കണ്ണൂർ:ആയിക്കര ഫിഷിങ് ഹാർബറിലെ മത്സ്യത്തൊഴിലാളികൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.എഡിഎമ്മുമായി നടത്തിയ ചർച്ചയുടെ ധാരണയുടെ അടിസ്ഥാനത്തിലാണു സമരം പിൻവലിച്ചത്. ഹാർബറിലെ മണൽ നീക്കം ചെയ്യാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചു രണ്ടു ദിവസമായി തൊഴിലാളികൾ കണ്ണൂർ–അഴീക്കോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിവരികയായിരുന്നു.കഴിഞ്ഞ ദിവസം ആയിക്കരയിൽ ഹർത്താൽ നടത്തിയ മത്സ്യത്തൊഴിലാളികൾ ഹാർബർ എൻജിനീയർ ഓഫിസ് ഉപരോധിച്ചിരുന്നു.ഹാർബറിൽ മണൽ ഡ്രജ് ചെയ്തു മാറ്റുന്നതു വരെ സമരം നടത്താനാണു മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചിരുന്നത്.ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ചു മത്സ്യബോട്ടുകൾ അപകടത്തിൽ പെടുന്നതു പതിവായ സാഹചര്യത്തിലാണു തൊഴിലാളികൾക്കു സമരത്തിലേക്കു നീങ്ങേണ്ടിവന്നത്.അഴിമുഖത്ത് 20നു ഡ്രജിങ് പുനരാരംഭിക്കും. സ്ഥലമില്ലാത്തതിനാൽ ബാർജിൽ നിന്നു നാല് കിലോമീറ്റർ അകലെ ഉൾക്കടലിൽ ഡ്രജ് ചെയ്തെടുക്കുന്ന മണൽ തള്ളാനാണ് തീരുമാനം. അഴിമുഖത്തടിയുന്ന മണൽ കാരണം അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പാക്കാൻ എഡിഎം വിളിച്ചുചേർത്ത യോഗത്തിലാണ് ഈ തീരുമാനം.
മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ 83 ശതമാനം പോളിങ്
മട്ടന്നൂർ:ഇന്നലെ നടന്ന മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ 83 ശതമാനം വോട്ടു രേഖപ്പെടുത്തി.നഗരസഭയിൽ മൊത്തം 36330 വോട്ടർമാരുള്ളതിൽ 30122 വോട്ടർമാരാണ് വോട്ടവകാശം വിനിയോഗിച്ചത്.ഓഗസ്റ്റ് പത്തിന് രാവിലെ പത്തു മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.
കനത്ത സുരക്ഷാ വലയത്തിൽ മദനി തലശ്ശേരിയിൽ
കണ്ണൂർ:മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പിഡിപി നേതാവ് അബ്ദുൽ നാസർ മദനി തലശ്ശേരിയിലെത്തി. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രെസ്സിൽ രാവിലെ 7.30 ഓടെ തലശ്ശേരിയിലെത്തിയ മദനി സ്വകാര്യ ഹോട്ടലിൽ വിശ്രമിക്കുകയാണ്.തലശ്ശേരി ടൌൺ ഹാളിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ ഹോട്ടലിൽ എത്തും.വിവാഹ വേദിയായ ടൌൺ ഹാളിലും മദനി താമസിക്കുന്ന ഹോട്ടലിനും കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.പാർട്ടി നേതാവിനെ സ്വീകരിക്കുന്നതിനായി നിരവധി പിഡിപി പ്രവർത്തകരാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.വൈകിട്ട് നാലു മണിക്ക് അഴിയൂർ ഹാജിയാർ പള്ളിക്കടുത്ത വധൂ ഗൃഹത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം കോഴിക്കോട് കാലിക്കറ്റ് ടവറിലേക്കു പോകും.അവിടെ നിന്ന് നാളെ രാവിലെ നാട്ടിലേക്കു മടങ്ങും.മദനി തിരിച്ചു പോകും വരെ തലശ്ശേരി പോലീസിന്റെ നിരീക്ഷണത്തിലാകും. ഡി.വൈ.എസ്.പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം.മൂന്നു സിഐ മാരുടെ നേതൃത്വത്തിൽ നൂറിലേറെ പോലീസുകാരാണ് മഫ്ടിയിലും അല്ലാതെയും നഗരത്തിലുള്ളത്. ഇവർക്കൊപ്പം ഒരു സംഘം കർണാടക പോലീസും തലശ്ശേരിയിൽ എത്തിയിട്ടുണ്ട്.
