കൊല്ലം:പത്തനാപുരത്ത് പെൺകുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടിൽ ബിജു-ബീന ദമ്പതികളുടെ മകൾ റിന്സിയെയാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ ഏഴു മണിയോടെ അമ്മ ബിന്ദുവാണ് റിൻസിയുടെ മൃതദേഹം ആദ്യം കണ്ടത്.പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നു പോലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.റിൻസിയുടെ കഴുത്തിലും ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളിലുമാണ് മുറിവേറ്റ അടയാളങ്ങൾ കണ്ടെത്തിയിരിക്കുന്നത്.പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.മരിച്ച റിൻസിയുടെ കിടപ്പുമുറിക്കു രണ്ടു വാതിലുകളാണ് ഉള്ളത്.ഇതിൽ ഒരെണ്ണം പുറത്തേക്കു തുറക്കുന്ന വാതിലാണ്.ഈ വാതിൽ തുറന്നു കിടക്കുന്നതു ശ്രദ്ധയിൽപെട്ട അമ്മ ബീന സംശയം തോന്നി കിടപ്പുമുറിയിൽ എത്തിയപ്പോഴാണ് റിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കലഞ്ഞൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് റിൻസി.ആൻസി ഏക സഹോദരിയാണ്.സംഭവത്തിൽ പുനലൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
. .
മിസോറാം ലോട്ടറി വിറ്റ അഞ്ചുപേർ കസ്റ്റഡിയിൽ
പാലക്കാട്:മിസോറാം ലോട്ടറി വിറ്റ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ.വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 5 കോടി ടിക്കറ്റുകളും പോലീസ് പിടിച്ചെടുത്തു.ഇവർ 18 ലക്ഷം ടിക്കറ്റുകൾ വിറ്റതായും അന്വേഷണ സംഘം കണ്ടെത്തി.സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് മിസോറാം ലോട്ടറി കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.മന്ത്രിയുടെ നിർദേശ പ്രകാരം മിസോറാം ലോട്ടറി ഏജൻസിക്കു നോട്ടീസ് അയച്ചിരുന്നു.കേന്ദ്ര ചട്ടപ്രകാരം ലോട്ടറി നടത്തുന്ന സംസ്ഥാനം മറ്റു സംസ്ഥാനങ്ങളെ അക്കാര്യം അറിയിച്ചിരിക്കണം.മിസോറാം സർക്കാർ ഇത് ചെയ്‌തിരുന്നില്ല.പത്രപരസ്യം വഴിയാണ് ലോട്ടറി രംഗപ്രവേശനം ചെയ്തത്.സംസ്ഥാന സർക്കാർ മിസോറാം സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
നാലു ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ:നാലു ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി രണ്ടുപേർ പിടിയിൽ.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് 300 പൊതി ബ്രൗൺഷുഗറുമായി ഇവരെ അറസ്റ്റ് ചെയ്തത്.മരക്കാർകണ്ടി ഫദൽ കോട്ടേജിലെ സി.സജ്ജാദ്,ആയിക്കര പൊളാൻ ഹൗസിൽ പി.ഹർഷാദ് എന്നിവരാണ് അറസ്റ്റിലായത്.മുംബൈയിൽ നിന്നും എത്തിയതായിരുന്നു ഇവർ രണ്ടുപേരും.റെയിൽവേ സ്റ്റേഷനിൽ വെച്ച് തന്നെ ഇവരെ കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റിനർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്‌ടർ അമൽരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ഷാജി.എസ്.രാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.പ്രതികളെ വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ
തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ.പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.നാല് ബൈക്കുകളിലായി എട്ടുപേരാണ് സ്ഥലത്ത് എത്തിയതെന്നാണ് ദൃശ്യത്തിലുള്ളത്.ഇവരെ രഹസ്യകേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ബിജെപി ഓഫീസിനു നേരെയുള്ള അക്രമം തടഞ്ഞ പോലീസുകാരന് പാരിതോഷികം
തിരുവനന്തപുരം:തിരുവനന്തപുരത്ത് ബിജെപി ഓഫീസിനു നേരെയുള്ള അക്രമം തടഞ്ഞ പോലീസുകാരന് പാരിതോഷികം പ്രഖ്യാപിച്ചു.ഐ.ജി മനോജ് എബ്രഹാമാണ് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.ആക്രമണത്തിൽ പരിക്കേറ്റു ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രത്യുഞ്ജയനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് മനോജ് എബ്രഹാം ഇക്കാര്യം പ്രഖ്യാപിച്ചത്.അക്രമം നോക്കി നിന്ന സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ടു പോലീസുകാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.അഞ്ചാം സായുധ ബറ്റാലിയനിലെ അഖിലേഷ്,ശ്യാംകൃഷ്ണ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ബൈക്കിലെത്തിയ സംഘത്തെ തടയാതെ ഇവർ ഒഴിഞ്ഞു മാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ദിലീപിന്റെ മാനേജർ അപ്പുണ്ണി ഇന്ന് കീഴടങ്ങിയേക്കും
കൊച്ചി:നടിയെ തട്ടികൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ സഹായി അപ്പുണ്ണി എന്ന് വിളിക്കുന്ന എ.എസ് സുനിൽ കുമാർ ഇന്ന് കീഴടങ്ങാൻ സാധ്യത.കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണിത്.ഹർജിക്കാരൻ പൊലീസിന് മുൻപാകെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.ചോദ്യം ചെയ്യൽ നിയമപ്രകാരമാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.നിലവിൽ അപ്പുണ്ണി പ്രതിയല്ലെങ്കിലും ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ നടപടിയുണ്ടാകുമെന്നുമാണ് സർക്കാർ നിലപാട്.
