ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 361 ആയി.ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയര്‍ന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.ദിനംപ്രതി മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു. വുഹാനില്‍നിന്ന് 800 കിലോമീറ്റര്‍ മാറിയുള്ള കിഴക്കന്‍ നഗരമായ വെന്‍ഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് വെന്‍ഷൂ. അതേസമയം ഭീതി വിതച്ച് കൊറോണ വൈറസ് ചൈനയില്‍ പടർന്ന്പിടിക്കുമ്പോൾ ആവശ്യത്തിന് മാസ്‌കുകളും മറ്റ് പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാന്‍ നഗരം ദുരിതത്തിലാണ്.കൊറോണ ബാധയുള്ളവരെ ചികിത്സിക്കുന്ന 7 ആശുപത്രികളാണ് വുഹാനിലുള്ളത്.ഇവിടെയെല്ലാം മെഡിക്കല്‍സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുകയാണ്. എന്നാല്‍ കൊറോണ ബാധിതരെ ചികിത്സിക്കാത്ത ആശുപത്രികളില്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു.ജീവന്‍ പണയം വച്ച് തങ്ങള്‍ ജോലി ചെയ്യുമ്പോഴും റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മയും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവുമാണ് ഈ അവസ്ഥക്ക് കാരണമെന്ന ആരോപണമാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വസ്തുക്കള്‍ അര്‍ഹിക്കുന്ന കരങ്ങളിലെത്തിക്കാന്‍ റെഡ് ക്രോസിന് കഴിയുന്നില്ലെന്നും പരാതി ഉയരുന്നു.
കൊറോണ വൈറസിന് പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്
ബെയ്‌ജിങ്:കൊറോണ വൈറസിന് പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്.ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് എച്ച്5എന്‍1 പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാന് സമീപമുള്ള പ്രവിശ്യയാണ് ഹുനാന്‍.ഷുവാങ്കിംഗ് ജില്ലയിലെ ഷായാങ് നഗരത്തിലുള്ള ഒരു ഫാമിലാണ് പക്ഷിപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്നതെന്ന് ചൈനയിലെ കൃഷി ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു. ഈ ഫാമില്‍ 7850 കോഴികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 4500 എണ്ണം ചത്തു. പക്ഷിപ്പനി അതിവേഗം പടരുന്നത് കണക്കിലെടുത്ത് പ്രവിശ്യയിലുള്ള 17,828 ഫാമുകളിലുള്ള കോഴികളെ കൊന്നൊടുക്കിയതായും മന്ത്രാലയം അറിയിച്ചു.അതേസമയം, രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നാണ് നിലവില്‍ വരുന്ന വിവരം.4,500ലേറെ പക്ഷികള്‍ ചത്തിട്ടുണ്ടെന്നും ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിടുന്നതെന്നും അധികൃതര്‍ അറിയിച്ചു.
തെരുവില്‍ മരിച്ചുവീണ് മനുഷ്യന്‍;പേടി കാരണം തിരിഞ്ഞു നോക്കാതെ നാട്ടുകാര്‍;കൊറോണ വൈറസ് ഭീതിപരത്തുന്ന വുഹാൻ തെരുവിലെ കാഴ്ച
ചൈന: തെരുവില്‍ മരിച്ചുവീണ് കിടക്കുന്ന മനുഷ്യന്‍.പേടി കാരണം മൃതദേഹത്തെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നാട്ടുകാര്‍.കൊറോണ വൈറസ് താണ്ഡവമാടുന്ന വുഹാൻ തെരുവിലെ കാഴ്ചയാണിത്.മുഖത്ത് മാസ്ക് ധരിച്ച നരച്ച തലമുടിക്കാരനാണ് തെരുവിൽ മരിച്ചുവീണു കിടക്കുന്നത്.കൈയില്‍ ഒരു ക്യാരി ബാഗ് മുറുകെ പിടിച്ചിട്ടുണ്ട്. ഒരാള്‍ പോലും നിലത്തു കിടക്കുന്ന ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല. ഏറ്റവും ഒടുവില്‍ പൊലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും മൃതദേഹത്തിന്. കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് അടുക്കുന്നു പോലുമില്ല.ചൈനയില്‍ മാത്രം ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 213 പേരാണ്. ഇതില്‍ 159 മരണങ്ങളും വുഹാനിലാണ്. കൊറോണ പൊട്ടിപ്പുറപ്പെടുന്നതുവരെ വുഹാന്‍ ജനത്തിരക്കേറിയ നഗരമായിരുന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ തെരുവില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കുന്നില്ല. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പോലും അപൂര്‍വമായി കഴിഞ്ഞു.