കൊളംബോ:ശ്രീലങ്കയിലെ പള്ളിയിൽ ഇന്നലെയുണ്ടായ വൻ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 290 ആയി.മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു.കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റസീനയാണ് (61) കൊല്ലപ്പെട്ടത്. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങുമ്പോഴാണ് സ്ഫോടനമുണ്ടായത്.ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. രാവിലെ 8.45നാണ് ലോകത്തെ നടുക്കി സ്ഫോടനമുണ്ടായത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രില, കിങ്സ്ബറി എന്നിവിടങ്ങളിലെ ഹോട്ടലുകളിലുമായാണ് സ്ഫോടനങ്ങളുണ്ടായത്.സ്‌ഫോടനത്തിൽ അഞ്ഞൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.സെന്റ് ആന്റണീസ് ചര്‍ച്ചില്‍ സ്ഫോടനം നടന്ന് അരമണിക്കൂറിനുള്ളിലാണ് മറ്റിടങ്ങിലുമുണ്ടായത്. നെഗോമ്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണത് ദുരന്തത്തിന്റെ ആക്കം കൂട്ടി.മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. വിദേശികളുള്‍പ്പെടെ പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ കൊളംബോ നാഷണല്‍ ആശുപത്രിയിലുള്‍പ്പെടെ പ്രവേശിപ്പിച്ചു.
2009ല്‍ തമിഴ് പുലികളെ അടിച്ചമര്‍ത്തിയതിന് ശേഷം ശ്രീലങ്ക ഒരു പതിറ്റാണ്ടായി ഭീകരമായ ആക്രമണങ്ങള്‍ക്ക് വേദിയായിരുന്നില്ല. ഇതോടെ നാട് സമാധാനത്തിലേക്ക് തിരികെ എത്തി. ഇതാണ് ഇന്നലത്തെ ആക്രമണങ്ങളോടെ ഇല്ലാതാകുന്നത്. സ്ഫോടനപരമ്ബരകളെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം സുരക്ഷ കര്‍ശനമാക്കി. ഭീതിയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. വിമനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ശ്രീലങ്കന്‍ പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കായി രക്തം ലഭ്യമാക്കാന്‍ അധികൃതര്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.അതിനിടെ, സ്‌ഫോടകവസ്തുക്കള്‍ കൊണ്ടു പോയ വാന്‍ പിടിച്ചെടുത്തതായി ലങ്കയിലെ ‘നവമണി’ പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊളംബോയില്‍ വിവിധയിടങ്ങളിലേക്ക് ബോബ് എത്തിച്ച വാനും ഡ്രൈവറും ഉള്‍പ്പെടെയാണ് വെല്ലവട്ടയിലെ രാമകൃഷ്ണ റോഡില്‍ വച്ച് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം നടത്തി തീരുമാനമാകും വരെ ഫേസ്‌ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് എന്നിവയ്ക്കുള്ള വിലക്ക് ശ്രീലങ്കയില്‍ തുടരാനാണു തീരുമാനം. ആക്രമണങ്ങളെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പടരുന്നത് തടയാനാണ് വിലക്കെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.