സിപിഎം- ബിജെപി സംഘര്‍ഷം; തിരുവനന്തപുരത്ത് നിരോധനാജ്ഞ

ഐപി ബിനുവിനെ അറസ്റ്റ് ചെയ്തു; പ്രജിത്തിനെയും ബിനുവിനെയും സസ്‍പെന്‍ഡ് ചെയ്യുമെന്ന് കോടിയേരി

അപ്പുണ്ണിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായ നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ദിലീപിനെ കേസിൽ അറസ്റ്റ് ചെയ്തശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.തുടർന്നാണ് ഇയാൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.ഇയാളെ അന്വേഷണത്തിന്റെ തുടക്കത്തിൽ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നില്ല.അപ്പുണ്ണിയുടെ ജാമ്യാപേക്ഷ തള്ളിയത് പ്രോസിക്യൂഷന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.ഇതോടെ ഇയാൾക്ക് കീഴടങ്ങുകയല്ലാതെ വേറെ മാർഗങ്ങളൊന്നുമില്ല.അപ്പുണ്ണിക്ക് വേണമെങ്കിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാമെന്ന് കോടതി അറിയിച്ചു.ചോദ്യം ചെയ്യുമ്പോൾ അപ്പുണ്ണിയെ പീഡിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു.
ഏഴിമല നാവിക അക്കാദമിക്കടുത്ത് മൊട്ടക്കുന്നിൽ ആയുധങ്ങൾ കണ്ടെത്തി
പയ്യന്നൂർ: രാമന്തളി പഞ്ചായത്തിലെ മൊട്ടക്കുന്നിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. ഏഴിമല നാവിക അക്കാദമിയോടു ചേർന്നുള്ള സ്ഥലത്തുനിന്നാണു ബോംബ് ഉണ്ടാക്കുന്ന 14 സ്റ്റീൽ കണ്ടെയ്നറുകൾ,ഏഴു വാളുകൾ, രണ്ടു മഴു എന്നിവ സിഐ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തത്.ഈ ഭാഗത്തു നാവിക അക്കാദമിയുടെ അതിർത്തി കമ്പിവേലി ഉപയോഗിച്ചാണു വേർതിരിച്ചിട്ടുള്ളത്.അക്കാദമിക്കകത്ത് കാടു വെട്ടിത്തെളിക്കുന്നവരാണ് അതിർത്തിയോടു ചേർന്നു പുറത്തുള്ള സ്ഥലത്ത് ആയുധങ്ങൾ കണ്ടത്. നാവിക അക്കാദമി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്നു കക്കംപാറ പ്രദേശത്തുണ്ടായിരുന്ന ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ പരിശോധിച്ചു. 14 സ്റ്റീൽ ബോംബുകൾ ആണെന്നാണു കരുതിയിരുന്നത്. എന്നാൽ, ബോംബ് സ്ക്വാഡിന്റെ പരിശോധനയിൽ ബോംബ് നിർമിക്കാനുള്ള കണ്ടെയ്നർ മാത്രമാണെന്നു തിരിച്ചറിഞ്ഞു.തുടർന്നു സിഐ എം.പി.ആസാദ്, എസ്ഐ കെ.പി.ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആയുധങ്ങൾ കസ്റ്റഡിയിൽ എടുത്തു.ബോംബ് സ്ക്വാഡ് ഈ പ്രദേശത്തു വ്യാപക തിരച്ചിൽ നടത്തി.