ന്യൂഡൽഹി: ഏഴ് പതിറ്റാണ്ട് നീണ്ട ബാബരി ഭൂമി കേസിലെ അന്തിമവിധി ഇന്ന്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊേഗായി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് രാവിലെ 10.30 ന് കേസിൽ വിധി പറയും.വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്.വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഇക്കാര്യം സുപ്രീംകോടതിയുടെ നോട്ടീസായി ഇറങ്ങിയത്. ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറയുമെന്ന് സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കി.വിധി പ്രസ്താവിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാേജന്ദ്ര കുമാര്‍ തിവാരി, പൊലീസ് മേധാവി ഓം പ്രകാശ് സിങ് എന്നിവരെ ചീഫ് ജസ്റ്റിസ് സ്വന്തം ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചക്കു ശേഷം വിവരമറിയാന്‍ കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ തന്നെ രണ്ട് ഉദ്യോഗസ്ഥരും സുപ്രീംകോടതിയില്‍നിന്ന് മടങ്ങി.ചീഫ് ജസ്റ്റിസിന്റെ കൂടിക്കാഴ്ചക്കെതിരെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധങ്ങളുയരുന്നതിനിടയിലാണ് ശനിയാഴ്ച വിധിപറയാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.1949 ഡിസംബര്‍ 22ന് രാത്രി ഫൈസാബാദിലെ ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ ഒരുസംഘം രാമവിഗ്രഹം കൊണ്ടുവെച്ചതോടെ തുടങ്ങിയ നിയമയുദ്ധത്തിനാണ്, ഏഴ് പതിറ്റാണ്ടിനുശേഷം പരമോന്നത കോടതി അന്ത്യം കുറിക്കാനൊരുങ്ങുന്നത്. അതിക്രമിച്ചു കയറി വിഗ്രഹം വെച്ചവരെ ശിക്ഷിച്ചെങ്കിലും വിഗ്രഹം നീക്കം ചെയ്യാതെ ജില്ല ഭരണകൂടം പള്ളി അടച്ചുപൂട്ടി.രാമജന്മഭൂമിയില്‍ വിഗ്രഹം സ്വയംഭൂവായതാണെന്ന് വാദിച്ച് ഹിന്ദുവിഭാഗം രംഗത്തുവന്നേതാടെ സുന്നിവഖഫ് ബോര്‍ഡ് പള്ളി തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 1992 ഡിസംബര്‍ ആറിന് രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമായി കര്‍സേവകരെ അയോധ്യയിലെത്തിച്ച് സംഘ്പരിവാര്‍ പള്ളി തകര്‍ത്ത് അവിടെ താല്‍ക്കാലിക ക്ഷേത്രം കെട്ടിയുണ്ടാക്കി രാമവിഗ്രഹം സ്ഥാപിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2010ല്‍ അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ രാം ലല്ല, നിര്‍മോഹി അഖാഡ എന്നീ ഹിന്ദുപക്ഷത്തെ രണ്ട് കക്ഷികള്‍ക്കും സുന്നി വഖഫ് ബോര്‍ഡ് എന്ന മുസ്ലിം പക്ഷത്തെ ഏക കക്ഷിക്കും തര്‍ക്കത്തിലുള്ള 2.77 ഭൂമി തുല്യമായി വീതിക്കാന്‍ ഉത്തരവിട്ടു. അതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതി വാദം അവസാനിപ്പിച്ച് വിധിപറയാനായി മാറ്റിയത്
അയോധ്യാ വിധി;സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
ന്യൂഡല്‍ഹി: അയോധ്യാ കേസിൽ വിധി പ്രസ്താവിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അയോധ്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലെത്താനാണ് നിര്‍ദേശം. അടുത്തയാഴ്ചയാണ് കേസില്‍ വിധി പറയുക.വിധി പറയുന്നതിന് മുന്നോടിയായി ഉത്തര്‍പ്രദേശിലേക്ക് മാത്രം നാലായിരത്തോളം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെങ്ങും ഡിസംബര്‍ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.വന്‍ സജ്ജീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഡ്രോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെയുള്ളവയും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ്, കേന്ദ്ര സേന, ഭീകര വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളെല്ലാം ചേര്‍ന്ന് 17,000ത്തോളം സുരക്ഷാ സേനാംഗങ്ങള്‍ അയോധ്യയിലുണ്ട്. സാമൂഹികമാധ്യമങ്ങളിലും അത്രയും പേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്.നാല് ഘട്ട പരിശോധനയാണ് തര്‍ക്ക സ്ഥലത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മതവിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇടുന്നതു വിലക്കി ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് കുമാര്‍ ഝാ ഉത്തരവിട്ടിട്ടുണ്ട്. അതിനാല്‍ പോസ്റ്റുകളെല്ലാം പൊലീസ് കര്‍ശനമായി നിരീക്ഷിച്ച് വരികയാണ്.വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നബാധിത മേഖലകളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അയോധ്യയിലെ തര്‍ക്കഭൂമി രാം ലല്ല, നിര്‍മോഹി അഖാഢ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി വാദംകേട്ടത്.