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സ്ത്രീയും കൊച്ചുമകനും അറസ്റ്റിൽ
മാനന്തവാടി:വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സ്ത്രീയും കൊച്ചുമകനും അറസ്റ്റിൽ.വീടിന്റെ പുറകു വശത്ത് മൂന്നു മീറ്ററിലേറെ ഉയരമുള്ള രണ്ടു കഞ്ചാവ് ചെടികളാണ് വളർത്തിയിട്ടുള്ളത്.കല്ലുമൊട്ടം കുന്ന് പുത്തൻപുരയ്ക്കൽ ത്രേസ്യാമ്മ(69),കൊച്ചുമകൻ ഷോൺ(22) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.ഷോണിന്റെ സുഹൃത്ത് റോഷൻ എന്ന ഉണ്ണി ഒളിവിലാണ്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.ഇതിനു പുറമെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലിറ്റർ വാഷും 500 മില്ലി നാടൻ ചാരായവും കണ്ടെത്തി.
ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മരിച്ച സംഭവം; കൊല്ലത്തെ മൂന്ന് ആശുപത്രികള്‍ പ്രഥമ ദൃഷ്ട്യാകുറ്റക്കാര്‍
കൊല്ലം:വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കൊല്ലത്തെ മൂന്ന് ആശുപത്രികള്‍ പ്രഥമ ദൃഷ്ട്യാകുറ്റക്കാരാണെന്ന് വ്യക്തമായതായി അന്വേഷണ സംഘം. ആശുപത്രിയിലെ ജീവനക്കാരുടെ മൊഴി എടുക്കുന്ന നടപടി പൊലീസ് വേഗത്തിലാക്കിയിരിക്കുകയാണ്. മരിച്ച മുരുകന്‍റെ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നു തന്നെ ബന്ധുക്കൾക്ക് വിട്ടു നല്‍കും. ചികിത്സ കിട്ടാതെ തിരുനെല്‍വേലി സ്വദേശി മരിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. വെന്‍റിലേറ്റര്‍ സൌകര്യം ഇല്ല, ന്യൂറോ സര്‍ജന്‍ സ്ഥലത്തില്ല തുടങ്ങിയ കാരണങ്ങളാണ് തമിഴ്നാട് സ്വദേശി മരുകന് ചികിത്സ നിഷേധിക്കാനായി കൊല്ലത്തെ മൂന്ന് സ്വകാര്യ ആശുപത്രികള്‍ ഉന്നയിച്ചത്.എന്നാല്‍ കഴിഞ്ഞ ദിവസം പൊലീസ് ഈ ആശുപത്രികളിലെ രേഖകള്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ ഈ വാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമായി. ചികിത്സ നല്‍കിയാല്‍ പണം ലഭിക്കുമോ എന്ന മാനേജ്മെന്‍റിന്‍റെ ആശങ്കയാണ് മുരുകനെ പ്രവേശിപ്പിക്കുന്നതിന് തടസമായതെന്നാണ് പൊലീസ് നിഗമനം. അത്യാഹിത വിഭാഗത്തിന്റെ ചുതലയുള്ള ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിനെ കുറിച്ച് പൊലീസ് പരിശോധിച്ച് വരികയാണ്. അഞ്ച് ആശുപത്രികളിലേയും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി എടുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.
കേരള ബാങ്ക് ഉടൻ;ജില്ലാ സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന് ആശങ്ക
തിരുവനന്തപുരം:കേരള ബാങ്ക് രൂപീകരിക്കുന്നതിലൂടെ സംസ്ഥാന സഹകരണ ബാങ്കുകളിലെ 5050 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന് സൂചന.ജില്ലാ സഹകരണ ബാങ്കുകൾക്ക് നിലവിൽ 783 ശാഖകളും 6098 സ്ഥിരം ജീവനക്കാരുമുണ്ട്.ഇവ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപീകരിക്കുന്നത്.വിദഗ്ദ്ധ സമിതിയുടെ റിപ്പോർട് അനുസരിച്ച് ഇനി അകെ 1341 ജീവനക്കാർ മാത്രമാണ് ആവശ്യമുള്ളത്.ഇതോടെയാണ് ജീവനക്കാരുടെ ജോലി ആശങ്കയിലായിരിക്കുന്നത്.അതേസമയം ജീവനക്കാരെ ഒഴിവാക്കുന്നതോ ശാഖകൾ വെട്ടിക്കുറക്കുന്നതോ ആയ സമീപനം സർക്കാരിനില്ലെന്നും ഇത്തരം നിർദേശം കേരളത്തിന്റെ സാഹചര്യത്തിൽ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.കേരള ബാങ്ക് രൂപീകരിക്കുന്നതിലൂടെ സർക്കാരിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യതയുണ്ടെന്നാണു സൂചന.
