- കൊച്ചി: സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന,മൂന്നോ അതിലധികോ ജീവനക്കാരുള്ള പെട്രോൾ പമ്പുകൾ ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ലൈസൻസ് എടുക്കണമെന്ന് നിഷ്കർഷിച്ചു കൊണ്ട് പ്രസ്തുത വകുപ്പ് പുറപ്പെടുവിച്ച ഗസറ്റ് നോട്ടിഫിക്കേഷൻ ബഹു.ഹൈക്കോടതി സ്റ്റേ ചെയ്തു.മേൽ സൂചിപ്പിച്ച ഗസറ്റ് നോട്ടിഫിക്കേഷനെ ചാലഞ്ച് ചെയ്തു കൊണ്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.ഹർജിക്കാർക്കു വേണ്ടി അഡ്വക്കേറ്റുമാരായ എം.പി.രാംനാഥ്,പി.രാജേഷ് (കോട്ടയ്ക്കൽ), എം.വർഗ്ഗീസ് വർഗ്ഗീസ്,കെ.ജെ. സെബാസ്റ്റ്യൻ,എസ്.സന്ധ്യ,ബെപിൻ പോൾ,ഷാലു വർഗ്ഗീസ്,ആൻ്റണി തരിയൻ, പൂജാ കൃഷ്ണ.കെ.ബി,ശാന്തി ജോൺ എന്നിവർ ഹാജരായി.
എത്തനോൾ ചേർത്ത പെട്രോളിൻ്റെ വിതരണം നിർത്തണം
കോട്ടയം: സംസ്ഥാനത്ത് മഴക്കാലം കഴിയുന്നത് വരെയെങ്കിലും എത്തനോൾ ചേർത്തുള്ള പെട്രോളിൻ്റെ വിതരണം പൊതുമേഖലാ എണ്ണക്കമ്പനികൾ നിർത്തിവെക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.
ഓയിൽ കമ്പനികൾ ഇപ്പോൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന പെട്രോളിൽ 15% എത്തനോൾ ചേർത്താണ് പെട്രോൾ പമ്പുകളിൽ എത്തിച്ചേരുന്നത്.
ചെറിയ ജലാംശം പോലും എത്തനോൾ ചേർത്ത പെട്രോളുമായി കൂടിച്ചേരാനും അത് വാഹനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാവുകയും ചെയ്യും.
കേരളം പോലെ അതിശക്തമായ മഴയുണ്ടാകുന്ന മൺസൂൺ കാലത്ത് മേൽപ്പറഞ്ഞ പ്രതിഭാസത്തിന് സാധ്യത കൂടുതലാണ്.
ആയതിനാൽ മൺസൂൺ കഴിയുന്നത് വരെയെങ്കിലും എത്തനോൾ ബ്ലെൻഡഡ് പെട്രോളിൻ്റെ വിതരണം ഓയിൽ കമ്പനികൾ നിർത്തിവെക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് ലീഗൽ സർവ്വീസ് സൊസൈറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു
ചരിത്രനിമിഷത്തിന് സാക്ഷിയായി രാജ്യം;മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി
ഡൽഹി:രാജ്യത്തിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയായതോടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡിനൊപ്പം മോദിയുടെ നേട്ടവും ചരിത്രത്തിലിടം പിടിച്ചു.രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിനായി വൈകിട്ട് ഏഴേകാലോടെ മോദി എത്തിച്ചേർന്നിരുന്നു. 7.20ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ശുചീകരണതൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാർ വരെ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ഈശ്വരനാമത്തിലായിരുന്നു മോദിയുടെ പ്രതിജ്ഞ. രണ്ടാമതായി പ്രതിജ്ഞ ചെയ്തത് രാജ്‌നാഥ് സിങാണ്. ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ നിന്നാണ് സിങ് ഇത്തവണ ജയിച്ചത്. മൂന്നാമത് പ്രതിജ്ഞ ചെയ്തത് അമിത് ഷായാണ്.