കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ അനുവദിക്കില്ല.ജയിലിൽ ദിലീപ് സാധാരണ തടവുകാരൻ ആയിരിക്കും.ജയിലിൽ ദിലീപിനെതിരെ ആക്രമണ സാധ്യത ഉള്ളതിനാൽ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നു മജിസ്‌ട്രേറ്റ് പറഞ്ഞിരുന്നു.എന്നാൽ അത്തരം സൗകര്യങ്ങൾ ഒന്നും നൽകില്ലെന്ന് പോലീസ് വ്യക്തമാക്കി.ദിലീപിന്റെ വരവ് കാത്ത് നിരവധിപേരാണ് ജയിലിന് പുറത്തു കാത്തു നിന്നത്.വെൽക്കം ടു സെൻട്രൽ ജയിൽ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ജനം ദിലീപിനെ ജയിലിലേക്ക് ആനയിച്ചത്.
ജനപ്രിയ നായകൻ ജയിലിൽ
ആലുവ:നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നായകൻ ദിലീപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ദിലീപിനെ ആലുവ സബ്‌ജയിലിൽ എത്തിച്ചു.പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും.ഇന്ന് രാവിലെ ഏഴു മണിയോടെയാണ് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കിയത്.ഐപിസി 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.19 തെളിവുകൾ ദിലീപിനെതിരായി പോലീസ് ഹാജരാക്കിയിട്ടുണ്ട്.പോലീസ് വാനിലാണ് ആലുവ പോലീസ് ക്ലബ്ബിൽ നിന്നും ദിലീപിനെ മജിസ്‌ട്രേറ്റിന്റെ അടുത്തെത്തിച്ചത്.മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാം കഴിയട്ടെ എന്നാണ് ദിലീപ് പ്രതികരിച്ചത്.ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാം കുമാറാണ് ദിലീപിന് വേണ്ടി ഹാജരായിരിക്കുന്നത്.ദിലീപിനായി കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
ജനപ്രിയ നായകനെ കുടുക്കി പൊലീസ്; നടന്നത് വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സൂപ്പര്‍ താരം ദിലീപിനെയും സുഹൃത്തും സന്തത സഹചാരിയുമായ നാദിര്‍ഷായെയും പൊലീസ് അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലെന്ന് സൂചന.ആവശ്യമായ തെളിവുകളെല്ലാം ലഭിച്ച ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് സൂചന. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയാണ് നടന്നത്. ഇതിനാവശ്യമായ തെളിവുകളെല്ലാം ലഭിച്ച ശേഷമായിരുന്നു ദിലീപിനെയും നാദിര്‍ഷായെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.ദിലീപിനെതിരെ ഗൂഢാലോചന കേസില്‍ തെളിവുണ്ടെന്നാണ് അറിയുന്നത്. പ്രതികരിലൊരാള്‍ മാപ്പു സാക്ഷിയാകുമെന്നും സൂചനയുണ്ട്. മൂന്നു വര്‍ഷമായി നടിയെ ലക്ഷ്യമിടുകയായിരുന്നു. എംജി റോഡിലെ ഒരു ഹോട്ടലിലാണ് സുപ്രധാന ഗൂഢാലോചന നടന്നതെന്നാണ് അറിയുന്നത്. നേരത്തെയും നടിക്കു നേരെ ഒരു ആക്രമണ ശ്രമം നടന്നിരുന്നു. 2013 മുതല്‍ രൂപം കൊണ്ട ഗൂഢാലോചനയാണ് നടിക്കു നേരെയുള്ള ആക്രമണത്തിനും സൂപ്പര്‍ താരത്തിന്‍റെ അറസ്റ്റിലും കലാശിച്ചത്.
ദിലീപിന്റെ അറസ്റ്റിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം
കൊച്ചി:നടൻ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ആക്രമണത്തിന് ഇരയായ നടിയുടെ കുടുംബം.ദിലീപിന്റെ അറസ്റ്റ് സ്ഥിതീകരിച്ച ശേഷം പ്രതികരണത്തിനായി സമീപിച്ച മാധ്യമങ്ങളോടാണ് കുടുംബം ഇത്തരത്തിൽ അറിയിച്ചത്.സംഭവത്തിൽ ദിലീപിനൊപ്പം നാദിര്ഷയും കസ്റ്റഡിയിലുണ്ടെന്നു സൂചനയുണ്ട്.
ദിലീപിന്റെ അറസ്റ്റ് പൾസർ സുനിയെ വിശദമായി ചോദ്യം ചെയ്തതോടെ
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തു.പൾസർ സുനിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഗൂഢാലോചന സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്.ഇതാണ് ഇപ്പോൾ ദിലീപിന്റെ അറസ്റ്റിലേക്ക് എത്തിച്ചിരിക്കുന്നത്.2013 ലാണ് ഈ ആക്രമണത്തിന്റെ ഗൂഢാലോചന തുടങ്ങിയതെന്നും സൂചന ലഭിച്ചിട്ടുണ്ട്.ഇതിനു മുൻപും സംസ്ഥാനത്തിന് പുറത്തു വെച്ച് നടിയെ ആക്രമിക്കാൻ ശ്രമം നടന്നതായും സൂചന ലഭിച്ചിട്ടുണ്ട്.ഇതിനായി പൾസർ സുനിയെ തന്നെയാണ് നിയോഗിച്ചതെന്നും അന്വേഷണ സംഘം പറയുന്നു.ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ വിവരങ്ങൾ ദിലീപിനെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
നടൻ ദിലീപ് അറസ്റ്റിൽ
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജനപ്രിയ നായകൻ ദിലീയതിനെ പോലീസ് അറസ്റ്റ് ചെയ്തു.വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.അറസ്റ്റ് കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്ഥിതീകരിച്ചു.തിങ്കളാഴ്ച രാവിലെ മുതൽ ദിലീപ് പോലീസ് കസ്റ്റഡിയിലായിരുന്നു.എന്നാൽ അറസ്റ്റ് വിവരം വൈകിട്ടോടെയാണ് പോലീസ് പുറത്തുവിട്ടത്.
