മട്ടന്നൂർ∙മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ 10നു വോട്ടെണ്ണൽ ആരംഭിക്കും. 10 മിനിറ്റിനകം ആദ്യഫലം അറിയാം. ഉച്ചയോടെ മുഴുവൻ വാർഡുകളിലെയും വോട്ടെണ്ണൽ പൂർത്തിയാകും. 35 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 82.91% ആയിരുന്നു പോളിങ്. സമാധാനപരമായ തിരഞ്ഞെടുപ്പിനു ശേഷം വോട്ടിങ് മെഷീനുകൾ സെക്കൻഡറി സ്കൂളിൽ കനത്ത പൊലീസ് സുരക്ഷയിൽ സൂക്ഷിച്ചു.ആകെയുള്ള 36,330 വോട്ടർമാരിൽ 30,122 പേരാണു സമ്മതിദാനാവകാശം വിനിയോഗിച്ചത്. യുഡിഎഫ് കേന്ദ്രങ്ങളിലാണ് ഏറ്റവും കുറവും കൂടുതലും പോളിങ് ശതമാനം. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മിനി നഗറിൽ ഏറ്റവും കുറഞ്ഞ ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മേറ്റടി വാർഡിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി. ഇന്ന് ആഹ്ളാദ പ്രകടനത്തിനു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ജനങ്ങൾ കൂടി നിൽക്കുന്നത് ഒഴിവാക്കും. ശക്തമായ പൊലീസ് സുരക്ഷ ഒരുക്കും. റോഡിൽ പടക്കം പൊട്ടിക്കാനോ ഗതാഗതം തടസ്സപ്പെടുത്താനോ പാടില്ലെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജോലി സമയം കൂട്ടി
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജോലി സമയം കൂട്ടി.ഓഫീസർമാരുടെയും മിനിസ്റ്റീരിയൽ ജീവനക്കാരുടെയും ജോലി സമയമാണ് നീട്ടിയത്.നിലവിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവർത്തി സമയം.അടുത്തയാഴ്ച മുതൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തി സമയം.ഈ വിഭാഗക്കാർക്ക് എല്ലാ മാസവും രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനും മാനേജ്‌മന്റ് തീരുമാനിച്ചു.
സർക്കാർ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ ബോണസ് 3500 രൂപയിൽ നിന്നും 4000 രൂപയായി വർധിപ്പിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.കുറഞ്ഞത് 24000 രൂപ മൊത്തശമ്പളം ഉള്ളവർക്കാണ് ബോണസ് നൽകുന്നത്.മറ്റു ജീവനക്കാരുടെ ഉത്സവബത്ത 2400 രൂപയിൽ നിന്നും 2750 രൂപയാക്കി ഉയർത്തുകയും ചെയ്തു.എക്സഗ്രെഷ്യ പെൻഷൻകാർക്ക് ഉത്സവബത്ത നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;സർക്കാർ നിശ്ചയിച്ച അഞ്ചുലക്ഷം രൂപ ഫീസ് തുടരാമെന്ന് ഹൈക്കോടതി
കൊച്ചി:സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് സംസ്ഥാന സർക്കാർ നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഫീസുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി.അഡ്മിഷനും കൗൺസിലിംഗും ഉടൻ തുടങ്ങാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.പഴയ ഫീസ് തുടരാമെന്ന തരത്തിലുള്ള കരാർ ഇനി സ്വകാര്യ മെഡിക്കൽ മാനേജ്മെന്റുമായി സർക്കാർ ഉണ്ടാക്കരുത്.ഓരോ കോളേജിന്റെയും ഫീസ് ഘടന വ്യാഴാഴ്ച പ്രസിദ്ധീകരിക്കണമെന്നു ഹൈക്കോടതി വ്യക്തമാക്കി.സർക്കാർ നിശ്ചയിച്ചതിലും അധികമായി വരുന്ന തുക ബാങ്ക് ഗ്യാരന്റിയായി മാത്രം നൽകിയാൽ മതി.ഫീസ് എൻട്രൻസ് കമ്മീഷണറുടെ പേരിൽ ഡി.ഡി യായി അടക്കേണ്ടെന്നും ഹൈക്കോടതി നിർദേശിച്ചു.
കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന് കേന്ദ്രസേനയുടെ സുരക്ഷ
കണ്ണൂർ:ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ വിഭാഗ് കാര്യവാഹക് ചുണ്ടങ്ങപ്പൊയിലിലെ വി ശശിധരന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് സുരക്ഷ ഒരുക്കി.കണ്ണൂരില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി ആവശ്യം ഉന്നയിച്ച് തുടങ്ങിയിട്ട് കാലം ഏറെയായി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ്.ആര്‍എസ്എസിന്റെ കണ്ണൂര്‍വിഭാഗ് കാര്യവാഹകും കതിരൂര്‍ മനോജ് വധക്കേസിലെ പരാതിക്കാരനുമായ ചുണ്ടങ്ങപ്പൊയിലിലെ വി ശശിധരനാണ് നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സായുധ കമാന്‍ഡോ സുരക്ഷ ഒരുക്കിയിരിക്കുന്നത്.ഒരു ഹവീല്‍ദാരടങ്ങുന്ന അഞ്ചംഗ സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ശശിധരനൊപ്പമുണ്ടാകും. സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികൂടിയായ ശശിധരന് വധഭീഷണിയുണ്ടന്ന് കഴിഞ്ഞ ഏപ്രിലില്‍ രഹസ്യാന്വേക്ഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച് കേരള പൊലീസിനെ സുരക്ഷക്ക് നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് സുരക്ഷയിലും കെടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ശശിധരന് സുരക്ഷ നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശശിധരന് നേരിട്ട് സുരക്ഷ ഭടന്മാരെ നിയോഗിച്ചത്.
