കോഴിക്കോട്:അത്തോളി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.സിവിൽ പോലീസ് ഓഫീസറായ ബിജുല((43) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്.
കൊച്ചിയിൽ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്
കൊച്ചി∙ നഗരത്തിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി. മൂന്നാഴ്ച മുൻപുണ്ടായ സംഭവത്തിൽ യുവതിക്കു പരാതിയില്ല എന്നാണു പൊലീസ് ഭാഷ്യം. അക്രമികളുമായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു യുവതിയുടെ ഭർത്താവ് ഐജിക്കു പരാതി നൽകി. യുവതി ഇപ്പോഴും അക്രമികളുടെ തടങ്കലിലാണെന്നും ജീവനു ഭീഷണിയുണ്ടെന്നും ഭർത്താവ് പറയുന്നു.ഭർത്താവുമായി അകന്നുകഴിയുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ ഇക്കഴിഞ്ഞ മാസം 28ന് അർധരാത്രിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം പരുക്കുകളുണ്ടായിരുന്നു. കയ്യിൽ മൂർച്ചയുളള ആയുധം കൊണ്ടുണ്ടായ മുറിവും. അമിതമായി മദ്യം ഉള്ളിൽ ചെന്നിരുന്നു. ഇതു കുടിപ്പിച്ചതാണെന്നു സംശയിക്കാൻ പാകത്തിൽ കവിളിന് ഇരുവശവും ബലപ്രയോഗത്തിന്റെ അടയാളവും. ഇത്രയും കണ്ടെത്തിയതോടെ ആശുപത്രിയിൽനിന്നു വിവരമറിയിച്ചു മരട് പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. മൂന്നാഴ്ചയായിട്ടും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. വിവരമറിഞ്ഞെത്തിയ ഭർത്താവിനോടു തനിക്കു പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും യുവതി പറഞ്ഞുവെന്നാണു പൊലീസിന്റെ വിശദീകരണം.താനുമായി അകന്നശേഷം ഒപ്പം താമസിക്കുന്നയാളാണു യുവതിയെ ക്രൂരമായി ആക്രമിച്ചതെന്ന് ഭർത്താവ് പറയുന്നു. യുവതിയുമായി മുൻപേ അടുപ്പമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് ഇല്ലാതാക്കാൻ ഇടപെടുന്നുണ്ട്. ഇവരുടെ ഭീഷണിയിലാകാം പരാതിയില്ല എന്നു പറയുന്നത്.ആശുപത്രി രേഖയിൽനിന്നു തന്നെ ഗൗരവസ്വഭാവം വ്യക്തമാണ്. എന്നിട്ടും കേസെടുക്കാത്ത പൊലീസിന്റെ നടപടി സ്ത്രീ സുരക്ഷയ്ക്കെതിരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന് അഭിഭാഷകൻ കൂടിയായ ഭർത്താവ് പ്രശാന്ത് വി. കുറുപ്പ് ചൂണ്ടിക്കാട്ടുന്നു. ആക്രമിച്ചവരുടെ കസ്റ്റഡിയിലാണ് അവർ ഇപ്പോഴുമുള്ളത്. യുവതി ഫോണിൽ വിളിച്ചത് അനുസരിച്ചാണു താൻ കൊച്ചിയിൽ എത്തിയതെന്നും എന്നാൽ നേരിൽ കാണാനായിട്ടില്ലെന്നും എവിടെയെന്ന് അറിയില്ലെന്നും ഭർത്താവ് പറയുന്നു. ഇതിനായി രണ്ട് ദിവസമായി കൊച്ചിയിൽ തങ്ങുകയാണ് പ്രശാന്ത്.
കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി നേഴ്സ് ജയിൽ മോചിതനാകുന്നു.
കുവൈറ്റ്:രക്തസാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി നേഴ്സ് എബിൻ തോമസ് ജയിൽ മോചിതനാകുന്നു.എബിൻ തോമസ് നിരപരാധിയാണെന്ന് കുവൈറ്റ് കോടതി വിധിച്ചു.മൂന്നു തവണ വിധി പറയാൻ മാറ്റിവച്ചതോടെ കേസിന്റെ കാര്യത്തിൽ മലയാളി സമൂഹം ഏറെ ആശങ്കയിലായിരുന്നു.2015 മാർച്ച് മുതൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഫഹാഹീൽ ക്ലിനിക്കിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരിക്കെ രക്ത സാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് 2017 ഫെബ്രുവരി 22 നാണ് എബിനെ പോലീസ് അറസ്റ്റ് ചെയ്തത്.തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുത്തോലി പുത്തൻപുരയിൽ കുടുംബാംഗമാണ് എബിൻ.