നഴ്‌സുമാരുടെ സമരം:ഹോസ്പിറ്റൽ മാനേജ്മെന്റുകൾക്ക് സർക്കാരിന്റെ അന്ത്യശാസനം
തിരുവനന്തപുരം:മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരത്തിൽ സ്വരം കടുപ്പിച്ച് സർക്കാർ.നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് ഇന്ന് തന്നെ തീരുമാനം എടുക്കണമെന്ന് സർക്കാർ ആശുപത്രി മാനേജ്‌മെന്റുകൾക്ക് അന്ത്യശാസനം നൽകി.അല്ലാത്തപക്ഷം സർക്കാർ തന്നെ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രതിനിധികൾ,ആശുപത്രി മാനേജ്മെന്റുകൾ എന്നിവരുമായി തൊഴിൽ,ആരോഗ്യ വകുപ്പ് മന്ത്രിമാരാണ് ഇന്ന് ചർച്ച നടത്തിയത്.ഉച്ചയ്ക്ക് ശേഷം നടന്ന ചർച്ചയിൽ രണ്ടു മണിക്കൂറോളം തൊഴിൽ,ആരോഗ്യ വകുപ്പ് മന്ത്രിമാർ പങ്കെടുത്തു.തുടർന്ന് ഉദ്യോഗസ്ഥരും ആശുപത്രി മാനേജ്‌മെന്റുകളും തമ്മിൽ മിനിമം വേതനം സംബന്ധിച്ച് ചർച്ച നടത്തുകയാണിപ്പോൾ.ഇതിൽ തീരുമാനമായ ശേഷം മന്ത്രിമാരുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടത്തും.മാനേജ്മെന്റുകൾ ധാരണ ഉണ്ടാക്കിയില്ലെങ്കിൽ സർക്കാർ മുൻകയ്യെടുത്ത് വിജ്ഞാപനം പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് നാലുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദനം
കോഴിക്കോട് :കോഴിക്കോട് മുക്കത്ത് നാലുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദനം.നാല് ദിവസം മുൻപാണ് കുട്ടിക്ക് മർദനമേറ്റത്.കട്ടിൽ കേടാക്കി എന്നുപറഞ്ഞു ഇരുമ്പു വടിഉപയോഗിച്ച് കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.ശരീരത്തിൽ നിരവധി മുറിവുകളോടെ കുട്ടി മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.സംഭവത്തിൽ കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.എന്നാൽ സംഭവത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് കുട്ടിയുടെ മാതാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
പെട്രോൾ പമ്പ് സമരം ഇന്ന് അർധരാത്രി മുതൽ
തിരുവനന്തപുരം:സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്ന് അർധരാത്രി മുതൽ അടച്ചിടും. പെട്രോൾ ഉൽപ്പന്നങ്ങളുടെ വിലമാറ്റത്തിൽ സുതാര്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. പെട്രോളിയം ഡീലേഴ്‌സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പമ്പുകൾ അടച്ചിട്ട് 24 മണിക്കൂറാണ് സമരം നടത്തുന്നത്.
സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരികൾ;കോഴികളെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നു
പാലക്കാട്:കോഴിയിറച്ചി കിലോയ്ക്ക് 87 രൂപയ്ക്ക് വിൽക്കണമെന്ന സർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വ്യാപാരികൾ കോഴികളെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നു.തിങ്കളാഴ്ച മുതൽ കോഴി വ്യാപാരികൾ കടകളടച്ച് സമരം ആരംഭിച്ചതോടെയാണ് കോഴികളെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നത്.നിലവിലുള്ള മൊത്തം കോഴികളെയും തമിഴ്‌നാട്ടിൽ വിൽക്കാനാണ് വ്യാപാരികളുടെ തീരുമാനം.87 രൂപയ്ക്കു വിൽപ്പന നടത്താനാകില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോഴിവ്യാപാരികൾ.ഇന്നലെ രാത്രിമുതലാണ് തൃശൂർ,പാലക്കാട് ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിലെ പൊള്ളാച്ചി,നാമക്കൽ എന്നിവിടങ്ങളിലേക്ക് കോഴികളെ കൊണ്ടുപോയത്.തമിഴ്‌നാട്ടിലെ ഫാമുകളിൽ ഉത്പാദനം കുറഞ്ഞതോടെയാണ് കേരളത്തിൽ നിന്നുള്ള കോഴികൾക്ക് അവിടെ ഡിമാൻഡ് കൂടിയത്.കേരളത്തിൽ നിന്നും കൊണ്ടുവരുന്ന കോഴികൾ കിലോയ്ക്ക് 110 രൂപ വരെ നൽകിയാണ് തമിഴ്‌നാട്ടിലെ വ്യാപാരികൾ വാങ്ങുന്നത്.കിലോയ്ക്ക് 150-170 രൂപയ്ക്കാണ് തമിഴ്‌നാട്ടിൽ ചില്ലറവിൽപ്പന നടക്കുന്നത്. കേരളത്തിൽ ഉല്പാദന ചെലവ് കൂടിയെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ 85 രൂപയാണ് ഉല്പാദന ചെലവ്.അതിനാൽ 87 രൂപയ്ക്കു വിൽപ്പന സാധിക്കില്ലെന്നും അടിസ്ഥാനവില 100 രൂപയെങ്കിലും ആക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.