വാഷിംഗ്ടണ്‍: ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി യുഎസ്. കൊവിഡിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ വാക്‌സിനാണ് ഫൈസറിന്റേത്. നേരത്തെ ബ്രിട്ടന്‍, കാനഡ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ ഫൈസര്‍ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, യുകെയില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കയില്‍ കോവിഡ് രോഗബാധ ഏതാനും ആഴ്ചകള്‍ക്കിടയില്‍ കുത്തനെ വര്‍ധിച്ചതിനിടെയാണ് വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസവും 24 മണിക്കൂറിനിടെ രണ്ട് ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 3000 പേര്‍ മരിക്കുകയും ചെയ്തു. 107,248 പേരെയാണ് വ്യാഴാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തെ മൂന്നിലൊന്ന് ആശുപത്രികളിലെയും ഐസിയുകള്‍ 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്.
കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ 2 മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി:കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് പൂര്‍ണ്ണമായും മദ്യപാനം ഉപേക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സ്പുട്നിക് 5 വാക്സിന്‍ എടുത്ത ശേഷം രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവയാണ് മുന്നറിയിപ്പ് നല്‍കിയത്. ശരീരത്തിൽ വാക്സിൻ പ്രവര്‍ത്തിക്കുന്നതുവരെ ജനങ്ങള്‍ സുരക്ഷിതമായി തുടരാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതലുകളും അദ്ദേഹം പുറപ്പെടുവിച്ചു. ഇത് 42 ദിവസം തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാക്സിനെടുത്തു കഴിഞ്ഞാല്‍ പഴയ പോലെ തന്നെ തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. മദ്യവും രോഗപ്രതിരോധ മരുന്നുകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോവിഡിനെതിരായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ആരോഗ്യമുള്ളവരായി ഇരിക്കാന്‍ സ്വയം ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഫൈസര്‍ കോവിഡ് വാക്‌സിനിനു യു കെ അംഗീകാരം; വിതരണം അടുത്ത ആഴ്ചമുതല്‍
ലണ്ടന്‍: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി യു കെ അടുത്ത ആഴ്ചമുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും . ഫൈസര്‍ ബയോ ടെക്കിന്റെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്‌ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു കെ സര്‍ക്കാരും വ്യക്തമാക്കി.വാക്‌സിന്‍ യു കെ യില്‍ വിതരണം ചെയ്യുന്നതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു. വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയായപ്പോള്‍ തന്നെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന് ഫൈസര്‍ അറിയിച്ചിരുന്നു. കൂടാതെ വാക്‌സിന്‍ പ്രായം, ലിംഗ, വര്‍ണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
ബ്യുണസ് ഐറിസ്:ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ(60) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മാറഡോണയ്‌ക്ക് ഈയിടെ ശസ്‌ത്രക്രിയ നടത്തിയിരുന്നു.അർജന്‍റീനയിൽനിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവെച്ചിരുന്നു.തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ച് കൈമാറ്റത്തുകയില്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടം പിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു.
സമ്പൂര്‍ണ്ണ നയം മാറ്റവുമായി ബൈഡന്‍;തീരുമാനങ്ങള്‍ ഇന്ത്യക്കാര്‍ക്കും ഗുണകരമാകും
ന്യൂയോർക്:അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ പൊളിച്ചെഴുതാന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍.ബൈഡന്‍ അധികാരമേറ്റാലുടന്‍ വരുന്ന മാറ്റങ്ങളെ സംബന്ധിച്ച് വൈറ്റ്ഹൗസ് വൃത്തങ്ങളാണ് സൂചന നല്കിയത്.പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാകും ട്രംപിന്റെ നയങ്ങള്‍ ബൈഡന്‍ തിരുത്തുക.കൊറോണ നയങ്ങളെ സമൂലമായി പുന:പ്പരിശോധിക്കുമെന്ന് പ്രചാരണ സമയത്തുതന്നെ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ ട്രംപിന്റെ നടപടി ബൈഡന്‍ റദ്ദാക്കും. മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും പിന്‍വലിക്കും.പാരീസ് ഉടമ്ബടിയില്‍ നിന്ന് പിന്‍മാറിയ നടപടി തിരുത്തും. ഉദ്യോഗസ്ഥ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ബൈഡന്റെ ഭാഗത്ത് നിന്നുണ്ടാകും. കുടിയേറ്റ നിയമങ്ങളിലും മാറ്റം വരുത്താന്‍ ബൈഡന്‍ ആലോചിക്കുന്നുണ്ട്. അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഗുണമുണ്ടാകുന്നതാണ് ബൈഡന്റെ കുടിയേറ്റ നയങ്ങളിലെ തിരുത്ത്.ജനുവരി 20നാണ് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത്.ബൈഡനും ട്രംപും പരസ്പ്പരം ഏറ്റുമുട്ടിയിരുന്നത് ഭരണരംഗത്തെ സമ്മര്‍ദ്ദങ്ങളുടെ പേരിലായിരുന്നു. നിരവധി ഉദ്യോഗസ്ഥര്‍ ട്രംപിന്റെ നയങ്ങളില്‍ പതിഷേധിച്ച് ജോലി ഉപേക്ഷിച്ചിരുന്നു. നൂറിലേറെ ജീവനക്കാര്‍ ഭരണരംഗത്ത് നിന്നും വിട്ടുനിന്ന നടപടികളും പുന:പ്പരിശോധിക്കുമെന്നാണ് സൂചന.
അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്
വാഷിംഗ്‌ടൺ:അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്.പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും.ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെയോടെ അൻപത് സംസ്ഥാനങ്ങളിലും പൂര്‍ത്തിയാകും. നാളെ രാവിലെ മുതല്‍ ഫല സൂചനകള്‍ ലഭ്യമാകും. ഔദ്യോഗിക ഫല പ്രഖ്യാപനം ജനുവരി ആറിനാണ്.538 ഇലക്റ്ററല്‍ വോട്ടര്‍മാരെ അൻപത് സംസ്ഥാനങ്ങളും ഫെഡറല്‍ ഡിസ്ട്രിക്റ്റായ കൊളംബിയയും ചേര്‍ന്ന് തെരഞ്ഞെടുക്കും. ഇതില്‍ 270 പേരുടെ പിന്തുണ നേടുന്നയാള്‍ അടുത്ത അമേരിയ്ക്കന്‍ പ്രസിഡന്റാകും. ആകെയുള്ള 24 കോടി വോട്ടര്‍മാരില്‍ പത്തു കോടി പേര്‍ തപാലില്‍ വോട്ടു ചെയ്തു കഴിഞ്ഞു. ഇന്ന് കുറഞ്ഞത് ആറ് കോടിയാളുകള്‍ എങ്കിലും വോട്ടു ചെയ്യുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ അമേരിക്കയുടെ നൂറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാകും അത്.വെര്‍മോണ്‍ഡ് സംസ്ഥാനമാണ് ആദ്യം പോളിംഗ് ബൂത്തിലെത്തുന്നത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ച കഴിഞ്ഞു മൂന്നരയ്ക്ക് അവിടെ പോളിംഗ് തുടങ്ങും.അലാസ്കയിലും ഹവായിയിലും പോളിംഗ് തീരാന്‍ ഇന്ത്യന്‍ സമയം നാളെ രാവിലെ പത്തരയാകും. ചില സംസ്ഥാനങ്ങള്‍ ഈ മാസം പതിമൂന്നു വരെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കും.ഇതൊക്കെയാന്നെക്കിലും എല്ലാം പ്രതീക്ഷിച്ചതുപോലെ നീങ്ങിയാല്‍ അടുത്ത പ്രസിഡണ്ട് ട്രമ്പോ ബൈഡനോ എന്ന സൂചനകള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചയോടെ ലഭിച്ചു തുടങ്ങും. അതുവരെയുള്ള ഫല സൂചനകള്‍ വച്ചുകൊണ്ട് ആരാകും വിജയിയെന്ന കൃത്യമായ പ്രൊജക്ഷന്‍ അമേരിക്കൻ മാധ്യമങ്ങള്‍ പുറത്തുവിടും.
ഓക്‌സ്‌ഫോർഡ് കോവിഡ് വാക്സിന്‍ പരീക്ഷണത്തിൽ പങ്കെടുത്ത ഡോക്റ്റർ മരിച്ചു
ബ്രിട്ടൻ:ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഡോക്ടര്‍ മരിച്ചു. ബ്രസീലിലാണ് സംഭവം. 28കാരനായ ഡോക്ടറുടെ മരണം ബ്രസീലിലെ ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ഡോക്ടറുടെ മരണം കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് ശേഷമാണോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്ന ആളുകളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറാകാത്തത്.രണ്ട് തരം വാക്‌സിനാണ് മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചവര്‍ക്ക് ബ്രസീലില്‍ നല്‍കിയിരുന്നത്. ഒരു സംഘത്തിന് കോവിഡ് വാക്സിന്‍ കുത്തിവെയ്ക്കുമ്പോൾ മെനിഞ്ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്‌സിനാണ് രണ്ടാമത്തെ സംഘത്തിന് നല്‍കുന്നത്. മരിച്ച ഡോക്ടര്‍ക്ക് കോവിഡ് വാക്സിനല്ല നല്‍കിയതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏത് വാക്‌സിൻ ആർക്ക് കുത്തിവെയ്ക്കുന്നു എന്ന വിവരം മരുന്ന് പരീക്ഷണത്തിന് സന്നദ്ധരായവരോടോ അവരുടെ കുടുംബത്തോടോ പറയാറില്ല. വാക്സിന്‍ എത്രമാത്രം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്താനായാണ് ഈ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. വാക്‌സിൻ പരീക്ഷണവുമായി മുമ്പോട്ട് പോകാൻ തന്നെയാണ് പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന സംഘത്തിന്റെ തീരുമാനം.വാക്സിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് വാക്സിന്‍ വികസിപ്പിച്ചതില്‍ പങ്കാളിയായ മരുന്ന് കമ്പനി ആസ്ട്ര സെനെക അവകാശപ്പെടുന്നത്. വാക്സിന്‍ പരീക്ഷണം തുടരും. ബ്രസീലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോവിഡ് രോഗികളെ തുടക്കം മുതല്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ കോവിഡ് ബാധിച്ചാണ് മരിച്ചതെന്നാണ്. എന്നാല്‍ മരണ കാരണം എന്തെന്ന് ബ്രസീല്‍ ആരോഗ്യ വിഭാഗം വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ടനിലെ വാക്‌സിൻ പരീക്ഷണത്തിനിടെ മരുന്ന് കുത്തിവെച്ച ആളില്‍ അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതോടെ ഓക്സ്ഫോര്‍ഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. വാക്സിന്‍റെ പാര്‍ശ്വഫലമല്ല ആ അസ്വസ്ഥത എന്ന കണ്ടെത്തലിന് പിന്നാലെ വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുകയായിരുന്നു.
മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയതായി നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ
നെതർലാൻഡ്:മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയതായി നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ.ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ അവയവം. പുതിയ അവയവത്തിന് ട്യൂബേറിയല്‍ സലൈവറി ഗ്ലാന്‍ഡ്സ് എന്ന് പേരിട്ടു.റെഡിയോതെറാപ്പി ആന്റ് ഓങ്കോളജി എന്ന ജേര്‍ണലാണ് ഗവേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രോസ്ട്രേറ്റ് കാന്‍സര്‍ സംബന്ധിച്ച പഠനത്തിനിടെയാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയത്. മൂക്കിന് പിന്നിലായി വളരെ സൂക്ഷ്മമായ ഉമിനീര്‍ ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്.എന്നാല്‍ പ്രോസ്‌ട്രേറ്റ് കാന്‍സര്‍ കോശങ്ങള്‍ സംബന്ധിച്ച പഠനത്തിനിടെ പുതിയ ഉമിനീര്‍ ഗ്രന്ഥികള്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.100 കാന്‍സര്‍ രോഗികളെ പരിശോധിച്ച ശേഷമാണ് പുതിയ അവയവത്തിന്‍റെ സാന്നിധ്യം ഉറപ്പാക്കിയത്.1.5 ഇഞ്ചോളം (3.9 സെന്‍റീമീറ്റര്‍) വലിപ്പമുള്ള പുതിയ സെറ്റ് ഗ്രന്ഥികളാണ് കണ്ടെത്തിയത്. മൂക്കിനും വായയ്ക്കും പിന്നിലായുള്ള തൊണ്ടയുടെ ഭാഗത്ത് ഈര്‍പ്പം നല്‍കാനുള്ള ഉമിനീര്‍ ഉത്പാദിപ്പിക്കുകയാണ് ഇവ ചെയ്യുന്നതെന്നും കണ്ടെത്തി. തലയുടെ ഭാഗത്തെ കാന്‍സര്‍ ചികിത്സക്ക് റേഡിയോ തെറാപ്പി ചെയ്യുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്. കാരണം ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് റേഡിയോ തെറാപ്പിയിലൂടെ എന്തെങ്കിലും തകരാര്‍ ഉണ്ടായാല്‍ രോഗികള്‍ക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് ഉണ്ടാകും. എന്നാല്‍ ഇതുവരെ തിരിച്ചറിയപ്പെടാതിരുന്ന ഗ്രന്ഥികള്‍ റേഡിയോ തെറാപ്പിയില്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ട്. ഈ പുതിയ സെറ്റ് ഗ്രന്ഥികളെ കൂടി റേഡിയോ തെറാപ്പിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതോടെ കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വ ഫലങ്ങള്‍ വീണ്ടും കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
വിപരീത ഫലം;ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്സിൻ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചു
വാഷിങ്ടണ്‍: കൊറോണ വാക്‌സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിൻ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചു. മനുഷ്യരില്‍ വാക്‌സിന്‍ കുത്തിവെയ്ക്കുന്ന മൂന്നാംഘട്ട പരീക്ഷണമാണ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.60,000 പേരെ വാക്‌സിന്‍ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും കമ്പനി തല്‍ക്കാലത്തേയ്ക്ക് പിന്‍വലിച്ചു കഴിഞ്ഞു. അമേരിക്കയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ഇടങ്ങളില്‍ നിന്ന് അറുപതിനായിരം പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്പനി തീരുമാനിച്ചിരുന്നത്. അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്‌സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് പരീക്ഷണം നടത്തുന്നത്.ഒക്ടോബര്‍ മാസം ആദ്യമാണ് കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജേണ്‍സണും ഇടം നേടിയത്.
