ഹോങ്കോങ്:ഹോങ്കോങ്ങിൽ ബസ്സപകടത്തിൽ 18 പേർ മരിച്ചു.ഹോങ്കോങ്ങിലെ തായ്‌പോ നഗരത്തിലാണ് അപകടം നടന്നത്.അമിത വേഗതയിലായിരുന്ന ഡബിൾ ഡെക്കർ ബസ് തലകീഴായി മറിയുകയായിരുന്നു.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.അശ്രദ്ധമായി ഓടിച്ചതിന് ബസിന്‍റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.കുതിര സവാരി കാണാനെത്തിയവരും തൊഴിലാളികളുമാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.
നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി
ഹൂസ്റ്റൺ:ചലച്ചിത്ര താരവും നർത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി.ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മേൽശാന്തി ശ്രീ കക്കാട്ടുമന ശശിധരന്റെ കാർമ്മികത്വത്തിലായിരുന്നു വിവാഹം.മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് വരൻ.നാല് വർഷമായി ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനായ അരുൺ അവിടെ എൻജിനീയറാണ്.സിനിമയിൽ സജീവമായിരിക്കുന്ന സമയത്തായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹം. അമേരിക്കൻ മലയാളിയായ സുധീറായിരുന്നു വരൻ.പിന്നീട് ആദ്യ ഭർത്താവുമായുള്ള വിവാഹ മോചനം ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാഹ മോചനം.ഈ ബന്ധത്തിൽ ദിവ്യയ്ക്ക് രണ്ടുമക്കളുണ്ട്.ഹൂസ്റ്റണിൽ നൃത്ത വിദ്യാലയം നടത്തുകയാണ് ദിവ്യ ഉണ്ണി ഇപ്പോൾ.
റാസൽ ഖൈമയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു
ദുബായ്:യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.തിരുവനന്തപുരം സ്വദേശി അര്‍ജുന്‍, എറണാകുളം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്.കുമളി സ്വദേശി വിനുവിനാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവർ റാഖ് ഹോട്ടലിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.ഇവർ സഞ്ചരിച്ച വാഹനം ജുല്‍ഫാര്‍ ടവറിനു സമീപം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
ഫ്രാൻസിൽ കനത്ത നാശം വിതച്ച് എലനോർ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു
പാരീസ്:ഫ്രാൻസിൽ കനത്ത നാശം വിതച്ച് എലനോർ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു.കനത്ത മഴയ്‌ക്കൊപ്പമെത്തിയ കാറ്റിൽ ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.1,10,000 ലേറെ വീടുകളിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്യുന്നുണ്ട്.വരും ദിവസങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അജ്മാനിൽ തീപിടുത്തത്തിൽ മലപ്പുറം സ്വദേശി മരിച്ചു
അജ്‌മാൻ :അജ്‌മാൻ വ്യവസായ മേഖലയിൽ ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമുണ്ടായ തീപിടുത്തത്തിൽ മലപ്പുറം സദേശി മരിച്ചു.വെള്ളില പുലക്കുഴിയിൽ മുഹമ്മദ്-ബിയ്യാക്കുട്ടി ദമ്പതികളുടെ മകൻ ജലാൽ(34) ആണ് മരിച്ചത്.തീപിടുത്തമുണ്ടായ വാണിജ്യകേന്ദ്രത്തിലെ നമസ്ക്കാര മുറിയിൽ നിസ്‌ക്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു ജലാൽ.കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ജലാലിന് പുറത്തു കടക്കാനായില്ല.ശനിയാഴ്ച്ച വൈകുന്നേരം നാലുമണിയോട് കൂടിയായിരുന്നു അഗ്നിബാധ ഉണ്ടായത്.വൻ നാശനഷ്ടം കണക്കാക്കുന്നുണ്ട്.ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫെൻസ് വിഭാഗം രക്ഷാപ്രവർത്തനം നടത്തി.
സൗദിയിൽ ജ്വല്ലറികളിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു;ഒട്ടേറെ മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെടും
സൗദി:സൗദിയിൽ ജ്വല്ലറികളിലും സ്വദേശിവൽക്കരണം(നിതാഖാത്) നടപ്പിലാക്കുന്നു. ഡിസംബർ അഞ്ചുമുതൽ ഈ മേഖലയിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്ന് തൊഴിൽമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.ഈ തീരുമാനം ഡിസംബർ മൂന്നിന് പ്രാബല്യത്തിൽ വരുമെന്ന് തൊഴില്മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു.ഡിസംബർ മൂന്നുമുതൽ ജ്വല്ലറികളിൽ ജോലിചെയ്യുന്ന വിദേശികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കും.സ്വദേശികൾക്ക് അനുകൂലമായ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.മൊബൈൽഫോൺ വിപണിയിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കിയതിനു ശേഷമാണ് ജ്വല്ലറിമേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്.റെന്റ് എ കാർ മേഖലയിലും വൈകാതെ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചിട്ടുണ്ട്.ഇതോടെ ഈ മേഖലകളിൽ തൊഴിൽചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ സ്ഥിതി കൂടുതൽ ഗുരുതരമാകും.ഇപ്പോഴത്തെ സാഹചര്യത്തിൽ തൊഴിൽ നഷ്ടമായാൽ നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഇവർ പറയുന്നു.സ്വദേശിവൽക്കരണം സംബന്ധിച്ച് അറിയിപ്പുകൾ ജ്വല്ലറി ഉടമകൾക്ക് മന്ത്രാലയം ഔദ്യോഗികമായി നൽകിത്തുടങ്ങി.
