കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ ആസ്ഥാന മന്ദിരവും വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് വ്യാപാരസമുച്ചയവും കോൺഫെറൻസ് ഹാളും ഉൽഘാടനം ചെയ്തു

keralanews kannur district petroleum dealers dealers association headquarters welfare charitable trust shopping complex and conference hall inaugurated

കണ്ണൂർ:ജില്ലയിലെ പൊതുമേഖലാ ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ കീഴിലുള്ള നൂറ്റമ്പതോളം വരുന്ന ഡീലർമാരുടെ കൂട്ടായ്മ കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്‌സ്  അസോസിയേഷന്റെ ആസ്ഥാന മന്ദിരവും അസോസിയേഷന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ഡീലേഴ്‌സ് വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ വ്യാപാരസമുച്ചയവും കോൺഫെറൻസ് ഹാളും ഇന്ന് (31.10.2021) കാലത്ത് 10 മണിക്ക് ബഹുമാനപ്പെട്ട രാജ്യസഭംഗം ശ്രീ ഡോ. വി ശിവദാസൻ എംപി ഔപചാരികമായി ഉൽഘാടനം നിർവഹിച്ച് പ്രവർത്തനമാരംഭിച്ചു.ശ്രീ കെ വി സുമേഷ് എം ൽ എ ആദ്യ വിൽപ്പന നടത്തി.അതോടൊപ്പം കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം  കാൺപൂർ ഐഐടിയിൽ ഉപരിപഠനം നടത്തുന്ന പയ്യന്നൂർ പെട്രോൾ പമ്പ് ജീവനക്കാരനായ ശ്രീ രാജഗോപാലിന്റെ മകൾ കുമാരി ആര്യ രാജഗോപാലിന് ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദനങ്ങൾ അർപ്പിച്ചു.ചടങ്ങിൽ ലീഗൽ സർവീസസ് സൊസൈറ്റി ചെയർമാൻ സജി എം, കെ ഡി പി ഡി എ മുൻ പ്രസിഡണ്ട് ശ്രീ കെ ഹരീന്ദ്രൻ, കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ ഷൈജു വി കെ എന്നിവർ ആശംസ അർപ്പിച്ചു. കെ ഡി പി ഡി എ ജനറൽ സെക്രെട്ടറി ശ്രീ എം അനിൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ഈ രംഗത്തേക്ക് പുതിയ റീറ്റെയ്ൽ ഔട്ട്ലറ്റുകളുടെ വർധിച്ച രീതിയിലുള്ള കടന്നു വരവും സൃഷ്ട്ടിച്ച വിൽപ്പന മാന്ദ്യം മൂലം ഡീലർമാർക്കുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഒരു പരിധിവരെയെങ്കിലും പിടിച്ചു നിൽക്കുക എന്ന ലക്ഷ്യത്തോടെ ഡീലേഴ്‌സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ ദൈനംദിന ആവശ്യമായി വരുന്ന അനുബന്ധ ഉൽപ്പന്നങ്ങൾ ട്രസ്റ്റ് വ്യാപാര സമുച്ചയത്തിൽ നിന്നും ഇനി മുതൽ ലഭ്യമാകും.കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം വിവിധ ഇൻഷുറൻസ് പരിരക്ഷകൾ, ഐടി റിട്ടേൺസ്, അക്കൗണ്ട് ഓഡിറ്റ് എന്നിവയ്ക്കുള്ള സൗകര്യം ഡീലർമാർക്ക് ലഭ്യമാകും.ഡീലർമാരുടെ വ്യാപാര മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് അസോസിയേഷൻ പരിഹാരങ്ങൾ കണ്ടെത്തുന്നതോടൊപ്പം ട്രേഡിങ് റിലേറ്റഡ് ആയിട്ടുള്ള എല്ലാ ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരിക വഴി ഡീലേഴ്‌സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അവർക്ക് ഒരു അഡീഷണൽ റവന്യു ഇതുവഴി ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ഇ. എം ശശീന്ദ്രൻ (ചെയർമാൻ) കെ വി രാമചന്ദ്രൻ(സെക്രെട്ടറി) കെ വി സുദൻ(ട്രഷറർ) എന്നിവരാണ് കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ.ടി വി ജയദേവൻ (പ്രസിഡണ്ട്) , എം അനിൽ(സെക്രെട്ടറി), സി ഹരിദാസ്(ട്രഷറർ) എന്നിവർണ് ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ. എക്സിക്യൂട്ടീവ് അംഗങ്ങൾ:കെ എം നൗഫൽ, ജിതിൻ ശശീന്ദ്രൻ, ശ്രീജിത്ത് മേപ്പയിൽ, കെ ഹരീന്ദ്രൻ, വി വി രാജൻ, സി കെ രാജേഷ്, കെ രജിലാൽ, കെ ഹമീദ് ഹാജി, സി ആർ രാജേന്ദ്രൻ, കെ പി അയൂബ്, എം ആർ രാജൻ, അനീഷ്, ടി ആർ ബിജു, ഡോ. എം വിശ്വനാഥൻ, പ്രേമരാജൻ, എൻ കെ ബിജു, കെ കെ സുരേന്ദ്രൻ, അരുൺ കുമാർ, എ സജിത, ബിന്ദു സജീവൻ.

