സംസ്ഥാനത്ത് ഇന്ന് 7312 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;8484 പേർ രോഗമുക്തി നേടി

BROCKTON - AUGUST 13: A nurse practitioner administers COVID-19 tests in the parking lot at Brockton High School in Brockton, MA under a tent during the coronavirus pandemic on Aug. 13, 2020. (Photo by David L. Ryan/The Boston Globe via Getty Images)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7312 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂർ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂർ 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട് 284, കാസർഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,680 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 51 മരണങ്ങൾ കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,598 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6813 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 415 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8484 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 898, കൊല്ലം 632, പത്തനംതിട്ട 508, ആലപ്പുഴ 314, കോട്ടയം 1021, ഇടുക്കി 469, എറണാകുളം 1157, തൃശൂർ 1472, പാലക്കാട് 331, മലപ്പുറം 410, കോഴിക്കോട് 452, വയനാട് 316, കണ്ണൂർ 369, കാസർഗോഡ് 135 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ദീപാവലി ആഘോഷം; രാത്രി പത്തുമണിക്ക് ശേഷം പടക്കം പൊട്ടിച്ചാൽ നിയമനടപടി

keralanews diwali celebration legal action will take if crackers

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം.രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. രാത്രി 10മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമയക്രമീകരണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ല. മലിനീകരണവും പൊടിപടലങ്ങളും കുറക്കുന്ന പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചിട്ടുണ്ട്.

ആ​ര്യ​നാ​ട്ട് വെ​യി​റ്റിം​ഗ് ഷെ​ഡി​ലേ​ക്ക് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റയാൾ മരിച്ചു

keralanews man who injured in aryanad ksrtc bus accident died

തിരുവനന്തപുരം: ആര്യനാട്ട് കെഎസ്‌ആര്‍ടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റയാൾ മരിച്ചു.ആര്യനാട് സ്വദേശി സോമന്‍ നായര്‍(68)ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ ആര്യനാട് ഈഞ്ചപുരിക്ക് സമീപത്തെ വെയിറ്റിംഗ് ഷെഡിലേക്കാണ് ബസ് ഇടിച്ച്‌ കയറിയത്.സംഭവത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളായ വൃന്ദ (15), വിദ്യ (14), മിഥുന്‍ (15), വിശാഖ് (14), കോളജ് വിദ്യാര്‍ഥിനിയായ നന്ദന (18), ഇവാരിറ്റസ് ബിജു (7) ദമയന്തി (53) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

വിവാഹച്ചടങ്ങുകളിൽ 200 പേർക്ക് പങ്കെടുക്കാം; തിയേറ്ററുകളിൽ പ്രവേശിക്കാൻ ഒരു ഡോസ് വാക്‌സിൻ മതി; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

keralanews 200 persons can participate in wedding function one dose vaccine enough to enter theaters more concessions in state

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ഇനി മുതൽ സിനിമ തിയേറ്ററുകളില്‍ പ്രവേശിക്കാം. തിയേറ്ററുകളില്‍ ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഒക്ടോബര്‍ അവസാനം തീയേറ്ററുകള്‍ തുറന്നെങ്കിലും രണ്ട് വാക്‌സിനും എടുത്തിരിക്കണമെന്നത് ഉള്‍പ്പടെ കര്‍ശ്ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് ചലച്ചിത്ര വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ ഇന്നത്തെ അവലോകനയോഗത്തില്‍ തീരുമാനമായത്. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളിലെ വിവാഹത്തിന് 100 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. തുറന്ന സ്ഥലമാണെങ്കില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം.സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ചര്‍ച്ചയായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേക കരുതല്‍ നല്‍കാനും അവലോകന യോഗത്തില്‍ തീരുമാനിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികളെ ഡോക്ടര്‍മാര്‍ സ്‌കൂളില്‍ സന്ദര്‍ശിച്ച് അതതു ഘട്ടങ്ങളില്‍ പരിശോധിക്കണം. അത് കോവിഡ് ഭീതി അകറ്റും. ഏറെക്കാലത്തിനു ശേഷം സ്‌കൂളില്‍ വരുന്ന കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

കെഎസ്ആർടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞ് കയറി; അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം

keralanews six including five students injured hen ksrtc bus rams into waiting shed

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരയിൽ കെഎസ്ആർടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി.അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്.ബസ് നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ച് കയറുകയായിരിന്നു. ഷെഡ് തകർന്നാണ് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റത്. കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.സോമന്‍നായര്‍ (65), വൃന്ദ (15), മിഥുന്‍(14), നിത്യ (13), ഗൗരിനന്ദന (18), വൈശാഖ് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9.15നായിരുന്നു അപകടം. അപകടത്തിൽ വെയിറ്റിംഗ് ഷെഡ് പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടയിലാണ് അപകടമുണ്ടായത്.

