ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും പുറത്തെത്തിച്ചു. മനുഷ്യശക്‌തിയും ദൃഢനിശ്‌ചയവും കൈകോര്‍ത്ത അതിസാഹസിക ദൗത്യത്തിലൂടെ ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും കൊച്ചിനെയും ഇന്നലെ പുറത്തെത്തിച്ചു.കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയ പതിനെട്ടാം ദിവസമാണു രക്ഷാദൗത്യം പൂര്‍ത്തിയായത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നാലു വീതം കുട്ടികളെ പുറത്തെത്തിച്ചിരുന്നു.ഗുഹയിലെ വെള്ളംനിറഞ്ഞ ഇടുക്കുകളിലൂടെ ഓക്‌സിജന്‍ മാസ്‌ക് അടക്കമുള്ളവ ധരിപ്പിച്ചാണു കുട്ടികളെ പുറത്തെത്തിച്ചത്.പരിശീലകനെയാണ് ഒടുവില്‍ പുറത്തെത്തിച്ചത്. അതിനു പിന്നാലെ, ഗുഹയില്‍ കുട്ടികള്‍ക്കൊപ്പമിരുന്ന ഡോക്‌ടറും മൂന്നു തായ് സീലുകളും സുരക്ഷിതരായി പുറത്തെത്തി. ഇന്നലെ രക്ഷിച്ചവരെയും പ്രഥമശുശ്രൂഷകള്‍ക്കും പരിശോധനയ്‌ക്കും ശേഷം ആശുപത്രിയിലേക്കു മാറ്റി. ആദ്യം രക്ഷപ്പെടുത്തിയ എട്ടുപേരും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ശാരീരികമായോ മാനസികമായോ ആര്‍ക്കും ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്ന് തായ്‌ലന്‍ഡ് പൊതുഭരണമന്ത്രി അറിയിച്ചു. രണ്ടുപേര്‍ക്കു കഴിഞ്ഞദിവസം ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കിയിരുന്നു.കുട്ടികള്‍ ഒരാഴ്‌ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരും. എല്ലാവരുടേയും ശരീരത്തില്‍ ശ്വേതരക്‌താണുക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. അണുബാധയാണതു സൂചിപ്പിക്കുന്നത്. രണ്ടാഴ്‌ചയിലേറെയുള്ള ഗുഹാവാസമാകാം കാരണം. എല്ലാവര്‍ക്കും ആന്റിബയോട്ടിക് നല്‍കിയിട്ടുണ്ട്.കുട്ടികളുടെ മാതാപിതാക്കളെ നിരീക്ഷണമുറിയുടെ ജനലിലൂടെയാണ് കാണാന്‍ അനുവദിച്ചത്. ഞായറാഴ്‌ച റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണാൻ കുട്ടികളെ ഫിഫ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒരാഴ്‌ചയെങ്കിലും ആശുപത്രി നിരീക്ഷണത്തില്‍ കഴിയേണ്ടതിനാല്‍ ആ കാഴ്‌ച നടക്കാനിടയില്ല.
തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ മൂന്നു കുട്ടികളെ കൂടി പുറത്തെത്തിച്ചു;ഇനി ശേഷിക്കുന്നത് ഒരു കുട്ടിയും കോച്ചും മാത്രം
ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ മൂന്ന് കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടികളെ മുങ്ങല്‍ വിദ്ഗദ്ധര്‍ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇനി ഒരു കുട്ടിയും ഫുട്ബോള്‍ പരിശീലകനും മാത്രമാണ് ഗുഹയിലുള്ളത്. ഇവരെയും ഉടന്‍ തന്നെ രക്ഷപ്പെടുത്തും. ഇന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.നേരത്തെ രക്ഷപ്പെടുത്തിയ കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും അണുബാധയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടികളുടെ പേരുകളും ചിത്രങ്ങളും തായ് അധികൃതര്‍ പുറത്തുവിട്ടു.
തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക്
ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ക്കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നു.ഇപ്പോള്‍ ഗുഹയില്‍ ബാക്കിയുള്ള പരിശീലകനെയും നാലു കുട്ടികളെയും രക്ഷിക്കാനുള്ള നടപടികള്‍ രക്ഷാപ്രവര്‍ത്തകര്‍ ആരംഭിച്ചു.രണ്ടു ദിവസം പിന്നിട്ട രക്ഷാദൗത്യത്തില്‍ എട്ടു കുട്ടികളെ ഗുഹയ്ക്കു പുറത്തെത്തിച്ചിരുന്നു. രണ്ടാംദിവസമായ തിങ്കളാഴ്ച നാല് കുട്ടികളെക്കൂടി രക്ഷപ്പെടുത്തി. ബാക്കിയുള്ള നാല് കുട്ടികളും കോച്ചുമടക്കം അഞ്ചുപേരാണ് ഇപ്പോഴും ഗുഹയ്ക്കകത്ത് ഉള്ളത്.മൂന്നാം ദിവസത്തെ അനുകൂല കാലാവസ്ഥ പരാമാവധി പ്രയോജനപ്പെടുത്തി രക്ഷാപ്രവര്‍ത്തകര്‍ ബാക്കിയുള്ള അഞ്ചുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കുന്നുണ്ട്. എന്നാല്‍ ഗുഹയ്ക്കുള്ളിലെ ശക്തമായ അടിയൊഴുക്ക് ഇതിനു വെല്ലുവിളിയാകുന്നുണ്ട്. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാന്‍ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.അതേസമയം ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് മാധ്യമങ്ങളെ അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.പുറത്തെത്തിച്ച കുട്ടികളിൽ രക്തപരിശോധന നടത്തിയതിൽ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കി. എട്ടുപേരുടെയും എക്‌സറേ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും ചോകെദാംറോങ്‌സുക്ക് അറിയിച്ചു.ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്.
തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ അഞ്ചാമത്തെ കുട്ടിയേയും രക്ഷപ്പെടുത്തി;കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നു
ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ അഞ്ചാമത്തെ കുട്ടിയേയും രക്ഷിച്ചു.രക്ഷപ്പെടുത്തിയ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.ഇനി കോച്ച് അടക്കം എട്ടുപേരാണ് ഗുഹയില്‍ ബാക്കിയുള്ളത്.ഇവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.തുടക്കത്തില്‍ കനത്ത മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ചു.തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് രണ്ടാം ഘട്ട രക്ഷാദൗത്യം ആരംഭിച്ചത്. ഇന്നുതന്നെ എല്ലാവരേയും പുറത്തെത്തിക്കാനാണ് സംഘത്തിന്റെ ശ്രമമെങ്കിലും ഇത് പുര്‍ണമായും നിറവേറ്റാന്‍ ഏകദേശം 20 മണിക്കൂറോളം വേണ്ടിവരുമെന്നാണ് സൂചന. അതേസമയം ഇന്നലെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച നാലു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര്‍ വ്യക്തമാക്കി.
തായ്‌ലൻഡിലെ ഗുഹയിൽ നിന്നും കുട്ടികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ ഇന്നും തുടരും
ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്നും തുടരും.കഴിഞ്ഞ ദിവസം ആറുമണിക്കൂറിലേറെ നീണ്ട ശ്രമത്തിെനാടുവില്‍ നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. 13 വിദേശ മുങ്ങല്‍ വിദഗ്ധരും അഞ്ച് തായ് മുങ്ങല്‍ വിദഗ്ധരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നത്. ഇന്നലെ കുട്ടികളെ പുറത്തെത്തിച്ചവര്‍ തന്നെയാണ് ഇന്നും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുക. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ചെറുതായി മഴ തുടങ്ങിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ മഴ ശക്തമാകുെമന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ശക്തിപ്പെട്ടാന്‍ രക്ഷാ പ്രവര്‍ത്തനം തടസപ്പെടും. അതിനാല്‍ എത്രയും പെെട്ടന്ന് ഗുഹയില്‍ കുടുങ്ങിയ ബാക്കി പേരെ കൂടി എത്രയും വേഗം പുറെത്തത്തിക്കാനാണ് ശ്രമം. രക്ഷപ്പെടുത്തിയ നാലു കുട്ടികളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മൂ പാ (െവെല്‍ഡ് ബോര്‍) 1,2,3,4 എന്നാണ് ഗവര്‍ണര്‍ അവരെ വിശേഷിപ്പിച്ചത്. മൂപാ (െവെല്‍ഡ് ബോര്‍) എന്നത് അവരുെട ഫുട്ബോള്‍ ക്ലബ്ബിെന്‍റ േപരാണ്. ഇനിയും ഗുഹയില്‍ നിന്ന് പുറത്തെത്താത്ത കുട്ടികളുെട രക്ഷിതാക്കള്‍ക്ക് ഭയാശങ്കകള്‍ ഉണ്ടാകാതിരിക്കാനാണ് രക്ഷപ്പെട്ട കുട്ടികളുെട പേരുകള്‍ രഹസ്യമാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ ആരോഗ്യവാന്‍മാരാെണന്നും നിരീക്ഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