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും;ആദ്യഘട്ടത്തില്‍ ഒന്നുമുതൽ ഏഴുവരെയും 10, 12 ക്ലാസുകളും

keralanews schools in the state will reopen tomorrow after a long break classes 1 to 7 and 10th and 12th in first phase

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും.പ്രവേശനോത്സവത്തോടെ കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണസജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതിയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ടുഡോസ് വാക്സിൻ എടുക്കാത്ത അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്കൂളിൽ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.അധ്യാപകരില്ലാത്തയിടങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കാൻ അനുമതിനൽകി. ലോവർ പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരെ കോടതി ഉത്തരവുപ്രകാരം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒന്നുമുതൽ ഏഴുവരെയും പത്ത്, 12 ക്ലാസുകളമണ് തിങ്കളാഴ്ച ആരംഭിക്കുക. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികളേ പാടുള്ളൂ.ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പകുതി കുട്ടികളേ പാടുള്ളൂ ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർഥികൾ അധികമുള്ള സ്കൂളുകളിൽ രണ്ടുദിവസം) സ്കൂളിൽ വരാം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർഥി സ്ഥിരമായി അതിൽത്തന്നെ തുടരണം.ആദ്യഘട്ടത്തിൽ ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ നടക്കുക.ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളായിരിക്കും ഉച്ചയ്ക്കുശേഷം ഓൺലൈൻ ക്ലാസ് തുടരും.വാഹനങ്ങളിൽ ഒരു സീറ്റിൽ ഒരു കുട്ടിയെ മാത്രമേ അനുവദിക്കൂ.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ പ്രവർത്തികൾ ഇനി മുതൽ പി ഡബ്ല്യൂ ഡി ക്ക് കീഴിൽ

keralanews electrical work in kannur government medical college is now under p w d

കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ പ്രവർത്തികൾ ഇനി മുതൽ പി ഡബ്ല്യൂ ഡി ക്ക് കീഴിൽ ആയിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.മെഡിക്കൽ കോളേജിലെ പ്രവർത്തികളിൽ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതായി പ്രത്യേക നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന യോഗത്തിനു ശേഷമാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.യോഗത്തിൽ എം വിജിൻ എംഎൽഎ അധ്യക്ഷനായിരുന്നു.പ്രിൻസിപ്പൽ ഡോ.അജയകുമാർ കെ സ്വാഗതം പറഞ്ഞു.മുൻ എംഎൽഎ ടി വി രാജേഷ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രെട്ടറി പി കെ ശബരീഷ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ്, ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി കെ മനോജ്, ആർഎംഒ ഡോ. സരിൻ എസ് എം, എആർഎംഒ ഡോ. മനോജ് കെ പി, പി ഡബ്ല്യൂ ഡി സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് എ, എക്സിക്യൂട്ടീവ് എൻജിനീയർ കെ ജിഷാ കുമാരി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ(സിവിൽ) സി സവിത, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ(ഇലക്ട്രിക്കൽ) വിഷ്ണുദാസ്, മെഡിക്കൽ കോളേജ് അക്കൗണ്ട്സ് ഓഫീസർ അനിൽകുമാർ എം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്നാം ഷട്ടറും തുറന്നു; ജലനിരപ്പ് കുറയാത്തതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റോഷി അഗസ്റ്റിൻ

keralanews third shutter of the mullaperiyar dam was also opened roshi augustine said there was no need to worry about the water level

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. ഇതോടെ പുറത്തേക്കൊഴുകുന്ന വെള്ളം 825 ഘനയടിയായി വര്‍ധിച്ചു.ഇന്നലെ രാത്രി 9 മണിയോടെയാണ് മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടറും തുറന്നത്. 30 സെന്‍റിമീറ്ററാണ് ഉയർത്തിയത്.കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടര്‍ കൂടി തുറന്നത്. രണ്ട് ഷട്ടറുകള്‍ വഴി 550 ഘനയടി ഇന്നലെ രാവിലെ മുതല്‍ തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് നടപടി. 138.85 അടിയിലാണ് ഇപ്പോഴും ജലമുള്ളത്. ഒരു ഷട്ടര്‍ കൂടി തുറന്നതോടെ നിലവിലുള്ള ജലനിരപ്പിനെക്കാള്‍ അരയടിയില്‍ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറില്‍ ഉയരുക. ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.മുല്ലപ്പെരിയാറിലെ ജലം രാത്രിയോടെ ഇടുക്കി റിസര്‍വോയറിലെത്തി. കുറഞ്ഞ ശക്തിയില്‍ വെള്ളമൊഴുകിയതുകൊണ്ടാണ് ഇത്രയും വൈകാന്‍ കാരണം. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ സംഭരിക്കാനാകുമെന്നാണ് ഡാം അധികൃതരുടെ കണക്കുകൂട്ടല്‍. ചെറുതോണിയുടെ ഷട്ടര്‍ വീണ്ടും തുറക്കേണ്ടിവരില്ലെന്ന് ഡാം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംഭരിക്കുന്നതിനുള്ള ശേഷി കേരളത്തിനുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എങ്കിലും കേരളത്തിന്റെ ആവശ്യ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിർത്താൻ തമിഴ്‌നാട് സമ്മതിച്ചത് ആശാവഹമായ കാര്യമാണ്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയാകാൻ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ താഴെചൊവ്വ ബൈപ്പാസില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

keralanews one died when lorries collided on the kannur thazhe chovva

കണ്ണൂർ: താഴെചൊവ്വ ബൈപ്പാസില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ചെങ്കല്‍ ലോറിയും മാലിന്യ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.മാലിന്യ ലോറി ക്‌ളീനര്‍ ഇടുക്കി കരുണാപുരം കമ്പം മേട്ടിലെ പി.വി ഷാജിയാണ് (56)മരിച്ചത്.ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ പുറത്തേക്ക് തെറിച്ചു വീണു തലയിടിച്ചു മരിക്കുകയായിരുന്നു. ലോറിയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.തളിപ്പറമ്പിൽ നിന്നും വടകരയിലേക്ക് ചെങ്കല്ലുമായി പോകുന്ന ലോറി താഴെചൊവ്വ ബൈപാസില്‍ നിര്‍ത്തിയിട്ട മാലിന്യ ലോറിയില്‍ ഇടിക്കുകയായിരുന്നു.മാലിന്യ ലോറിയിലുണ്ടായിരുന്ന ഏറ്റൂമാനൂര്‍ സ്വദേശികളായ സനീഷ്(26) സതീഷ്(32) എന്നിവരെ നിസാരപരിക്കുകളോടെ ജില്ലാശുപത്രിയിലും ചെങ്കല്‍ ലോറിയിലുണ്ടായിരുന്ന സഹായി സവാദി (29) നെ ചാലയിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു

keralanews mother died when the parda got stuck in the tire while riding the bike with her son

ആലപ്പുഴ : മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു.ഇല്ലിക്കല്‍ പുരയിടം പൂപ്പറമ്പിൽ ഓട്ടോഡ്രൈവര്‍ ഹസീമിന്റെ ഭാര്യ സെലീനയാണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം നടന്നത്. കുതിരപ്പന്തി ഷണ്‍മുഖവിലാസം അമ്പലത്തിനു സമീപം വൈകുന്നേരം 4.30ന് ബൈക്കില്‍ മകന്‍ അജ്മലിനോടൊപ്പം പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍:അജ്മല്‍, ഇസാന

ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം;സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത;ആറ് ജില്ലകളില്‍ ഇന്ന് ഓറ‍ഞ്ച് അലര്‍ട്ട്

keralanews low pressure formed in bengal sea chance for heavy rain in kerala orange alert in six districts

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തപ്രാപിച്ച്‌ വരും മണിക്കൂറുകളില്‍ തെക്കന്‍ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തപ്രാപിച്ച്‌ വരും മണിക്കൂറുകളില്‍ തെക്കന്‍ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീ ലിറ്റർവരെ മഴ ലഭിക്കും. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. വരുന്ന രണ്ട് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു;രണ്ടു ഷട്ടറുകളില്‍ നിന്ന് പുറത്തേക്ക് വരുന്നത് സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം; പെരിയാർ തീരത്ത് അതീവ ജാഗ്രത

keralanews mullaperiyar dam opens 534 cubic feet of water coming out of two shutters extreme caution on the banks of the periyar