ദേശീയ അദ്ധ്യക്ഷനായ ജെ.പി നദ്ദ കേന്ദ്ര മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. കൂടാതെ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ഇതിന് പിന്നാലെ നിർമലാ സീതാരാമനാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മോദി സർക്കാരിൽ രണ്ടാമൂഴം ഉറപ്പിച്ച് എസ് ജയശങ്കറും സത്യപ്രതിജ്ഞ ചെയ്തു. ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറാണ് കാബിനറ്റിൽ ഇടംപിടിച്ച മറ്റൊരാൾ. അതിന് ശേഷം കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. മോദി സർക്കാരിന്റെ മുൻ മന്ത്രിസഭാംഗമായ പീയൂഷ് ഗോയലും മൂന്നാം മോദി സർക്കാരിൽ ഇടംപിടിച്ചു. മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ 72 അംഗങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ലോക്സഭാ തെരെഞ്ഞെടുപ്പ്; കണ്ണൂരിൽ കെ സുധാകരന് മിന്നും വിജയം
കണ്ണൂർ: ലോക്സഭാ തെരെഞ്ഞെടുപ്പിൽ കണ്ണൂരില്‍ സി.പി. എമ്മിനെതിരെ ഏകപക്ഷീയമായ വിജയവുമായി കോണ്‍ഗ്രസിന്റെ പടനായകന്‍ കെ.സുധാകരന്‍.ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടിയാണ് കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ സി.പി. എമ്മിനെ ഒരിക്കല്‍ കൂടി തറപറ്റിച്ചു സുധാകരൻ വിജയം സ്വന്തമാക്കിയത്. എം.വി ജയരാജനെന്ന സി പി എമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥിയെ തോല്‍പിച്ചാണ് ഇക്കുറി സുധാകരന്‍ ഡല്‍ഹിയിലെത്തുന്നത്.കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന കണ്ണൂർ മണ്ഡലത്തിൽ കെ.സുധാകരൻ ഏറെക്കുറെ അനായാസമാണ് ജയിച്ചുകയറിയത്.ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുധാകരന്‍ കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തിയത്. 516665 വോട്ടുകള്‍ സുധാകരന്‍ നേടിയപ്പോള്‍ ജയരാജന് ലഭിച്ചത് 408596 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ സി രഘുനാഥ് 119465 വോട്ടുകള്‍ നേടി. ആദ്യ ഘട്ടത്തിൽ ലീഡെടുത്തതൊഴിച്ചാൽ പിന്നീട് ഒരു ഘട്ടത്തിലും എം വി ജയരാജന് സുധാകരനെ മറികടക്കാനായില്ല. കേരളമൊട്ടാകെ യുഡിഎഫിനനുകൂലമായി കാറ്റ് വീശിയപ്പോൾ കണ്ണൂരിൽ സിപിഎം വീണ്ടും കനത്ത പരാജയം നേരിട്ടു. കണ്ണൂരിൽ കെ. സുധാകരനോളം കരുത്തുള്ള മറ്റൊരു കോൺഗ്രസ് നേതാവില്ലെന്ന് അടിവരയിടുന്നതായിരുന്നു ഇത്തവണത്തെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം. നിരവധി പേരുകൾ നേതൃത്വത്തിന്റെ മുന്നിലേക്ക് കടന്നുവന്നെങ്കിലും ഒടുവിൽ കെ. സുധാകരനുനേരെ തന്നെ പച്ചക്കൊടി വീശി. സുധാകരൻ കളത്തിലിറങ്ങിയതോടെ ജില്ലയിലെ യുഡിഎഫ് ഒന്നാകെ ഉണർന്നുപ്രവർത്തിച്ചു. കൃത്യമായ പദ്ധതികൾ ആസൂത്രണംചെയ്ത് അച്ചടക്കത്തോടെയും ഒഴുക്കോടെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമായി.
വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം; ഒരുക്കങ്ങള്‍ പൂര്‍ണം;ആദ്യ ഫല സൂചന രാവിലെ ഒൻപത് മണിയോടെ
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശിച്ചത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒൻപത് മണിയോടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുക്കങ്ങളെല്ലാം പൂര്‍ണമാണ്. ജില്ലാ കളക്ടര്‍മാരുമായി അവലോകന യോഗം ചേര്‍ന്ന് ഒരുക്കം വിലയിരുത്തിയിട്ടുണ്ട്. എല്ലാം സുതാര്യമായി തന്നെ നടക്കും. നാളെ രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും.തുടര്‍ന്ന് രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങുന്നതിനൊപ്പം പോസ്റ്റല്‍ ബാലറ്റും എണ്ണും.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് തവണയാണ് പരിശീലനം നല്‍കിയത്. സാധാരണയായി പോസ്റ്റല്‍ ബാലറ്റുകളിലാണ് പ്രശ്‌നം വരാറുള്ളത്. വോട്ടെണ്ണലിന്റെ റിയല്‍ ടൈം ഡാറ്റ മീഡിയ റൂമുകള്‍ വഴി ലഭിക്കും. എന്നാല്‍, പിഴവ് ഒഴിവാക്കാന്‍ കൂടുതല്‍ ട്രെയിനിങ് നല്‍കിയിട്ടുണ്ടെന്നും പിഴവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.
എറണാകുളത്തും കോട്ടയത്തും കനത്ത മഴ;നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി; വൻ നാശനഷ്ടം
തിരുവനന്തപുരം:കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായി മഴ. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയില്‍ രാവിലെ മുതല്‍ തുടങ്ങിയ മഴയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. കാക്കനാട് ഇൻഫോ പാർക്ക് ഉള്‍പ്പെടെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. മരോട്ടിച്ചുവട്, തമ്മനം, കാക്കനാട്, ഇടപ്പള്ളി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.വെള്ളക്കെട്ടില്‍ വൈറ്റില, കലൂർ, തൃപ്പൂണിത്തുറ, കടവന്ത്ര, കളമശ്ശേരി എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലും സഹോദരൻ അയ്യപ്പൻ റോഡ്, പാലാരിവട്ടം-കാക്കനാട്, ആലുവ-ഇടപ്പള്ളി റോഡുകളിലും ചൊവ്വാഴ്ച രാവിലെ ഗതാഗതം സ്തംഭിച്ചു.കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.തലനാട് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകൾ തകർന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ടയിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി.ഭരണങ്ങാനത്തെ ഇടമുറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപ്പൊട്ടലുണ്ടായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അപകട സാധ്യതയുള്ള പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഇലവീഴാപൂഞ്ചിറ,ഇല്ലിക്കല്‍കല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉത്തരവിട്ടു. അതേസമയം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജൂണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാംഘട്ട മണ്‍സൂണ്‍ പ്രവചനം. മെയ് 31 മുതല്‍ കേരളത്തില്‍ കാലവർഷം എത്തും. ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെ ഇന്ത്യയൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്‌ക്ക് സാധ്യത;12 ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായേക്കും.കേരളതീരം തൊടില്ലെങ്കിലും സംസ്ഥാനത്ത് മഴ കനക്കാൻ ഇത് കാരണമാകും. മേയ് മാസത്തിൽ ലഭിക്കേണ്ട വേനൽമഴയെക്കാൾ അധികം ഇത്തവണ കേരളത്തിൽ മഴ ലഭിച്ചിട്ടുണ്ട്.ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടലിലേക്കുള്ള വിനോദസഞ്ചാരങ്ങൾ പൂർണമായി നിർത്തിവയ്‌ക്കണമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.അതേസമയം, കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിന്റെ മതിൽ തകർന്നു. വിമാനത്താവളത്തിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീടുകളിൽ കയറി .ശക്തമായ മഴയിലും കാറ്റിലും തൃശ്ശൂർ നഗരത്തിൽ രണ്ടിടങ്ങളിൽ റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; നാല് ജില്ലകളിൽ റെഡ് അലെർട്ട്; ജാഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടിന്‍റെ തെക്കന്‍ തീരദേശത്തിന് മുകളിലായി ചക്രവാതചുഴിയും ഇവിടെനിന്ന് വടക്കന്‍ കര്‍ണാടകവരെ ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ വ്യാപകമാകുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു.പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് നാളെയും റെഡ് അലെർട്ട് പ്രഖ്യാപിച്ചത്. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലെർട്ടും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു.റെഡ്, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും സമീപ ജില്ലകളിലുമുള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് വിനോദസഞ്ചാര വകുപ്പിന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരണം.
തമിഴ്‌നാട്ടില്‍ കനത്ത മഴ, കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയം, 17കാരൻ മരിച്ചു
തെങ്കാശി: തെക്കൻ തമിഴ്‌നാട് ഭാഗങ്ങളില്‍ കനത്ത മഴ. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയമുണ്ടായി.പൊടുന്നനെയുള്ള കനത്ത മലവെള്ളപ്പാച്ചിലില്‍ കാണാതായ തിരുനെല്‍വേലി സ്വദേശി അശ്വിൻ(17) മരിച്ചു.കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം ജനങ്ങള്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരിയ്ക്കെയായിരുന്നു അപകടം. വെള്ളം വന്നപ്പോഴേക്ക് സഞ്ചാരികള്‍ വേഗത്തില്‍ ഓടിമാറുകയായിരുന്നു. ഇതിനിടെയാണ് അശ്വിൻ ഒഴുക്കിള്‍പ്പെടുന്നത്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികള്‍ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകട സാദ്ധ്യതയുള്ളതിനാല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.അടുത്ത മൂന്ന് ദിവസത്തേക്ക് തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പാണ്. ഒപ്പം മണ്ണിടിച്ചിലിനുള്ള സാദ്ധ്യതാ മുന്നറിയിപ്പുമുണ്ട്. നീലഗിരി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഊട്ടിയടക്കം വിവിധ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതല്‍ 20 വരെ നിരോധിച്ചെന്ന് നീലഗിരി ജില്ലാ കളക്‌ടർ എം. അരുണ അറിയിച്ചു.
ഇളവുകള്‍ നല്‍കി ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാന്‍ തീരുമാനം;സമരം പിൻവലിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ
തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണത്തിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് സ്കൂൾ യൂണിയനുകളും ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പരിഷ്കരണത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്നും പരിഷ്കരിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഈ തീരുമാനത്തോടെ സമരം പിൻവലിക്കാൻ ഡ്രൈവിംഗ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനമായി.ഡ്രൈവിംഗ് ടെസ്റ്റിൽ രണ്ട് വശവും ക്ലച്ചും ബ്രേക്കുമുള്ള വാഹനം ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ഡാഷ് ബോർഡ് ക്യാമറ ഉണ്ടാകും. ഒരു എംവിഡി ഉള്ള സ്ഥലത്ത് പ്രതിദിനം 40 പേർക്ക് ടെസ്റ്റ് നടത്തും. രണ്ട് എംവിഡിയുള്ള സ്ഥലത്ത് 80 പേർക്കും ടെസ്റ്റ് നടത്താം. പരിശീലനത്തിന് ഏകീകൃത ഫീസ് ആയിരിക്കും. ആദ്യം എച്ച് പരീക്ഷ, പിന്നീട് ടെസ്റ്റ് എന്നിങ്ങനെയായിരിക്കും.നിലവില്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭ്യമായതും ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടതുമായ 2,24,972 അപേക്ഷകരാണ് ഉള്ളത്. പത്തു ലക്ഷത്തില്‍പ്പരം അപേക്ഷകള്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ പ്രായോഗിക ബുദ്ധിമുട്ടു പരിഹരിക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടീമുകള്‍ ടെസ്റ്റ് നടത്തുന്നതിനായി രൂപീകരിക്കുന്നതാണ്. അതതു റീജിയണിലെ ആര്‍.ടി.ഒമാര്‍ സബ് ഓഫീസുകളിലെ ജോയിന്റ് ആര്‍.ടി.ഒമാരുമായി നിലവിലെ സ്ഥിതി വിലയിരുത്തി വേണ്ട നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുന്നതാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.