തിരുവനന്തപുരം:മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ക്യാര്‍’എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ ആറു മണിക്കൂറായി സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോള്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്.വെള്ളിയാഴ്ച പകല്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തിലും തെക്കുപടിഞ്ഞാറന്‍ മുംബയില്‍ നിന്ന് 370 കിലോമീറ്റര്‍ ദൂരത്തിലും ഒമാനിലെ സലാല തീരത്ത് നിന്ന് 1870 കിലോമീറ്റര്‍ ദൂരത്തിലുമായിരുന്നു ക്യാര്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം.അടുത്ത 12 മണിക്കൂറില്‍ ഇതൊരു അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്.തുടര്‍ന്നുള്ള 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ദിശമാറി പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.കേരളം ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല.എന്നാല്‍, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ട് തന്നെ മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും കർശന നിർദേശമുണ്ട്.ഒക്ടോബര്‍ 28 മുതല്‍ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. കേരള തീരത്ത് 3.0 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.അടുത്ത 48 മണിക്കൂറില്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടകതീരം, വടക്ക് കിഴക്ക് അറബിക്കടല്‍ ഇതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ പോകരുത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ മത്സ്യതൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നതിന് ജില്ലാഭരണകൂടത്തിനും ഫിറീസ് വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ക്യാര്‍’ ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതിശക്തമായ മഴയുണ്ടാകുകയും ചെയ്യുന്ന ഘട്ടത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ അതിസാഹസികതയ്ക്ക് മുതിര്‍ന്നാല്‍ ഇനി മുതൽ പിഴയും തടവും; നിയമം കര്‍ശനമാക്കി ഇന്ത്യന്‍ റെയില്‍വേ
മംഗളൂരു:ട്രെയിൻ യാത്രയ്ക്കിടെ അതിസാഹസികതയ്ക്ക് മുതിര്‍ന്നാല്‍ ഇനി മുതൽ പിഴയും തടവും.1989-ലെ റെയില്‍വേ നിയമം 156 ആം വകുപ്പുപ്രകാരമാണ് നടപടി. മൂന്നുമാസം വരെ തടവോ 500 രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടുമോ ആണ് കിട്ടാവുന്ന ശിക്ഷ. ചൊവ്വാഴ്ച, ഓടിത്തുടങ്ങിയ വണ്ടിയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച കണ്ണൂര്‍ ചാലാട് സ്വദേശികളായ ദിവാകരന്‍(65), ബന്ധു ശ്രീലത(50) എന്നിവര്‍ക്ക് വീണ് പരിക്കേറ്റിരുന്നു. ഇതോടെയാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. റെയില്‍വേ സംരക്ഷണസേനയുടെ നേതൃത്വത്തില്‍ എല്ലാമാസവും കുറഞ്ഞത് നാലുതവണയെങ്കിലും പ്രധാന സ്റ്റേഷനുകളില്‍ യാത്രാസുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും യാത്രക്കാര്‍ ഇത് ഗൗനിക്കാറില്ല.ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.മൂന്നുമാസം തടവു ലഭിക്കുമെന്നുറപ്പായാല്‍ ആരും ഈ സാഹസത്തിന് മുതിരില്ലെന്നാണ് കരുതുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ ലയനം;ബാങ്ക് ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നു
ന്യൂഡല്‍ഹി:പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി സൂചനാ പണിമുടക്ക് നടത്തും. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാവാത്തതിനാലാണ് പണിമുടക്കുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ഭാരവാഹികള്‍ വ്യക്തമാക്കി.ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.പ്രധാനപ്പെട്ട 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിപ്പ് നാലെണ്ണമാക്കുമെന്ന് ഇക്കഴഞ്ഞ് ആഗസ്ത് 30നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചത്. തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗത്തെ പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകള്‍ ലയിപ്പിക്കുന്നതെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.എന്നാല്‍ ബാങ്ക് ലയനത്തെ ശക്തമായി എതിര്‍ത്ത വിവിധ യൂണിയനുകൾ കരിദിനം ആചരിക്കുകയും സപ്തംബര്‍ 26, 27 തിയ്യതികളില്‍ പണിമുടക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇടപെടുകയും ചര്‍ച്ച നടത്തുകയും ചെയ്‌തെങ്കിലും പരാജയപ്പെട്ടതിനാലാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്. കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്.
ഈ മാസം 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്
ന്യൂഡല്‍ഹി: പൊതു മേഖല ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തെ ബാങ്കുകള്‍ ഒക്ടോബര്‍ 22ന് രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്.ഒക്ടോബര്‍ 22-ന് നടക്കുന്ന സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവർത്തിക്കില്ല.