മിസോറാം ലോട്ടറി വിൽപ്പന കേരളത്തിൽ നിർത്തിവെച്ചു
തിരുവനന്തപുരം:മിസോറാം ലോട്ടറിയുടെ വിൽപ്പന കേരളത്തിൽ താൽക്കാലികമായി നിർത്തി വെച്ചു.വിൽപ്പന നിർത്തിവെക്കുന്ന കാര്യം മിസോറാം സർക്കാർ രേഖാമൂലം കേരളാ സർക്കാരിനെ അറിയിച്ചു.സംസ്ഥാനത്ത് മിസോറാം ലോട്ടറി വിൽപ്പന നിരോധിക്കണമെന്ന ആവശ്യത്തിൽ കേരളം ഉറച്ച് നിൽക്കുന്ന പശ്ചാത്തലത്തിൽ മലയാളത്തിലെ ചില പത്രങ്ങളിൽ മിസോറാം ലോട്ടറി ഡയറക്ടർ പരസ്യം നൽകിയിരുന്നു.മിസോറാം ലോട്ടറിയോടുള്ള കേരളത്തിന്റെ നിലപാട് അന്യായമാണെന്നും നിയമ പ്രകാരമാണ് ലോട്ടറി വിൽപ്പനയെന്നും മിസോറാം സർക്കാർ പറഞ്ഞു.
കാസര്‍കോട് കാണാതായ മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
രാജപുരം:ഏഴു ദിവസത്തെ തിരച്ചിലിനൊടുവിൽ കാസര്‍കോട് കാണാതായ മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി..പാണത്തൂർ പവിത്രംകയം പുഴയിൽ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ബുധനാഴ്ച രാവിലെ മുതൽ പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പവിത്രംകയം പുഴയുടെ അടിത്തട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് രാജപുരം എസ്.ഐ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതിയാണ് പാണത്തൂർ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന സനയെ കാണാതാകുന്നത്. കുട്ടിയെ കാണാതായതിനെ തുടന്ന് ദിവസങ്ങളോളം വീടിനു സമീപത്തെ കനാലിലും പുഴയിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.ദേശീയ ദുരന്തനിവാരണ സേനയുടെ കണ്ണൂര്‍ യൂണിറ്റില്‍ നിന്നുള്ളവരടക്കം തിരച്ചിലില്‍ പങ്കെടുത്തിരുന്നു.
കൈതപ്പൊയിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി
കൊടുവള്ളി:കൈതപ്പൊയിൽ അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി മരിച്ചു.വെണ്ണക്കോട് തടത്തുമ്മേൽ മജീദ്-സഫീന ദമ്പതികളുടെ മകൾ ഖദീജ നിയ(10) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ നിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇതോടെ കൊടുവള്ളി അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒന്പതായി.അപകടത്തിൽ മരിച്ച കരുവൻപൊയിൽ അബ്ദുൽ റഹ്മാന്റേയും സുബൈദയുടെയും കൊച്ചുമകളാണ് ഖദീജ നിയ.ഈ മാസം അഞ്ചിനാണ് അടിവാരത്തിനും കൈതപ്പൊയിലിനുമിടയിൽ കമ്പിപ്പാലം വളവിൽ സ്വകാര്യ ബസ്സും ജീപ്പും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.അപകടത്തിൽ ഒരു കുടുംബത്തിലെ എട്ടുപേരും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്.
ഡി സിനിമാസിന് പ്രവർത്തനാനുമതി
കൊച്ചി:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.മതിയായ കാരണങ്ങൾ ഇല്ലാതെയാണ് തീയേറ്റർ അടച്ചുപൂട്ടിയത്.തീയേറ്റർ പ്രവർത്തിക്കാൻ ലൈസൻസ് നൽകിയ ശേഷം കാരണമൊന്നും കൂടാതെ എങ്ങനെ പ്രവർത്തനാനുമതി തടയാൻ കഴിയുമെന്ന് കോടതി ചോദിച്ചു.നിയമങ്ങൾ എല്ലാം പാലിച്ചാണ് ഡി സിനിമാസ് പ്രവർത്തിക്കുന്നതെന്നും തീയേറ്റർ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ നഗരസഭാ കൗൺസിലിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.തീയേറ്റർ പൂട്ടാനുള്ള നഗരസഭാ ഉത്തരവ് ചോദ്യം ചെയ്തു ദിലീപിന്റെ സഹോദരൻ നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.
നടൻ ദിലീപ് ജാമ്യത്തിനായി നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യത്തിനായി നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും.ജാമ്യാപേക്ഷ നാളെ സമർപ്പിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻ പിള്ളയുടെ ഓഫീസ് അറിയിച്ചു.എന്നാൽ ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ് വ്യക്തമാക്കി.മുൻപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷകൾ കോടതി തള്ളിയിരുന്നു.നാളെ ദിലീപ് അറസ്റ്റിലായിട്ട് ഒരു മാസം തികയുന്ന വേളയിലാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിക്കപ്പെടുന്നത്.അഡ്വക്കേറ്റ് രാംകുമാർ ആയിരുന്നു ഇത് വരെ ദിലീപിന് വേണ്ടി ഹാജരായിരുന്നത്.