കണ്ണൂരിൽ പനിബാധിച്ച് 11 കാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പിതാവിനേയും ഉസ്താദിനേയും അറസ്റ്റ് ചെയ്തു

keralanews father and usthad arreted in connection with the death of 11 year old girl in kannur

കണ്ണൂർ: സിറ്റി നാലുവയിൽ പനിബാധിച്ച് 11 കാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പിതാവിനേയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനേയും അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ മനപ്പൂർമ്മല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുൾ സത്താർ, മന്ത്രവാദം നടത്തിയ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. ചികിത്സ നടത്താതെ കുട്ടിയ്‌ക്ക് മന്ത്രിച്ച് ഊതിയെ വെള്ളം നൽകുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.കുട്ടിയ്‌ക്ക് ചികിത്സ നൽകിയില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. കുടുംബത്തിലെ മൂന്ന് അംഗങ്ങൾ കൂടി നേരത്തെ സമാനസാഹചര്യത്തിൽ മരിച്ചതായ വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യവും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.പനിപിടിച്ച് അവശനിലയിലായ കുട്ടിയെ നിർബന്ധിച്ച് മന്ത്രവാദ ചികിത്സയിൽ പങ്കെടുപ്പിച്ചെന്നാണ് ബന്ധുക്കളും അയൽവാസികളും പറഞ്ഞത്. ചികിത്സയുടെ ഭാഗമായി കുട്ടിയെ മർദ്ദിച്ചെന്നും അവർ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

കനത്ത മഴയിൽ കുറ്റ്യാടി ചുരത്തിൽ ഉരുൾപൊട്ടി;ഗതാഗതം തടസപ്പെട്ടു; കോഴിക്കോട്-താമരശേരി ചുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

keralanews heavy rain cause landslide in kuttiadi pass traffic disrupted in kozhikkode churam road

വയനാട്: കനത്ത മഴയിൽ കുറ്റ്യാടി ചുരത്തിൽ ഉരുൾപൊട്ടി.കോഴിക്കോട്-താമരശേരി ചുരം റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയെ തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്.കുറ്റ്യാടി പക്രന്തളം ചുരത്തിലും താമരശ്ശേരി അടിവാരത്തുമാണ് ഉരുള്‍പൊട്ടിയത്. കൂറ്റന്‍ പാറകല്ലുകളും മരങ്ങളും മണ്ണും വീണതിനെ തുടര്‍ന്ന് കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. വയനാടുനിന്ന് തൊട്ടില്‍പ്പാലം വഴി യാത്ര തിരിച്ച കെഎസ്‌ആര്‍ടിസി ബസുകള്‍ ചുരത്തില്‍ കുടുങ്ങി. ജില്ലയില്‍ തുടരുന്ന കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ശക്തമായ മഴയുള്ളതിനാല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.കനത്ത മഴയില്‍ വ്യാപക കൃഷി നാശമാണ് ഉണ്ടായത്. മണ്ണിടിച്ചിലില്‍ പല വീടുകള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച കനത്ത മഴയാണു കോഴിക്കോട് നാശം വിതച്ചത്. കുറ്റ്യാടി ചുരം റോഡിലേക്ക് കല്ലും മണ്ണും ഒഴുകി എത്തുകയായിരുന്നു. കാവിലുംപാറ പഞ്ചായത്ത് നാലാം വാര്‍ഡിലെ ചാത്തന്‍ങ്കോട്ട്‌നട, വള്ളുവന്‍കുന്ന്, മൂന്നാം പെരിയ, രണ്ടാം വളവ്, മൂന്നാം വളവ് ഭാഗങ്ങളില്‍ ഉരുള്‍പൊട്ടി.മൂന്നാം വളവില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണു. വള്ളുവന്‍ കുന്നിലെ നാലു ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത് ഇവിടുത്തെ ആദിവാസി കോളനിയില്‍ നിന്നും മൂന്നു കുടുംബങ്ങളേയും മറ്റു ആറോളം കുടുംബങ്ങളേയും മാറ്റിപാര്‍പ്പിച്ചു. ഉരുള്‍പൊട്ടല്‍ നടന്ന മൂന്നാം പെരിയ ഭാഗത്തു നിന്ന് മൂന്ന് കുടുംബങ്ങളെയും താത്കാലികമായി മാറ്റി പാര്‍പ്പിച്ചു.

