തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന എം.വിൻസെന്റ് എംഎൽഎക്ക് കോടതി ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്,വീട്ടമ്മ താമസിക്കുന്ന വാർഡിൽ പ്രവേശിക്കരുത്,തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലല്ലെന്ന് റിപ്പോർട്ട്
തൃശൂർ:ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലല്ലെന്നു റിപ്പോർട്ട്.സർവ്വേ സൂപ്രണ്ട് ജില്ലാ കളക്റ്റർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ കയ്യേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയിൽ അധികമായിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട് മുക്കിയതായും നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
ഒളിച്ചോടിയ യുവതിയെ പിങ്ക് പോലീസ് രക്ഷിതാക്കളെ ഏൽപ്പിച്ചു
കണ്ണൂർ:വീട്ടുകാരുമായി പിണങ്ങി ഒളിച്ചോടിയ ചെറുവത്തൂർ സ്വദേശിനിയായ 23 കാരിയെ പിങ്ക് പോലീസ് രക്ഷിതാക്കളെ ഏൽപ്പിച്ചു.ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.ബുധനാഴ്ച രാവിലെയായിരുന്നു പെൺകുട്ടി വീട് വിട്ടിറങ്ങിയത്.പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ ചന്ദേര പോലീസ് സ്റ്റേഷനിൽ പരാതി നൽകി.തുടർന്ന് പോലീസ് കണ്ണൂരിലെ പിങ്ക് പോലീസുമായി ബന്ധപ്പെട്ടു.പിങ്ക് പൊലീസിലെ എ.എസ്.ഐ കുമാരിയും സംഘവും നടത്തിയ അന്വേഷണത്തിൽ ബസ്സ്റ്റാൻഡിൽ നിന്നും യുവതിയെ കണ്ടെത്തി.തുടർന്ന് കണ്ണൂരിലെത്തിയ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്കയച്ചു.
മന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു.ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നൽകിയ പരാതിയിലാണ് അന്വേഷണം. മന്ത്രിക്കെതിരായ പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ലോകായുക്ത വിലയിരുത്തി.ഈ സാഹചര്യത്തിൽ മന്ത്രിക്ക് നോട്ടീസ് അയക്കുമെന്ന് ലോകായുക്ത വ്യക്തമാക്കി. സാമൂഹിക ക്ഷേമ വകുപ്പ് സെക്രെട്ടറിക്കെതിരെയും അന്വേഷണമുണ്ട്.കേസിലെ രണ്ടാം എതിർകക്ഷിയാണ് സാമൂഹിക ക്ഷേമ വകുപ്പ് സെക്രട്ടറി.
ഭാഗ്യക്കുറി വില്പനക്കാർക്ക് യൂണിഫോം വരുന്നു
ആലപ്പുഴ:സംസ്ഥാനത്തെ എല്ലാ ഭാഗ്യക്കുറി വില്പനക്കാർക്കും ഏജന്റുമാർക്കും യൂണിഫോം നല്കാൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചു.യൂണിഫോം ധരിച്ചു മാത്രമേ ഇനി ഭാഗ്യക്കുറി വിൽക്കാവൂ.ഓണത്തോടെ യൂണിഫോം നിലവിൽ വരും.ഭാഗ്യക്കുറി ക്ഷേമ ബോർഡാണ് ഇത് നടപ്പിലാക്കുന്നത്.കുടുംബശ്രീ യൂണിറ്റുകളെയാണ് ഇത് തുന്നാനായി ഏൽപ്പിക്കുന്നത്.ഒരു യൂണിഫോമിന് 300 രൂപയാണ് കുടുംബശ്രീക്ക് കൊടുക്കേണ്ടത്.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്റ്റർ എസ്.ഹരികിഷോറും ലോട്ടറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ.കാർത്തികേയനും ഇത് സംബന്ധിച്ചുള്ള കരാറിൽ ഒപ്പുവെച്ചു.50000 യൂണിഫോമാണ് തയ്‌ക്കുന്നത്.കുങ്കുമനിറമാണ് യൂണിഫോമിന്.വസ്ത്രത്തിനു പുറത്തു ധരിക്കുന്ന ഓവർകോട്ടായിട്ടാണ് ഇത് തയ്യാറാക്കുക.
സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്നും അത് നിഷേധിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. ആധാർ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹർജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഒൻപതംഗ ഡിവിഷൻ ബെഞ്ച് വിധിച്ചത്.ഓഗസ്റ്റ് രണ്ടിന് വാദം പൂർത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റി വെയ്ക്കുകയായിരുന്നു.ജസ്റ്റിസ് ഖേഹർ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടർച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്.
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ആറളം ഫാമിൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും
ഇരിട്ടി: ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആറളം ഫാം തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും.തൊഴിലാളികളുടെ സമരംമൂലം ഉണ്ടാകാനിടിയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫാം മാനേജ്‌മെന്‍റ് തൊഴിലാളി യൂണിയനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം ആരംഭിക്കുന്നത്. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഒന്നരമാസത്തെ ശമ്പളമാണ് മുടങ്ങിക്കിടക്കുന്നത്. ജൂണിലെ പകുതിയും ജൂലൈ മാസത്തെ ശമ്പളവുമാണ് ലഭിക്കാനുള്ളത്. ഓണത്തിനു മുമ്പ് മുടങ്ങിക്കിടക്കുന്ന ശമ്പളകുടിശികയും ബോണസും ഓണം അഡ്വാന്‍സും അനുവദിക്കണമെങ്കില്‍ മൂന്ന് കോടിയോളം രൂപ വേണ്ടി വരും.ഫാം ഓഫീസിനു മുന്നില്‍ സത്യഗ്രഹ സമരം ഉള്‍പ്പെടെയുളള സമര മാര്‍ഗങ്ങളും ഓണത്തിന് പട്ടിണി സമരവുമാണ് തൊഴിലാളി യൂണിയനുകള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാമിലെ ജീവനക്കാരും തൊഴിലാളികളുമുള്‍പ്പെടെ 440 പേരിൽ 261 പേരും ആദിവാസികളാണ്.ജീവനക്കാരില്‍ ഭൂരിഭാഗവും ആദിവാസികളായതിനാല്‍ പട്ടിക വര്‍ഗവികസന വകുപ്പില്‍ നിന്നും പണം ലഭ്യമാക്കണമെന്നാണ് ഫാം മാനേജ്‌മെന്‍റിന്‍റെ നിലപാട്.
സ്കൂൾ,കോളേജ് വിദ്യാർഥികൾക്ക് സിഗരറ്റ് എത്തിക്കുന്നയാൾ അറസ്റ്റിൽ
ഇരിട്ടി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സിഗരറ്റ് എത്തിച്ചു നല്‍കിക്കൊണ്ടിരുന്ന യുവാവ് പിടിയിൽ. വിളക്കോട് സ്വദേശി നൗഷാദ് (36)നെയാണ് വിവിധ ബ്രാന്‍ഡുകളിലുള്ള സിഗററ്റുകളുമായി ഇരിട്ടി എസ്‌ഐ പി.സി. സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്ത്. സ്കൂള്‍ കോളജ് കുട്ടികള്‍ക്ക് ബസ് സ്റ്റാൻഡിൽ വച്ച് സിഗരറ്റ് വില്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.
സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം
തിരുവനന്തപുരം:നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നും സഭയിൽ മന്ത്രി ഷൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം.ഇത് നാലാം ദിവസമാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്.ഇന്നും ബാനറുകളും പ്ലക്കാർഡുകളുമായി എത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.ഇന്നലെയും മന്ത്രി ഷൈലജക്കെതിരെ ഹൈക്കോടതി വിമർശനം വന്നതോടെ അവ ഉൾപ്പെടുത്തി പ്രതിപക്ഷത്തെ കെ.സി. ജോസഫ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കുന്നത് വരെ സഭ നടപടികൾ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി വെട്ടേറ്റ് മരിച്ച മരിച്ച നിലയിൽ
തിരൂർ:കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതി വിപിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ ഏഴരയോടെ റോഡരികിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആർ.എസ്.എസ് പ്രവർത്തകനാണ് മരിച്ച വിപിൻ.കൊലപാതകത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.വൻ പോലീസ് സന്നാഹം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയാണ് വിപിൻ.രാവിലെ ബൈക്കിൽ പോവുകയായിരുന്ന വിപിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നെന്നാണ് റിപ്പോർട്ട്.ഫൈസൽ വധക്കേസിൽ പ്രതിയായ വിപിൻ ഈ അടുത്താണ് ജാമ്യം നേടി പുറത്തിറങ്ങിയത്.