ഒരാള്‍ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞ് മരിച്ചാല്‍ പോലും കൊറോണയെ ഭയന്ന് ആരും ആരെയും സഹായിക്കാനെത്താത്ത ഭീകരാവസ്ഥയാണ് ചൈനയില്‍. ആശുപത്രികളിലുടനീളം രോഗികളുടെ നീണ്ട നിരയാണ്. ഇതില്‍ രണ്ട് ദിവസമായി ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നവരുണ്ട്. പലരും വീട്ടില്‍ നിന്ന് കസേരയുമെടുത്താണ് ഡോക്ടറെ കാണാന്‍ എത്തിയിരിക്കുന്നത്. മറ്റൊരാള്‍ ഇരുന്ന കസേരയില്‍ പോലും ആരും ഇരിക്കാന്‍ തയാറാകുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വുഹാന്‍ ഉള്‍പ്പെടെ കൊറോണ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അത്യാവശ്യ കാര്യങ്ങള്‍ക്ക് നടന്നു പോകുകയൊ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്. വുഹാന്റെ തെരുവുകളിലൂടനീളം ആംബുലന്‍സുകള്‍ ചീറിപ്പായുന്ന കാഴ്ചയും സര്‍വ സാധാരണമായിരിക്കുകയാണ്.
കൊറോണ വൈറസ് ബാധ;ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ജെനീവ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ആഗോള അടിയന്തരാവസ്ഥ ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു.ആരോഗ്യ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് വൈറസ് പടരുന്നത് അതീവ ഗുരുതര സാഹര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 9171 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ഇതില്‍ 213 പേര്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇത് കൂടാതെ 102,000 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു.എല്ലാ രാജ്യങ്ങളും പരമാവധി വിഭവങ്ങൾ സമാഹരിച്ച് കൊറോണ പ്രതിരോധ നടപടികൾ ശക്തമാക്കണം. അവികസിത രാജ്യങ്ങൾക്ക് സാധ്യമായ പിന്തുണ നൽകാൻ ലോകബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളും സമ്പന്ന രാജ്യങ്ങൾ തയാറാകണം. രോഗനിർണയം, മുൻകരുതൽ നടപടികൾ, ചികിൽസാ സൗകര്യം എന്നിവക്കായി വ്യക്തമായ പദ്ധതി ആവിഷ്കരിക്കാനും മുഴുവൻ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന നിർദേശിച്ചു.യു.എന്നിനു കീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ഇതോടെ അംഗരാജ്യങ്ങൾ നിർബന്ധിതമാകും.ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നതാണ്. എന്നാൽ ചൈനയിൽ മാത്രം ആശങ്ക പരിമിതപ്പെടുത്തിയാൽ മതിയെന്നായിരുന്നു തീരുമാനം.ചൈനയിൽ നിന്നല്ലാതെ അമേരിക്കയിൽ തന്നെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൊറോണ പകർന്ന സംഭവം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കൊറോണ വൈറസ് ബാധ;ചൈനയില്‍ മരണം 170; ലോകാരോഗ്യസംഘടനയുടെ അടിയന്തര യോഗം ഇന്ന്
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. പുതുതായി 1000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ലോകം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.വിഷയം ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന ഇന്ന് അടിയന്തര യോഗം ചേരും.കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 16ലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. മുമ്പ് സാധാരണ നിലയിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതില്‍ ഖേദിക്കുന്നതായും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുന്നതായും ഡബ്ല്യൂ.എച്ച്.ഒ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആഗോള അടിയന്താരാവസ്ഥ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത് ധൃതിപിടിച്ച തീരുമാനായിരിക്കുമെന്നും ഇക്കാര്യത്തില്‍ കൂടിയാലോചനക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെന്‍ഡ്രോസ് അഥേനോം ഗബ്രിയാസിസ്‍ പറഞ്ഞു.ചൈനയുടെ മറ്റ് മേഖലകളിലും മറ്റ് രാജ്യങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.രോഗം വ്യാപിക്കുന്നത് തടയാന്‍ ശരിയായ നടപടിയാണ് ചൈന കൈക്കൊണ്ടിരിക്കുന്നത്. നടപടികള്‍ ഫലപ്രദവും ഹ്രസ്വകാലത്തേക്കുമാത്രമായി ഉള്ളതാണെന്നുമാണ് മനസിലാക്കുന്നത്. സഞ്ചാരവും വ്യാപാരവും തടയുന്ന രീതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഡബ്ല്യൂ.