തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ഭരണ – പ്രതിപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് പൂർണം.ഇന്നലെ അർധരാത്രി മുതലാണ് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള പണിമുടക്ക് തുടങ്ങിയത്.ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പണിമുടക്കിയതോടെ യാത്രക്കാർ വലഞ്ഞു. ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആർ.ടി.എ തുടങ്ങിയ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.എ.ഐ.ടി.യു.സിയും പണിമുടക്ക് 48 മണിക്കൂറാക്കിയിട്ടുണ്ട്. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് യൂണിയനുകൾ അറിയിച്ചു. തൊഴിലാളി യൂണിയനുകളുടേത് കടുംപിടുത്തമാണെന്നാണ് സർക്കാരിന്റെയും, മാനേജ്മെന്റിന്റെയും നിലപാട്. പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്‌നോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്നാട്
ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പു മന്ത്രി ദുരൈ മുരുകൻ. തമിഴ്‌നാട് സംഘത്തോടൊപ്പം അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേബി ഡാം ബലപ്പെടുത്തിയ ശേഷമായിരിക്കും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുക. ബേബി ഡാമിൽ നിർദേശിച്ച ബലപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കൂടുതൽ ബലപ്പെടുത്തലിന് അണക്കെട്ടിനു താഴെയുള്ള മൂന്നു മരങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് കേരളത്തിന്റെ അനുമതി വേണമെന്നും മന്ത്രി പറഞ്ഞു. റൂൾ കർവ് പ്രകാരം ഈ മാസം 10 വരെ 139.50 അടി വരെ ജലനിരപ്പ് ക്രമീകരിക്കാം. റൂൾ കർവ് പ്രകാരമാണ് സ്പിൽ വേ തുറന്നത്. മുല്ലപ്പെരിയാർ നീണ്ട നാളത്തെ പ്രശ്‌നമാണ്. വകുപ്പു മന്ത്രി എന്ന നിലയിലാണ് അണക്കെട്ടിലെത്തിയത്. എല്ലാ ഡാമുകളും സന്ദർശിക്കുന്നതിന്റെ ഭാഗമാണിത്. വർഷങ്ങളായി ഇത്തരത്തിൽ ഡാമുകൾ സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
തീരുമാനം മാറ്റി; സംസ്ഥാനത്തെ സ്‌കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും.നവംബർ 15 മുതൽ ക്ലാസുകൾ തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ക്ലാസുകൾ നേരത്തെ തുറക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് ശുപാർശ നൽകി. 19 മാസത്തെ ഇടവേളയ്‌ക്ക് ശേഷം നവംബർ ഒന്നിനാണ് സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറന്നത്. 1-7, 10, 12 ക്ലാസുകളാണ് അന്നേദിവസം തുടങ്ങിയത്.നാഷണൽ അച്ചീവ്‌മെന്റ് സർവ്വേ ഈ മാസം പന്ത്രണ്ടിന് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മുൻ തീരുമാനം തിരുത്താൻ വിദ്യാഭ്യാസ ഡയറക്ടര് ശുപാർശ നൽകിയത്. വിദ്യാർത്ഥികളുടെ പഠനനേട്ടവും അധ്യയന സാഹചര്യവും വിലയിരുത്തുന്നതിനാണ് നാഷണൽ അച്ചീവ്‌മെന്റ് സർവ്വേ നടത്തുന്നത്. 3,5,8 ക്ലാസുകൾ കേന്ദ്രീകരിച്ചാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സർവ്വേ നടത്തുന്നത്. അതേസമയം ഒൻപതാം ക്ലാസും പന്ത്രണ്ടാം ക്ലാസും മുൻ നിശ്ചയിച്ച പ്രകാരം പതിനഞ്ചിന് തന്നെയായിരിക്കും തുടങ്ങുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും
ഇടുക്കി: തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണമന്ത്രി ഐ പെരിയസ്വാമി, രജിസ്ട്രേഷൻ വകുപ്പ് മന്തി പി മൂർത്തി എന്നിവരാണ് സംഘത്തിലുണ്ടാവുക. പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറി, കാവേരി സെൽ ചെയർമാൻ, ഏഴ് എം.എൽ.എമാർ എന്നിവരും സംഘത്തിലുണ്ട്.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം തുറന്നുവിട്ടതിനെ കുറിച്ച് തമിഴ്‌നാട്ടിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉയർന്നിരുന്നു. കൂടാതെ ഇത്തരം പ്രശ്‌നം നേരിട്ട് ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് തമിഴ്‌നാട്ടിലെ മന്ത്രിമാർ അണക്കെട്ട് സന്ദർശിക്കുന്നത്.തേക്കടിയിൽ നിന്ന് ബോട്ട് മർഗമാണ് മന്ത്രിമാർ മുല്ലപ്പെരിയാറിലേക്ക് പോവുക.അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴയ്‌ക്ക് ശമനമുണ്ടായെങ്കിലും ജലനിരപ്പിൽ നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. നിലവിൽ 138.5 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ എട്ട് സ്പിൽവേ ഷട്ടറുകളിലൂടെയായി 3,800 ഘനയടി ജലമാണ് പുറത്തേയ്‌ക്ക് ഒഴുക്കി വിടുന്നത്.
സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം:ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് തുടങ്ങി.അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും കോൺഗ്രസ് അനുകൂല യൂണിയൻ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദീർഘദൂര സർവീസുകൾ അടക്കം മുടങ്ങും. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്.ശമ്പള പരിഷ്‌കരണത്തിന് കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ സാവകാശം ചോദിച്ചതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനിച്ചത്. സമരത്തിൽ നിന്ന് പിന്മാറണമെന്ന സർക്കാരിന്റെ ആവശ്യം മൂന്ന് യൂണിയനുകളും തള്ളുകയായിരുന്നു. കെഎസ്ആർടിസിയിൽ കഴിഞ്ഞ ഒൻപത് വർഷമായി ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ടില്ല.ജൂൺ മാസത്തിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് സംഘടനകൾ ആരോപിച്ചു. എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങൾ തള്ളിയിട്ടില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള പരിഷ്‌കരണം സർക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം തേടിയപ്പോൾ പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. അതേസമയം കെഎസ്ആർടിസി പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളും ജോലിക്ക് വരാത്തവരുടെ ശമ്പളം പിടിക്കും.
കേരളത്തിൽ ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്
തിരുവനന്തപുരം:കേന്ദ്ര സർക്കാർ ഇന്ധനവില കുറച്ചെങ്കിലും കേരളത്തിൽ ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്.സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ പാർട്ടി നേതൃത്വം ചുമതലപ്പെടുത്തി. ഇന്ധനവില വര്‍ധനവിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് ജനങ്ങളെ ധരിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. കേന്ദ്രസർക്കാർ വര്‍ധിപ്പിച്ച അധിക നികുതി പിന്‍വലിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് രാവിലെ പറഞ്ഞിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വർഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ രീതിയാണെന്നും മന്ത്രി പറഞ്ഞു.പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് 10 രൂപയുമാണ് കേന്ദ്രസർക്കാർ കുറച്ചത്. എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് ഇന്ധനവില കുറഞ്ഞത്. ഇതിനു പിന്നാലെ ഗോവ, അസം, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് , കർണാടക എന്നീ സംസ്ഥാനങ്ങളും ഇന്ധനവില കുറയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വില്‍പന നികുതി കുറയ്‌ക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്.
കെഎസ്ആർടിസി പണിമുടക്ക് നേരിടാനൊരുങ്ങി സംസ്ഥാന സർക്കാർ;ഡയസനോണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രിമുതല്‍ നടക്കുന്ന കെഎസ്‌ആര്‍ടിസി പണിമുടക്കിനെ നേരിടാനൊരുങ്ങി സംസ്ഥാന സർക്കാർ.പണിമുടക്കിനെ നേരിടാന്‍ ഡയസനോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും.പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്‌നോൺ പ്രഖ്യാപിച്ചിരിക്കുന്നത്.ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്. എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്‌ളോയീസ് സംഘും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കെഎസ്‌ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണെന്നും 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പള പരിഷ്‌കരണം വാക്കിലൊതുങ്ങുകയാണെന്നുമാണ് അംഗീകൃത ട്രേഡ് യൂണിയനുകള്‍ പറയുന്നത്. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ പറഞ്ഞു.അതേ സമയം തൊഴിലാളികൾ പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. തൊഴിലാളികൾ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വർധനവാണ്. അതിനാൽ തൊഴിലാളികളുടെ ആവശ്യം പരിശോധിക്കാൻ സമയം വേണമെന്നും മന്ത്രി പറഞ്ഞു.