അയോധ്യാ കേസ്;അന്തിമ വാദത്തിനിടെ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ;ഹിന്ദു മഹാസഭ നൽകിയ പകർപ്പും പേപ്പറുകളും മുതിർന്ന അഭിഭാഷകൻ കീറിയെറിഞ്ഞു
ന്യൂഡല്‍ഹി:അയോധ്യക്കേസില്‍ ഇന്ന് അവസാന വാദം നടന്നുകൊണ്ടിരിക്കേ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിങ് സമര്‍പ്പിച്ച രേഖകള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ കീറിയെറിഞ്ഞു. അഭിഭാഷകന്‍ വികാസ് സിങ് നല്‍കിയ ഭൂപടവും രേഖകളുമാണ് കീറിയെറിഞ്ഞത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നും രാജീവ് ധവാന്‍ പറഞ്ഞു. സംഭവത്തെ രൂക്ഷമായ ഭാഷയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിമര്‍ശിച്ചു.കോടതിയുടെ അന്തസിന് ഇത് കളങ്കമാണെന്നും തങ്ങള്‍ ഇറങ്ങിപ്പോകുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.അയോധ്യ റീവിസിറ്റഡ് എന്ന പുസ്തകമാണ് അയോധ്യ രാമജന്മഭൂമിയാണെന്നതിന് തെളിവായി ഹിന്ദുമഹാസഭാ ഹാജരാക്കിയത്. ഇതിനെ എതിര്‍ത്ത ധവാന് അഭിഭാഷകന്‍ ഭൂപടവും പുസ്തകവും കൈമാറുകയായിരുന്നു. ഇത് രണ്ടും കോടതി മുറിയില്‍ വച്ച് സീനിയര്‍ അഭിഭാഷകനായ ധവാന്‍ കീറിയെറിയുകയായിരുന്നു.ഇന്നു വൈകിട്ട് അഞ്ചുമണിയോടെ കേസില്‍ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വാദം അവതരിപ്പിക്കാൻ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇക്കാര്യം അറിയിച്ചത്. മതിയായി എന്നായിരുന്നു, പുതിയ അപേക്ഷയോട് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ വാദം കേള്‍ക്കാന്‍ ഇന്നത്തേതടക്കം തുടര്‍ച്ചയായി 40 ദിവസമാണ് സുപ്രീംകോടതി വിനിയോഗിച്ചത്.നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ പതിനേഴിന് കേസില്‍ വിധി പറയുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് .എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുള്ളത്. തര്‍ക്ക ഭൂമി മൂന്നായി ഭാഗിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയായ അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിച്ചത്.
പീഡന പരാതി;ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് 2021ലേക്ക് മാറ്റി
കാശ്മീരില്‍ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ മലയാളി സൈനികന് വീരമൃത്യു.അഞ്ചല്‍ ഇടയം സ്വദേശി അഭിജിത്താണ് ബോംബ് സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചത്. ഇടയം ആലുംമൂട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ പ്രഹ്ളാദിന്റേയും ശ്രീകലയുടെയും മകനാണ് അഭിജിത്ത്.കഴിഞ്ഞദിവസം പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് അഭിജിത്ത് വീരമൃത്യു വരിച്ചത്. ജമ്മുവിലെ മിലിറ്ററി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലെത്തിക്കും. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല.
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സാമ്പത്തിക നൊബേല്‍
സ്റ്റോക്‌ഹോം: ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി അടക്കം മൂന്ന് പേര്‍ക്ക്. എസ്തര്‍ ദുഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയാണ് അഭിജിത് ബാനര്‍ജി നൊബേലില്‍ ജേതാവായിരിക്കുന്നത്. ആഗോള തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സ്വീകരിച്ച കാര്യങ്ങളാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയത്. ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന വികസന സാമ്പത്തിക ശാസ്ത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ മൂന്ന് പേരും മുന്‍കൈ എടുത്തത്. ലോകത്താകമാനമുള്ള ദാരിദ്ര്യത്തെ, ചെറിയ ചോദ്യങ്ങളായി ഇവര്‍ തരംതിരിക്കുകയും, അതിനുള്ള ഉത്തരങ്ങള്‍ ലഘുകരിക്കുകയും ചെയ്‌തെന്ന് സമിതി വിലയിരുത്തി.കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍, വിദ്യാഭ്യാസ രീതികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, കാര്‍ഷിക രീതികള്‍, എന്നിവയായി തരംതിരിച്ചാണ് ഇവര്‍ ഉത്തരം നല്‍കിയത്.ഇത് വിപ്ലവകരമായ മാറ്റമായിട്ടാണ് വിലയിരുത്തപ്പെട്ടത്.
അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസറായ അഭിജിത്ത് കൊല്‍ക്കത്ത സ്വദേശിയാണ്. കൊല്‍ക്കത്ത, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നിര്‍വഹിച്ചു. 1988ല്‍ പി എച്ച് ഡി കരസ്ഥമാക്കി. അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബിന്റെ സഹ സ്ഥാപകനാണ്.നൊബേല്‍ സമ്മാനം പങ്കിട്ട എസ്തര്‍ ദുഫ്‌ലോയാണ് അഭിജിത്തിന്റെ ഭാര്യ.നൊബേലിന്റെ ചരിത്രത്തില്‍ സാമ്പത്തിക പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ഫ്രഞ്ചുകാരിയായ എസ്തര്‍.
റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി:റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിപ്പോര്‍ട്ട്.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് അച്ചടി നിര്‍ത്തിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടി.എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ 2000 ത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നതെന്നാണ് കരുതുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകളും കുറയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നോട്ട് നിരോധനത്തെക്കാളും കള്ളപ്പണം തടയാന്‍ ഫലപ്രദമായ നടപടിയാണിതെന്നും വിലയിരുത്തലുണ്ട്.2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000 ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകള്‍ അച്ചടിച്ചതായാണ് വിവരാവകാശ നിയമപ്രകാരം ആര്‍ബിഐ മറുപടി നല്‍കിയത്.2017-18 സാമ്പത്തിക വര്‍ഷം ഇത് 11 കോടി നോട്ടുകളായി അച്ചടി ചുരുക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 4.6 കോടി രൂപയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നോട്ടുനിരോധനത്തിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്.
ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകർന്ന് വീണ് 10 പേർ മരിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു.മുപ്പത്തിയഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിയില്‍ രണ്ടുനില കെട്ടിടം നിലംപതിക്കുകയായിരുന്നു. മൗവിലെ മുഹമ്മദാബാദില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കൂടുതല്‍ പൊലീസ് സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം നടത്തുന്നതായും പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ നല്‍കണമെന്നും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.