ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും മകള്‍ മറിയത്തിനും പരോള്‍ അനുവദിച്ചു. ഭാര്യ കുല്‍സും നവാസിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. കഴിഞ്ഞ കുറച്ചു നാളായി ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്‌ളിനിക്കില്‍ തൊണ്ടയിലെ കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു കുല്‍സും. നവാസിന്റെ രാജിയെത്തുടര്‍ന്ന് 2017ല്‍ എംപിയായി മത്സരിച്ചു ജയിച്ചെങ്കിലും ലണ്ടനില്‍ ചികിത്സയിലായതിനാല്‍ കുല്‍സുമിനു സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല.മൃതദേഹം ലാഹോറില്‍ കബറടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ജപ്പാനിൽ ജെബി കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു;10 മരണം
ടോക്കിയോ:ജപ്പാനിൽ ജെബി കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പേമാരിയിലും പ്രളയത്തിലുംപെട്ട് മരിച്ചവരുടെ എണ്ണം 10 ആയി. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നേരത്തെ പത്തുലക്ഷം പേരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ ജെബി കാറ്റിനെത്തുടര്‍ന്നു പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയാണ് ഉണ്ടായത്.ഒസാക്ക വിമാനത്താവളത്തിലടക്കം വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള മുഴുവന്‍ ഫ്ളൈറ്റുകളും റദ്ദാക്കി. നഗോയ, ഒസാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അന്തര്‍ദേശീയ ഫ്ളൈറ്റുകള്‍ ഉള്‍പ്പെടെ ആകെ 800ല്‍ അധികം ഫ്ളൈറ്റുകളാണ് റദ്ദാക്കിയത്. 1993നുശേഷം ജപ്പാനിലുണ്ടാകുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിതെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. ശക്തമായ തിരമാലകള്‍ക്കും പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
കേരളത്തിന് സഹായഹസ്തവുമായി ഖത്തറും;35 കോടി ഇന്ത്യൻ രൂപ നൽകും
ദോഹ:പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തം നീട്ടം ഖത്തര്‍. കേരളത്തിന് ഖത്തര്‍ 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) സഹായധനം നല്‍കാനാണ് തീരുമാനം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാണ് സഹായം നല്‍കുന്നതെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ദുരിതബാധിതരായ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രകൃതിദുരന്തത്തില്‍ വീടുകള്‍ ഉള്‍പ്പടെ നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്‍പ്പടെയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മഹാപ്രളയത്തില്‍ അനുശോചിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് സന്ദേശം അയച്ചിരുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ഇന്ത്യന്‍പ്രസിഡന്റിന് അനുശോചനം അറിയിച്ചു.അതേസമയം കേരളത്തിന് സഹായവുമായി ഖത്തര്‍ ചാരിറ്റിയും രംഗത്തുണ്ട്.കേരളത്തെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ക്യാമ്ബയിന് ഖത്തര്‍ ചാരിറ്റി തുടക്കംകുറിച്ചു. ആദ്യ ഘട്ടത്തില്‍ അഞ്ചുലക്ഷം റിയാലിന്റെ സഹായപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ റപ്രസന്റേറ്റീവ് ഓഫീസ് മുഖേനയായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍. 60,000പേര്‍ക്ക് അടിയന്തരസഹായം എത്തിക്കുകയാണ് ലക്ഷ്യം. ഭക്ഷണം, മരുന്നുകള്‍, താമസസൗകര്യങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കും.ഖത്തറിനെ കൂടാതെ യുഎഇയും കേരളത്തിന് നേര്‍ക്ക് സഹായഹസ്തം നീട്ടിയിട്ടുണ്ട്. പ്രളയം കാരണം പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് ദുരിതാശ്വാസ കമ്മിറ്റി രൂപവത്കരിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. എമിറേറ്റ്‌സ് റെഡ്ക്രസന്റ്‌സിന്റെ നേതൃത്വത്തില്‍ യു.എ.ഇയിലെ ജീവകാരുണ്യ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയാണ് രൂപവത്കരിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരുടെ സഹായവും കമ്മിറ്റി തേടും.
ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു
ബേണ്‍:യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമ്മാനജേതാവുമായ ജേതാവുമായ കോഫി അന്നാന്‍ (80) അന്തരിച്ചു. ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു കോഫി അന്നാന്‍ യു എന്നിന്റെ ഏഴാമത് സെക്രട്ടറി ജനറലായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ചായിരുന്നു മരണം.1997 ജനുവരി മുതല്‍ 2006 ഡിസംബര്‍ വരെയാണ് കോഫി അന്നാന്‍ യു എന്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. 2001ലാണ് അദ്ദേഹം നോബല്‍ സമ്മാനത്തിന് അര്‍ഹനായത്.
ഇന്തോനേഷ്യയിൽ ഭൂചലനം;മരണസംഖ്യ 91 ആയി
ജക്കാര്‍ത്ത:ഇന്തോനേഷ്യയിലെ വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആയിരങ്ങളെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങളും വാഹനങ്ങളും വ്യാപകമായി തകര്‍ന്നു. ഭൂകമ്പമാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്ന പ്രദേശങ്ങളിലും, ഭൂചലനം സംഭവിച്ച സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ഇനിയും മരണസംഖ്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. ലോംബോക്കില്‍ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമും , രക്ഷാപ്രവര്‍ത്തനവും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.
പാക്കിസ്ഥാനിൽ വോട്ടെടുപ്പിനിടെ സംഘർഷം; സ്‌ഫോടനത്തിൽ 25 ഓളം പേർ കൊല്ലപ്പെട്ടു
ക്വറ്റ:പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പരക്കെ അക്രമം അരങ്ങേറുന്നതായി റിപ്പോര്‍ട്ട്.ബലൂചിസ്ഥാനിലെ ക്വറ്റയിൽ വാൻ സ്ഫോടനം ഉണ്ടായി.ഇതിൽ 25 ഓളം പേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കറാച്ചിയിലെ ലര്‍ക്കാന മേഖലയിലെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ക്യാമ്ബിനു നേരെയും ബോംബേറുണ്ടായി. മിര്‍പൂര്‍ക്കാസ് ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ക്കു നേരെയും ബോംബേറുണ്ടായിട്ടുണ്ട്. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്കാണ് പരിക്കേറ്റത്. പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നിരവധി അക്രമണങ്ങളാണ് ഭീകരര്‍ നടത്തിയിരിക്കുന്നത്. രാജ്യത്ത് 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 3,71,388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിന് ഇത്രയും വലിയ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തുന്നത്.
പാക്കിസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടക്കും. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24 മണിക്കൂറിനുള്ളില്‍ ഫലം പ്രഖ്യാപിക്കും. പാകിസ്താനിലെ സിന്ധ്, ബലൂചിസ്ഥാന്‍, ബലൂചിസ്ഥാന്‍, പഞ്ചാബ്, ഖൈബര്‍ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് മണ്ഡലങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്. 70 സീറ്റുകള്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി സംവരണം ചെയ്തിരിക്കയാണ്. ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. 3765 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. രജിസ്റ്റര്‍ ചെയ്ത 110 പാര്‍ട്ടികളില്‍ സജീവമായുള്ളത് 30 എണ്ണമാണ്. 85,000 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഷഹബാസ് ഷെരീഫ് നയിക്കുന്ന പിഎംഎല്‍എന്‍, ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇന്‍സാഫ്, ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ കക്ഷികള്‍ തമ്മിലാണ് പ്രധാന പോരാട്ടം.
കർഷകനെ മുതല പിടിച്ചു;പ്രതികാരമായി നാട്ടുകാർ 292 മുതലകളെ കൊന്നൊടുക്കി
ഇന്തോനേഷ്യ:കർഷകനെ മുതല പിടിച്ചതിന്റെ പ്രതികാരമായി നാട്ടുകാർ 292 മുതലകളെ കൊന്നൊടുക്കി.ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് സംഭവം.മുതല ഫാമിനരികില്‍ നിന്ന് കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുകയായിരുന്നു കർഷകൻ സുഗിറ്റോവിനെ മുതല കടിച്ചു കൊന്നിരുന്നു.വാലില്‍ ചവിട്ടിയ കര്‍ഷകനെ മുതല ആക്രമിക്കുകയായിരുന്നു. കാലില്‍ കടിയേറ്റ സുഗിറ്റോ മരിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചു.രോഷാകുലരായ നാട്ടുകാർ ആയുധങ്ങളുമായി മുതല സംരക്ഷണ കേന്ദ്രത്തില്‍ എത്തി മുതലകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.സുഗിറ്റോയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് മുതല ഫാം അധികൃതര്‍ അറിയിച്ചെങ്കിലും നാട്ടുകാർ തൃപ്തരായില്ല.
