കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞെത്തിയ ഇസ്‍ലാം മതവിശ്വാസികള്‍ക്ക് പായസമൊരുക്കി കോഴിക്കോട് ശ്രീകുണ്ടാത്തൂര്‍ മംഗലത്ത് ദേവീക്ഷേത്രം ഭാരവാഹികള്‍ മതസൗഹാർദ്ദത്തിന് മാതൃകയാവുന്നു.കോഴിക്കോട് വെള്ളിപറമ്പില്‍ താല്‍ക്കാലകമായി ഒരുക്കിയ പന്തലിലായിരുന്നു മതസൌഹാര്‍ദത്തിന്റെ ഈ നേര്‍ക്കാഴ്ച. ശ്രീ കുണ്ടാത്തൂര്‍ മംഗലത്ത് ദേവീക്ഷേത്രം ഭാരവാഹികളാണ് മധുരം വിളമ്പി പെരുന്നാളാഘോഷത്തിന് കൊഴുപ്പ് കൂട്ടുന്നത്. ഏറെക്കാലമായുള്ള ശീലങ്ങളുടെ തുടര്‍ച്ച കൂടിയാണ് ഈ കാഴ്ച. ദേവീക്ഷേത്രത്തിലെ ആഘോഷ വരവില്‍ പങ്കെടുക്കുന്നവര്‍ക്ക് ജ്യൂസ് നല്‍കി സ്വീകരിക്കുന്നതാവട്ടെ ഇവിടത്തെ ഇസ്‍ലാം മതവിശ്വാസികളും. പരസ്പരം പെരുന്നാള്‍ ആശംസകള്‍ കൈമാറാനും ഇവര്‍ മറന്നില്ല.
എം.ബി.ബി.എസ് ഫീസ് 85 ശതമാനം സീറ്റിൽ 5.5 ലക്ഷം;കോടതിയെ സമീപിക്കാനൊരുങ്ങി സ്വാശ്രയ മാനേജ്മെൻറ് അസോസിയേഷൻ .
തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള ഫീസ് ഘടന നിശ്ചയിച്ചു.85 ശതമാനം സീറ്റിൽ അഞ്ചരലക്ഷം രൂപയും എൻ.ആർ.ഐ സീറ്റിൽ 20ലക്ഷം രൂപയുമാണ് ഫീസ്.85 ശതമാനം സീറ്റിൽ പത്തു ലക്ഷം മുതൽ പതിനഞ്ചുലക്ഷം വരെ അനുവദിക്കണമെന്ന ആവശ്യം ഫീസ് നിർണയ സമിതി തള്ളി.എന്നാൽ പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്ന് മാനേജ്‌മന്റ് പ്രതിനിധികൾ വ്യക്തമാക്കി.ഫീസ് നിർണയത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
ഇന്ന് ചെറിയ പെരുന്നാൾ
തിരുവനന്തപുരം:ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ടാനങ്ങൾക്കു അവസാനം കുറിച്ച് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടന്ന ഈദ് ഗാഹുകളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.കർണാടകയിലെ ഭട്കലിൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് കാസർകോഡ് ജില്ലയിൽ ഇന്നലെയായിരുന്നു ചെറിയ പെരുന്നാൾ.ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു ചെറിയ പെരുന്നാൾ.
ടാങ്കർ ലോറികടിയിലേക്ക് കാർ ഇടിച്ച് കയറി
കാസറഗോഡ്: കാസറഗോഡ് ഭാരത് പെട്രൊളിയത്തിന്റെ പെട്രോൾ പമ്പിലേക്ക് ഇന്ധനം കയറ്റിവന്ന ടാങ്കർ ലോറിയുടെ മുൻവശത്തേക്ക് എതിർ ദിശയിൽ നിന്നും വന്ന മാരുതി കാർ ഇടിച്ച് കയറുകയായിരുന്നു.
കാർ ഡ്രൈവർക്ക് നിസ്സാര പരിക്കുകളോടെ കാസറഗോഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് രണ്ടരമണിയോടെയാണ് അപകടം ഉണ്ടായത്.കൃത്യ സമയത്ത് ബേക്കൽ പോലീസ് സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു.