അയോധ്യയിലേക്ക് നാലായിരം സൈനികര്‍;അക്രമ സംഭവങ്ങള്‍ തടയാന്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: അയോധ്യ വിധി വരാനിരിക്കെ അക്രമ സംഭവങ്ങള്‍ തടയാന്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.സുരക്ഷയുടെ ഭാഗമായി പത്ത് പാരാ മിലിറ്ററി ഫോഴ്‌സിന്റെ കീഴിലുള്ള 4000സൈനികരെ അയോധ്യയിലേക്ക് നിയോഗിച്ചു. അയോധ്യ വിധിയില്‍ അനാവശ്യപ്രസ്താവനകള്‍ പാടില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റ നീക്കം.സംസ്ഥാനങ്ങളില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൃത്യമായ നിരീക്ഷണം വേണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.രാജ്യത്ത് ഐക്യം നിലനിര്‍ത്തണമെന്നും മതസൗഹാര്‍ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്നും പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.കോടതിവിധിയെ വിജയത്തിന്റെയും പരാജയത്തിന്റെയും വീക്ഷണ കോണിലൂടെ നോക്കിക്കാണരുതെന്നും മോദി ഓര്‍മിപ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ട് നടന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. നവംബർ 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുന്‍പായി അയോധ്യ കേസിലെ വിധി വരും.അയോധ്യ കേസ് വിധിയില്‍ അനാവശ്യ പ്രതികരണങ്ങളോ പ്രകോപനങ്ങളോ പാടില്ലെന്ന് ആര്‍എസ്‌എസും വിവിധ മുസ്ലിം സാമുദായിക നേതാക്കളും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യത;രാജ്യത്തിന്റെ കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായും ഡോ.സൂപ്രീയോ ചക്രബര്‍ത്തി
ന്യൂഡല്‍ഹി: കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുള്ളതായി ഇന്ത്യന്‍ ഇന്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രേളോജി (Indian Institute Of Tropical Meteorology)ഡെപ്യൂട്ടി പ്രോജക്‌ട് ഡയറക്ടര്‍ ഡോ. സൂപ്രീയോ ചക്രബര്‍ത്തി.രാജ്യത്തിന്റെ കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.മണ്‍സൂണ്‍ കാറ്റുകളുടെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വന്നു.കൂടാതെ, കാര്‍ഷിക കലണ്ടര്‍ പരിഷ്‌ക്കരിക്കണ്ട സാഹചര്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭൂമധ്യരേഖയില്‍ നിന്ന് അറബിക്കടല്‍ വഴി ഇന്ത്യയിലേക്ക് എത്തുന്ന മണ്‍സൂണ്‍ കാറ്റുകളുടെ ഘടനയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസം കേരളത്തില്‍ പ്രളയ സാധ്യത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.രാജസ്ഥാനില്‍ മഴ കൂടി. രാജ്യത്തെ കാലാവസ്ഥ മാറ്റത്തിന്റെ പ്രകടമായ ഒന്നാണിത്. എണ്‍പതുകള്‍ മുതല്‍ മണ്‍സൂണ്‍ കാറ്റുകളുടെ സ്വഭാവത്തിലും ഘടനയിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് വലിയ മാറ്റങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ മഴ കൂടി കാലാവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും സമയക്രമങ്ങള്‍ക്ക് മാറ്റം വന്നു. മഴയില്‍ വരുന്ന മാറ്റം കാലാവസ്ഥയെ മുഴുവനായി ബാധിക്കുന്നു. ദുരന്ത സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തങ്ങളാണ് ഇനി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യു.പി.എച്ച്.സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസര്‍ക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂര്‍ കൂവോട് യു.പി.എച്ച്.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയ്ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി ലഭിച്ചത്.