ബീയ്ജിംഗ്: കൊറോണ ബാധിച്ച് ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 1016 ആയി.ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്.രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട ഹുബെയ് പ്രവിശ്യയിലാണ് എല്ലാ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രോഗം പൊട്ടിപ്പുറപ്പെട്ടശേഷം ഒറ്റദിവസം ഇത്രയും പേര്‍ മരിക്കുന്നത് ആദ്യമാണ്.6000 ത്തിലധികം പേരാണ് ചികിത്സയിലുള്ളത്.മൂന്ന് ലക്ഷത്തിലധികം പേരാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് പടരുന്നത് നിയന്ത്രണവിധേയമാക്കാനായിട്ടില്ലാത്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.ആഗോളതലത്തില്‍ ഇതുവരെ 42,500 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഹുബെയ് പ്രവിശ്യയില്‍ തിങ്കളാഴ്ച മാത്രം 2,097 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഹുബെയില്‍ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 31,728 ആയി ഉയര്‍ന്നു. ഇതില്‍ 1,298 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ചൈനയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അയവ് വരുത്തിയിട്ടുണ്ട്. ഫാക്ടറികളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.ചൈനീസ് പ്രഡിഡന്റ് ഷീ ജിന്‍ പിങ് കഴിഞ്ഞ ദിവസം രോഗബാധിതര്‍ കഴിയുന്ന ആശുപത്രി സന്ദര്‍ശിച്ചിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നായിരുന്നു പ്രസിഡന്റ് പ്രതികരിച്ചത്.
ജപ്പാനില്‍ പിടിച്ചിട്ട ആഡംബര കപ്പലിലെ 66 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു; കപ്പലില്‍ ഇന്ത്യന്‍ ജീവനക്കാരും
ടോക്കിയോ:ജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ 66 യാത്രക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതൊടെ കപ്പലില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 136 ആയി. ഇന്നലെ 70 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 3711 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതേ കപ്പലില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് ഹോങ്കോങ്ങില്‍ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കപ്പല്‍ യോകോഹാമ തീരത്ത് തടഞ്ഞിട്ടത്.അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ യാത്രക്കാരെ പുറത്തുവിടു.അതിനിടെ കപ്പലില്‍ 160ഓളം ഇന്ത്യന്‍ ജീവനക്കാര്‍ ഉണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇവരിലൊരാള്‍ സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ ഫേസ്‌ബുക്ക് വഴി പുറത്തെത്തിയിരുന്നു.യാത്രക്കാരിലും ഇന്ത്യക്കാരുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും വ്യക്തമാക്കി. ഇവരില്‍ ആര്‍ക്കും വൈറസ് ബാധയേറ്റിട്ടില്ലെന്നും കാര്യങ്ങള്‍ സസൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ജയ്‌ശങ്കര്‍ ട്വീറ്റ് ചെയ്‌തു.
ഓസ്‌കര്‍ 2020:വാക്കിന്‍ ഫീനിക്‌സ് മികച്ച നടന്‍;നടി റെനി സെല്‍വഗര്‍; സഹനടന്‍ ബ്രാഡ്പിറ്റ്