പെട്രോൾ,ഡീസൽ വില; കേരളം നികുതി കുറയ്‌ക്കില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം:കേന്ദ്രം പെട്രോൾ, ഡീസൽ നികുതി കുറച്ചതിന് ആനുപാതികമായി കേരളം കുറയ്‌ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രാവിലെ മാദ്ധ്യമങ്ങളോടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. നികുതി കുറക്കാന്‍ കേരളത്തിന് പരിമിധിയുണ്ട്.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വര്‍ഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്.കേന്ദ്രം കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. സാമൂഹിക ക്ഷേമ വകുപ്പുകള്‍ നടപ്പിലാവണമെങ്കില്‍ ഖജനാവില്‍ പണം വേണം. ഇത് പോലുള്ള നികുതികള്‍ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ഖജനാവില്‍ പണമുണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു.കേരളത്തിന്റെ എല്ലാ കാര്യങ്ങളും പെട്രോൾ, ഡീസൽ വിലയെ അടിസ്ഥാനമാക്കിയാണ്. കെഎസ്ആർടിസിക്ക് പോലും പ്രതിദിനം ഒന്നരകോടി രൂപയുടെ നഷ്ടമാണെന്നും സംസ്ഥാന സർക്കാരിന്റെ മുഴുവൻ ചെലവുകളും ഇതുപോലെയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ ഒരു ആർട്ടിക്കിളിൽ സംസ്ഥാനങ്ങൾക്ക് നികുതി കൊടുക്കണ്ടാത്ത പ്രത്യേക നികുതി ഈടാക്കാനുളള വ്യവസ്ഥയുണ്ട്. അതിൽ നിന്നാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കേന്ദ്രം കുറച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനവും വില കുറയ്‌ക്കണമെന്ന് പറഞ്ഞാൽ സാധിക്കില്ല.ജനങ്ങളുടെ ആവശ്യമാണ് നികുതി കുറയ്‌ക്കുകയെന്നത്. അതിൽ തർക്കമില്ലെന്ന് സമ്മതിച്ച മന്ത്രി ആറ് വർഷമായി കേരളത്തിൽ പെട്രോളിന്റെ നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ യഥാക്രമം അഞ്ചു രൂപയും 10 രൂപയും വീതം കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം കേന്ദ്രസർക്കാർ നികുതി കുറച്ചതിന് പിന്നാലെ ഉത്തർപ്രദേശ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, കർണാടക, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചിരുന്നു.
കെഎസ്‌ആര്‍ടിസി ശമ്ബള പരിഷ്കരണം;മന്ത്രി നടത്തിയ ചര്‍ച്ച പരാജയം;വെള്ളിയും ശനിയും പണിമുടക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയം.ശമ്പള പരിഷ്‌കരണത്തിൽ തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരമായില്ല. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ബിഎംഎസ് വ്യക്തമാക്കി. വെള്ളിയും ശനിയുമാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.150 കോടിയാണ് ഇപ്പോൾ കെഎസ്ആർടിസിക്ക് സർക്കാർ നൽകുന്ന സഹായം.തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാൽ ഇത് 180 കോടിയാകും. സ്‌കൂളുകൾ തുറന്ന സാഹചര്യവും ശബരിമല തീർത്ഥാടനവും കൂടി കണക്കിലെടുത്ത് പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ചർച്ചയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി കൂടുതൽ ചർച്ച ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കി.ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ ധനമന്ത്രിയുമായി വീണ്ടും കൂടിയാലോചന വേണമെന്ന് ഗതാഗതമന്ത്രി സംഘടനകളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം യൂണിയനുകളുമായി നേരത്തെ രണ്ട് തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. അതേസമയം വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചു;കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞു
തിരുവനന്തപുരം: കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു.ഇതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു.കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. വില കുറഞ്ഞതിനുശേഷം സംസ്ഥാന നികുതി പെട്രോളിന് 21 രൂപ 5 പൈസയും ഡീസലിന് 17 രൂപയുമായിരിക്കും.കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ ആനുപാതികമായി സംസ്ഥാന നികുതിയും കുറഞ്ഞതാണ് വില കുറയാന്‍ കാരണം. ഇതുകൊണ്ട് തന്നെ സംസ്ഥാന നികുതി കുറയ്‌ക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് പെട്രോള്‍ 105 രൂപ 86 പൈസയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസാണ് പുതിയ വില.കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഇത് യഥാക്രമം പെട്രോളിന് 103.97 ഉം ഡീസലിന് 92.57 രൂപയുമാണ്.