞ്ചസാരവീതമാണ് നേരത്തേ ലഭിച്ചുകൊണ്ടിരുന്നത്. ഭക്ഷ്യഭദ്രതാനിയമം വന്നപ്പോള്‍ അത് 250 ഗ്രാമായി വെട്ടിക്കുറച്ചു. അതും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍
കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയതോടെയാണു നിര്‍ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കൊലപാതക സംഘത്തില്‍ ഏഴു പേരാണ് ഉണ്ടായിരുന്നതെന്നും ഇവരെ ഇന്നലെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. നാലുപേരാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം. റിനീഷാണ് കേസിലെ മുഖ്യപ്രതി. മുന്‍പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് റിനീഷ്. ധനരാജ് വധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.കേസിലെ പ്രതികളെല്ലാം പയ്യന്നൂര്‍ സ്വദേശികളാണ്.
പ്ലസ് ടു -വി എച്ച് എസ് സി ഫലപ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം : ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഫലപ്രഖ്യാപനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. 4,42,434 പേരാണ് പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുന്നത്. 29,444 പേര് വി എച്ച് എസ് ഇ പരീക്ഷ എഴുതി.
സംസ്ഥാനത്ത് കാലവർഷം 25 ന്
തിരുവനന്തപുരം: കൊടും ചൂടിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനത്തിന് ആശ്വാസം പകർന്ന് കാലവർഷം മെയ് 25ഓടെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത പത്തു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തുമെന്നാണ് പ്രവചനം. നിലവിൽ സംസ്ഥാനത്താകമാനം രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.
വേണ്ടിവന്നാല്‍ കുമ്മനത്തിനെതിരെ കേസെടുക്കും – മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന വിധത്തിൽ കുമ്മനം രാജശേഖരന്‍ പുറത്തുവിട്ട വീഡിയോയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ വീഡിയോ നിയമവിരുദ്ധമാണെന്നും കുമ്മനത്തിനെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂരില്‍ സമാധാന ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമനത്തിനു മുന്നില്‍ കൊണ്ടുവരും. ഗവര്‍ണര്‍ ചെയ്തതത് ഭരണഘടനനാപരമായ ഉത്തരവാദിത്തമാണ്. അതിന്റെ പേരില്‍ ബിജെപി ഗവര്‍ണര്‍ക്കെതിരെ തിരിയുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു
ശ്രീനഗർ: കശ്മീർ അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. രാവിലെ 6.45നാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. പാക് വെടിവയ്പ്പ് തുടരുന്നതിനാൽ സുരക്ഷാസേന, നാട്ടുകാരെ മാറ്റിപ്പാർപ്പിക്കുകയാണ്. ഇന്നലെ രജൗറി ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് വെടിവയ്പ്പിൽ രണ്ടു നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു. കശ്മീരില്‍ നൂറിലധികം ഭീകരർ നുഴഞ്ഞു കയറിയതായി സൈന്യം സ്ഥിരീകരിച്ചു. പുൽവാമ, കുൽഗാം, ഷോപ്പിയാൻ, ദോഡ തുടങ്ങിയ ജില്ലകളിൽ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി.
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വധം: പ്രതികള്‍ സഞ്ചരിച്ച വാഹനയുടമ കസ്റ്റഡിയില്‍
കണ്ണൂര്‍ : കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട് ബിജു വെട്ടേറ്റുമരിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ ഉടമയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാമന്തളി സ്വദേശി ബിനോയിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വെള്ളിയാഴ്ച വൈകീട്ടാണ് ആര്‍എസ്എസ് കാര്യവാഹക് ആയ കക്കംപാറ സ്വദേശി ചുരക്കാട് ബിജു കൊല്ലപ്പെട്ടത്.അടിയന്തരവും ശക്തവുമായ നടപടി വേണമെന്നാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ബിജുവിന്റെ കൊലപാതകത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കിൽ സംസ്ഥാന ഗവർണർ പി. സദാശിവം ഇറങ്ങിപ്പോകണമെന്ന് ശോഭാ സുരേന്ദ്രന്‍
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കിൽ സംസ്ഥാന ഗവർണർ പി. സദാശിവം ഇറങ്ങിപ്പോകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കണ്ണൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കേരള ഹൗസിനു മുൻപിൽ നടത്തിയ പ്രതിഷേധത്തിലാണ് ശോഭ സുരേന്ദ്രന്റെ പരാമർശം. പിണറായി വിജയനെ കാണുമ്പോൾ തലകുനിച്ച്, എനിക്ക് പിണറായി വിജയനെ പേടിയാണ്, ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്നു പറയാനാണ് കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവർണറുടെ ഭാവമെങ്കിൽ ദയവു ചെയ്ത് ആ കസേരയിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് ഞങ്ങൾ അങ്ങയോട് ആവശ്യപ്പെടുകയാണ്.
തന്റേടമുണ്ടെങ്കിൽ, ആ ഗവർണറെന്ന പദവിയോട് അൽപ്പമെങ്കിലും സാമാന്യ മര്യാദയും നീതിബോധവും അങ്ങേയ്ക്കുണ്ടെങ്കിൽ അങ്ങ് ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾക്കു വേണ്ടി ചെയ്തു തീർക്കണമെന്ന് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുവേണ്ടി, ഇന്ത്യയിലെ ജനത, ഡൽഹിയിലെ ജനത കേരളത്തിലെ ബഹുമാനപ്പെട്ട ഗവർണറോട് അറിയിക്കുകയാണ് . ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.