സിയൂൾ: അഴിമതിക്കേസിൽ സാംസംഗ് ഗ്രൂപ്പ് മേധാവി ലീ ജേ യാംഗിന് അഞ്ച് വർഷം തടവ്. സിയൂൾ ഡിസ്ട്രിക്ട്റ്റ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സാംസംഗിന്‍റെ രണ്ടു യൂണിറ്റുകളുടെ ലയനത്തിന് അനുമതി കിട്ടാനായി പ്രസിഡന്‍റ് പാർക്ക് ഗ്യൂൻഹൈയുടെ സഹായി ചോയി സൂൺസിലിന്‍റെ കമ്പനിയിലേക്ക് വൻതുക ലീ ഒഴുക്കിയെന്നാണു കേസ്. ഈ പ്രശ്നത്തിൽ ഇംപീച്ചു ചെയ്യപ്പെട്ട പ്രസിഡന്‍റ് ഗ്യൂൻ ഹൈ നടപടി നേരിട്ടുവരുകയാണ്.സാംസംഗ് ഇലക്ട്രോണിക്സിന്‍റെ വൈസ് ചെയർമാനാണ് ലീ. ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ സാംസംഗിന്‍റെ വരുമാനം രാജ്യത്തിന്‍റെ മൊത്തം ജിഡിപിയുടെ അഞ്ചിലൊന്നിനു തുല്യമാണ്.
ഷാർജയിൽ പെട്രോളിയം ഫാക്റ്ററിയിൽ വൻ തീപിടുത്തം
ഷാർജ:ഷാർജയിൽ പെട്രോളിയം ഫാക്റ്ററിയിൽ വൻ തീപിടുത്തം.ഒരു ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റു.ഇന്ന് ഉച്ചയോടെയാണ് സംഭവം.ഷാർജ വ്യവസായ മേഖല പത്തിലാണ് തീപിടിത്തമുണ്ടായത്.പരിക്കേറ്റയാളെ ഷാർജ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി.സിവിൽ ഡിഫെൻസ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
മക്കയിലെ ഹോട്ടലിൽ വൻ തീപിടുത്തം
ജിദ്ദ:സൗദി അറേബ്യൻ നഗരമായ മക്കയിലെ ഹോട്ടലിൽ വൻ തീപിടുത്തം.ഹജ്ജിനെത്തിയ തീർത്ഥാടകർ താമസിച്ചിരുന്ന ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്.ഇതേ തുടർന്ന് 600 തീർത്ഥാടകരെ ഒഴിപ്പിച്ചു.സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട് ചെയ്തിട്ടില്ല.15 നില കെട്ടിടത്തിന്റെ എട്ടാം നിലയിലെ എയർ കണ്ടീഷനിൽ നിന്ന് തീ പടർന്നാണ് അപകടമുണ്ടായതെന്ന് മക്കയിലുള്ള സൗദി സിവിൽ ഡിഫെൻസ് ജനറൽ ഡിപ്പാർട്മെന്റ് വക്താവ് മേജർ നായിഫ് അൽ ശരീഫ് അറിയിച്ചു.തീ ഇതിനോടകം തന്നെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് തീർത്ഥാടകരെ ഒഴിപ്പിച്ചത്.സംഭവത്തെ കുറിച്ച് വിശദമായ പരിശോധന നടത്തി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം തീർത്ഥാടകരെ തിരികെ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
ഒമാൻ:ഒമാനിലെ ഹൈമക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നുപേർ മരിച്ചു.കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം.തൃശൂർ ചേർപ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ച മലയാളി.മറ്റു രണ്ടുപേർ പാകിസ്ഥാൻ സ്വദേശികളാണ്.വാദി കബീറിൽ അലുമിനിയം ഇൻസ്റ്റലേഷൻ സ്ഥാപനം നടത്തുന്ന പ്രദീപും സഹപ്രവർത്തകരും ജോലി ആവശ്യത്തിന് പുറത്ത് പോയപ്പോഴാണ് അപകടമുണ്ടായത്.