കണ്ണൂരിൽ പനി ബാധിച്ച് 11 വയസ്സുകാരി മരിച്ച സംഭവം;കേസെടുക്കാനൊരുങ്ങി പോലീസ്;അറസ്റ്റ് ഉണ്ടായേക്കും

keralanews incident of 11 year old girl died of fever in kannur police to register case

കണ്ണൂർ:കണ്ണൂർ നാലുവയലിൽ പനി ബാധിച്ച് 11 വയസ്സുകാരി മരിച്ച സംഭവത്തിൽ കേസെടുക്കാനൊരുങ്ങി പോലീസ്.വിശ്വാസത്തിന്റെ പേരിലാണ് കുട്ടിയ്‌ക്ക് ചികിത്സ നിഷേധിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ജപിച്ച് ഊതൽ നടത്തിയെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. കേസിൽ പുരോഹിതനേയും കുട്ടിയുടെ അടുത്ത ബന്ധുവിനേയും പ്രതിചേർക്കുമെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സിറ്റി നാലുവയലിലെ ഫാത്തിമ മരിച്ചത്. മൂന്ന് ദിവസം മുമ്ബ് പനി ബാധിച്ച ഫാത്തിമയ്ക്ക്ചികില്‍സ നല്‍കാതെ ജപിച്ച്‌ ഊതല്‍ നടത്തുകയായിരുന്നു. ഞായറാഴ്ച ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി. തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മുല്ലപ്പെരിയാൻ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു;രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി

keralanews water level in mullapperiyar dam is again increasing two more shutters opened

ഇടുക്കി:മുല്ലപ്പെരിയാൻ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഈ സാഹചര്യത്തിൽ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. സ്പിൽവേയിലെ രണ്ട് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്.നിലവിൽ 20 സെന്റിമീറ്റർ ഉയർത്തിയിരുന്ന ഷട്ടറും 60 സെന്റിമീറ്ററാക്കി കൂട്ടിയിട്ടുണ്ട്. 138..95 ആണ് നിലവിലെ ജലിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.നിലവില്‍ സെക്കന്റില്‍ 1,493 ഘനയടി ജലമാണ് ഒഴുക്കി വിടുന്നത്. 8 മണി മുതല്‍ 1,512 ഘനയടി ജലം കൂടി അധികമായി ഒഴുക്കി ആകെ 3005 ഘനയടി ജലമാണ് ഒഴുക്കിവിടുന്നത്.കുടുതല്‍ വെള്ളം തുറന്ന് വിടുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ രാവിലെ സ്പില്‍വേയുടെ തുറന്നിരുന്ന ആറു ഷട്ടറുകളില്‍ മൂന്നും ഉച്ചകഴിഞ്ഞ് ഒരെണ്ണവും അടച്ചിരുന്നു. മഴ കുറവായതിനാല്‍ ജലനിരപ്പില്‍ കുറവുവന്നതാണ് ഷട്ടറുകള്‍ താഴ്ത്താന്‍ കാരണം. 50 സെന്റീമീറ്റര്‍ ഉയര്‍ത്തിവച്ചിരുന്ന രണ്ടുഷട്ടറുകളില്‍ ഒന്ന് 20 സെന്റീമീറ്ററിലേക്കു താഴ്ത്തി. അണക്കെട്ടില്‍ ഉപസമിതി ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു. പ്രധാന ഡാം, ഗാലറി, സ്പില്‍വേ, ബേബി ഡാം എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം തമിഴ്‌നാടിന് നവംബർ ഒന്ന് മുതൽ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്താം.

കൊറോണ മരണം;സഹായധനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നൽകാം

keralanews corona death apply online for compensation

തിരുവനന്തപുരം: കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങി. relief.kerala.gov.in എന്ന വെബ്‌സെറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.50,000 രൂപയാണ് സഹായം. തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.കൊറോണ ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ് ( ഐ.സി.എം.ആർ നൽകിയത് ), ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് , അപേക്ഷകന്റെ റേഷൻകാർഡ്, ആധാർകാർഡ്. ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ ചേർത്താണ് അപേക്ഷ നൽകേണ്ടത്.പേരും മൊബൈൽ നമ്പറും നൽകിയാൽ ലഭിക്കുന്ന ഒ.ടി.പി. നമ്പർകൂടി നൽകി അപേക്ഷ ഓൺലൈനായി സമർപ്പിക്കാനാകും. അപേക്ഷകന് ലഭിച്ചിട്ടുള്ള ഡെത്ത് ഡിക്ലറേഷൻ നമ്പർ ഉപയോഗിച്ച് വിവരങ്ങൾ ചേർക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ ഈ രേഖകളും വിവരങ്ങളും പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകുന്നതിന് അനുസരിച്ച അപേക്ഷയ്‌ക്ക് അന്തിമ അംഗീകാരം ലഭിക്കും.കോവിസ് മരണ സര്‍ട്ടിഫിക്കറ്റ് ലിഭിച്ചവര്‍ക്ക് മാത്രമെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനാകു.