തിരുവനന്തപുരം:പതിനഞ്ചു ലക്ഷം രൂപ മൂല്യമുള്ള സൗദി റിയാലുമായി യാത്രക്കാരൻ പിടിയിലായി.തിരുവനന്തപുരം വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി മുഹമ്മദ് ഖാലിദാണ് പിടിയിലായത്.വിമാനത്താവളം വഴി ഒരാൾ വിദേശ കറൻസി കടത്താൻ ശ്രമിക്കുന്നുവെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ദുബായിൽ ഡ്രൈവറാണ് ഇയാൾ.വിദേശ കറൻസി തന്റെ സ്വന്തം പണമാണെന്നാണ് ഇയാൾ കസ്റ്റംസ് അധികൃതരോട് പറഞ്ഞത്.ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം പിടിച്ചെടുത്ത പണം സർക്കാർ അക്കൗണ്ടിലേക്കു മാറ്റുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചി മറൈൻ ഡ്രൈവിൽ ട്രാന്സ്ജെന്ഡേഴ്സ് മാർച്ച്
കൊച്ചി:കൊച്ചിയിൽ ട്രാന്സ്ജെന്ഡേഴ്സിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു ട്രാന്സ്ജെന്ഡേഴ്സ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു.ആക്രമണം നടത്തിയ സെൻട്രൽ സി.ഐ അനന്തലാൽ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മാർച്ച്.നടപടിയുണ്ടാകും വരെ പ്രതിഷേധം വിവിധ രീതികളിൽ തുടരുമെന്ന് ട്രാന്സ്ജെന്ഡേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.വരും ദിവസങ്ങളിൽ സെക്രട്ടറിയേറ്റിനു മുൻപിലേക്കും സമരം വ്യാപിപ്പിക്കും.കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തുമണിയോടെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തു വെച്ച് ഇവരിൽ ഒരാളുടെ പേഴ്സ് തട്ടിപ്പറിച്ചു ബൈക്കിൽ രക്ഷപ്പെടുകയായിരുന്ന യുവാക്കളെ തടഞ്ഞു വെച്ച് പോലീസിൽ ഏല്പിച്ചപ്പോൾ പരാതിക്കാരായ ട്രാന്സ്ജെന്ഡേഴ്സിനെ സി.ഐ അനന്തലാലിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു .വിവരം ചോദിച്ചറിയുക പോലും ചെയ്യാതെ പോലീസ് ഇവരുടെ നേരെ കയ്യേറ്റത്തിന് മുതിരുകയായിരുന്നു.ഇതിനെതിരെയാണ് പ്രതിഷേധം.
വ്യാപാരി വ്യവസായി ഏകോപന സമിതി നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു
തിരുവനന്തപുരം:വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 11 ന് നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു.ജി.എസ്.ടി വിഷയത്തിൽ സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് സമരം നടത്താൻ തീരുമാനിച്ചത്.ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ
പാലക്കാട്:സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആന്ജിയോപ്ലാസ്റ്റിക്കു വിധേയനായതിനെ തുടർന്ന് ഇദ്ദേഹത്തിന് ഡോക്ടർമാർ ഒരാഴ്‍ചത്തെ വിശ്രമം നിർദേശിച്ചു.ഇതോടെ പന്ന്യൻ രവീന്ദ്രന്റെ ഒരാഴ്ചത്തെ പരിപാടികളും റദ്ദാക്കി.പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് രാവിലെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.കുഴഞ്ഞു വീണ ഇദ്ദേഹത്തിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇദ്ദേഹം പാലക്കാട് എത്തിയത്.റെവന്യൂ മന്ത്രിയോടും പാലക്കാട് ജില്ലാ സെക്രട്ടറിയോടും സംസാരിച്ചിരിക്കവെയാണ് അദ്ദേഹം കുഴഞ്ഞു വീണത്.
നടിക്കെതിരായുള്ള ആക്രമണം;അന്വേഷണം സിനിമ മേഖലയിലുള്ള കൂടുതൽ പേരിലേക്ക് .
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം സിനിമ മേഖലയുമായി ബന്ധമുള്ള കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു.നടൻ ദിലീപുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.ദിലീപുമായി അടുത്ത ബന്ധമുള്ള കണ്ണൂരിലെ തീയേറ്റർ ഉടമയെ ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.ഇയാൾ നിരവധി തവണ ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത്.നടി ആക്രമിക്കപ്പെട്ട കാലയളവിലെ ദിലീപിന്റെ ഫോൺ കോളുകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.കൂടാതെ ആക്രമിക്കപ്പെട്ട നടിയുടെ അഭിമുഖങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.സിനിമയിൽ നിന്നും തന്നെ ഒതുക്കാൻ ശ്രമിച്ചു എന്ന നടിയുടെ ആരോപണം സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
കോഴിവില കുറക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ വ്യാപാരികള്‍
തിരുവനന്തപുരം:കോഴിവില കുറയ്ക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സിപിഎം അനുകൂല സംഘടനയായ പൗൾട്രി ഫാമേഴ്സ് ആന്‍റ് ട്രേഡേഴ്സ് സമിതി. ധനമന്ത്രി തോമസ് ഐസകിന്‍റെ വാദം അംഗീകരിക്കാനാവില്ലെന്നും കൂടിയ വിലയ്ക്ക് വിൽക്കുന്നതിനെതിരെ നടപടിയെടുത്താൽ കടകളടച്ച് സമരം നടത്തുമെന്ന മുന്നറിയിപ്പുമായി സംഘടന രംഗത്തെത്തി.ജിഎസ്ടിയിൽ പതിനാലര ശതമാനം നികുതി കുറഞ്ഞിട്ടും സംസ്ഥാനത്തെ കോഴിവില കൂടുകയാണ്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ 87 രൂപയ്ക്ക് കോഴി വിൽക്കണമെന്ന‍് ധനമന്ത്രി തോമസ് ഐസക് കർശന നിർദേശം നൽകിയത്. എന്നാൽ കോഴി ലഭ്യത കുറഞ്ഞതിനാലാണ് വില കൂടിയതെന്നും വില കുറച്ച് വിൽക്കില്ലെന്നുമാണ് വ്യാപാരി സംഘടനയായ പൗൾട്രി ഫാമേഴ്സ് ആന്‍റ് ട്രേഡേഴ്സ് സമിതിയുടെ നിലപാട്.ഞായറാഴ്ച തൃശൂരിൽ ചേരുന്ന യോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ സമരമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. തമിഴ്നാട്ടിൽ നിന്ന് കോഴി എത്തിക്കുന്നത് നിർത്തിവച്ച് കടകളടച്ച് സമരം ചെയ്യാനാണ് ആലോചന.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന് രാജകുടുംബം
തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന് രാജകുടുംബം. നിലവറ തുറക്കരുതെന്നത് പിടിവാശിയല്ലെന്നും, അതിന് നിരവധി കാരണങ്ങളുണ്ടെന്നും, അതെല്ലാം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മുതിര്‍ന്ന രാജകുടുംബാംഗം അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മി ഭായി പറഞ്ഞു.പത്മനാഭാസ്വനാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാല്‍ ആരുടേയും വികാരം വ്രണപ്പെടില്ലെന്നും തുറക്കുന്ന കാര്യം രാജകുടുംബവുമായി ആലോചിക്കണമെന്നുമായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ ബി നിലവറ തുറക്കാന്‍ കഴിയില്ലെന്ന നിലപാടായിരിക്കും രാജകുടുംബം സുപ്രീംകോടതിയില്‍ സ്വീകരിക്കുക. തുറക്കാന്‍ കഴിയില്ലെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് രാജകുടുംബാഗം അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മി ഭായി പറഞ്ഞു.ബി നിലവറ നേരത്തെ ഏഴ് പ്രവശ്യം തുറന്നുവെന്ന് വസ്തുതയല്ല. തുറന്നത് ബി നിലവറക്ക് മുന്നിലുള്ള ഒരു വരാന്ത മുറിയാണ്.പ്രത്യേക തരം പൂട്ടിട്ടാണ് നിലവറ പൂട്ടിയതെന്ന് കേട്ടിട്ടുണ്ടെന്നും അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മി ഭായി പറഞ്ഞു.
തിരുവനന്തപുരത്ത് റയില്‍വെ ട്രാക്കില്‍ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം:തിരുവനന്തപുരം, വേളിയില്‍ റെയില്‍വേ ട്രാക്കില്‍ സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം ചെന്നിലോട് സ്നേഹ ഭവനില്‍ ഷിബിയുടെ മക്കളായ ഫെബിന്‍ ( 6), ഫെബ ( 9 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തെന്ന് സംശയമുണ്ട്.
കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ സോളർ കംപ്യൂട്ടർ ലാബ്

ഇരിട്ടി പാലത്തില്‍ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികനു പരുക്ക്
