ചേവായൂർ:എഎസ്ഐ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു.കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാമകൃഷ്ണനാണ്(47) തൂങ്ങി മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇന്നലെ രാത്രി എട്ടുമണിക്ക് ഡ്യൂട്ടിയിൽ പ്രവേശിച്ച രാമകൃഷ്ണനെ ഒൻപതു മണിയോട് കൂടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മറ്റു പോലീസുകാർ ഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയത്ത് സ്റ്റേഷനിലെ റെസ്റ്റ് റൂമിൽ തൂങ്ങിമരിക്കുകയായിരുന്നു.യൂണിഫോമോടുകൂടിയാണ് മരിച്ചത്.പെരിങ്ങളം സ്വദേശിയായ രാമകൃഷ്ണൻ സ്ടുടെന്റ്റ് പോലീസ് കേഡറ്റ് പരിശീലകൻ കൂടിയാണ്. ഭാര്യ ശ്രീജ.ഡിഗ്രി വിദ്യാർത്ഥിയായ ജിത്തു,പ്ലസ് ടു വിദ്യാർത്ഥിയായ വൈഷ്ണവ് എന്നിവരാണ് മക്കൾ.
കൊല്ലത്ത് വള്ളത്തിലിടിച്ച കപ്പൽ തീരസംരക്ഷണസേന കണ്ടെത്തി
കൊല്ലം:കൊല്ലത്ത് മൽസ്യബന്ധന ബോട്ടിലിടിച്ച കപ്പൽ തീരസംരക്ഷണസേന കണ്ടെത്തി. സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയുടെ അനിയാങ് എന്ന കപ്പലാണ് വിഴിഞ്ഞം തീരത്തിന് 60 കിലോമീറ്റർ അകലെ കണ്ടെത്തിയത്.വിഴിഞ്ഞത്തു നിന്നുള്ള c427 എന്ന കപ്പലും കൊച്ചിയിൽ നിന്നുമെത്തിയ ഡോർണിയർ വിമാനവുമാണ് കപ്പലിനെ കണ്ടെത്തിയത്. തീരസേന നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കപ്പൽ നിർത്താതെ യാത്ര തുടരുകയാണെന്ന് സേന അധികൃതർ പറഞ്ഞു.അപകട സമയവും മീൻപിടിത്തക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ കപ്പലാണ് വള്ളത്തിലിടിച്ചതെന്നു മനസിലാക്കാൻ കഴിഞ്ഞത്. തീരസംരക്ഷണ സേനയുടെ കമാണ്ടർ കപ്പലിന്റെ ക്യാപ്റ്റനുമായി സംസാരിച്ചിരുന്നു. എന്നാൽ കപ്പൽ നിർത്താൻ ക്യാപ്റ്റൻ തയ്യാറായില്ല.യാത്ര തുടരാൻ തങ്ങളുടെ ഏജൻസി തലവൻ നിർദേശിച്ചതായി ക്യാപ്റ്റൻ തീരസംരക്ഷണ സേനയെ അറിയിച്ചു. ആൻഡമാൻ, തൂത്തുക്കുടി, ചെന്നൈ,കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള തീരസേനയുടെ കപ്പൽ അപകടമുണ്ടാക്കിയ കപ്പലിനെ പിന്തുടരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഗണേശോത്സവം: ജില്ലയിൽ കനത്ത പോലീസ് സുരക്ഷ
കണ്ണൂർ: സാർവജനിക ഗണേശോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ പോലീസ് ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. വാഹനങ്ങൾ നോ പാർക്കിംഗ് ഏരിയയിൽ നിർത്തിയിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആയത് നീക്കം ചെയ്യുന്നതിനും അതിനു വരുന്ന ചെലവ് ഉടമസ്ഥനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. അലക്ഷ്യമായി വാഹനങ്ങൾ റോഡരികിൽ നിർത്തിയിടാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ഇന്നു വൈകുന്നേരം നിരവധി ഗണേശ വിഗ്രഹ നിമജ്ജനഘോഷയാത്രകൾ നഗരത്തിൽ എത്തി നഗരപ്രദക്ഷിണം ചെയ്യുന്നതിനാൽ വൈകുന്നേരം നാലു മുതൽ നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.ആയതിനാൽ ദീർഘദൂര യാത്രക്കാർ കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കി മറ്റ് സാധ്യമായ വഴികളിലൂടെ യാത്ര ചെയ്യേണ്ടതാണ്. ഘോഷയാത്ര കഴിഞ്ഞു തിരിച്ചുപോകുന്ന വാഹനങ്ങൾ യാതൊരു കാരണവശാലും മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കാൻ പാടുള്ളതല്ല.
