ഫുജൈറ:യു എ ഇയില്‍ സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം. യു.എ.ഇ.യുടെ കിഴക്കന്‍തീരമായ ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. നാല് കപ്പലുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ രണ്ടുകപ്പലുകള്‍ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു.ആക്രമണത്തില്‍ ടാങ്കറുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. എന്നാല്‍ ആളപായമോ ഇന്ധനചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ടവയില്‍ ഒരു ടാങ്കര്‍ റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണനിറച്ച് യു.എസിലേക്ക് പോകേണ്ടിയിരുന്നതാണ്.ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്നോ വ്യക്തമാക്കാന്‍ യു.എ.ഇ-സൗദി സര്‍ക്കാരുകള്‍ തയ്യാറായില്ല. അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാന്‍ ശ്രമംനടത്തുമെന്ന് സഖ്യരാഷ്ട്രങ്ങള്‍ക്ക് യു.എസ്. നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാന്‍ യു.എസ് ഗള്‍ഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബര്‍ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു.ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കാനുള്ള ഇത്തരം പ്രവർത്തനങ്ങളെ ഗുരുതരമായി കാണുന്നുവെന്നും സമുദ്രഗതാഗത സുരക്ഷയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങളെ തടയേണ്ടതിന്റെ ചുമതല അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും യു.എ.ഇ. പറഞ്ഞു.
നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി
ലണ്ടൻ:വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി.വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക് ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. മെയ് 30ന് കേസ് വീണ്ടും വാദം കേള്‍ക്കുന്നത് വരെ നീരവ് മോദി ജയിലില്‍ കഴിയണം.ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മുമ്പ് രണ്ടു തവണ സമര്‍പ്പിച്ച ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു.പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ക്രമവിരുദ്ധമായി 13,000 കോടി രൂപ വായ്പയെടുത്ത് മുങ്ങി എന്നാണ് കേസ്.കഴിഞ്ഞ ജനുവരിയില്‍ രാജ്യംവിട്ട നീരവ് മോദി ബ്രിട്ടണില്‍ ആഡംബര ജീവിതം നയിച്ചുവരുന്നതായി ലണ്ടനിലെ ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 19ന് സ്‌കോട്ട്‌ലന്‍ഡ്‌യാഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.നീരവ് മോദിയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല
ഭീകരാക്രമണത്തിന് പിന്നാലെ നടപടികള്‍ കടുപ്പിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍; 200മുസ്ലിം പണ്ഡിതരെയടക്കം 600 വിദേശികളെ നാടുകടത്തി
കൊളംബോ:ഈസ്റ്റർ ദിനത്തിൽ രാജ്യത്ത് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ നടപടികള്‍ കടുപ്പിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. 200മുസ്ലിം പണ്ഡിതരെയടക്കം 600 വിദേശികളെ ശ്രീലങ്കൻ സർക്കാർ നാടുകടത്തി.ആക്രമണത്തിനു പിന്നില്‍ രാജ്യത്തെ തന്നെ സംഘടനകളാണെന്ന് കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.അതേസമയം, നിയമപരമായി എത്തിയവരാണെങ്കിലും വിസാകാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നതായി സുരക്ഷാപരിശോധനയില്‍ കണ്ടതിനാലാണ് നടപടിയെന്ന് ശ്രീലങ്കന്‍ ആഭ്യന്തരമന്ത്രി വജിര അബേവര്‍ധനെ പറഞ്ഞു.ഏതൊക്കെ രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് പുറത്താക്കിയതെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല.വിസാകാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയില്‍ തുടര്‍ന്നുവെന്ന് കണ്ടെത്തിയവരില്‍ക്കൂടുതലും ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണെന്ന് ശ്രീലങ്കന്‍ പൊലീസ് പറഞ്ഞു. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനപരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിലേര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഇപ്പോഴും തുടരുകയാണ്.
