നഴുമാരുടെ യൂണിഫോം പരിഷ്ക്കരിച്ച് സർക്കാർ ഉത്തരവ്

keralanews new uniform for nurses

തിരുവനന്തപുരം:ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ജോലി ചെയ്യുന്ന നഴ്‌സുമാരുടെ യൂണിഫോം പരിഷ്ക്കരിച്ച് സർക്കാർ ഉത്തരവിറക്കി.ആരോഗ്യ വകുപ്പ് ഡയറക്റ്ററുടെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്ററുടെയും ശുപാർശ പരിഗണിച്ചാണ് നടപടി.സ്റ്റാഫ് നഴ്‌സിന് സ്കൈ ബ്ലൂ നിറത്തിലുള്ള സാരി അല്ലെങ്കിൽ ചുരിദാറും വെള്ള ഓവർകോട്ടും ഹെഡ് നഴ്സിന് ലാവെൻഡർ നിറത്തിലുള്ള സാരി അല്ലെങ്കിൽ ചുരിദാറും വെള്ള ഓവർ കോട്ടുമാണ് യൂണിഫോം.മെയിൽ നഴ്സിന് കറുത്ത പാന്റ്,സ്കൈബ്ലൂ ഷർട്ട്,വെള്ള ഓവർകോട്ട് എന്നിവയാണ് പുതിയ യൂണിഫോം.പരിഷ്‌ക്കാരം സർക്കാരിന് അധിക ബാധ്യത ഉണ്ടാക്കാൻ പാടില്ല എന്ന നിബന്ധനയും ഉത്തരവിലുണ്ട്.ദീർഘകാല ആവശ്യം നടപ്പിലാക്കിയ സർക്കാരിനെ കേരളാ ഗവ.നഴ്സസ് അസോസിയേഷൻ അഭിവാദ്യം ചെയ്തു.

കൊച്ചി തോപ്പുംപടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

keralanews husband committed suicide after killing his wife

കൊച്ചി:കൊച്ചി തോപ്പുംപടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.മൂന്നു മക്കൾക്കും വെട്ടേറ്റിട്ടുണ്ട്.തലയ്ക്കു വെട്ടേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.ഹാർബറിൽ തൊഴിലാളിയായ റഫീക്കാണ്‌(51) ഭാര്യയെയും മക്കളെയും വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം തൂങ്ങി മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.തോപ്പുംപടി രാമേശ്വരം അമ്പലത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു റഫീക്കും കുടുംബവും.വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്നിരുന്ന ഭാര്യയുടെ കഴുത്തിലാണ് റഫീഖ് ആദ്യം വെട്ടിയത്.ഭാര്യയെ കൊലപ്പെടുത്തിയ മുറി പൂട്ടിയതിനു ശേഷം മറ്റൊരു മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മക്കളുടെ തലയ്ക്കു നേരെയും ആഞ്ഞു വെട്ടുകയായിരുന്നു.ഇതിനു ശേഷം നേരത്തെ ഫാനിൽ കെട്ടിവെച്ചിരുന്ന കയറിൽ റഫീക്ക് തൂങ്ങി മരിക്കുകയായിരുന്നു.രാത്രി ഒരുമണിയോടെ നിസാരപരിക്ക് പറ്റിയ ഒരു കുട്ടിക്ക് ബോധം തിരിച്ചു കിട്ടി.മറ്റുള്ളവർ രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ട കുട്ടി നിലവിളിക്കുന്നത് കേട്ടാണ് മൂന്നു നില കെട്ടിടത്തിലെ മറ്റു കുടുംബങ്ങൾ ഓടിയെത്തുന്നത്.മക്കളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു.ഇവരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

