ലാഹോർ:പാക്കിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു.എൺപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം.കൊഹാട്ടിൽ നിന്നും റായിവിന്ദിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
സൗദിയിൽ വൻ തീപിടുത്തം;10 പേർ മരിച്ചു,3 പേർക്ക് പരിക്കേറ്റു
റിയാദ്:സൗദിയിൽ കാർപെന്ററി വർക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ പത്തുപേർ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റതായും സൗദി സിവിൽ ഡിഫെൻസ് വിഭാഗം അറിയിച്ചു. മരിച്ചവരിൽ എട്ടുപേർ ഇന്ത്യക്കാരാണെന്നു സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്.സൗദി തലസ്ഥാനമായ റിയാദിലെ ബദർ ജില്ലയിലാണ് അപകടം നടന്നത്.അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.റിയാദ് സിവിൽ ഡിഫെൻസ് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
ഫിലിപ്പീൻസ് തീരത്ത് കപ്പൽ മുങ്ങി ഇന്ത്യക്കാരായ 11 ജീവനക്കാരെ കാണാതായി
ടോക്യോ:പസഫിക് സമുദ്രത്തിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് ഫിലിപ്പീൻസ് തീരത്ത് കപ്പൽ മുങ്ങി.കപ്പലിലുണ്ടായ ഇന്ത്യക്കാരായ പതിനൊന്ന് ജീവനക്കാരെ കാണാതായി.ഹോങ്കോങ്ങിൽ രജിസ്റ്റർ ചെയ്ത എമറാൾഡ് സ്റ്റാർ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.കപ്പലിൽ 26 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.അപകടത്തിൽപെട്ട കപ്പലിന് സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കപ്പലിലെ ജീവനക്കാരാണ് 15 ജീവനക്കാരെ രക്ഷപ്പെടുത്തിയത്.കപ്പൽ പൂർണ്ണമായും മുങ്ങിയെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു.മൂന്നു ബോട്ടുകളും രണ്ടു വിമാനങ്ങളും കാണാതായ ഇന്ത്യക്കാർക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.
സൗദിയിൽ തൊഴിൽ വിസ ഇനി ഒരുവർഷത്തേക്ക് മാത്രം
സൗദി:സൗദിയിൽ തൊഴിൽ വിസ ഇനി ഒരുവർഷത്തേക്ക് മാത്രം. നേരത്തെ രണ്ടു വർഷം കാലാവധി ഉണ്ടായിരുന്ന വിസയാണ് ഒരുവർഷമാക്കി ചുരുക്കിയത്.സൗദി സ്വകാര്യ മേഖലയിലേക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളുടെ കാലാവധിയാണ് ഒരു വര്‍ഷമാക്കിയത്. സര്‍ക്കാര്‍ മേഖലയിലും വീട്ടുവേലക്കാര്‍ക്കും മാത്രമാണ് ഇനി രണ്ട് വര്‍ഷത്തെ വിസ അനുവദിക്കുക.വിദേശ ജോലിക്കാരുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.രാജ്യത്ത് വിസ അനുവദിക്കുന്നതും കുത്തനെ കുറച്ചിട്ടുണ്ട്.സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റേതാണ് തീരുമാനം.പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിസ കാലാവധി വിഷയത്തില്‍ ഇതിനോട് എതിരാവുന്ന എല്ലാ നിയമങ്ങളും ദുര്‍ബലപ്പെടുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനിൽ തക്കാളിക്ക് റെക്കോർഡ് വില
ഇസ്ലാമാബാദ്:പാകിസ്ഥാനിൽ തക്കാളിക്ക് റെക്കോർഡ് വില.ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി നിലച്ചതോടെയാണ് ഇതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം 300 രൂപയായിരുന്നു ഒരു കിലോ തക്കാളിയുടെ വില. ആഭ്യന്തര വിപണിയിൽ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്.ഇന്ത്യയിൽ നിന്ന് എല്ലാവർഷവും തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്.എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ അതിർത്തിയിൽ കണ്ടയ്നറുകൾ കടത്തി വിടുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് വിതരണം നിലയ്ക്കാൻ ഇടയാക്കിയത്.ബലൂചിസ്ഥാനിൽ നിന്നും സിന്ധ് പ്രവിശ്യയിൽ നിന്നുമാണ് ഇപ്പോൾ തക്കാളിയും ഉള്ളിയും രാജ്യത്തെത്തുന്നത്.ഇന്ത്യയിൽ നിന്നും ഇനി പച്ചക്കറികൾ ഇറക്കുമതി ചെയ്യില്ലെന്നും വ്യാപാരികൾ പറയുന്നു.
എച് 1 ബി വിസ അമേരിക്ക പുനഃസ്ഥാപിച്ചു
വാഷിംഗ്‌ടൺ:എച് 1 ബി വിസ അമേരിക്ക പുനഃസ്ഥാപിച്ചു.അഞ്ച് മാസങ്ങൾക്ക് മുൻപ് വിസ നൽകുന്നതിൽ യു.എസ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.അപേക്ഷകരുടെ എണ്ണം വർധിച്ചതാണ് നിയന്ത്രണമേർപ്പെടുത്താൻ കാരണം എന്നായിരുന്നു അധികൃതരുടെ വിശദീകരണം.ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിൽ വിസ നൽകുന്നതിനുള്ള നിയന്ത്രണം പിൻവലിക്കുകയാണെന്നും 15 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി വിസ ലഭ്യമാക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.ഇന്ത്യയിൽ നിന്നുള്ള ഐ ടി പ്രൊഫെഷനലുകൾ ഉൾപ്പെടെ നിരവധിപേർ അമേരിക്കയിൽ തൊഴിൽ ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുന്നതിന് എച് 1 ബി വിസകളാണ്.
സൗദിയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്കുളള നിരോധനം പിന്‍വലിച്ചു
റിയാദ്: സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യുന്നതിനുള്ള നിരോധനം പിന്‍വലിച്ചു. നിരവധി സൗജന്യ ആപ്ലിക്കേഷനുകള്‍ നിലവിലുണ്ടെങ്കിലും നിയമപരമായി ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു.ബുധനാഴ്ച മുതല്‍ ഇത് ബാധകമല്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല ബിന്‍ ആമിര്‍ അല്‍സവാഹ അറിയിച്ചു.മൊബൈല്‍ ആപ്പുകള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്‍ പരിശോധിച്ച് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ക്വലാലംപുരിൽ മതപാഠശാലയിൽ തീപിടിത്തം; 26 പേർ മരിച്ചു
ക്വലാലംപുർ: മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിൽ മതപാഠശാലയിലുണ്ടായ തീപിടിത്തത്തിൽ അധ്യാപകനും 25 വിദ്യാർഥികളുൾപ്പെടെ 26 പേർ മരിച്ചു. ജലാൻ ദതുക് കെരാമാതിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. പതിമൂന്ന് വയസിനും 17 വയസിനും ഇടയിലുള്ള വിദ്യാർഥികളാണ് മരിച്ചത്.അപകടത്തിൽ അഞ്ചു പേരെ രക്ഷപെടുത്തി. ഇവരിൽ മൂന്നു പേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ക്വലാലംപുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു നില കെട്ടിടത്തിന്‍റെ മുകൾ നിലയിലെ കിടപ്പുമുറിയിൽനിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. മുകൾ നിലയിൽനിന്ന് അഗ്നിശമന സേന 15 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ബ്ലൂവെയിലിന്റെ അഡ്മിനെന്ന് കരുതുന്ന പതിനേഴുകാരിയെ റഷ്യയില്‍ അറസ്റ്റ് ചെയ്തു
റഷ്യ:ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനെന്ന് കരുതുന്ന പതിനേഴുകാരിയെ റഷ്യയില്‍ അറസ്റ്റ് ചെയ്തു. കിഴക്കന്‍ റഷ്യയില്‍ നിന്നാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലൂ വെയില്‍ ഗെയിം നിര്‍മ്മാതാവിന്റെ ചിത്രങ്ങളും പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്തു.അറസ്റ്റിലായ പെണ്‍കുട്ടി നേരത്തെ ബ്ലൂവെയില്‍ ഗെയിം കളിക്കുകയും ഇടക്കാലത്ത് ഗെയിം അവസാനിപ്പിച്ച് ഇതിന്റെ അഡ്മിന്‍ ആവുകയും ചെയ്യുകയായിരുന്നുവെന്നാണ് റഷ്യന്‍ പൊലീസ് പറയുന്നത്.വിഷാദം ബാധിച്ച നിരവധി പേരെ ഗെയിം കളിക്കാന്‍ പെണ്‍കുട്ടി പ്രേരിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഗെയിമിന്റെ നിര്‍മ്മാതാവും മനശാസ്ത്ര വിദ്യാര്‍ഥിയുമായ ഫിലിപ്പ് ബുഡ്ക്കിന്റെ ചിത്രങ്ങളും കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടതായാണ് സൂചന. നിരവധി പേരാണ് ലോകത്താകമാനം ഇതുവരെ ബ്ലൂ വെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തിട്ടുള്ളത്. 50ടാസ്കുകളായാണ് ഗെയിം. അഡ്മിന്‍റെ നിര്‍ദേശപ്രകാരം ശരീരത്തില്‍ മുറിവേല്‍പ്പിച്ചും മറ്റുമാണ് ഓരോഘട്ടവും മുന്നേറുക അവസാനത്തിൽ കളിക്കുന്നയാള്‍ ആത്മഹത്യയും ചെയ്യും. ഗെയിമിന്റെ നിർമാതാവായ ഫിലിപ്പ് ബുഡിക്കിന്‍ മൂന്ന് വര്‍ഷമായി റഷ്യയിലെ ജയിലിലാണ്.
അമേരിക്കയിൽ ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻ നാശം
വാഷിങ്ടൺ:അമേരിക്കയിൽ ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻ നാശനഷ്ടം.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ഹൂസ്റ്റണിൽ ഇതുവരെ അഞ്ചുപേർ മരിച്ചതായാണ് വിവരം.ഹൂസ്റ്റണിലുണ്ടായ പ്രളയത്തിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ നില ഗുരുതരം.ടെക്‌സാസിലെ എ ആൻഡ് എം സർവകലാശാല വിദ്യാർത്ഥികളായ ശാലിനി,നിഖിൽ ഭാട്ടിയ എന്നിവരാണ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. വൈദ്യുതിയും വാർത്ത വിനിമയ സംവിധാനങ്ങളും തകരാറിലാണ്. അമേരിക്ക കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഹാർവി മലയാളി കുടുംബങ്ങളെയും കനത്ത ദുരിതത്തിലാഴ്ത്തി.വെള്ളപ്പൊക്കം ഏതാനും ദിവസം കൂടി തുടരുമെന്നാണ് സൂചന.