രണ്ടു പതിറ്റാണ്ടിനു ശേഷം പാകിസ്ഥാനിൽ ഹിന്ദു മന്ത്രി
ഇസ്ലാമാബാദ്:രണ്ടു പതിറ്റാണ്ടിനു ശേഷം പാക്കിസ്ഥാനിൽ ഒരു ഹിന്ദു മന്ത്രി അധികാരത്തിലെത്തി.ദർശൻ ലാലാണ് നാലു പ്രവിശ്യയുടെ ഏകോപന ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റത്.സിന്ധിലെ ഗോഡ്‌കി ജില്ലയിൽ ഡോക്റ്ററായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന ദർശൻ ലാൽ പുനസംഘടനയെ തുടർന്നാണ് മന്ത്രിസഭയിൽ ഇടം പിടിച്ചത്.രണ്ടാം തവണയാണ് ദേശീയ അസ്സംബ്ലിയിൽ എത്തുന്നത്.ന്യൂനപക്ഷ സംവരണ സീറ്റിലാണ് അദ്ദേഹം മത്സരിച്ചത്.
ദുബായ് മറീനയിൽ ടോർച് ടവറിൽ വൻ തീപിടുത്തം
ദുബായ്:ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ റെസിഡൻഷ്യൽ അപ്പാർട്മെന്റായ ദുബായ് മറീനയിലെ ടോർച്ച് ടവറിൽ വൻ തീപിടുത്തം.ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്.അപകട സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു.അപകടം നടന്നു പത്തു മിനിറ്റിനുള്ളിൽ തീ അൻപതാം നിലയിലേക്ക് പടർന്നു.ടോർച്ച് ടവറിന്റെ ഒൻപതാം നിലയിൽ നിന്നും തീ മുകളിലേക്ക് പടരുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.86 നിലകളുള്ള കെട്ടിടത്തിന്റെ 40 നിലകൾ കത്തി നശിച്ചതായാണ് വിവരം.ടോർച്ച് ടവറിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാരെ പോലീസ് മാറ്റി പാർപ്പിച്ചു.പ്രദേശം പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലാണ്.തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നു സിവിൽ ഡിഫെൻസ് വിഭാഗം അറിയിച്ചു.അപകടത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
ഷാഹിദ് ഖഖൻ അബ്ബാസി പാക്കിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഷാഹിദ് ഖഖൻ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാകും. നവാസ് ഷരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷരീഫ് സ്ഥാനമേറ്റെടുക്കുവരെയാണ് അബ്ബാസി പ്രധാനമന്ത്രിപദത്തിൽ തുടരുക. 45 ദിവസമാണ് അബ്ബാസി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുക. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷഹബാസ് ഷരീഫ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാത്രമെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കു. അറുപത്തിയഞ്ചുകാരനായ ഷഹബാസ് നിലവിൽ പാർലമെന്‍റ് അംഗമല്ലാത്തതിനാലാണ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ചത്. നിലവിൽ പെട്രോളിയം വകുപ്പ് മന്ത്രിയാണ് അബ്ബാസി.അഴിമതിയാരോപണക്കേസിൽ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചതോടെയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രിക്കസേര ഒഴിഞ്ഞത്. പാനമ ഗേറ്റ് അഴിമ തിക്കേസിൽ ഷരീഫും മക്കളും കുറ്റക്കാരാണെന്നും ഷരീഫ് രാജിവയ്ക്കണമെന്നും സുപ്രീംകോടതി വിധിച്ചതിനു പിന്നാലെയായിരുന്നു ഇത്.ഭരണഘടനയിലെ 62, 63 അനുച്ഛേദപ്രകാരം പാർലമെന്‍റ് അംഗങ്ങൾ സത്യസന്ധരും വിശ്വസ്തരുമായിരിക്കണമെന്നു നിരീക്ഷിച്ച സുപ്രീംകോടതി, ജനങ്ങളെ വഞ്ചിച്ച ഷരീഫ് പ്രധാനമന്ത്രിപദത്തിൽ തുടരാൻ യോഗ്യനല്ലെന്നും പ്രസ്താവിച്ചു.
നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു
ഇസ്‌ലാമാബാദ്: പാനമ ഗേറ്റ് അഴിമതിക്കേസിൽ ആരോപണ വിധേയനായ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പാക്ക് സുപ്രീംകോടതി അയോഗ്യനാക്കി. ഷരീഫിനെതിരേ ക്രിമിനൽ കേസെടുക്കണമെന്നും അദ്ദേഹം ഉടൻ സ്ഥാനം രാജിവയ്ക്കണമെന്നും പാക്ക് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി സ്ഥാനം നവാസ് ഷരീഫ് രാജിവച്ചു.ഇത് മൂന്നാം തവണയാണ് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നവാസ് ഷരീഫിന് സ്ഥാനമൊഴിയേണ്ടി വരുന്നത്. 2018ൽ പാക്കിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് മുൻപുള്ള ഷരീഫിന്‍റെ രാജി പാർട്ടിക്ക് കനത്ത തിരിച്ചടിയാകും. കേസ് മുൻപ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ ഷരീഫ് രാജിവയ്ക്കണമെന്ന് രണ്ടു ജഡ്ജിമാർ വിധിച്ചിരുന്നു. എന്നാൽ ശേഷിച്ച മൂന്ന് ജഡ്ജിമാർ പാനമ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും ഉത്തരവിട്ടു. ഇതോടെയാണ് അഴിമതിയാരോപണത്തെക്കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് പരിശോധിച്ച ശേഷം അഞ്ച് ജഡ്ജിമാർ അടങ്ങിയ ഭരണഘടനാ ബെഞ്ച് ഇന്ന് ഏകകണ്ഠമായി വിധി പ്രസ്താവിക്കുകയായിരുന്നു.കള്ളപ്പണം വെളുപ്പിച്ച് ലണ്ടനിൽ നാലു ഫ്ളാറ്റുകൾ ഉൾപ്പെടെയുള്ള അനധികൃത സ്വത്തുസന്പാദിച്ചെന്നാണ് ഷരീഫിനും കുടുംബത്തിനും എതിരായ ആരോപണം. ഷരീഫ് സമർപ്പിച്ച ധനകാര്യ സ്റ്റേറ്റ് മെന്‍റിൽ ഈ സ്വത്തുക്കൾ സംബന്ധിച്ചു വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ചോർന്നു കിട്ടിയ പാനമ രേഖകളിലൂടെയാണ് അനധികൃതസ്വത്തിന്‍റെ വിശദാംശങ്ങൾ പുറത്തായത്.
ഉപരോധം പരിഹരിക്കാൻ ഏതു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറെന്നു ഖത്തർ അമീൻ
ദോഹ:ഉപരോധം നീക്കാൻ ഏതു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറെന്നു ഖത്തർ അമീൻ തമിം ബിൻ ഹമദ് അൽ താനി.സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചയ്ക്കു തയ്യാറാണെന്ന് ഖത്തർ അമീൻ അറിയിച്ചു.എന്നാൽ രാജ്യത്തിൻറെ പരമാധികാരത്തെ മാനിക്കുന്നതായിരിക്കണം നിർദേശങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.ജൂൺ അഞ്ചിന് സൗദി സഖ്യരാഷ്ട്രങ്ങൾ ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയതിനു ശേഷം ആദ്യമായാണ് അമീൻ പ്രതികരിക്കുന്നത്.മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ഖത്തറിനെതിരായ പ്രചാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.വിഷയത്തിൽ ഇടപെട്ട കുവൈറ്റ്,അമേരിക്ക,തുർക്കി,ജർമ്മനി എന്നീ രാജ്യങ്ങളുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
കയ്യക്ഷരം മോശമാണെന്ന് പറഞ്ഞ സഹോദരിയെ 11 കാരനായ സഹോദരൻ കൊലപ്പെടുത്തി
ലാഹോർ:കയ്യക്ഷരം മോശമാണെന്നു പറഞ്ഞു കളിയാക്കിയ സഹോദരിയെ 11 കാരനായ സഹോദരൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.ഷാലിമാർ സ്വദേശി അബ്ദുല്ല ആണ് സഹോദരി ഇമാൻ തൻവീർ(9)നെ കഴുത്തു ഞെരിച്ചു കൊന്നത്.സഹോദരനും സഹോദരിയും പെരുന്നാൾ ആഘോഷങ്ങൾക്കായി മുത്തശ്ശിയുടെ വീട്ടിൽ വന്നപ്പോഴാണ് സംഭവം.മുത്തശ്ശി വീട്ടിലില്ലാത്ത ദിവസം രണ്ടുപേരും കൂടി കയ്യെഴുത്തു മത്സരം നടത്തി.കയ്യക്ഷരം മോശമാണെന്നു പറഞ്ഞു ഇമാൻ അബ്ദുല്ലയെ കളിയാക്കി.ഇതിൽ പ്രകോപിതനായ അബ്ദുല്ല ടവ്വലെടുത്ത് ഇമാൻറെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.