കൊറോണ വൈറസ് വികസിപ്പിച്ചത് വുഹാനിലെ ലാബില്‍ നിന്ന്;നിര്‍ണായക തെളിവുകളുമായി ചൈനീസ് വൈറോളജിസ്റ്റ്
ബെയ്ജിങ്: കൊറോണ വൈറസ് വികസിപ്പിച്ചത് ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നാണെന്ന നിര്‍ണായക തെളിവുകളുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലി മെങ് യാന്‍.ഇതിനു ശാസ്ത്രീയവും സുവ്യക്തവുമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഹോങ്കോങ്ങില്‍ ജോലി ചെയ്യുന്ന ലി വ്യക്തമാക്കി. ജനിതക ഘടനയുടെ അനുക്രമം എന്നത് മനുഷ്യരിലെ വിരലടയാളം പോലെയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇതു നിസാരമായി കണ്ടുപിടിക്കാം. ഈ തെളിവുകള്‍ ഉപയോഗിച്ചാണ് വുഹാനിലെ ലാബില്‍ കൃത്രിമമായി സൃഷ്ടിച്ചതാണ് വൈറസെന്ന് താന്‍ വ്യക്തമാക്കുന്നതെന്നും ലി.വൈറസ് പ്രകൃതിയില്‍ നിന്നു താനെ രൂപപ്പെട്ടതല്ല. സിസി45, ഇസഡ്‌എക്‌സ്41 എന്നീ മാരക കൊറോണ വൈറസുകളെ കണ്ടെത്തുകയും സൂക്ഷിക്കുകയും ചെയ്യുന്ന ചൈനാ മിലിറ്ററി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആധാരമാക്കിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ലി വെളിപ്പെടുത്തി. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുമെന്നും, ഇതിന്റെ പ്രഭവസ്ഥാനം മാര്‍ക്കറ്റല്ലെന്ന് വ്യക്തമാണ്.സുരക്ഷാ ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് യുഎസിലേക്കു പലായനം ചെയ്ത ലി, കഴിഞ്ഞ പതിനൊന്നിന് ‘ലൂസ് വിമന്‍’ എന്ന ബ്രിട്ടിഷ് സംവാദപരിപാടിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.ഹോങ്കോങ് സ്‌കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്ന് ഇമ്യൂണോളജിയിലും വൈറോളജിയിലും ഗവേഷണം പൂര്‍ത്തിയാക്കി ഡോ. ലി കഴിഞ്ഞ ഡിസംബര്‍- ജനുവരി മാസങ്ങളിലായി ചൈനയില്‍ പടരുന്ന ‘പുതിയ ന്യുമോണിയ’യെക്കുറിച്ചു രണ്ടു ഗവേഷണങ്ങള്‍ നടത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റ് കൂടിയായ തന്റെ മുതിര്‍ന്ന ഗവേഷകനോട് ഇക്കാര്യം പങ്കുവച്ചു. എന്നാല്‍, ഇക്കാര്യം ആരോടും പറയേണ്ടെന്നും പുറത്തുപറഞ്ഞാല്‍ ജീവന്‍ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ചൈനീസ് ഭരണകൂടത്തെ അത്രയേറെ ഭയമാണ്. സര്‍ക്കാരും ഡബ്ല്യുഎച്ച്‌ഒയുമായി സഹകരിച്ച് അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ, ഒന്നുമുണ്ടായില്ല. അതു ചൈനയുടെ പുതുവത്സരസമയമായിരുന്നു. ചൈനയിലേക്കും തിരിച്ചും വലിയ തോതില്‍ ആളുകള്‍ യാത്ര ചെയ്യുന്ന സമയം. വൈറസ് പടരാന്‍ ഏറ്റവും സാധ്യതയുള്ള കാലം. മാനവരാശിയെയും ആഗോള ആരോഗ്യത്തെയും ബാധിക്കുന്ന കാര്യമായിട്ടും ചൈനീസ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അതിര്‍ത്ഥം ഈ വൈറസ് ബാധ കരുതിക്കൂട്ടി നിര്‍മിച്ചതാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നും ലി പറഞ്ഞു.