നടി ആക്രമിക്കപ്പെട്ട സംഭവം;യുവനടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു

keralanews police recorded actress sritha sivadass statement

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ശ്രിത ശിവദാസിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.ഓർഡിനറി എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ ശ്രിത പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ശ്രിതയുടെ ഉളിയന്നൂരിലുള്ള വീട്ടിൽവെച്ചാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.ദിലീപുമായി യാതൊരു വിധത്തിലുമുള്ള സൗഹൃദവുമില്ല എന്നാണ് ശ്രിത മൊഴി നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.ആക്രമിക്കപ്പെട്ട നടിയും താനും സുഹൃത്തുക്കളാണെന്നും ശ്രിത വ്യക്തമാക്കി.അക്രമത്തിനു ശേഷം മജിസ്‌ട്രേറ്റിനു മുൻപിൽ മൊഴി കൊടുക്കാൻ എത്തിയപ്പോൾ നടി ശ്രീതയുടെ വീട്ടിൽ താമസിച്ചിരുന്നു.ഇതേ തുടർന്നാണ് ശ്രീതയുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട

keralanews drugs seized from nedumbasseri airport

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട.ഒരുകോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിൻ പിടികൂടി.സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി റവന്യൂ ഇന്റലിജൻസ് വിഭാഗം അറിയിച്ചു.ക്വലാലംപൂരിലേക്കു കടത്താൻ ശ്രമിക്കവെയാണ് കാർഗോ വിഭാഗത്തിൽനിന്നും ലഹരിമരുന്ന് പിടികൂടിയത്.

മാധ്യമ പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ രോഷപ്രകടനം: സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

keralanews central leadership is unhappy over chief ministers behaviour to the media

തിരുവനന്തപുരം:മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി പെരുമാറിയതില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. ഗവര്‍ണറെ കണ്ട മുഖ്യമന്ത്രിയുടെ നടപടിയിലും കേന്ദ്രത്തിന് അതൃപ്തിയുണ്ട്.തലസ്ഥാനത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി – ആര്‍എസ്എസ് നേതൃത്വവുമായി മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നടത്തിയ ഉഭയകക്ഷി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി നടത്തിയ പെരുമാറ്റം ശരിയായില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നുപറ‍ഞ്ഞ് ദേഷ്യപ്പെട്ടത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കേന്ദ്രനേതൃത്വം അഭിപ്രായപ്പെട്ടു.ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി പോയി കണ്ടത് ഒഴിവാക്കേണ്ടതായിരുന്നു. അത്തരത്തില്‍ വിളിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി അധികാരമില്ലെന്നിരിക്കെ എന്തിന് മുഖ്യമന്ത്രി പോയെന്ന ചോദ്യവും കേന്ദ്ര നേതൃത്വം ഉയര്‍ത്തുന്നു.ഗവര്‍ണറുടെ നിര്‍ദേശപ്രകാരമല്ലാതെ സര്‍ക്കാര്‍ തന്നെ സര്‍വ്വകക്ഷിയോഗം വിളിക്കുകയായിരുന്നു വേണ്ടതെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്.മുഖ്യമന്ത്രിയുടെ പെരുമാറ്റവും ഗവര്‍ണറുടെ നടപടികളും ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചാവിഷയമായത് പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷം ചെയ്തെന്നും കേന്ദ്രനേതൃത്വം വിലയിരുത്തി.

ചിത്ര കേസ്: കോടതിയലക്ഷ്യ ഹർജി ഡിവിഷൻ ബെഞ്ചിന് വിട്ടു.

keralanews pu chithras petition transfered to high court division bench
കൊച്ചി: ലോക അത്‌ലറ്റിക് മീറ്റിൽ പി.യു.ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഡിവിഷൻ ബെഞ്ചിന് വിട്ടു.ചിത്രയെ മീറ്റിൽ പങ്കെടുപ്പിക്കണമെന്ന് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് പാലിക്കാൻ അത്‌ലറ്റിക് ഫെഡറേഷൻ തയാറാതെ വന്നതോടെ കോടതിയലക്ഷ്യ ഹർജിയുമായി ചിത്ര വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച പരിഗണിച്ചപ്പോൾ ഇന്ന് വിശദീകരണം നൽകണമെന്ന് ഫെഡറേഷനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഫെഡറേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ വിശദീകരണത്തിന് കൂടുതൽ സമയം ചോദിക്കുകയാണ് ചെയ്തത്. ഫെഡറേഷന്‍റെ ഉത്തരവാദിത്വപ്പെട്ട ആളുകളെല്ലാം ലോക അത്‌ലറ്റിക് മീറ്റിനായി ലണ്ടനിലാണെന്നും അവർ മടങ്ങിവന്ന ശേഷം വിശദീകരണം നൽകാമെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ സിംഗിൾ ബെഞ്ച് ഫെഡറേഷന്‍റെ ആവശ്യം തള്ളി കേസ് ഡിവിഷൻ ബെഞ്ചിന് വിടുകയായിരുന്നു.

നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു

keralanews niti aayog vice chairman aravind panagariya resigned

ന്യൂഡൽഹി:നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു. അധ്യാപനത്തിലേക്ക് തിരിച്ചു പോകുകയാണെന്ന് രാജിക്കാര്യം അറിയിച്ച് അരവിന്ദ് പനഗരിയ പറഞ്ഞു. ആഗസ്റ്റ് 31 വരെയാണ് അരവിന്ദ് പനഗരിയ നീതി ആയോഗ് ഉപാധ്യക്ഷന്‍ പദവിയിലുണ്ടാകുക. 2015 ജനുവരിയിലാണ് നീതി ആയോഗിന്റെ ചുമതലയിലെത്തിയത്. അതിന് മുന്പ് അമേരിക്കയിലെ കൊളംബിയ സര്‍ലകലാശാല അധ്യാപകനായിരുന്നു. ഏഷ്യന്‍ വികസന ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായും ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി, ഐക്യരാഷ്ട്ര സഭ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു

keralanews actor siddique was questioned by the investigation team

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു.ആലുവ പോലീസ് ക്ലബ്ബിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.നടി അക്രമിക്കപ്പെടുമെന്ന വിവരം നേരത്തെ അറിഞ്ഞിരുന്നോ എന്നാണ് സിദിഖിനോട് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്.കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപുമായിട്ടുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും പോലീസ് ചോദിച്ചു.നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദിഖിന്റെ  മറുപടി.നടി ആക്രമിക്കപ്പെട്ട  കേസിൽ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിദ്ദിക്ക് ആദ്യം മുതൽ സ്വീകരിച്ചത്.ദിലീപിനെയും നാദിര്ഷയെയും ചോദ്യം ചെയ്യുന്ന സമയത്തും ആലുവ പോലീസ് ക്ലബ്ബിൽ സിദ്ദിക്ക് എത്തിയിരുന്നു.

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

keralanews reshuffle in police
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യായ ടോമിന്‍ ജെ. തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് മേധാവിയായും ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ഡി.ജി.പി. റാങ്കിലുള്ള എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിയായും മാറ്റിനിയമിച്ചു.വിജിലന്‍സ് എ.ഡി.ജി.പി. എസ്. അനില്‍കാന്താണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന എസ്. ആനന്ദകൃഷ്ണനെ പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി.യായി നിയമിച്ചു. കെ.എസ്.ഇ.ബി. വിജിലന്‍സിലുണ്ടായിരുന്ന ടി.കെ. വിനോദ്കുമാറാണ് ഇന്റേണല്‍ സെക്യൂരിറ്റി എ.ഡി.ജി.പി.ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാളിനെ കെ.എസ്.ഇ.ബി. വിജിലന്‍സിലേക്കുമാറ്റി. നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തലവനും ക്രൈംബ്രാഞ്ച് ഐ.ജി.യുമായ ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്ത് ഐ.ജി.യാകും. ബല്‍റാംകുമാര്‍ ഉപാധ്യായ ആയിരിക്കും പുതിയ ക്രൈംബ്രാഞ്ച് ഐ.ജി.ഇ.ജെ. ജയരാജനാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. സേതുരാമനെ പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചു.പോലീസ് ആസ്ഥാനത്ത് എസ്.പി.യായിരുന്ന രാഹുല്‍ ആര്‍. നായര്‍ തൃശ്ശൂരും പി. പ്രകാശ് തിരുവനന്തപുരത്തും സിറ്റി പോലീസ് കമ്മിഷണര്‍മാരാകും. യതീഷ്ചന്ദ്ര തൃശ്ശൂര്‍ റൂറല്‍ എസ്.പി.യാകും. തിരുവനന്തപുരം ഡി.സി.പി. അരുള്‍ ബി. കൃഷ്ണ വയനാട് എസ്.പി.യാകും. കൊല്ലം റൂറല്‍ എസ്.പി.യായി ബി. അശോകനും ആലപ്പുഴയില്‍ എസ്. സുരേന്ദ്രനുമാണ് നിയമിതമായത്. പി. ജയദേവ് തിരുവനന്തപുരത്തും മെറിന്‍ ജോസഫ് കോഴിക്കോടും കറുപ്പുസ്വാമി എറണാകുളത്തും ക്രമസമാധാനച്ചുമതലയുള്ള ഡി.സി.പി.മാരാകും.വരുംദിവസങ്ങളില്‍ വീണ്ടും പോലീസ് തലപ്പത്ത് മാറ്റങ്ങള്‍ വരുമെന്ന സൂചനയാണ് ആഭ്യന്തരവകുപ്പില്‍നിന്ന് ലഭിക്കുന്നത്.