ട്രയിനെ വെട്ടിക്കാന്‍ കെഎസ്ആര്‍ടിസി മിന്നല്‍
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ പുതിയ മിന്നല്‍ സൂപ്പര്‍ ഡിലക്‌സ് ബസ് സര്‍വീസ് ബുധനാഴ്ച്ച മുതല്‍. തുടക്കത്തില്‍ പത്ത് റൂട്ടിലാണ് സര്‍വ്വീസ്. സ്‌പെയര്‍ അടക്കം 23 ബസുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ട്രയിന്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാന വര്‍ധന ലക്ഷ്യമിട്ടുമാണ് മിന്നല്‍ സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രിയാകും സര്‍വ്വീസുകള്‍ നടത്തുക. ട്രയിനുകളേക്കാള്‍ മണിക്കൂറുകള്‍ ലാഭത്തിലാണ് പല സര്‍വ്വീസുകളും ലക്ഷ്യത്തിലെത്തുക. തിരുവനന്തപുരത്തു നിന്നും പാലക്കാടെത്താന്‍ അമൃത എക്‌സ്പ്രസിന് 8.50 മണിക്കൂര്‍ എടുക്കുമെങ്കില്‍ കെഎസ്ആര്‍ടിസി മിന്നലിന് വെറും ആറര മണിക്കൂര്‍ മതി. രാത്രി പത്തിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന മിന്നല്‍ പിറ്റേന്ന് രാവിലെ 5.50ന് പാലക്കാടെത്തും. വെറും നാല് സ്റ്റോപ്പുകള്‍ മാത്രമാണ് ഈ സര്‍വ്വീസിനുണ്ടാവുക.ലാഭകരമെന്ന് കണ്ടാല്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. നിലവിലെ സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസുകളേക്കാള്‍ മൂന്ന് മണിക്കൂര്‍ വരെ മുമ്പ ലക്ഷ്യസ്ഥാനത്തെത്തുന്ന മിന്നലിന്റെ നിരക്കില്‍ മാറ്റമുണ്ടാകില്ല.
ശബരിമലയില്‍ സ്വര്‍ണ കൊടിമരം കേടുവരുത്തി; അഞ്ച് പേര്‍ പിടിയില്‍
ശബരിമല:ശബരിമലയിലെ പുതിയതായി പ്രതിഷ്ഠിച്ച സ്വര്‍ണ കൊടിമരം രാസവസ്തു ഉപയോഗിച്ച് കേടുവരുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്ര വിജയവാഡ സ്വദേശികളായ അഞ്ചംഗ സംഘത്തെ പൊലീസ് പമ്പയില്‍ നിന്ന് പിടികൂടി.ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയായിരുന്നു പുതിയ കൊടിമരത്തിന്‍റെ പ്രതിഷ്ഠാച്ചടങ്ങ്. ഇതിന് ശേഷം മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും അടക്കം നിരവധി വിവിഐപികള്‍ ഉള്ളപ്പോഴാണ് കൊടിമരത്തറയില്‍ രാസവസ്തു ഒഴിച്ചത്. 1.27 ഓടുകൂടി സന്നിധാനത്തെത്തിയ അഞ്ചംഗ സംഘം കൊടിമരച്ചുവട്ടില്‍ സംശയകരമായി പെരുമാറുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കൊടിമരത്തിന്‍റെ പഞ്ചവര്‍ഗത്തറയില്‍ ശ്രീകോവിലിന് അഭിമുഖമായുള്ള ഭാഗത്ത് സ്വര്‍ണപൂശിയത് ദ്രവിച്ച് വെളുത്ത നിറമായി മാറി. മെര്‍ക്കുറി പോലുള്ള രാസവസ്തുവാണ് പ്രയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.സിസിടിവി ദൃശ്യങളുടെ അടിസ്ഥാനത്തില്‍ സന്നിധാനത്തും പരിസരത്തും വ്യാപക തെരച്ചില്‍ നടത്തി. പമ്പ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റില്‍ നിന്നാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ദൃശ്യങ്ങളിലുള്ളവരും പിടിയാലവരും ഒന്നു തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.അതേസമയം ഉപയോഗിച്ച രാസവസ്തു അടക്കം ഏതെന്ന് കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ മനസിലാകുവെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പത്തനംതിട്ട എസ്പി സതീഷ് ബിനോ അറിയിച്ചു.സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് സുരക്ഷ ശക്തിപ്പെടുത്തി.