ലോസ് ഏഞ്ചൽസ്:92 ആമത് ഓസ്‌കര്‍ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും അവതാരകനില്ലാതെയാണ് ചടങ്ങ് നടക്കുന്നത്. കെവിന്‍ ഹാര്‍ട്ടായിരുന്നു കഴിഞ്ഞ തവണ അവതാരകനായി എത്തേണ്ടിയിരുന്നത്.എന്നാല്‍ സ്വവര്‍ഗരതിയെക്കുറിച്ച് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വിവാദമായതോടെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടതായി വരികയായിരുന്നു.മികച്ച നടനുള്ള അവാര്‍ഡ് നേടിയത് വാക്വീന്‍ ഫീനിക്സാണ്. ജോക്കറിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം ഓസ്‌കര്‍അവാര്‍ഡ് നേടിയത്.റെനി സെല്‍വഗറാണ് മികച്ച നടി. ജൂഡിലെ അഭിനയത്തിലൂടെയാണ് റെനിക്ക് പുരസ്കാരം ലഭിച്ചത്. പാരസൈറ്റിലൂടെ ബോങ് ജൂ ഹോയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ബ്രാഡ്പിറ്റാണ് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ അഭിനയത്തിലൂടെയാണ് ബ്രാഡ്പിറ്റിന് ഓസ്‌കര്‍ ലഭിച്ചത്. മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ഹെയര്‍ ലവിനാണ്. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള അവാര്‍ഡ് ബുന്‍ ജൂന്‍ ഹോയ്ക്കാണ് ലഭിച്ചത്. പാരസൈറ്റിലൂടെയാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ കൊറിയന്‍ സിനിമ കൂടിയാണ് പാരസൈറ്റ്.ദ നെയ്‍ബേഴ്‍സ് വിന്‍ഡോയാണ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമായി തിരഞ്ഞെടുത്തത്.മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടിയത് ലിറ്റില്‍ വിമനാണ്.മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുരസ്കാരം വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിനാണ് ലഭിച്ചത്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം ഫോര്‍ഡ് V ഫെറാറിക്കാണ് ലഭിച്ചത്. ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി നിര്‍മിച്ച 1917നാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ്. ഈ സിനിമയിലൂടെ റോജര്‍ ഡീകിന്‍സിന് മികച്ച ഛായാഗ്രഹണണത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1917 നാണ് മികച്ച വിഷ്വല്‍ എഫക്ടിനുള്ള പുര്സകാരം ലഭിച്ചത്. ഈ ചിത്രത്തിന് 10 നോമിനേഷന്‍ ലഭിച്ചിരുന്നു. മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയത് റോക്കറ്റ്മാനായിരുന്നു.
കൊറോണ വൈറസ് ;ചൈനയില്‍ മരിച്ചവരുടെ എണ്ണം 717 ആയി
ബെയ്‌ജിങ്:ചൈനയിൽ ഭീതി വിതച്ച് കൊറോണ വൈറസ് പടർന്നുപിടിക്കുന്നു.കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 717 ആയി. 3143 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കവിഞ്ഞു. അതേസമയം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ കേസുകള്‍ കുറഞ്ഞതായും രോഗം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനയാണിതെന്നും അധികൃതര്‍ അറിയിച്ചു.നിലവില്‍ ചൈനയെ കൂടാതെ 27 രാജ്യങ്ങളിലായി 320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കി. ഒരു പ്രത്യേക കാര്യത്തിനായി ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീര്‍ഘകാല പോരാട്ടത്തെയാണ് ജനകീയ യുദ്ധം എന്നു വിശേഷിപ്പിക്കുന്നത്.അമേരിക്കയില്‍ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ നടത്തിയ പരിശോധനയില്‍ 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.അതേസമയം കേരളത്തില്‍ മൂന്നു പേര്‍ക്ക് നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചു.വുഹാനില്‍നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ 67 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. മാത്രമല്ല രോഗം സ്ഥിരീകരിച്ച മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഈ സാഹചര്യത്തിലാണ് ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചത്.
കൊറോണ വൈറസ് ബാധയെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി
ബെയ്ജിങ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെക്കുറിച്ച് ലോകത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ മരിച്ചു.ഡോക്ടര്‍ ലീ വെന്‍ലിയാ(34)ങ്ങാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ. ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചൈനയിലെ വൂഹാന്‍ പ്രവിശ്യയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലൂടെയാണ് ലീ പുറം ലോകത്തെ അറിയിച്ചത്. വീ ചാറ്റിലെ ഒരു ഗ്രൂപ്പില്‍ ലീ പങ്കുവെച്ച മെസേജാണ് ഈ രോഗത്തെ കുറിച്ച് പുറം ലോകത്തിന് ആദ്യം മനസ്സിലാക്കി കൊടുത്തത്.അതേസമയം ചാറ്റ് ഗ്രൂപ്പില്‍ ലീ നല്‍കിയ ഈ മുന്നറിയിപ്പ് വ്യാജമാണെന്ന് അറിയിച്ച് അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയുണ്ടാകും എന്നുവരെ അധികൃതര്‍ ലീയെ അറിയിച്ചു. ആവര്‍ത്തിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു രേഖാമൂലം മുന്നറിയിപ്പും നല്‍കി. അഭ്യൂഹപ്രചാരണത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ വൈകാതെ പോലീസ് അന്വേഷണവും ആരംഭിച്ചു. വൈറസ്‌ബാധിതരായി മരണത്തിനു കീഴടങ്ങിയവരുടെ എണ്ണം ചൈനയില്‍ അനുദിനം പെരുകിയതോടെയാണു ലീയുടെ ആശങ്ക അസ്‌ഥാനത്തായിരുന്നില്ലെന്ന് അധികൃതര്‍ക്കു ബോധ്യമായത്. ഇതേത്തുടര്‍ന്നു വുഹാന്‍ ഭരണകൂടം അദ്ദേഹത്തോട് മാപ്പുചോദിച്ചിരുന്നു. ഇതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ലീ കഴിഞ്ഞമാസം 12 ന് ആശുപത്രിയിലായി. കഴിഞ്ഞ ഒന്നിനു രോഗം സ്‌ഥിരീകരിച്ചതിനുപിന്നാലെ ഇക്കാര്യം വ്യക്‌തമാക്കി ആശുപത്രിക്കിടക്കയില്‍നിന്ന് ലീ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തിരുന്നു. തന്റെ വാക്കുകള്‍ക്ക് വിലകൊടുത്തിരുന്നെങ്കില്‍ രോഗം ഇത്ര വ്യാപകമാകുകയില്ലെന്നായിരുന്നു അവസാന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 563 ആയി
വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി.ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്.ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.നിലവില്‍ 25 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു.ഏറ്റവും ഒടുവില്‍ അമേരിക്കയില്‍ 12ആമത്തെ ആളില്‍ വൈറസ് കണ്ടെത്തി.ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിച്ചത് ജപ്പാനിലാണ്,33 പേര്‍ക്ക്.വുഹാനില്‍ നിന്ന് പൌരന്മാരെ തിരികെ കൊണ്ടുവരാനുള്ള വിവിധ രാജ്യങ്ങളുടെ ശ്രമവും തുടരുകയാണ്. കനേഡിയന്‍ പൌരന്മാര്‍ ചൈനയില്‍ നില്‍ക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം വാക്സിന്‍ കണ്ടുപിടിക്കാനായി ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ ശ്രമം തുടരുകയാണ്. ഈ മാസം 11, 12 തിയതികളില്‍ ജനീവയില്‍ ലോകാര്യോഗ്യ സംഘടനയിലെ വിദഗ്ധര്‍ യോഗം ചേരും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 675 മില്ല്യണ്‍ ഡോളര്‍ തുകയും ഡബ്ല്യൂ.എച്ച്.ഒ അനുവദിച്ചു.
കൊറോണ വൈറസ്;സര്‍വകലാശാലകളില്‍ നിന്ന് മടങ്ങിയ മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവരെ തിരികെ വിളിച്ച് ചൈന
ബെയ്‌ജിങ്:കൊറോണ വൈറസ് പടർന്നുപിടിച്ചതിനെ തുടർന്ന് സര്‍വകലാശാലകളില്‍ നിന്ന് മടങ്ങിയ മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവരെ തിരികെ വിളിച്ച് ചൈനയിലെ സർവ്വകലാശാലകൾ. ഈ മാസം 23 ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അറിയിപ്പ്. അറിയിപ്പ് ലഭിച്ചവരില്‍ അറുപതോളം മലയാളി വിദ്യാര്‍ത്ഥികളും ഉൾപ്പെടുന്നു.അറിയിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. നിലവിലെ സാഹചര്യം അറിയിച്ചിട്ടും സര്‍വകലാശാലകള്‍ തങ്ങളുടെ നിലപാട് മാറ്റാന്‍ തയ്യാറാകുന്നില്ലെന്ന് അവര്‍ പറയുന്നു.എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍.ഇതുവരെ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 490 ആയി. നിലവില്‍ 24,000കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്നലെ മാത്രം 65 പേരാണ് മരണപ്പെട്ടത്.
കൊറോണ വൈറസ്;ചൈനയിൽ മരണസംഖ്യ 425 ആയി;യുഎസ് സഹായം സ്വീകരിക്കാന്‍ തയ്യാറായി ചൈന
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 425 ആയി. തിങ്കളാഴ്ച മാത്രം 64പേരാണ് ചൈനയില്‍ മരണമടഞ്ഞിട്ടുള്ളതെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബെയില്‍ നിന്നാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.20,400 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചു.24 രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈറസ് പടരുന്നതു സംബന്ധിച്ച് ബെയ്ജിംഗ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ കഠിന ശിക്ഷ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഷി ചിന്‍പിംഗ് മുന്നറിയിപ്പ് നല്‍കി.ചൈനയ്ക്ക് പുറത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യുഎസ് സഹായം സ്വീകരിക്കാന്‍ ചൈന തയ്യാറായി.വാഷിംഗ്ടണ്‍ ലോകത്തെ ഭയപ്പെടുത്തുകയാണെന്ന് ആരോപിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ചൈനയുടെ നിലപാട് മാറ്റം.അമേരിക്ക ഭയപ്പെടുത്തല്‍ നടത്തിയത് മൂലമാണ് തങ്ങളുടെ വിപണി 8% തകര്‍ന്നതെന്നാണ് ചൈന നേരത്തെ പരാതിപ്പെട്ടത്. ചൈനയില്‍ നിന്നും യാത്ര ചെയ്യുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയതാണ് ചൈനയെ ചൊടിപ്പിച്ചത്. എന്നാല്‍ വൈറസ് ബാധ പടര്‍ന്നതോടെ സഹായം സ്വീകരിക്കാന്‍ തയ്യാറാണെന്ന നിലപാടിലേക്ക് അവര്‍ മാറി. ‘സഹായം നല്‍കാന്‍ തയ്യാറാണെന്ന യുഎസിന്റെ നിലപാട് അനുസരിച്ച് അത് ഉടന്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ’, വിദേശമന്ത്രാലയ വക്താവ് ഹവാ ചുന്‍യിംഗ് അറിയിച്ചു.
ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് രണ്ട് മരണം
ജിദ്ദ:ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് രണ്ട് മരണം.മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്റെ സുഹൃത്ത് അമീനിന്റെ മകന്‍ അര്‍ഹാം (നാല്) എന്നിവരാണ് മരിച്ചത്. ഷമീമിന്റെ ഭാര്യ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവര്‍ക്ക് പരിക്കേറ്റു. ഷമീമിന്റെ മക്കളായ അയാന്‍, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു.ഇവർക്കും നിസാര പരിക്കുണ്ട്.റിയാദില്‍ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും കുടുംബവുമൊത്ത് മക്കയില്‍ ഉംറയ്ക്ക് പോയി മടങ്ങുകയായിരുന്നു. റിയാദ് – ജിദ്ദ ഹൈവേയില്‍ റിയാദില്‍ നിന്ന് 300 കിലോമീറ്ററകലെ ഹുമയാത്ത് പൊലീസ് പരിധിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടമുണ്ടായത്.അഷ്മില, ഷാനിബ എന്നിവരെ അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നു. പരിക്കേറ്റ അയാന്‍, സാറ എന്നീ കുട്ടികള്‍ അല്‍ഖസ്‌റ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ ഹുമയാത്തിന് സമീപം അല്‍ഖസ്‌റ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്.
കൊറോണ വൈറസ് ബാധ:ഒൻപത് ദിവസംകൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച് ചൈന
ചൈന:കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ രോഗികളെ ചികിത്സിക്കുന്നതിനായി ഒൻപത് ദിവസംകൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച് ചൈന.വുഹാന്‍ തലസ്ഥാനമായ ഹ്യുബയില്‍ ജനുവരി 23ന് നിര്‍മാണമാരംഭിച്ച ആശുപത്രിയുടെ പണി ഞായറാഴ്ചയോടെ പൂര്‍ത്തിയായി. ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്.ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും പോലീസുകാരുമുള്‍പ്പെടെ നിരവധി ആളുകളുടെ സഹായത്തോടെയാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.