എച്ച്.ഒ ശിപാര്‍ശ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചൈനയിലെത്തുകയും രോഗവ്യാപനം സംബന്ധിച്ച് പഠനം നടത്തുകയും ചെയ്യും. കൊറോണ ബാധിതര്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും അഞ്ചില്‍ ഒന്ന് രോഗികള്‍ക്ക് മാത്രമേ ന്യുമോണിയ, ശ്വാസ തടസ്സം പോലുള്ള ലക്ഷണങ്ങളുള്ളൂ എന്നുമാണ് നിഗമനം. അതേസമയം വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്ന് തങ്ങളുടെ പൌരന്‍മാരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബ്രിട്ടീഷ് എയര്‍ വേയ്സ്, ലയണ്‍ എയര്‍ അടക്കമുള്ള വിമാനക്കമ്പനികള്‍ ചൈനയില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോര്‍ട്ട്;ആശങ്കയിൽ ലോകം
ബെയ്‌ജിങ്:ചൈനയിലെ വുഹാനില്‍ നിന്നു പടര്‍ന്ന നിഗൂഢമായ കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലോകം മുഴുവനും അതിവേഗം പടര്‍ന്നുപിടിച്ച അതി മാരകമായ കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോര്‍ട്ട്. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫിസറുമായ ഡാനി ഷോഹത്തിന്റേതാണു നിഗമനം.ചൈനീസ് നഗരമായ വുഹാനില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം. “ചൈനയുടെ ഏറ്റവും നൂതന വൈറസ് ഗവേഷണ ലബോറട്ടറിയായ ”വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി” ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യ ജീവനു ഹാനികരമാവുന്ന മാരക വൈറസുകളെയും നിര്‍മിക്കുന്ന ചൈനയിലെ ഏക ലബോറട്ടറിയാണിത്. ലബോറട്ടറിയില്‍ നിന്നും പുറത്തുപോയ ഒരു വ്യക്തിയില്‍ അണുബാധ ഉണ്ടായതോ, പരീക്ഷണത്തിനിടെ ചോര്‍ന്നതോ ആവാം വൈറസ് പുറത്തേക്ക് പോയതെന്നാണ് ഷോഹാമിന്റെ നിഗമനം. എന്നാല്‍ ഇതിനാവശ്യമായ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ തെറ്റായ പല അഭ്യൂഹങ്ങലും അമേരിക്കയ്ക്കെതിരായി ചൈനീസ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണ്‍ ടൈംസിനോട് പറഞ്ഞു. വ്യാപാരയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകര്‍ക്കാന്‍ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്നു ചൈനയിലും പ്രചാരണമുണ്ട്. അണുവായുധങ്ങള്‍ പ്രചരിപ്പിക്കാനുള്ള യു.എസ് ഗൂഢാലോചനയുടെ ഭാഗമാണ് വൈറസ് എന്നും ചൈന അവകാശപ്പെടുന്നുണ്ട്.ആക്രമണാത്മക ജൈവ ആയുധങ്ങള്‍ തങ്ങളുടെ കയ്യില്‍ ഇല്ലെന്ന് ചൈന മുൻപ് പറഞ്ഞിരുന്നു.എന്നാല്‍ ചൈന രഹസ്യമായ ജൈവ യുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ വര്‍ഷം ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ആശങ്കയിൽ ലോകം;കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കഴിഞ്ഞു;1300 പേർക്ക് രോഗം സ്ഥിതീകരിച്ചു
ബെയ്‌ജിങ്:ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി.1300 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 4000ത്തിലധികമായി.മരിച്ചവരില്‍ മിക്കവരും വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത ഹുബൈ പ്രവിശ്യയിലുള്ളവരാണ്. രോഗികളുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് തിങ്കളാഴ്ച ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.സ്ഥിതിഗതികള്‍ വിലയിരുത്താനായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ചൈനയിലെത്തി. വൈറസ് ബാധയുടെ വ്യാപ്തി വലുതാണെന്നും രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും കര്‍ശന മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതില്‍ 281 പേര്‍ വീട്ടിലും ഏഴ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പരിശോധനാഫലങ്ങളിലൊന്നും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രണ്ട് പേര്‍ക്ക് എച്ച് വണ്‍, എന്‍ വണ്‍ ബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായവരുടെ രക്തസാമ്ബിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇന്നു ഫലം കിട്ടുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസ താരം കോബി ബ്രയന്റും മകളും ഉള്‍പ്പെടെ 9 പേര്‍ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