തായ്‌ലൻഡ് ഗുഹയിൽ കുടുങ്ങിയ നാല് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോർട്ട്
ബാങ്കോക്ക്: പതിനഞ്ചു ദിവസം നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളായ നാല് കുട്ടികളെ രക്ഷപ്പെടുത്തി. ഇന്നു രാവിലെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടിരിക്കുന്നത്. പുറത്തെത്തിച്ച കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തെയാണ് കുട്ടികളെ പുറത്തെത്തിച്ചിരിക്കുന്നത്. ഇപ്പോഴും 10 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്‌ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാലു കുട്ടികളും മറ്റു സംഘത്തില്‍ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച് അവസാനത്തെ സംഘത്തിലാണ് ഉള്‍പ്പെടുക. കുട്ടികളുള്ള സ്ഥലം മുതല്‍ ഗുഹാമുഖം വരെ ഒരു കയര്‍ വെള്ളത്തിനടിയിലൂടെ ഇടും. നീന്തല്‍ വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്ക് നയിക്കും. നീന്തലറിയാത്ത കുട്ടികള്‍ക്ക് കയറില്‍ പിടിച്ച് വെള്ളത്തിനടിയിലൂടെ നീങ്ങാന്‍ സാധിക്കും. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ രണ്ട് മുങ്ങല്‍ വിദഗ്ധരാണ് സഹായിക്കുക. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക കാര്യങ്ങള്‍ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്. പുറത്തെത്തിക്കുന്ന കുട്ടികള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പുറത്ത് സജ്ജമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ജൂണ്‍ 23 നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. തൊട്ടുപിന്നാലെ പെയ്ത കനത്തമഴയെ തുടര്‍ന്ന് വെള്ളവും ചെളിയും അടിഞ്ഞ് സംഘം ഗുഹയില്‍ അകപ്പെടുകയായിരുന്നു.മഴ അല്‍പം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഇപ്പോള്‍ താഴ്ന്നുവരികയാണ്. ഇതോടെ ഗുഹയില്‍ നിന്നു പുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുഹാപരിസരത്തു തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിക്കുകയും ചെയ്തു.
തായ്‌ലൻഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ മുങ്ങല്‍ വിദഗ്ദന്‍ ശ്വാസം മുട്ടി മരിച്ചു
ബാങ്കോക്ക്: വടക്കന്‍ തായ്ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ മുൻ നാവിക സേനാ ഉദ്യോഗസ്ഥനും മുങ്ങല്‍ വിദഗ്ദ്ധനുമായ സമാൻ ഗുണാൻ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രി രക്ഷാ പ്രവര്‍ത്തനത്തിനിടെ ആണ് മരണം സംഭവിച്ചത്.ഗുഹയില്‍ ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ച് മടങ്ങുമ്ബോഴായിരുന്നു അപകടം .ഗുഹയ്ക്കുള്ളില്‍ ഓക്സിജന്‍ കുറഞ്ഞതുകൊണ്ടാണ് സമാന്‍ കുഴഞ്ഞുവീണത്. ഇതേതുടര്‍ന്ന് ഗുഹയ്ക്കുള്ളിലേക്ക് പുറത്ത് നിന്ന് ഓക്സിജന്‍ പമ്പ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഗുഹയ്ക്കുള്ളില്‍ വെള്ളവും ചെളിയും കയറിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ഗുഹയ്ക്കുള്ളില്‍ കുട്ടികള്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും എത്തിച്ച് നല്‍കിയിട്ടുണ്ട്. കോച്ചിന്റെയും ചില കുട്ടികളുടെയും ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.നിലവിലെ സാഹചര്യം അനുസരിച്ച് ഗുഹയ്ക്കുള്ളിലെ വെള്ളം കുറയുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. കുട്ടികളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തിയിട്ടെ അവരെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കുവെന്ന് തായ്‌ലൻഡ് ഭരണകൂടം അറിയിച്ചു. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ റിപ്പോർട്ട് രക്ഷാപ്രവർത്തകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.ഗുഹയിലെ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.ജലനിരപ്പോൾ ഇപ്പോൾ നാല്പതു ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.എന്നാൽ മഴപെയ്താൽ ജലനിരപ്പ് വീണ്ടും കൂടും. ഗുഹാമുഖത്തു നിന്നും നാലര കിലോമീറ്റർ ഉള്ളിലാണ് കുട്ടികൾ ഇപ്പോൾ ഉള്ളത്.ഇവർക്കൊപ്പം മെഡിക്കൽ സംഘവും മുങ്ങൽ വിദഗ്ദ്ധരും കൗൺസിലർമാരും ഉണ്ട്.മഴപെയ്യാതിരുന്നാൽ കുട്ടികൾക്ക് നടന്നുതന്നെ പുറത്തെത്താൻ കഴിയുമെന്നാണ് സൂചന.ജൂൺ 23 നാണ് ഫുട്ബോൾ സംഘത്തിലെ പന്ത്രണ്ടുപേരും കോച്ചും ഗുഹയിൽ കുടുങ്ങിയത്.