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നത്. ഷട്ടറുകൾ വഴി സെക്കന്റിൽ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 7.29 ഓടെയാണ് ഷട്ടറുകൾ തുറന്നത്.ഏഴ് മണിക്ക് തുറക്കുമെന്നായിരുന്നു നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എത്താൻ വൈകിയതിനെ തുടർന്ന് അണക്കെട്ട് തുറക്കാൻ താമസിക്കുകയായിരുന്നു. 7.20 ഓടെ മൂന്നാമത്തെ മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് അണക്കെട്ട് തുറന്നത്. ജീവനക്കാർ നേരിട്ട് മാനുവലായിട്ടാണ് ഷട്ടറുകൾ തുറന്നത്.അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി റവന്യൂ, ജലഗതാഗത മന്ത്രിമാർ രാവിലെ ആറ് മണിയോടെ തന്നെ മുല്ലപ്പെരിയാറിൽ എത്തിയിരുന്നു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. മൂന്ന്, നാല് നമ്പർ ഷട്ടറുകളാണ് തുറന്നത്. അണക്കെട്ടിലെ വെള്ളം വള്ളക്കടവിൽ ആകും ആദ്യം എത്തുക. ഉച്ചയോടെ വെള്ളം അയ്യപ്പൻ കോവിലിൽ എത്തും. വെള്ളം ഒഴുകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മുന്നൂറോളം കുടുംബങ്ങളെ ഇതിനോടകം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 138 ആക്കി നിർത്തുകയാണ് ലക്ഷ്യം. ഇപ്പോൾ 138.70 ആണ് ജലനിരപ്പ്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കുന്നത്.സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് പടി പടിയായി 1000 ഘനയടി ആക്കി ഉയർത്തും.2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്.അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമില്‍ എത്തും. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറന്നേക്കും. ഇടുക്കിയില്‍ ഇന്നലെ രാത്രി 8നു ജലനിരപ്പ് 2398.30 അടിയാണ്. ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ വീണ്ടും തുറന്നേക്കും. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;56 മരണം;5460 പേര്‍ രോഗമുക്തി നേടി

keralanews 7738 corona cases confirmed in the state today 56 deaths 546o cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍കോട്് 198 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 110 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 30,685 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5460 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 563, കൊല്ലം 366, പത്തനംതിട്ട 369, ആലപ്പുഴ 375, കോട്ടയം 101, ഇടുക്കി 211, എറണാകുളം 930, തൃശൂര്‍ 145, പാലക്കാട് 358, മലപ്പുറം 395, കോഴിക്കോട് 749, വയനാട് 286, കണ്ണൂര്‍ 467, കാസര്‍ഗോഡ് 145 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 78,122 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടൽ;കനത്ത നാശനഷ്ടം;ആളപായമില്ല

keralanews landslide in kottayam erumeli widespread damage no casualties

കോട്ടയം: എരുമേലി പഞ്ചായത്തിലെ ഏഞ്ചല്‍ വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. എരുമേലി പഞ്ചായത്തിലെ 12ാം വാര്‍ഡായ ഏഞ്ചല്‍ വാലി ജംക്ഷന്‍, പള്ളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല.സ്ഥലത്ത് കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. പ്രദേശത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. വീടുകളിലെ പാത്രങ്ങള്‍ ഒഴുകി പോയി. പല വീടുകളുടെയും സംരക്ഷണഭിത്തി തകര്‍ന്നിട്ടുണ്ട്. റോഡുകള്‍ കല്ലുകള്‍ നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടു പറ്റിയതായും പ്രദേശത്ത് എത്തിയ ഒരു ഓട്ടോറിക്ഷ ഒലിച്ച്‌ പോയതായും ജനപ്രതിനിധികള്‍ അറിയിച്ചു.രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍ഫ് സംഘം അപകടമേഖലയില്‍ പുറപ്പെട്ടു.ജില്ലയുടെ മലയോര മേഖലകളില്‍ കാറ്റും മഴയും തുടരുകയാണ്. വരും ദിവസങ്ങളിലും കോട്ടയത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. അപകട സാധ്യതയുള്ള മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു.