പെരിങ്ങോം: എരമം–കുറ്റൂർ പഞ്ചായത്തിലെ പെരുവാമ്പയിൽ ഉരുൾപൊട്ടി വ്യാപക നാശം. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. പെരുവാമ്പ വയനാട്ടുകുലവൻ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ അനധികൃത കരിങ്കൽ ക്വാറിയിൽ നിന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ക്വാറിയിൽ നിന്ന് ഒരുകിലോ മീറ്ററോളം താഴോട്ടുള്ള പെരുവാമ്പ പുഴ വരെയുള്ള പ്രദേശങ്ങൾ മലവെള്ളപ്പാച്ചിലിൽ പെട്ടു.പെരുവാമ്പ വയനാട്ടുകുലവൻ ക്ഷേത്രത്തിന്റെ മതിലും കാവും ഗുളികൻ സ്ഥാനവും തകർന്നു.സൂര്യ സ്റ്റോറിൽ ചായക്കട നടത്തുന്ന യു.വി.ഗംഗാധരൻ, ഹോട്ടലിൽ പാലുമായെത്തിയ സി.ജെ.റോയ്, പുഴയിൽ കുളിക്കാനെത്തിയ എൻ.ഇസ്മായിൽ എന്നിവർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഗംഗാധരന്റെ ചായക്കട ഒഴുക്കിൽപെട്ട് തകർന്നു.തളിയിൽ അശോകന്റെ തൊഴുത്തും പശുവും കിടാവും ഒഴുക്കിൽപെട്ടു. തൊഴുത്ത് പൂർണമായി തകർന്നു.പശുവിനെയും കിടാവിനെയും നാട്ടുകാർ രക്ഷപ്പെടുത്തി.അനുമതിയില്ലാതെ കരിങ്കൽ ക്വാറി പ്രവർത്തിപ്പിച്ച ക്വാറി ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ക്വാറി പ്രവർത്തനം നിർത്തി വയ്പിക്കുമെന്നും തഹസിൽദാർ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.
ദിലീപിനെയും നാദിര്ഷയെയും ചോദ്യം ചെയ്തത് തന്നെ എന്ന് പോലീസ്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്നലെ ആലുവ പോലീസ് ക്ലബ്ബിൽ നടന്നത് മൊഴിയെടുക്കലല്ല ചോദ്യം ചെയ്യൽ ആയിരുന്നു എന്ന് പോലീസ്.ഇന്നലെ പതിമൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഇരുവരും ഒന്നിച്ചു നൽകിയ മൊഴികളും വെവ്വേറെ നൽകിയ മൊഴികളും പരിശോധിച്ച് വരികയാണ്.ഇതിനു ശേഷം കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ് സൂചിപ്പിച്ചു.ബ്ലാക്‌മെയ്ൽ ചെയ്തു പണം തട്ടാൻ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയിൽ വിശദമായ പരിശോധന വേണ്ടി വരുമെന്നും എസ്.പി പറഞ്ഞു.അതിനു ശേഷമേ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കൂ.ദിലീപിന്റെ പരാതിയിൽ മാത്രമല്ല ചോദ്യം ചെയ്യുന്നത്,നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ടെന്നു എസ്.പി പറഞ്ഞു.
കോർപറേഷൻ ഓഫീസിൽ പരാതിപ്പെട്ടി സ്ഥാപിച്ചു
കണ്ണൂർ:പൊതുജങ്ങൾക്കു തങ്ങളുടെ പരാതി നല്കാൻ കോർപറേഷൻ ഓഫീസിൽ പരാതിപ്പെട്ടി സ്ഥാപിച്ചു.കോർപറേഷൻ പ്രവർത്തനങ്ങൾ, ജീവനക്കാർ,പദ്ധതി നിർവഹണം എന്നിവ സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനാണ് പരാതിപ്പെട്ടി സ്ഥാപിച്ചത്.പരാതികൾ മാസത്തിലെ ആദ്യ വെള്ളിയാഴ്ചകളിൽ കോഴിക്കോട് മേഖല പെർഫോമൻസ് ഓഡിറ്റ് ഓഫീസർ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.
ധർമടം പഞ്ചായത്ത് ഓഫീസിലെ എൽ.ഡി.ക്ലർക്കിനെ സസ്‌പെൻഡ് ചെയ്തു
കണ്ണൂർ:ധർമടം പഞ്ചായത്തോഫിസിലെ എൽ.ഡി ക്ലർക്കിനു സസ്പെൻഷൻ.പഞ്ചായത്തോഫീസിലെത്തിയ സ്വാതന്ത്ര സമര സേനാനി മേലൂരിലെ രൈരു നായരോട് മോശമായി പെരുമാറി എന്ന പരാതിയിലാണ് നടപടി.എൽ.ഡി ക്ലാർക്ക് പ്രേമൻ മൂർക്കോത്തിനെയാണ് ജില്ലാ പഞ്ചായത്ത് ഡയറക്ടർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.കഴിഞ്ഞ മെയ് 23 നു പഞ്ചായത്തു പ്രസിഡന്റിനുള്ള നിവേദനവുമായി ഓഫീസിലെത്തിയ രൈരു നായരെ അപമാനിക്കുന്ന തരത്തിൽ ഉദ്യോഗസ്ഥൻ പെരുമാറി എന്നാരോപിച്ചു വിജയൻ തുണ്ടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.തുടർന്നു നടന്ന അന്വേഷണത്തിലാണ് നടപടി.