രണ്ടു മലയാളികൾ ഉൾപ്പെടെ എട്ടു വിപ്രോ ജീവനക്കാർ ബ്രിട്ടനിൽ വാഹനാപകടത്തിൽ മരിച്ചു
ലണ്ടൻ: ഇംഗ്ലണ്ടിലെ നോട്ടിംഗ് ഹാമിനടുത്തുള്ള മിൽട്ടണ്‍ കെയിൻസിൽ ദേശീയ പാതയായ എം വണ്‍ മോട്ടോർ വേയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ടുപേർ മലയാളികൾ. കോട്ടയം ചേർപ്പുങ്കൽ കടൂക്കുന്നേൽ സിറിയക് ജോസഫ്(ബെന്നി-52), വിപ്രോയിലെ എൻജിനീയറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുന്പപ്പുഴ സ്വദേശി ഋഷി രാജീവ്(28) എന്നിവരാണ് മരിച്ച മലയാളികൾ. നോട്ടിംഗ്ഹാമിൽ പതിനഞ്ചു വർഷമായി താമസിക്കുന്ന ബെന്നി സ്വന്തമായി മിനി ബസ് സർവീസ് നടത്തുകയായിരുന്നു.ശനിയാഴ്ച വൈകിട്ട് ഒന്നരയോടെ നോട്ടിംഗ്ഹാമിൽനിന്നു ലണ്ടനു സമീപത്തുള്ള വെന്പ്ലിയിലേക്കു തന്‍റെ മിനിബസുമായി പോകുന്പോഴാണ് അപകടം. ബസിൽ പത്തു യാത്രക്കാരുണ്ടായിരുന്നു. മിൽട്ടണ്‍ കെയിൻസിൽ ജംഗ്ഷനിൽ രണ്ടു ട്രക്കുകളുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. വിപ്രോയിലെ മറ്റ് മൂന്ന് എൻജിനീയർമാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. നാലുപേർ ഗുരുതരമായി പരുക്കേറ്റു ചികിൽസയിലാണ്.ടു പണി തുടങ്ങാനായി അടുത്ത നാലിന് നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു ബെന്നി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനു രണ്ടു ലോറി ഡ്രൈവർമാരെയും പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാത കൂടിയായ എം വണ്‍ അപകടം മൂലം മണിക്കൂറുകൾ അടച്ചിട്ടിരുന്നു.
ബൈക്ക് സ്കൂൾ ബസ്സിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു
കാസർകോഡ്:മുള്ളേരിയയിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് സ്കൂൾ ബസിലിടിച്ചു രണ്ടുപേർ മരിച്ചു.ദേലംപാടി പാഞ്ചോടിയിലെ ഇബ്രാഹിം-ഖദീജ ദമ്പതികളുടെ മകൻ സാബിർ(22),ഗാളീമുഖം കർണൂരിലെ ഇബ്രാഹിം-അസ്മ ദമ്പതികളുടെ മകൻ ഇർഷാദ്(22) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്.ബന്തടുക്ക ഏണിയാടിയിൽ നടക്കുന്ന എസ്എഫ്ഐ ജില്ലാ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇരുവരും.പാടിയത്തടുക്ക അത്തനാടി പാലത്തിനു സമീപം സ്കൂൾ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ബസിലിടിച്ചു ഇരുവരും ബൈക്കിൽ നിന്നും ബസിനടിയിലേക്ക് വീഴുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും കാസർകോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓഗസ്റ്റ് 28ന് കോളേജുകൾക്ക് അവധിയില്ല
തിരുവനന്തപുരം:അയ്യൻകാളി ജയന്തി ദിനമായ ഓഗസ്റ്റ് 28 നു സംസ്ഥാനത്തെ പ്രൊഫെഷണൽ കോളേജുകൾ അടക്കമുള്ള കോളേജുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.അന്ന് സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും പൊതു അവധിയാണ്.