കൈതപ്പൊയിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി
കൊടുവള്ളി:അടിവാരത്തിനും കൊടുവള്ളിക്കും ഇടയിൽ കമ്പിപ്പാലം വളവിൽ സ്വകാര്യ ബസും ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഹമ്മദ് നിഹാൽ(4) ആണ് മരിച്ചത്.അപകടത്തിൽ മരിച്ച അബ്ദുൽ റഹ്മാന്റേയും സുബൈദയുടെയും മകൻ ഷാജഹാന്റെ മകനാണ് നിഹാൽ.ഷാജഹാന്റെ മൂത്ത മകൻ മുഹമ്മദ് നിഷാൽ ശനിയാഴ്ച മരിച്ചിരുന്നു.നിഹാലിന്റെ മാതാവ് ഹസീനയും പരിക്കേറ്റു കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
‘മാഡം കെട്ടുകഥയല്ല, സിനിമാ മേഖലയില്‍ നിന്നുള്ള ആള്‍ തന്നെ’-പൾസർ സുനി
തൃശൂർ:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ മാഡം കെട്ടുകഥയല്ലെന്നും യാഥാർഥ്യമാണെന്നും പൾസർ സുനി.കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്.ഈ മാസം 16 ന് മുൻപ് കേസിൽ അറസ്റ്റിലായിരിക്കുന്ന വി.ഐ.പി മാഡത്തിന്റെ പേര് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നാണ് സുനി പറഞ്ഞത്.മാഡം കെട്ടുകഥയല്ലെന്ന സുനിയുടെ വാദം സംഘം പരിഗണിച്ചാൽ കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.അതിനിടെ ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി ഇന്ന് നീട്ടുകയും ചെയ്തിട്ടുണ്ട്.മാഡം ഒരു സിനിമ നടിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് സുനി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
സന ഫാത്തിമയെ തിരയാൻ സ്കൂബ് ക്യാമറയുമായി ദുരന്തനിവാരണ സേനയെത്തി
പാണത്തൂർ:പാണത്തൂരിൽ നിന്നും കാണാതായ സന ഫാത്തിമ എന്ന മൂന്നര വയസ്സുകാരിയെ കണ്ടെത്താൻ ദുരന്ത നിവാരണ സേനയെത്തി.ഇന്ന് രാവിലെ ദുരന്ത നിവാരണ സേന ഓഫീസർ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിനെത്തിയത്.സംഘം കുട്ടി ഒഴുകിപോയി എന്ന് പറയുന്ന ബാപ്പുങ്കയം പുഴയിൽ സ്കൂബ് കാമറ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു.വെള്ളത്തിലിറക്കുന്ന ക്യാമെറയിൽ നൂറു മീറ്റർ ദൂരത്തിലുള്ള വസ്തുക്കൾ പതിയും.പുഴയുടെ അടിത്തട്ടിൽ എവിടെയെങ്കിലും കുട്ടി തങ്ങി നിൽക്കുന്നുണ്ടോ എന്നറിയാനാണ് തിരച്ചിൽ നടത്തുന്നത്.ഇത്തരം പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സ്കൂബ് ക്യാമറയുടെ സഹായം തേടേണ്ടി വരുന്നത്.വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.അതിനിടെ നാടോടികൾ സംഭവ സ്ഥലത്തു കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും കുട്ടിയെ കുറിച്ചുള്ള വിവരം നൽകിയിട്ടുണ്ട്.സന ഫാത്തിമയുടെ വീടിനു സമീപത്തുള്ള മറ്റു പല വീടുകളിലും പോലീസ് പരിശോധന തുടരുകയാണ്.
നെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
തിരുവനന്തപുരം:നെയ്യാറ്റിൻകര അമരവിള കണ്ണംകുഴിയിൽ തീവണ്ടി തട്ടി യുവാവ് മരിച്ചു.നെയ്യാറ്റിൻകര മരുതാത്തൂർ മണികണ്ഠ വിലാസത്തിൽ ഭഗത്(23) ആണ് മരിച്ചത്.പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിട്യൂട്ടിലെ ട്രെയിനിയാണ് ഭഗത്.ഇന്ന് രാവിലെ ഏഴേമുക്കാലോടെയായിരുന്നു സംഭവം.തീവണ്ടി തട്ടി നിലത്തു വീണ ഭാഗത്തിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.