ആ​ദി​വാ​സി യു​വാ​വി​ന് അ​ഖി​ലേ​ന്ത്യാ നീ​റ്റ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച നേ​ട്ടം

keralanews great success in neet exam
പേരാവൂർ: ഇല്ലായ്മകളുടെ നടുവിൽനിന്ന് ആദിവാസി യുവാവിന് അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ മികച്ച നേട്ടം. നെടുംപൊയിൽ ചെക്കേരി കോളനിയിലെ കണ്ടത്തിൽ രാധയുടെ മകൻ മനു (19) വിനാണു നീറ്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ പട്ടികവർഗ വിഭാഗത്തിൽ പത്താംറാങ്ക് ലഭിച്ചത്.മനു കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിഷനും കരസ്ഥമാക്കി. വീട്ടിൽനിന്നും ആറു കിലോമീറ്റർ അകലയുള്ള വേക്കളം എയ്ഡഡ് യുപി സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മനു തുടർന്ന് കോളയാട് സെന്‍റ് കൊർണേലിയൂസ് സ്കൂളിൽനിന്ന് 83 ശതമാനം മാർക്ക് നേടിയാണ് എസ്എസ്എൽസി പാസായത്.തുടർന്നു മണത്തണ ജിഎച്ച്എസ്എസിൽനിന്ന് 70 ശതമാനം മാർക്കോടെ പ്ലസ്ടു പൂർത്തിയാക്കി. പ്ലസ്ടുവിനുശേഷം കോട്ടയം എൻട്രൻസ് കോച്ചിംഗ് സെന്‍ററിൽ പട്ടികവർഗ ക്വാട്ടയിൽ മനുവിന് 2016ൽ അഡ്മിഷൻ ലഭിച്ചു.ഓഗസ്റ്റ് ഏഴിനു തുടങ്ങുന്ന എംബിബിഎസ് ക്ലാസിനുള്ള തയാറെടുപ്പിലാണ് മനു. രാധയാണു മനുവിന്‍റെ അമ്മ. മനുവിനു മൂന്നു വയസുള്ളപ്പോൾ അച്ചൻ ഉപേക്ഷിച്ചുപോയതാണ്. മൂത്തസഹോദരൻ ബിനു എസ്എസ്എൽസി പരീക്ഷയിൽ നല്ല മാർക്കോടെ പാസായെങ്കിലും കുടുംബപ്രാരാബ്ദങ്ങൾ കാരണം തുടർപഠനത്തിനു സാധിച്ചിരുന്നില്ല. ചെക്കേരി കുറിച്യ കോളനിയിൽ ഉപാധികളോടെ പതിച്ചുകിട്ടിയ ഭൂമിയിലാണ് ഈ കുടുംബത്തിന്‍റെ താമസം. അമ്മയും സഹോദരനും കൂലിപ്പണിയെടുത്തു കൊണ്ടുവരുന്ന വരുമാനം മാത്രമാണു മനുവിന്‍റെ പഠനച്ചെലവുകൾക്ക് ആശ്രയം.

.