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും അറസ്റ്റ് ചെയ്തു
ലഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഷെരീഫിന്‍റെയും മറിയത്തിന്‍റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരന്‍ ഷെഹബാസിനെയും കാണാന്‍ നവാസ് ഷെരീഫിന് അനുമതി നല്‍കി. മറിയത്തിന്‍റെ ഭര്‍ത്താവ് റിട്ടയേര്‍ഡ് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ഷെരീഫിന് പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴയും പാകിസ്ഥാനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചിരുന്നു. കൂട്ടുപ്രതികളായ മകള്‍ മറിയത്തിന് ഏഴു വര്‍ഷം തടവും 20 ലക്ഷം പൗണ്ട് (ഏകദേശം 18.26 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം.
പൗഡർ ഉപയോഗിച്ചവർക്ക് കാൻസർ ബാധ; ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 32000 കോടി രൂപ പിഴ നൽകണം
വാഷിങ്‌ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പൗഡര്‍ ഉപയോഗിച്ച സ്‌ത്രീകള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചെന്ന കേസില്‍ കമ്പനിക്ക് 470 കോടി ഡോളര്‍(ഏകദേശം 32,000 കോടി രൂപ) കോടതി പിഴയിട്ടു.ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡര്‍ ഉപയോഗിച്ചതുമൂലം ഓവറിയന്‍ ക്യാന്‍സര്‍ ബാധിച്ചെന്നു ചൂണ്ടിക്കാട്ടി 22 സ്‌ത്രീകള്‍ നല്‍കിയ പരാതിയില്‍ അമേരിക്കയിലെ മിസൗറി കോടതിയാണു ശിക്ഷ വിധിച്ചത്. രോഗം ബാധിച്ച് ആറു സ്‌ത്രീകള്‍ മരിക്കുകയും ചെയ്‌തു. കമ്പനിയുടെ പൗഡറിലെ ആസ്‌ബറ്റോസിന്റെ സാന്നിധ്യമാണു രോഗത്തിനു കാരണമെന്നു പരാതിക്കാര്‍ ആരോപിച്ചു.പൗഡറില്‍ ആസ്‌ബറ്റോസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധയിടങ്ങളിലായി ഒന്പതിനായിരത്തോളം കേസുകളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരേ നിലവിലുള്ളത്.ആറാഴ്‌ച നീണ്ട വിചാരണയ്‌ക്കുശേഷമാണ് മിസൗറി കോടതി വിധി പ്രസ്‌താവിച്ചത്. യു.എസ്.കോടതിയുടെ വിധി നിരാശാജനകമാണെന്നും അപ്പീല്‍ നല്‍കുമെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്ബനി പ്രതികരിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിഷേധിച്ചു. വിവിധ പരിശോധനകളില്‍ പൗഡറില്‍ ആസ്ബറ്റോസിന്റെ സാന്നധ്യം കണ്ടെത്താനായില്ലെന്നതും കമ്ബനി വിശദീകരിച്ചു. മാത്രമല്ല ആസ്ബറ്റോസ് കാന്‍സറിന് കാരണമാകുമെന്നുമുള്ള കാര്യം തെറ്റാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളും ഈ ഉല്‍പ്പന്നം വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഗള്‍ഫ് രാജ്യമായ ഖത്തറില്‍ ജോണ്‍സ്ണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന നിരോധിച്ചിരുന്നു.നവജാതശിശുക്കളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ബേബി പൗഡര്‍.കാന്‍സറിന് കാരണമാകുമെന്ന് തെളിഞ്ഞിട്ടും ഇപ്പോഴും ഇന്ത്യയില്‍ ഈ ഉല്‍പ്പന്നം യഥേഷ്ടം വില്‍ക്കുന്നുണ്ട്. അതേസമയം വിദേശ രാജ്യങ്ങളില്‍ കാന്‍സറിന് കാരുണമാകുന്നു എന്നു കണ്ട് നിരോധനവും നടപടിയും നേരിടുകുകയാണ് ഈ ആഗോള ബ്രാന്‍ഡ്.