എറണാകുളത്ത് വീടുകളിൽ ലഖുലേഖ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ
ആലുവ:എറണാകുളത്ത് വീടുകളിൽ ലഖുലേഖ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ.നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പറവൂർ വടക്കേക്കരയിൽ നിന്നും പതിനെട്ടുപേരെ കസ്റ്റഡിയിലെടുത്തത്.ഗ്ലോബൽ ഇസ്ലാമിക് മിഷൻ എന്ന സംഘടനയുടെ പേരിലാണ് ഇവർ ലഖുലേഖകൾ വിതരണം ചെയ്തത്.കസ്റ്റഡിയിലുള്ളവരെ ആലുവ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.ലഖുലേഖകൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.മതവിദ്വെഷം വളർത്തുന്നതാണ് ലഖുലേഖയിലെ ഉള്ളടക്കമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
തലശ്ശരിയിൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി
തലശേരി: നഗരമധ്യത്തിലെ ഡിവൈഡറില്‍ കയറിയ ചരക്ക് ലോറി നിശ്ചലമായി. ഒടുവില്‍ യന്ത്രസഹായത്തോടെ മണിക്കൂറുകള്‍ നീണ്ടുനിന്ന കഠിന പ്രയത്‌നത്തില്‍ ഡിവൈഡര്‍ പൊളിച്ചു നീക്കി ലോറി മോചിപ്പിച്ചു.ഇന്നലെ പുലർച്ചെയാണ് മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള ചരക്കു ലോറി പഴയ ബസ് സ്റ്റാൻഡിൽ സൗന്ദര്യ ഫാന്‍സിക്കു മുന്‍വശമായി ഡിവൈഡറിനു മുകളില്‍ കയറി നിശ്ചലമായത്. ഡ്രൈവര്‍ ഏറെ ശ്രമിച്ചിട്ടും ലോറി ഡിവൈഡറില്‍ നിന്നും ഇറങ്ങിയില്ല.ഒടുവില്‍ പുലര്‍ച്ചെയോടെ കോണ്‍ക്രീറ്റ് പൊളിക്കുന്ന യന്ത്രം ഘടിപ്പിച്ച വാഹനമെത്തുകയും ലോറിക്കടിയിലൂടെ അതിസാഹസികമായി കോണ്‍ക്രീറ്റ് പൊളിച്ച ശേഷം രാവിലെ പത്തരയോടെ ലോറി നീക്കം ചെയ്യുകയും ചെയ്‌തു. ലോറി ഇപ്പോള്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണുള്ളത്.പൊളിച്ചു നീക്കിയ കോണ്‍ക്രീറ്റ് ഡിവൈഡര്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള തുക ബന്ധപ്പെട്ട വകുപ്പില്‍ കെട്ടി വയ്ക്കുകയും നിയമലംഘനത്തിന് പിഴയടക്കുകയും ചെയ്‌താലേ ലോറിക്ക് മോചനം നല്‍കൂവെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
കോഴിക്കോട്:കോഴിക്കോട് സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു.കോഴിക്കോട്-ഓമശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് വടകര മല്ലപ്പള്ളിക്കടുത്ത് അപകടത്തിപ്പെട്ടത്. കാറിലിടിച്ചശേഷം നിയന്ത്രണം വിട്ട ബസ്സ് മറിയുകയായിരുന്നു.അപകടത്തിപെട്ട നാലുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തീപിടുത്തം
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം തീപിടുത്തം.പഴയ ഫർണിച്ചറുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. വിമാനത്താവളത്തിലുണ്ടായിരുന്ന ഫയർ ഫോഴ്സ് ഉടൻ എത്തി തീയണച്ചു.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
കട്ടപ്പനയിൽ 20 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി
ഇടുക്കി:ഇടുക്കി കട്ടപ്പനയിൽ 20 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ അഭിഭാഷകനും ശിവസേന നേതാവുമുൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഒരു മാസം മുൻപ് ഇടുക്കി എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.ഇന്ന് പുലർച്ചെയാണ് കട്ടപ്പന ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം 17.5 കിലോ ഹാഷിഷുമായി പ്രതികളെ പിടികൂടിയത്.പോലീസ് അന്വേഷണം തുടരുകയാണ്.
മൂന്നു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു
ആലപ്പുഴ:ആലപ്പുഴയിൽ മൂന്നുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം സ്വദേശികളായ ജിതിൻ വർഗീസ്,ലിബിൻ ജോസ്,നീലൻ എന്നിവരാണ് മരിച്ചത്.റെയിൽവേ ട്രാക്കിനു സമീപത്തുള്ള വീട്ടിൽ വിവാഹത്തിന് പങ്കെടുക്കുന്നതിനായാണ് ഇവർ ആലപ്പുഴയിൽ എത്തിയത്.ഇന്ന് പുലർച്ചെ കൊല്ലം-എറണാകുളം മെമു ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.ട്രെയിൻ വളവു തിരിഞ്ഞു വരുന്നത് ട്രാക്കിനകത്തു നിൽക്കുകയായിരുന്ന ഇവർ കണ്ടില്ലെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.മൂവരുടെയും മൃതദേഹങ്ങൾ പാളത്തിന് പുറത്താണ് കിടന്നിരുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വള്ളം മറിഞ്ഞ് മൂന്നുപേർ മരിച്ചു
കൊല്ലം:കായലിൽ വള്ളം മറിഞ്ഞ് മൂന്നുപേർ മുങ്ങി മരിച്ചു.കണ്ടച്ചിറ കായലിലാണ് സംഭവം.കണ്ടച്ചിറ സ്വദേശികളായ ടോണി,സാവിയോ,മോനിഷ് എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.കായലിൽ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപെട്ടത്.മീൻ പിടിക്കുന്നതിനായി വല കായലിലേക്ക് എറിയുമ്പോൾ വള്ളം ഉലയുകയും മൂവരും നിലതെറ്റി വെള്ളത്തിൽ വീഴുകയുമായിരുന്നു.മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.