കാലിഫോർണിയ:അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസ താരം കോബി ബ്രയന്റും മകളും ഉള്‍പ്പെടെ 9 പേര്‍ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.പതിമൂന്നുകാരിയായ മകളെ ബാസ്കറ്റ് ബോള്‍ പരിശീലനത്തിനായി കൊണ്ടു പോകും വഴി കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയിലാണ് അപകടം ഉണ്ടായത്.മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. കോബിയുടെ സ്വകാര്യ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ആരെയും രക്ഷപെടുത്താന്‍ സാധിച്ചില്ല. എക്കാലത്തെയും മികച്ച ബാസ്ക്കറ്റ് ബോള്‍ താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോബി ബ്രയന്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കായിക ലോകം. ബാസ്ക്കറ്റ് ബോള്‍ ചരിത്രത്തില്‍ നിരവധി നേട്ടങ്ങള്‍ക്ക് ഉടമയായ കോബി, രണ്ട് തവണ ഒളിംപിക് സ്വര്‍ണ്ണം നേടിയിട്ടുണ്ട്.2007-2008 കാലഘട്ടത്തിലെ എന്‍ബിഎ താരങ്ങളില്‍ ഏറ്റവും വിലയേറിയ താരമായിരുന്നു കോബി. എന്‍ബിഎ ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന സ്കോര്‍ നേട്ടത്തിനുടമയാണ് കോബി .
കൊറോണ വൈറസ്;ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി,1287 പേർ ചികിത്സയിൽ
ബെയ്‌ജിങ്:ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. ഇതില്‍ 237 പേരുടെ നില അതീവ ഗുരുതരമാണെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.വൈറസ് ബാധ വ്യാപകമാകുന്നതിനെ തുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് വന്‍മതിലിന്റെ ബാഡാലി ഭാഗവും ഷാങ്ഹായിയിലെ ഡിസ്‌നി ലാന്‍ഡും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.നാളെ നടത്താനിരുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങ് ഇന്ത്യന്‍ എംബസിയും റദ്ദാക്കി.സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചിട്ടു. വുഹാന്‍, ഷുവാഹ്ഗാങ്, ഊജൗ, ചിബി, ഷിജിയാങ് നഗരങ്ങളാണ് അടച്ചിട്ടത്.നാലുകോടിയോളംപേരാണ് ഈ നഗരങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.ചൈനക്ക് പുറമെ അയല്‍ രാഷ്ട്രങ്ങളായ ജപ്പാന്‍, തായ്‌ലാന്‍ഡ്, തായ് വാന്‍, വിയറ്റ്‌നാം, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും അമേരിക്ക, സൗദി രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.കൊറോണ വൈറസ് യൂറോപ്പിലേക്കും പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദിയിൽ മലയാളി നഴ്സിന് പിടിപെട്ടത് കൊറോണ വൈറസ് അല്ല,മെർസ്;സൗദിയിൽ കൊറോണ വൈറസ് ഇല്ലെന്നും ആരോഗ്യമന്ത്രാലയം
റിയാദ്: ആഗോളതലത്തില്‍ ഭീതി പടര്‍ത്തി ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് സൗദിയില്‍ ഇല്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം.ചൈനയില്‍ 25 പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ട്വിറ്ററില്‍ അറിയിച്ചു.മലയാളി നഴ്‌സിനു ബാധിച്ചത് കൊറോണ വൈറസ് അല്ലെന്നും മിഡില്‍ ഈസ് റസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) ആണെന്നും ഇതു നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കുറിപ്പിലുണ്ട്.ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസല്ല മലയാളി നഴ്‌സിനെ ബാധിച്ചതെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.വ്യാഴാഴ്ച വൈകിട്ടാണ് മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.അതേസമയം കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അസീറിലെ നാഷണല്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. കൊറോണ വൈറസ് ബാധിച്ച സഹപ്രവര്‍ത്തകയായ ഫിലിപ്പീന്‍സ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്‌സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയില്‍ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്‌സുമാര്‍ക്കും രോഗമില്ല.