ശുദ്ധീകരിക്കാത്ത സിറിഞ്ചിന്റെ ഉപയോഗം മൂലം പാകിസ്താനില്‍ 65 കുട്ടികള്‍ ഉള്‍പ്പെടെ 90ഓളംപേര്‍ക്ക് എച്ച്‌ഐവി ബാധയേറ്റതായി റിപ്പോര്‍ട്ട്
ഇസ്ലാമബാദ്:ശുദ്ധീകരിക്കാത്ത സിറിഞ്ചിന്റെ ഉപയോഗം മൂലം പാകിസ്താനില്‍ 65 കുട്ടികള്‍ ഉള്‍പ്പെടെ 90ഓളംപേര്‍ക്ക് എച്ച്‌ഐവി ബാധയേറ്റതായി റിപ്പോര്‍ട്ട്.സംഭവത്തെ തുടര്‍ന്ന് സിറിഞ്ച് ഉപയോഗിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഇയാൾക്കും എച്ച്‌ഐവി ബാധയേറ്റതായി പരിശോധനയില്‍ കണ്ടെത്തി.എച്ച്‌ഐവി ബാധ റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു
ന്യൂയോർക്ക്:ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ചൈന എതിര്‍പ്പ് പിന്‍വലിച്ചതോടെയാണ് യുഎന്‍ പ്രഖ്യാപനം.ഇന്നലെ ചേര്‍ന്ന യുഎന്നിന്റെ പ്രത്യേക സമിതിയുടെ യോഗത്തിലാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കിയത്.രാജ്യാന്തര തലത്തിലും നയതന്ത്ര തലത്തിലും ഇന്ത്യയുടെ വലിയ വിജയമാണിത്.പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് യുഎന്‍ തീരുമാനം.മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യ നിരന്തരം ആവശ്യപ്പെടുകയാണ്. ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ നാല് തവണയും ചൈന ഇതിനെ എതിര്‍ക്കുകയായിരുന്നു.ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസ്ഹറിനെ സംരക്ഷിക്കാന്‍ ഇനി പാക്കിസ്ഥാന് സാധിക്കില്ല. അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പാക്കിസ്ഥാന് നീങ്ങേണ്ടി വരും.കഴിഞ്ഞ ആഴ്ച വിദേശകാര്യ സെക്രട്ടറി ചൈന സന്ദര്‍ശിച്ച് മസൂദ് അസ്ഹറിനെ സംബന്ധിച്ച തെളിവുകള്‍ ചൈനയ്ക്ക് കൈമാറിയിരുന്നു. ഇതും നിലപാട് മാറ്റത്തില്‍ നിര്‍ണായകമായി.മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്ബാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍, വിഷയം തത്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായില്ല. ഇതിനെതിരെ അമേരിക്കയും ഇംഗ്ലണ്ടും ഫ്രാന്‍സും സമ്മര്‍ദം കടുപ്പിച്ചതോടെയാണ് ചൈനക്ക് നിലപാട് മാറ്റേണ്ടി വന്നത്.