കേരള പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വർധിപ്പിച്ചു
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ വർധിപ്പിച്ചു. പെന്‍ഷന്‍ രണ്ടായിരം രൂപയായാണ് വർധിപ്പിച്ചത്. പെന്‍ഷന്‍ വര്‍ധനയ്ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ടായിരിക്കുമെന്ന് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ് അറിയിച്ചു.
കൊല്ലം തീരത്ത് കപ്പൽ വള്ളത്തിലിടിച്ചു
കൊല്ലം:കൊല്ലം തീരത്ത് കപ്പൽ വള്ളത്തിലിടിച്ചു.വെള്ളത്തിലേക്ക് വീണ ആറ് മൽസ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തിൽപെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റു വള്ളത്തിലുണ്ടായിരുന്നവരാണ് ഇവരെ രക്ഷപ്പെടുത്തിയത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം.അന്താരാഷ്ട്ര കപ്പൽ ചാലിൽ മത്സ്യബന്ധനത്തിന് പോയ കതാലിയാ എന്ന കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന.വേളാങ്കണ്ണി എന്ന ചൂണ്ടവള്ളത്തിൽ ഇടിച്ച കപ്പൽ നിർത്താതെ പോവുകയായിരുന്നു.വള്ളം പൂർണ്ണമായും തകർന്നു.തീരത്തു നിന്ന് 35-40 നോട്ടിക്കൽ മൈൽ അകലെ കപ്പൽച്ചാലിലാണ് അപകടം ഉണ്ടായത്.
മന്ത്രി ശൈലജയ്ക്കെതിരേ പരാതിയുമായി സിപിഐ; കോടിയേരിക്ക് കത്ത് നൽകി
തിരുവനന്തപുരം:ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ മുന്നണിക്കുള്ളിലും പ്രതിഷേധം. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ സിപിഐ നിർദേശിച്ച രണ്ടു പേരെ അഭിമുഖത്തിന് ക്ഷണിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ലെന്നാണ് സിപിഐയുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ നേതൃത്വം കത്ത് നൽകി.മന്ത്രി തന്നിഷ്ടപ്രകാരമാണ് ആളുകളെ നിയമിച്ചത്. ഇനിയുള്ള നിയമനങ്ങളിലേക്ക് പാർട്ടി പ്രതിനിധികളെ നിയമിക്കണമെന്നും സിപിഐ കത്തിൽ ആവശ്യപ്പെടുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി 29 ന്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും.കേസിന്റെ വാദം വ്യാഴാഴ്ച പൂർത്തിയായിരുന്നു.പ്രതി ഭാഗത്തിന്റെ പ്രധാന വാദങ്ങൾ കേരള പോലീസിനെ പഴിചാരുന്ന വിധത്തിലുള്ളതായിരുന്നു.പ്രോസിക്യൂഷൻ വാദത്തിൽ ദിലീപ് വലിയ കള്ളങ്ങൾ പറയുന്ന ആളാണെന്നാണ് ചൂണ്ടിക്കാട്ടിയത്.പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ വിവരിക്കുന്ന രേഖകൾ മുദ്രവെച്ച കവറിൽ പ്രോസിക്യൂഷൻ കോടതിക്കു കൈമാറിയിട്ടുണ്ട്. നിർണായക വിവരങ്ങൾ അന്വേഷണം അവസാനിക്കുന്നതിനു മുൻപ് പുറത്തു വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.അതിനാൽ അന്വേഷണ ഗതി പോലീസിനും കോടതിക്കും മാത്രമേ അറിയാൻ കഴിയുകയുള്ളൂ.കേസിലെ മുഖ്യ പ്രതി പൾസർ സുനിയുമായി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.