റോഡിൽ എണ്ണ പരന്നതിനെ തുടർന്ന് ബൈക്കുകൾ തെന്നി വീണു
കണ്ണൂർ:കണ്ണൂർ ആശുപത്രി-സിറ്റി റോഡിൽ എണ്ണ ഒഴുകി പരന്നതിനെ തുടർന്ന് ബൈക്കുകൾ റോഡിൽ തെന്നി വീണു.ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഡീസൽ ടാങ്ക് പൊട്ടിയാണ് എണ്ണ റോഡിലേക്ക് ഒഴുകിയത്.ആയിക്കര പാലത്തിനടുത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം.അഗ്നിശമന സേനയെത്തി റോഡിൽ വെള്ളം ചീറ്റിക്കുകയും മണലിടുകയും ചെയ്തു.
കൊല്ലത്ത് ചരക്ക് തീവണ്ടി പാളം തെറ്റി;ട്രെയിനുകൾ വൈകുന്നു
കൊല്ലം:കൊല്ലത്തു ചരക്കു തീവണ്ടി പാളം തെറ്റിയതിനാൽ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകൾ വൈകിയോടുന്നു.മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ്സ്,കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി,തിരുവന്തപുരത്തേക്കുള്ള അമൃത എന്നീ ട്രെയിനുകളാണ് വൈകി ഓടുന്നത്.മെറ്റൽ കൊണ്ടുപോകുന്ന റയിൽവെയുടെ മെറ്റിരിയൽ സ്പെഷ്യൽ ബാസ്‌ക്കലാണ് പാളം തെറ്റിയത്.അപകടത്തെ തുടർന്ന് വേഗത കുറച്ചാണ് ഈ ഭാഗത്തുകൂടി ട്രെയിനുകൾ കടന്നു പോകുന്നത്.
വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ തീരുമാനം, മന്ത്രി ശൈലജയ്ക്ക് ചുമതല
തിരുവനന്തപുരം:സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പുതിയ വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. വനിതാ-ശിശുവികസന വകുപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചുകൊണ്ടാണ് മന്ത്രിസഭ തീരുമാനമെടുത്തത്.സാമൂഹ്യനീതി വകുപ്പ് വിഭജിച്ചുകൊണ്ടാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും. വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, ജന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍ മുതലായ സ്ഥാപനങ്ങളും പദ്ധതികളും പുതിയ വകുപ്പിന്റെ കീഴില്‍ വരും.വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ വി.എന്‍ ജിതേന്ദ്രനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പിന്റെ ചുമതലകള്‍ നിര്‍ണ്ണയിച്ചത്. ആരോഗ്യ ,കുടുംബക്ഷേമ മന്ത്രി കെ.കെ ശൈലജക്ക് തന്നെയായിരിക്കും പുതിയ വകുപ്പിന്റെയും ചുമതലയെന്നാണ് സൂചന.
ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ വൈറസ് ആക്രമണം
തിരുവനന്തപുരം:തിരുവനന്തപുരത്തെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം. വാനാക്രൈ വൈറസ് ആക്രമണത്തിന് സമാനമായ രീതിയിലാണ് ആക്രമണം നടന്നത്. 50 ഓളം കമ്പ്യൂട്ടറുകളിലാണ് വൈറസ് ആക്രമണം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കെ.എസ്.ആർ.ടി.സി ക്കു പുതിയ 850 ബസുകൾ വാങ്ങാൻ ധനവകുപ്പിന്റെ അനുമതി
തിരുവനന്തപുരം:കെ.എസ്.ർ.ടി.സി ക്കു പുതിയ 850 ബസുകൾ വാങ്ങാൻ ധനവകുപ്പ് അനുമതി നൽകിയതായി മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.കോര്പറേഷന് പുതുതായി ആരംഭിച്ച മിന്നൽ സർവീസ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുതിയ ബസുകൾ വാങ്ങുന്നതിനു കെ.എസ്.ആർ.ടി.സി എം.ഡി രാജമാണിക്യം നൽകിയ പദ്ധതി ഗതാഗത വകുപ്പ് ധനവകുപ്പിന് സമർപ്പിച്ചിരുന്നു.ഇന്നലെയാണ് ആ പദ്ധതിക്ക് അംഗീകാരം നൽകിയത്.കൂടുതൽ അന്തർസംസ്ഥാന സർവിസുകൾ കെ.എസ്.ആർ.ടി.സി ഉടൻ ആരംഭിക്കും.
പൾസർ സുനിയുടെ കേസ് അഡ്വക്കേറ്റ് ആളൂർ ഏറ്റെടുക്കും
കൊച്ചി:നദി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ വക്കാലത്തേറ്റെടുക്കാൻ പ്രസിദ്ധ ക്രിമിനൽ അഡ്വക്കേറ്റ് ബി.എ ആളൂർ.കുപ്രസ്സിദ്ധമായ സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏറ്റെടുത്ത വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് ആളൂർ.പൾസർ സുനിയെ റിമാൻഡ് ചെയ്തിരിക്കുന്ന കാക്കനാട് സബ്ജയിലിൽ എത്തിയ ആളൂർ സുനിയുമായി കൂടിക്കാഴ്ച നടത്തി.ഇതിനു ശേഷം തന്റെ വക്കാലത്ത് നിലവിലെ അഭിഭാഷകനിൽ നിന്നും ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയിൽ സൂപ്രണ്ടിന് നൽകി.ഈ അപേക്ഷ ജയിൽ സൂപ്രണ്ട് നാളെ കോടതിയിൽ അവതരിപ്പിക്കും.ഇത് കോടതി അനുവദിക്കുന്നതോടെ ആളൂരായിരിക്കും സുനിക്ക് വേണ്ടി ഇനി കോടതിയിൽ ഹാജരാവുക.