ശ്രീലങ്കയിലെ ഐസിസ് കേന്ദ്രത്തില്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ചു;15 പേര്‍ കൊല്ലപ്പെട്ടു
കൊളംബോ:ശ്രീലങ്കയിലെ ഐസിസ് കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്‌ക്കിടയിൽ ആറു കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. പരിശോധനയ്‌ക്കിടെ മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ച സംഭവത്തിലാണ് മൂന്ന് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെ സുരക്ഷാസേന വെടിവച്ച് കൊല്ലുകയായിരുന്നു.രാജ്യത്തിന്റെ കിഴക്കന്‍ നഗരമായ കലുമുനായിയില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവമുണ്ടായത്.ഐസിസ് കേന്ദ്രത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചത്. വീട്ടിലുള്ളവരുമായി പൊലീസ് സംഘം ഒരുമണിക്കൂറിലേറെ ഏറ്റുമുട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏറ്റുമുട്ടലിനിടയില്‍ ഒരു ഗ്രാമീണനും കൊല്ലപ്പെട്ടതായി സുരക്ഷാസേനയുടെ വക്താവ് സുമിത്ത് അട്ടപ്പട്ടു അറിയിച്ചു. സംഭവത്തില്‍ സുരക്ഷാസേനയില്‍ പെട്ട ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.ഈസ്‌റ്റര്‍ ദിനത്തില്‍ രാജ്യതലസ്ഥാനത്ത് ആക്രമണം നടത്തിയവരുടെ വസ്ത്രവും കറുത്ത കൊടികളും ഇവിടെ നിന്നും ലഭിച്ചതായും അട്ടപ്പട്ടു വ്യക്തമാക്കി. ഇതിന് പുറമെ സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന സ്‌ഫോടക വസ്തുക്കളുടേതിന് സമാനമായ വസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഞായറാഴ്‌ച പ്രാര്‍ത്ഥനകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായി ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. കൂടുതല്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുര്‍ബാനകള്‍ റദ്ദാക്കിയത്.വിശ്വാസികള്‍ വീടുകളില്‍ തന്നെ തുടരണമെന്നും ആര്‍ച്ച് ബിഷപ്പ് സന്ദേശത്തില്‍ അറിയിച്ചു.
ശ്രീലങ്കയിലെ ഭീകരാക്രമണം;മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്ബരകള്‍ക്ക് പിന്നില്‍ പ്രവർത്തിച്ചവരെന്ന് കരുതുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങളാണ് ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടത്.ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പൊലീസ് അറസ്റ്റുചെയ്തു.76 പേരാണ് കസ്റ്റഡിയിലുള്ളത്. നാഷണല്‍ തൗഹീദ് ജമാഅത്തിലെ (എന്‍.ടി.ജെ) അംഗങ്ങളായ ഒൻപത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പൊലിസ് നിഗമനം. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണ്.കഴിഞ്ഞ ദിവസം സ്‌ഫോടനം നടത്തിയ ചാവേറുകളുടെ സിസിടിവി ദൃശ്യങ്ങള്‍ ശ്രീലങ്കന്‍ അതികൃതര്‍ പുറത്തു വിട്ടിരുന്നു. സ്‌ഫോടനങ്ങള്‍ നടക്കുന്നതിന് ഏതാനും സമയം മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം കൊളംബോയിലെ അതിസമ്ബന്നമായ ഒരു കുടുംബത്തിലേക്കാണ് പൊലീസിനെ കൊണ്ടെത്തിച്ചത്. ഇല്‍ഹാം ഇബ്രാഹിം, ഇന്‍ഷാഫ് എന്ന സഹോദരന്മാരായിരുന്നു ചാവേറുകളായ ഒന്പതുപേരിൽ രണ്ടുപേര്‍. ഇവരിലൊരാള്‍ ഇംഗ്ലണ്ടിലും, ഓസ്‌ട്രേലിയയിലും വിദ്യാഭ്യാസം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊളംബോയിലെ ഡമാറ്റാഗോഡയിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്തു. റെയ്ഡിനെ തുടര്‍ന്ന് പിടിക്കപ്പെടുംമെന്ന് ഉറപ്പായതോടെ ഇല്‍ഹാമിന്റെ ഗര്‍ഭിണിയായ ഭാര്യ ഫാത്തിമ, വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിച്ചു. ഗര്‍ഭിണിയായ ഫാത്തിമയും അവരുടെ മൂന്ന് കുട്ടികളും, റെയ്ഡ് നടത്താന്‍ എത്തിയ പൊലീസ് ഇന്‍സ്‌പെക്ടറും രണ്ടു കോണ്‍സ്റ്റബിള്‍മാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.ചാവേറുകളായ സഹോദരന്മാരുടെ പിതാവും ശ്രീലങ്കയിലെ അതിസമ്ബന്നനും സുഗന്ധ വ്യഞ്ജന വ്യാപാരിയുമായ മുഹമ്മദ് ഇബ്രാഹിമിനെ അന്വേഷണ വിധേയമായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രീലങ്കയിലെ സ്ഫോടന പരമ്പര;ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