സൗദിയിൽ ഇന്ന് മുതൽ സ്ത്രീകളും ഡ്രൈവിംഗ് സീറ്റിലേക്ക്
റിയാദ്:സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള വിലക്ക് നീങ്ങി.ഇന്ന് മുതൽ സ്ത്രീകളും ഡ്രൈവിംഗ് സീറ്റിലെത്തും. ‘വനിതാ ഡ്രൈവിംഗ് ദിന’മായി രാജ്യം ആഘോഷമായിത്തന്നെ വനിതകളെ വാഹനവുമായി നിരത്തിലേക്ക് രണ്ടുകൈയും നീട്ടി ക്ഷണിക്കുന്നു. സൗദിയുടെ ചരിതത്തിലെ വിപ്ലവകരമായ ഈ മാറ്റത്തിന്റെ ഭാഗമാകാൻ ആയിരക്കണക്കിന് സ്ത്രീകളാണ് ഇന്ന് സ്റ്റിയറിങ് കൈയ്യിലെടുക്കുന്നത്.പെണ്‍കുട്ടികളുടെ സ്കൂള്‍ ബസുകള്‍, അധ്യാപികമാരുടെ വാഹനങ്ങള്‍, വനിതാ ടാക്സികള്‍ തുടങ്ങിയ പൊതുവാഹനങ്ങളും സ്ത്രീകള്‍ക്ക് ഓടിക്കാം.കാര്‍ റെന്‍റല്‍ സര്‍വീസുകളും നടത്താം. ഇതോടെ ഒട്ടേറെ സ്ത്രീകള്‍ക്കായി പുതിയ തൊഴില്‍മേഖലകളും തുറക്കുകയാണ്. പ്രധാന നഗരങ്ങളിലും വിവിധ പ്രവിശ്യകളിലും വനിതകള്‍ വാഹനമോടിക്കുന്നതിനു മുന്നോടിയായി ട്രാഫിക് വിഭാഗം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ടാക്‌സി ഓടിക്കാനും വനിതകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.എന്നാല്‍ ഗതാഗത നിയമലംഘനങ്ങളില്‍ നിന്ന് വനിതാ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഈ ചരിത്ര മുഹൂര്‍ത്തത്തിന് മുൻപ് തന്നെ വനിതാ ഇന്‍സ്‌പെക്ടര്‍മാരുടെയും സര്‍വെയര്‍മാരുടെയും ആദ്യ ബാച്ചും പുറത്തിറങ്ങിയിരുന്നു. വാഹനമോടിച്ച് അപകടത്തില്‍ പെടുന്ന വനിതകള്‍ക്ക് സഹായത്തിന് ഇവരാണ് എത്തുന്നത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മാസങ്ങള്‍ നീണ്ട പരിശീലനമായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത്. ഇനി വാഹനമോടിക്കുന്ന വനിതകളുടെ സഹായത്തിന് ഈ സംഘമുണ്ടാകും. സൗദിയില്‍ അപകടത്തില്‍ പെടുന്നവരുടെ ഇന്‍ഷുറന്‍സ് സഹായത്തിനടക്കം എത്തുന്ന നജ്മ് ഇന്‍സ്‌പെക്ടര്‍മാരുടെ അതേ ചുമതലയാകും ഇവര്‍ക്ക്. സ്ത്രീകള്‍ അപകടത്തില്‍ പെടുന്ന കേസുകളില്‍ ഇവരെത്തും. ആദ്യ ബാച്ചില്‍ തന്നെ 40 പേരാണ് പരിശീലനം നേടി പുറത്തിറങ്ങിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ മലയാളിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്ക് 22 വർഷവും കാമുകന് 27 വർഷവും തടവ്
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം അബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയയ്ക്കും കാമുകന്‍ അരുണ്‍ കമലാസനനും വിക്ടോറിയ കോടതി ശിക്ഷ വിധിച്ചു. സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് തടവ് വിധിച്ചത്. സാമിനെ സയനൈഡ് നല്‍കി കൊന്നു എന്ന അരുണിന്റെ കുറ്റസമ്മതമൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിധി.2015 ഒക്ടോബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ(34) മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തനിക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് സോഫിയ ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു വര്‍ഷത്തോളം നീണ്ട വ്യക്തമായ പദ്ധതി തയ്യാറാക്കിയ ശേഷം അരുണ്‍ കമലാസനന്‍ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഇരയാണ് സാം എന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.