ഉറുമ്പു കടിയേറ്റു കണ്ണൂർ സ്വദേശിനി മരിച്ചു
റിയാദ്:ഉറുമ്പ് കടിയേറ്റു കണ്ണൂർ സ്വദേശിനിയായ യുവതി റിയാദിൽ മരിച്ചു.സറീനിൽ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യ സാംറീൻ സഹേഷ് ആണ് മരിച്ചത്.ഉറുമ്പ് കടിയേറ്റാൽ യുവതിക്ക് അലർജി ഉണ്ടാകുമായിരുന്നു.രാത്രിയിൽ യുവതിയെ വീടിന്റെ പുറത്തു വെച്ചു ഉറുമ്പ് കടിച്ചിരുന്നു.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാൽ വ്യാഴാഴ്ച്ചയോടെ മരിക്കുകയായിരുന്നു.കണ്ണൂർ മടക്കര സ്വദേശിനിയാണ് മരിച്ച സാംറീൻ.
അകാരണമായി അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം:അകാരണമായി അവധിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി. കോഴിക്കോട് ചേര്‍ന്ന പനി അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഡോക്ടര്‍മാരെ നിയമിക്കാനും ആശുപത്രികളിലെ ഒപി സമയം വൈകുന്നേരം വരെ ആക്കാനും തീരുമാനിച്ചു. പനി മരണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ നടപടി.പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല എന്നായിരുന്നു യോഗത്തിനെത്തിയ ജനപ്രതിനിധികളുടെ പരാതി. പലപ്പോഴും ഡോക്ടര്‍മാരെത്തുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കാരണമില്ലാതെ അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ സര്‍വ്വീസില്‍ തുടരേണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
ചെറിയ പെരുന്നാൾ നാളെ
കോഴിക്കോട്:കാസർകോഡ് ഒഴികെയുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ ചെറിയപെരുന്നാൾ.ശനിയാഴ്ച്ച സംസ്ഥാനത്തു എവിടെയും മാസപ്പിറവി കാണാത്തതിനാൽ ഞായറാഴ്ച്ച റംസാൻ മുപ്പതു പൂർത്തിയാക്കി തിങ്കളാഴ്ചയായിരിക്കും ചെറിയപെരുന്നാൾ.എന്നാൽ കാസർകോഡ് ജില്ലയിൽ ഞായറാഴ്ചയായിരിക്കും പെരുന്നാൾ ആഘോഷിക്കുക.കർണാടക ഭട്കലിൽ മാസപ്പിറവി ദൃശ്യമായതിനാലാണ് കാസർകോഡ് ജില്ലയിൽ പെരുന്നാൾ ഞായറാഴ്ച്ച നിശ്ചയിച്ചത്. മംഗലൂരിലും ഉഡുപ്പിയിലും ഇന്നാണ് ചെറിയ പെരുന്നാൾ.എന്നാൽ തൃക്കരിപ്പൂർ പഞ്ചായത്തിൽ നാളെയായിരിക്കും ചെറിയപെരുന്നാൾ.
മലയോരത്തിന്റെ അഭിമാനം ഇപ്പോൾ മലയാളികളുടെയും
ഇരിട്ടി: സി ബി എസ് ഇ നീറ്റ് പ്രവേശന പരീക്ഷയിൽ സംസ്ഥാനതലത്തില്‍ 691 മാർക്ക് നേടി ഒന്നാമതും മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ആറാംറാങ്കും നേടി മലയാളുകളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഇരിട്ടിക്കടുത്ത് കോളിക്കടവ് പട്ടാരം സ്വദേശിയായ ഡെറിക് ജോസഫ്.
എം.ബി.ബി.എസ്. പ്രവേശനത്തിനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 16-ാം റാങ്കും കേരളത്തില്‍ ഒന്നാമനുമായിരുന്നു. കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍നിന്ന് മുഴുവന്‍ വിഷയത്തിലും എ വണ്ണോടെയാണ് സി.ബി.എസ്.ഇ. പത്താംക്ലാസ് പാസായത്. പ്ലസ്ടു പഠനത്തോടൊപ്പം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കും തയ്യാറെടുത്തു. നീറ്റില്‍ ആദ്യ നൂറുറാങ്കില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡെറിക് പറഞ്ഞു.
എയിംസില്‍ എം.ബി.ബി.എസിന് പ്രവേശനം നേടാനാണ് ആഗ്രഹിക്കുന്നത്. അതിനുള്ള അഭിമുഖം മൂന്നിന് നടക്കും. സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മാമൂട്ടില്‍ എം.ഡി. ജോസഫിന്റെയും പായം സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ ലിലിയ മാത്യുവിന്റെയും മകനാണ് ഡെറിക്ക്.