കൊളംബോ : ശ്രീ ലങ്കയിലെ സ്ഫോടന പരമ്ബരയുടെ ഉത്തരവാദിത്തം ഭീകര സംഘടനായ ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ് ) ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജന്‍സിയാണ് ഈ വിവരം പുറത്തു വിട്ടത്.കൊളംബോയില്‍ നടന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിരുന്നില്ല. നാഷണല്‍ തൗഹീദ് ജമാഅത്താണ് സ്ഫോടനത്തിന് പിന്നില്‍ എന്നായിരുന്നു സംശയം.എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് തന്നെ ഏറ്റെടുക്കുകയായിരുന്നു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആക്രമണത്തിന്റെ തിരിച്ചടിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ആക്രമണങ്ങളില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഞായറാഴ്ച രാജ്യത്ത് ഉണ്ടായതെന്ന് ഉപപ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ദനെ വ്യക്തമാക്കി.പ്രാദേശിക സമയം 8.45ഓടെയായിരുന്നു ആദ്യത്തെ സ്ഫോടനങ്ങള്‍ ഉണ്ടായത്. ഈസ്റ്രര്‍ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചപ്പോഴായിരുന്നു സ്ഫോടനം നടന്നത്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടകകം എട്ടിടങ്ങളിലായിരുന്നു സ്ഫോടന പരമ്ബരകള്‍ അരങ്ങേറിയത്. ആക്രമണത്തില്‍ ഇതുവെര 310പേര്‍ കൊല്ലപ്പെടുകയും 500ല്‍ അധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ശ്രീലങ്കയിൽ ഭീകരാക്രമണം നടക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ജനതയെ ഭീതിയിലാഴ്ത്തി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ നേരത്തെ സൂചന നൽകിയിരുന്നതായി റിപ്പോര്‍ട്ട് പുറത്ത്.ഇന്ത്യ ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പക്ഷേ ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കുറ്റസമ്മതം നടത്തി.നാഷണല്‍ തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ സെഹ്‌റാന്‍ ഹസീമും കൂട്ടാളികളും ചേർന്ന് പള്ളികളിലും ആഡംബര ഹോട്ടലുകളിലും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് നേരത്തേ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.ഏപ്രില്‍ നാലിനാണ് ഭീകരാക്രമണ പദ്ധതിയെ കുറിച്ച് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സിയെ അറിയിച്ചത്.ഇന്ത്യയുടെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഏപ്രില്‍ പത്തിന് ശ്രീലങ്കന്‍ പൊലീസ് മേധാവി ദേശീയ തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.പക്ഷേ പക്ഷേ അക്രമികളെ കണ്ടെത്തി പദ്ധതി പരാജയപ്പെടുത്തുന്നതില്‍ സുരക്ഷ ഏജന്‍സികള്‍ പരാജയപ്പെടുകയായിരുന്നു. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 290 പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ശ്രീലങ്കയിൽ സ്‌ഫോടനത്തിൽ മരിച്ച കാസർകോഡ് സ്വദേശിനിയുടെ സംസ്ക്കാരം ശ്രീലങ്കയില്‍ നടത്തും
കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയിൽ മരിച്ച കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കും.ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്‌കാരം ശ്രീലങ്കയില്‍ തന്നെ മതിയെന്ന് ബന്ധുക്കള്‍ നിശ്ചയിക്കുകയായിരുന്നു.റസീനയെ കൂടാതെ ലക്ഷ്മി നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നീ ഇന്ത്യാക്കാരും ആക്രമണത്തില്‍ മരിച്ചിരുന്നു.കൊളംബോയില്‍ എട്ടിടങ്ങളിലായിട്ടാണ് സ്‌ഫോടനമുണ്ടായത്. തെഹിവാലാ മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടലിലാണ് അവസാനത്തെ സ്‌ഫോടനം നടന്നത്. രാവിലെ ഉണ്ടായ ആറ് സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ട് സ്ഥലങ്ങളില്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നു. സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.