ഉറങ്ങിക്കിടന്ന സാമിന്റെ വായിലേക്ക് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി ഒഴിച്ചുകൊടുത്തതാകാം എന്നായിരുന്നു് ഫോറന്‍സിക് വിദഗ്ധരുടെയും നിരീക്ഷണം. അതിന് സാധുത നല്‍കുന്ന വെളിപ്പെടുത്തലുകളാണ് അരുണ്‍ പോലീസിനോട് പറഞ്ഞത്. എങ്ങനെയാണ് സാമിന്റെ വീട്ടില്‍ കടന്നതെന്ന കാര്യം ഉള്‍പ്പെടെ സ്‌കെച്ചായി വരച്ചുകാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അരുണ്‍ അതേക്കുറിച്ച് പറയുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിങ്ങും പോലീസ് കോടതിയില്‍ ഹാജരാക്കി.എന്നാല്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചെങ്കിലും പോലീസിനോട് കുറ്റസമ്മതം നടത്തിയ ഈ ഓഡിയോ ക്ലിപ്പായിരുന്നു പ്രധാന തെളിവായി കോടതി പരിഗണിച്ചത്.പോലീസിന് നല്‍കിയ വിവരണത്തിലൊന്നും സോഫിയ തന്നെ സഹായിച്ചതായി അരുണ്‍ എവിടെയും പറഞ്ഞിരുന്നില്ല. അതേസമയം ബലപ്രയോഗമൊന്നും കൂടാതെ വീടിനുള്ളില്‍ അരുണിന് എങ്ങനെ കയറാന്‍ കഴിഞ്ഞുവെന്നും സാമിന്റെ വായിലേക്ക് വിഷം കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് ഒഴിച്ചു കൊടുക്കുമ്പോൾ ഒരേ കട്ടിലില്‍ കിടന്ന സോഫിയ എങ്ങനെ അറിയാതിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദത്തിനിടെ സംശയം കോടതിയില്‍ ഉയര്‍ത്തി.താന്‍ ആരെയും കൊന്നിട്ടില്ലെന്നാണ് സോഫിയ കോടതിയില്‍ പറഞ്ഞതെങ്കിലും പ്രോസിക്യൂഷന്റെ നിരീക്ഷണങ്ങളും സാഹചര്യത്തെളിവുകളാണ് സോഫിയയെ കുടുക്കിയത്.സോഫിയ അറിയാതെ കൊലപാതകം നടക്കില്ല എന്നും ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന പ്രോസിക്യഷന്‍ വാദം കോടതി ശരിവെക്കുകയായിരുന്നു.
നിപ വൈറസ് ബാധയെ തുടർന്ന് കേരളയാത്രയ്ക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി
ദുബായ്:നിപ വൈറസ് ബാധയെ തുടർന്ന് കേരളയാത്രയ്ക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി.വൈറസ് ബാധയെ തുടർന്ന് നിരവധി പേര്‍ മരിക്കുകയും അനേകം പേര്‍ ആശുപത്രിയിലും ആയ സാഹചര്യത്തിലായിരുന്നു കേരളത്തിലേക്കുള്ള യാത്രയില്‍ യു.എ.ഇ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഇപ്പോള്‍ യു.എ.ഇ നിയന്ത്രണം നീക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 24 നാണ് യു.എ.ഇ. ആരോഗ്യ മന്ത്രാലയം കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ നിന്നും യുഎഇയില്‍ എത്തുന്നവര്‍ക്ക് നിപ വൈറസിന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കാന്‍ വിമാനത്താവള അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നിപ രോഗബാധ നിയന്ത്രണവിധേയമായെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് നിയന്ത്രണം നീക്കിയതെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.