ന്യൂഡൽഹി:വാക്സിന് കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകനാണ് വിപരീത ഫലം കാണിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന് പരീക്ഷണം നിര്‍ത്തിവച്ച കാര്യം അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.ഒരാള്‍ക്ക് അജ്ഞാതമായ രോഗം വന്നതിനെ തുടർന്ന് കമ്പനിയുടെ വാക്സിന് പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് ആസ്ട്രാസെനെക പ്രസ്താവനയില്‍ പറഞ്ഞു. പരീക്ഷണങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനിടയില്‍ സുരക്ഷാ ഡാറ്റ പരിശോധിക്കാന്‍ ഗവേഷകര്‍ക്ക് സമയം നല്‍കാനാണ് ഈ നീക്കമെന്ന് കമ്പനി അറിയിച്ചു.മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാല്‍ കേസിന്റെ സ്വഭാവമോ എപ്പോള്‍ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല.ജൂലൈ 20നാണ് ഓക്സ്ഫഡ് ആദ്യം കോവിഡ് വാക്സിന് വികസിപ്പിച്ചെടുത്തത്. ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വാക്സിൻ പ്രതീക്ഷകൾക്കേറ്റ താൽക്കാലിക തിരിച്ചടിയായാണ് ശാസ്ത്ര ലോകം ഇതിനെ വിലയിരുത്തുന്നത്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനെക അറിയിച്ചു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു.ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്സിന് വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു.
കോവിഡ് രോഗ വ്യാപനം രണ്ട് വര്‍ഷത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ:കോവിഡ് രോഗ വ്യാപനം രണ്ട് വര്‍ഷത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തമാക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടുണ്ട്.മാസ്ക് ധരിക്കുന്നത് മുതല്‍ ജനക്കൂട്ടത്തെ ഒഴിവാക്കുന്നത് വരെ, ആരോഗ്യ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ മറികടക്കാന്‍ ലോകത്തിന് കഴിയുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറയുന്നു.1918-ല്‍ റിപ്പോര്‍ട്ട് ചെയ്ത സ്പാനിഷ് ഫ്ളൂ മറികടക്കാന്‍ രണ്ടുവര്‍ഷമെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാല്‍ അന്നത്തേതില്‍ നിന്ന് വിഭിന്നമായി സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുളളില്‍ വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്നും ടെഡ്രോസ് പറഞ്ഞു.’ഇക്കാലത്ത് ആളുകള്‍ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങള്‍ കൂടുതലായതിനാല്‍ വൈറസ് വ്യാപനത്തിനുളള സാധ്യതയും കൂടുതലാണ്. അതേസമയം, നമുക്കത് തടയാനുളള സാങ്കേതികതകളുണ്ട്, തടയാനുളള അറിവുണ്ട്’, ടെഡ്രോസ് പറഞ്ഞു.സ്പാനിഷ് ഫ്ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്. 22.7 ദശലക്ഷം ആളുകളെ കൊറോണ വൈറസ് ബാധിച്ചപ്പോള്‍ ഏകദേശം എട്ടുലക്ഷത്തോളം പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘പിപിഇയുമായി ബന്ധപ്പെട്ട അഴിമതി, എന്നെ സംബന്ധിച്ചിടത്തോളം അത് കൊലപാതകത്തിന് തുല്യമാണ്. കാരണം പിപിഇ കിറ്റ് ധരിക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിചെയ്യുന്നത് അവരുടെ ജീവനുതന്നെ വെല്ലുവിളിയുയര്‍ത്തിയേക്കാം. അത് അവര്‍ പരിപാലിക്കുന്ന ആളുകളുടെ ജീവനും ഭീഷണി ഉയര്‍ത്തും, അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിൻ നാളെ രജിസ്റ്റര്‍ ചെയ്യും
റഷ്യ:കൊറോണ വൈറസ് മൂലം നട്ടംതിരിഞ്ഞ ലോകത്തിന് റഷ്യയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. കോവിഡിനെതിരെ ഫലപ്രദമെന്ന് അവകാശപ്പെട്ട് റഷ്യ വികസിപ്പിച്ച വാക്സിന് നാളെ പുറത്തിറക്കും.ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് നാളെ പുറത്തിറക്കുന്നത്. കോവിഡ്-19 പ്രതിരോധവാക്സിന്‍ തയ്യാറായതായും ഓഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിഡ്നെവ് ആണ് അറിയിച്ചത്.ഗമലയുടെ വാക്സിന് പരീക്ഷണം പൂര്‍ത്തിയായതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖൈല്‍ മുറാഷ്കോ വ്യക്തമാക്കിയതായി സ്പുടിന്ക് ന്യൂസ് .കോം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാക്സിന് എപ്പോള്‍ വിപണിയിലെത്തിക്കും എന്നത് ഗവേഷകരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുര്‍ദെന്‍കോ മെയിന്‍ മിലിറ്ററി ക്ലിനിക്കല്‍ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയില്‍ വാക്സിന് ലഭിച്ചവര്‍ക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്തമായി. വാക്സിന് മറ്റ് പാര്‍ശ്വ ഫലങ്ങളില്ലെന്നും തെളിഞ്ഞു.എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം അതിസങ്കീര്‍ണമായ ഫേസ് 3 പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്സിനുകളില്‍ റഷ്യന്‍ വാക്സിന് ഇടംനേടിയിട്ടില്ല.ഈ ആറ് വാക്സിനുകളില്‍ മൂന്നെണ്ണം ചൈനയില്‍ നിന്നും, ഒരെണ്ണം ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചതും, ഒന്ന് ആസ്ട്രസെനേക്ക, മോഡേണ എന്നിവര്‍ വികസിപ്പിച്ചതും, ഒന്ന് ബയോടെക്ക്, ഫിഷര്‍ എന്നിവര്‍ സംയുക്തമായി വികസിപ്പിച്ചതുമാണ്.
അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിന് തയ്യാറാക്കിയിട്ടുള്ളത്. വാക്സിന് ഉപയോഗിച്ച് രാജ്യത്ത് എല്ലാവരെയും കോവിഡിനെതിരെ വാക്സിനേറ്റ് ചെയ്യാനാണ് പദ്ധതിയെന്നാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. ഇതിനു പിന്നാലെ വാക്സിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്സിനേഷന് ക്യാംപയിനിലൂടെ ജനങ്ങള്‍ക്കെല്ലാം വാക്സിന് ലഭ്യമാക്കാനാണ് പദ്ധതി.വാക്സിന് വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വർദ്ധിക്കുമ്പോൾ ചിലര്‍ക്ക് പനിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റസ്ബർഗ് പറഞ്ഞു. വാക്സിന് ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ തന്നെ സംശയം പ്രകടിപ്പിച്ചു.
ബെയ്റൂട്ട് സ്ഫോടനം;മരണ സംഖ്യ 135 ആയി
ലബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ വന്‍ സ്ഫോടനം;മരണ സംഖ്യ 73 പിന്നിട്ടു;നിരവധിപേർക്ക് പരിക്ക്
ലബനൻ:ലെബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇരട്ട സ്ഫോടനം.സ്ഫോടനത്തില്‍ 73 പേര് മരിച്ചു. 2750-ഓളം പേര്‍ക്ക് പരിക്കേറ്റു.സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല.ലബനീസ് ആരോഗ്യമന്ത്രി ഹമദ് ഹസനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. ബെയ്റൂട്ടിലെ തുറമുഖത്തിനു സമീപമായിരുന്നു സ്ഫോടനം.തുറമുഖത്തിനടുത്ത് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് ആദ്യ സ്ഫോടനം.തൊട്ടു പിന്നാലെ മറ്റൊരു വന്‍ സ്ഫോടനവും ഉണ്ടായി.നിരവധി പേരുടെ നില ഗുരുതരമാണെന്ന് ലെബനന് സുരക്ഷാ വിഭാഗം വ്യക്തമാക്കി.സ്ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെ അനുഭവപ്പെട്ടു. കെട്ടിടങ്ങളും ജനാലകളും പ്രകമ്പനത്തിൽ ചിന്നിച്ചിതറി.2005-ല്‍ ട്രക്ക് ബോംബ് ആക്രമണത്തില്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്ഫോടനം നടന്നത്.സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലെബനന് പ്രധാനാമന്ത്രി ഹസന് ടിയാബ് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനുള്ളില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന് പ്രധാമന്ത്രി നല്കിയ നിര്‍ദേശം . മരിച്ചവരുടേയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. ബെയ്റൂത്തിലുണ്ടായത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.ലെബനന് എല്ലാ വിധ സഹായവും യുഎസ് വാഗ്ധാനം ചെയ്തു.
യു എ ഇയിൽ സന്ദർശക വിസയിലുള്ളവർ ആഗസ്റ്റ് 12 ന് മുമ്പ് നാട്ടിലേക്ക് മടങ്ങണം
ദുബായ്:യു എ ഇയിൽ സന്ദർശകവിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവർ ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്. ഐ സി എ വക്താവ് ബ്രിഗേഡിയർ ഖമീസ് അൽകഅബിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 12 മുതൽ ഒരുമാസമാണ് സന്ദർശകവിസക്കാർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം. അതിന് ശേഷം ഇവർ പിഴ നൽകേണ്ടി വരും.നാട്ടിലുള്ള താമസവിസക്കാർ യു എ യിൽ തിരിച്ചെത്തിയാൽ രേഖകൾ ശരിയാക്കാൻ ഒരുമാസം സമയം നൽകും.മാർച്ച് ഒന്നിന് ശേഷം താമസ വിസാ കാലാവധി അവസാനിച്ചവർക്ക് വിസ പുതുക്കാനും എമിറേറ്റ്സ് ഐഡി പുതുക്കാനും ജൂലൈ 12 മുതൽ മൂന്ന് മാസത്തെ സമയം നൽകും. ഈ കാലാവധിക്ക് ശേഷം അവർ പിഴ നൽകേണ്ടി വരും.മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താമസ വിസ കാലാവധി തീർന്നവർക്ക് പുതുക്കാൻ ഇപ്പോൾ അപേക്ഷ നൽകാം. മേയിൽ കാലാവധി തീർന്നവർ ആഗസ്റ്റ് എട്ട് മുതൽ അപേക്ഷിച്ചാൽ മതി. ജൂൺ ഒന്ന് മുതൽ ജൂലൈ 11 വരെയുള്ള കാലയളവിൽ താമസവിസയുടെ കാലാവധി തീർന്നവർ സെപ്തംബർ 10 ന് ശേഷമാണ് പുതുക്കാനായി അപേക്ഷിക്കേണ്ടത്. ജൂലൈ 12 ന് ശേഷം കാലാവധി തീർന്നവർക്ക് പ്രത്യേക സമയക്രമം ബാധകമാക്കിയിട്ടില്ല.നേരത്തേ വിസാ കാലാവധികൾ ഡിസംബർ അവസാനം വരെ നീട്ടി എന്ന പ്രഖ്യാപനം ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്. ica.gov.ae എന്ന വെബ്സൈറ്റ് വഴി സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യന്‍ വംശജരായ 3 പേരെ യുഎസില്‍ വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂജഴ്സി : ഇന്ത്യന്‍ വംശജ കുടുംബത്തിലെ മൂന്ന് പേരെ ന്യൂജേഴ്സിയിലെ അവരുടെ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഭാരത് പട്ടാല്‍ (62), മരുമകള്‍ നിഷാ പട്ടേല്‍ (33), നിഷയുടെ എട്ട് വയസുള്ള മകള്‍ എന്നിവരാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ഈസ്റ്റ് ബ്രണ്‍സ്വിക്കിലെ പുതുതായി വാങ്ങിയ ഇവരുടെ വീട്ടിലാണ് സംഭവം. അയല്‍വാസിയാണ് പൊലീസില്‍ വിവരമറിയിച്ചത്.നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതിന് പിന്നാലെയാണ് ദുരന്തം നടന്നത്. വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മൂന്നരയടി ആഴമുള്ളതാണ് കുളം.അഞ്ച് കിടക്കമുറികളുള്ള വീട് ഭരത് പട്ടേല്‍ കഴിഞ്ഞ മാസമാണ് മൂന്നുകോടി നാല്പത് ലക്ഷം രൂപയ്ക്ക് വാങ്ങിയത്.
മലയാളി വ്യവസായി ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി;മരിച്ചത് കണ്ണൂര്‍ സ്വദേശി ടി.പി. അജിത്
ദുബായ്:മലയാളി വ്യവസായി ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി. പനങ്കാവ് സ്വദേശിയായ പ്രവാസി വ്യവസായി ടി.പി. അജിത്തിനെ (55) യാണ് ബഹുനില കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരുനൂറോളം ജീവനക്കാരുള്ള ദുബായിലെ സ്പെയ്സ് മാക്സ് എന്ന കമ്പനിയുടെ ഉടമയാണ് അജിത്.കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ് സൊലുഷന്‍സ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ഡയറക്ടറായിരുന്നു.സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.അതേസമയം ദുബായില്‍ താമസിക്കുന്ന അജിത്ത് പുലര്‍ച്ചെ ഷാര്‍ജയിലെത്തിയത് എന്തിനെന്നതില്‍ വ്യക്തതയില്ല. സ്പേസ് സൊലൂഷന്‍സ് ഇന്റര്നാഷനലിന് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരളാ പ്രിമിയര്‍ ലീഗ് (കെപിഎല്‍-ദുബായ്) ഡയറക്ടറായിരുന്ന ഇദ്ദേഹം ദുബായിലെ മെഡോസിലായിരുന്നു താമസിച്ചിരുന്നത്.ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെടുന്ന അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ടവറില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി.ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകന് അമര്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്നു. മകള്‍ ലക്ഷ്മി വിദ്യാര്‍ഥിയാണ്.
91 യാത്രക്കാരുമായി പുറപ്പെട്ട പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്ത് തകര്‍ന്നുവീണു
ഇസ്ലാമബാദ്:91 യാത്രക്കാരുമായി പുറപ്പെട്ട പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്ത് തകര്‍ന്നുവീണു.ലഹോറില്‍ നിന്ന് കറാച്ചിയിലേക്കു വരികയായിരുന്നു വിമാനം.കറാച്ചി വിമാനത്താവളത്തിന് തൊട്ടുതാഴെയുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് വിമാനം തകർന്നു വീണത്.എയർബസ് പികെ–303 വിമാനമാണു ലാൻഡിങ്ങിനു തൊട്ടുമുൻപായി ജനവാസ കേന്ദ്രമായ ജിന്ന ഗാർഡൻ പ്രദേശത്തു തകർന്നുവീണത്. ലാൻഡിങ്ങിന് ഏതാനും മിനിറ്റുകൾക്കു മുൻപായി വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. വിമാനാവശിഷ്ടങ്ങളിൽനിന്നും സമീപത്തെ കെട്ടിടങ്ങളിൽനിന്നും കനത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. അപകടത്തിന്റെ വ്യാപ്തിയെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. വീടുകളും കെട്ടിടങ്ങളും സ്ഥാപനങ്ങളുമുള്ള മേഖലയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. പാക് സൈന്യവും ദ്രുതകർമസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തെ തുടർന്ന് കറാച്ചിയിലെ പ്രധാന ആശുപത്രികൾക്ക് ചികിത്സാ സജ്ജീകരണങ്ങളൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ;മസ്തിഷ്കമരണം സംഭവിച്ചതായി റിപ്പോർട്ട്
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. സി.എന്‍.എന്‍ അടക്കമുള്ള മാധ്യമങ്ങളാണ് അമേരിക്കന്‍ സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.ഏപ്രില്‍ 15 ന് ഉത്തരകൊറിയന്‍ രാഷ്ട്രപിതാവും കിമ്മിന്റെ അപ്പൂപ്പനുമായ കിം ഇല് സുങിന്റെ ജന്മദിന ആഘോഷങ്ങളില്‍ കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങളുയര്‍ന്നത്. ഏപ്രില്‍ 11നായിരുന്നു കിം ജോങ് ഉന്നിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്.തടിയും പുകവലിയും അധികജോലിയും കിമ്മിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു എന്നും ഹൃദയസംബന്ധിയായ പ്രശ്നത്തെ തുടര്‍ന്ന് കിം ഹ്യാംഗ് സാനിലെ വില്ലയില്‍ ചികിത്സ തേടിയിരുന്നതായും വെബ്സൈറ്റ് വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇതേ തുടര്‍ന്ന് 36 കാരനായ കിമ്മിനെ ഏപ്രില്‍ 12 ന് ഹ്യാംഗ് സാനിലെ മൗണ്ട് കുംഗാംഗ് റിസോര്‍ട്ടിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നായിരുന്നു ദക്ഷിണ കൊറിയ ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് നില മെച്ചപ്പെട്ടതോടെ ഏപ്രില്‍ 19 ന് പ്യൊഗ്യോംഗിലേക്ക് വൈദ്യസംഘത്തോടൊപ്പം തിരിച്ചു വരികയും ചെയ്തതായിട്ടാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 2014 ലും ഒരു മാസത്തോളം കിംഗ് പൊതുവേദിയില്‍ നിന്നും വിട്ടു നിന്നിരുന്നു. കിമ്മിന്റെ ആരോഗ്യത്തെ സംശയിച്ച് ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നാലെ ഇദ്ദേഹം തിരിച്ചു വരികയും ചെയ്തു. കണങ്കാലില്‍ ഉണ്ടായ മുഴ നീക്കം ചെയ്ത് വിശ്രമിക്കുകയായിരുന്നു എന്നാണ് ദക്ഷിണ കൊറിയന്‍ ചാരന്മാര് നല്കിയ വിവരം. ശക്തമായ മാധ്യമ നിയന്ത്രണം ഉള്ള രാജ്യമാണ് വടക്കന്‍ കൊറിയ.