ഈജിപ്തിൽ ഭീകരാക്രമണത്തിൽ 235 പേർ മരിച്ചു
കെയ്‌റോ:ഈജിപ്തിലെ വടക്കൻ സിനായി പ്രവിശ്യയിലെ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ 235 പേർ മരിച്ചു.120 പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.പള്ളിക്ക് പുറത്തു സ്ഫോടനം നടത്തി പരിഭ്രാന്തി പരത്തിയ ശേഷം അകത്തുകടന്ന ഭീകരർ വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.2014 ഇൽ ഐഎസുമായി ചേർന്ന സിനായിലെ തീവ്രവാദ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.സൂഫികളെയും ക്രിസ്തുമത വിശ്വാസികളെയും ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ് സിനായിൽ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്.
കനത്ത മഴയിൽ സൗദിയിൽ ജനജീവിതം സ്തംഭിച്ചു
ജിദ്ദ:കനത്ത മഴയിൽ സൗദിയിൽ ജനജീവിതം സ്തംഭിച്ചു.ഇടിമിന്നലോടുകൂടിയ ശക്തമായ മഴയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വെള്ളം കയറിയതിനെ തുടർന്ന് ജിദ്ദ-മക്ക എക്സ്പ്രസ് ഹൈവേയിൽ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.ഇതോടെ എയർപോർട്ടിലേക്ക് എത്തിപ്പെടാനാകാത്തതിനാൽ പലരുടെയും യാത്ര മുടങ്ങിയിരിക്കുകയാണ്. ഇവർക്ക് ടിക്കറ്റ് ചാർജ് തിരിച്ചുകൊടുക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു.കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ വീടുവിട്ടിറങ്ങരുതെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നും ജാഗ്രത വേണമെന്നും അധികൃതർ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
കുവൈറ്റിൽ മലയാളി നഴ്സിന് അഞ്ചുവർഷം തടവ് ശിക്ഷ
കുവൈറ്റ്:കുവൈറ്റിൽ മലയാളി നഴ്സിന് അഞ്ചുവർഷം തടവ് ശിക്ഷ.രക്തപരിശോധനയ്ക്കായി ശേഖരിച്ച രക്തസാമ്പിളിൽ കൃത്രിമം നടത്തിയ കേസിലാണ് ശിക്ഷ.ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോളി പുത്തൻപുരയിൽ എബിൻ തോമസിനാണ് കുവൈറ്റ് കോടതി അഞ്ചുവർഷം തടവും 100 ദിനാർ പിഴയും വിധിച്ചത്.രണ്ടു വർഷമായി കുവൈറ്റിൽ ജോലി ചെയ്യുകയാണ് എബിൻ.ഇക്കാമ(താമസാനുമതിരേഖ) അനുവദിക്കുന്നതിനായുള്ള വൈദ്യപരിശോധനയ്ക്കായി രക്തസാമ്പിൾ ശേഖരിക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു എബിൻ.രോഗബാധിതനായ ഒരാൾക്കുവേണ്ടി മറ്റൊരാളുടെ രക്തസാമ്പിൾ മറിച്ചു നൽകി എന്നാണ് എബിനെതിരെയുള്ള കേസ്.
ഖത്തറിൽ റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് രണ്ടു മലയാളികൾ മരിച്ചു
ദോഹ:ഖത്തറിൽ റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് രണ്ടു മലയാളികൾ മരിച്ചു.മലപ്പുറം തിരൂർ തെക്കൻ കുറ്റൂർ പറമ്പത്ത് വീട്ടിൽ മുഹമ്മദ് അലി(42), കോഴിക്കോട് ഒളവണ്ണ കുളങ്ങര പറമ്പ് പ്രവീൺ കുമാർ(52) എന്നിവരാണ് മരിച്ചത്.ഖത്തറിലെ അലി ഇന്റർനാഷണൽ ട്രേഡിങ്ങ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.വ്യഴാഴ്ച രാത്രി ഇൻഡസ്ട്രിയൽ ഏരിയയിൽ റോഡ് മുറിച്ചു കടക്കവെയാണ് അപകടമുണ്ടായത്.