സംസ്ഥാനത്ത് നിന്നും 55 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്. ഇതു കൂടാതെ 10 ആശുപത്രികള്‍ക്ക് കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ഇതോടുകൂടി രാജ്യത്തെ മികച്ച പി.എച്ച്.സി. ഗണത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കിയിരിക്കുകയാണ്.ആരോഗ്യ മേഖലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായുള്ള ദേശീയ ഗുണനിലവാര അംഗീകാരമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 140 സര്‍ക്കാര്‍ ആശുപത്രികളെങ്കിലും എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ആരോഗ്യ വകുപ്പ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99% സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99% മാര്‍ക്ക് കരസ്ഥമാക്കിയിരുന്നു. ജില്ലാ തല ആശുപത്രികളുടെ ഗണത്തില്‍ ഡബ്ല്യൂ & സി കോഴിക്കോട് 96% മാക്കുകള്‍ നേടി ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം പങ്ക് വെയ്ക്കുന്നു. സബ്ജില്ലാ ആശുപത്രികളുടെ ഗണത്തില്‍ 98.7% മാര്‍ക്കുകള്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയില്‍ ഒന്നാമതെത്തി.12 സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യൂ.എ.എസ്. അംഗീകാരം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ല ഒരു ഡസന്‍ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി മാറി.സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വ്വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം എന്നീ 8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. ജില്ലാതല പരിശോധന സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എന്‍എച്ച്‌എസ്.ആര്‍.സി. നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70%ല്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുള്ളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനപരിശോധന ഉണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്സ് ലഭിക്കും.
ഉള്ളി വില റെക്കോഡിലേക്ക്;ഉത്തരേന്ത്യയിൽ വില 100, കേരളത്തില്‍ 70 രൂപ
ന്യൂഡൽഹി:ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഉള്ളി വില റെക്കോഡിലേക്ക്. ഉത്തരേന്ത്യയില്‍ പല ചില്ലറ വില്‍പന കേന്ദ്രങ്ങളിലും കിലോയ്ക്ക് നൂറു രൂപയിലെത്തിയ ഉള്ളി വില കേരളത്തില്‍ 70നോടടുത്താണ് രേഖപ്പെടുത്തിയത്.സെപ്റ്റംബര്‍ മുതല്‍ കുത്തനെ കയറിയ ഉള്ളിയുടെ വില വര്‍ധനക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു.സംസ്ഥാനത്ത് സവാള വില 70 രൂപയിലെത്തുമ്പോള്‍ വെളുത്തുള്ളി, ചെറിയ ഉള്ളി വിലകളിലും ക്രമാതീതമായ വര്‍ധനവുണ്ട്. വെളുത്തുള്ളിക്ക് കിലോക്ക് 200 രൂപയിലെത്തുമ്പോള്‍ ചെറിയ ഉള്ളിക്ക് 70 മുതല്‍ 80 രൂപ വരെയാണ് ശരാശരി വില.കഴിഞ്ഞമാസം 50 രൂപയിലുണ്ടായിരുന്ന സവാള വിലയാണ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ 20 രൂപയോളം കൂടിയത്. സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ല. നാഫെഡ് വഴി സവാള സംഭരിച്ച് കേരളത്തിലെത്തിച്ച് തിരുവനന്തപുരത്തും എറണാകുളത്തും സപ്ലൈക്കോ വഴി വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ മറ്റു ജില്ലകളിലേക്ക് ഇത് വ്യാപിച്ചിരുന്നില്ല. പുതിയ വില വര്‍ധന ഹോട്ടല്‍ മേഖലക്കും വലിയ ഇരുട്ടടിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രളയമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
സ്കൂളുകളിലും പരിസരത്തും ജങ്ക് ഫുഡ് നിരോധിച്ചു
ഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് നിരോധിച്ചു.സ്കൂള്‍ കാന്‍റീനിലും 50 മീറ്റര്‍ ചുറ്റുവട്ടത്തുമാണ് നിരോധനം.ഇനി മുതല്‍ സ്കൂള്‍ ഹോസ്റ്റലുകളിലെ മെസുകളിലും ജങ്ക് ഫുഡ് വിതരണം ചെയ്യാന്‍ പാടില്ല.ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്.ഉത്തരവ് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂള്‍ കായിക മേളകളില്‍ ജങ്ക് ഫുഡുകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്.കോള, ചിപ്സ്, ബര്‍ഗര്‍, പീസ, കാര്‍ബണേറ്റഡ് ജൂസുകള്‍ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ഭക്ഷണങ്ങള്‍ക്കും നിരോധനം ബാധകമാണ്.കുട്ടികളില്‍ ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
‘മഹ’യ്ക്ക് പിന്നാലെ ബുള്‍ബുള്‍ ചുഴലിക്കാറ്റും; ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നു;കേരളത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ‘മഹ’ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ‘ബുള്‍ബുള്‍’ എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്ക് പോകുമെന്നാണ് മുന്നറിയിപ്പ്.വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.എന്നാൽ സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈവര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഉണ്ടായത് ആറ് ചുഴലിക്കാറ്റുകളാണ്. ബുള്‍ബുള്‍കൂടി വരുന്നതോടെ ഇത് ഏഴാവും.
അയോധ്യയെ ലക്ഷ്യം വച്ച് പാക് ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോർട്ട്
ന്യൂഡൽഹി:അയോധ്യയെ ലക്ഷ്യം വച്ച് പാക് ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോർട്ട്.നേപ്പാള്‍ വഴി ഏഴ് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് എത്തിയതായാണ് വിവരം. ഇതില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടുപേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര് എന്നിവിടങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം ഉണ്ടായാല്‍ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കും എന്നും യുപി പൊലീസ് മേധാവി ഓപി സിങ് വ്യക്തമാക്കി. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്.അതിനു മുൻപായി അയോധ്യ കേസില്‍ അന്തിമ വിധി ഉണ്ടാകും.
ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വായുമലിനീകരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്ന് ഓര്‍മ്മപ്പെടുത്തിയ സുപ്രീംകോടതി വായുമലിനീകരണം കുറയ്ക്കാന്‍ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുകയില്ലെന്നും കോടതി നിരീക്ഷിച്ചു.ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വായുമലിനീകരണം മൂലം അവരുടെ ജീവിതത്തിലെ വിലയേറിയ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. വായുമലിനീകരണ വിഷയത്തില്‍ ഒരു ന്യായവും കേള്‍ക്കേണ്ടെന്നും നടപടിയാണ് ആവശ്യമെന്നും കോടതി വ്യക്തമാക്കി.വീടിനുള്ളില്‍ പോലും ആരും സുരക്ഷിതരല്ല, ഇത് ദാരുണമാണ്. ഒരു പരിഷ്‌കൃത രാജ്യത്ത് ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോഴും വിളവെടുപ്പിനു ശേഷം അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്? സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നുമില്ല ബെഞ്ച് അംഗം ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. എല്ലാവര്‍ഷവും ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നത് ദൗര്‍ഭാഗ്യകരമാണ്. മലിനീകരണം തടയുന്നില്‍ അധികാരികള്‍ പരാജയപ്പെട്ടു. അവര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണം. ഇത് നിര്‍ത്തലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും സാധ്യമായ മുഴുവന്‍ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.