കോയമ്പത്തൂരിൽ ട്രെയിന്‍ തട്ടി നാല് എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

keralanews four engineering students sitting on tracks run over by a train in coimbatore

കോയമ്പത്തൂർ:കോയമ്പത്തൂർ ഇരിക്കൂറിൽ നാല് വിദ്യാര്‍ഥികൾ ട്രെയിൻ തട്ടി മരിച്ചു. സുളൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.ഒരാളെ ഗുരുതര പരിക്കുകളോടെ ട്രാക്കില്‍ കണ്ടെത്തി.തമിഴ്നാട് സ്വദേശികളായ രാജ, രാജശേഖർ, ഗൗതം, കറുപ്പു സ്വാമി എന്നിവരാണ് മരിച്ചത്.പരിക്കേറ്റ വിശ്വേശ്വരൻ എന്ന വിദ്യാര്‍ഥിയെ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർധരാത്രിയോടെയാണ് അപകടം. റെയിൽവെ ട്രാക്കിൽ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തിൽ പെട്ടത്.ചെന്നൈ – ആലപ്പുഴ എക്സ്പ്രസ് ഇടിച്ചാണ് അപകടം.സംഭവത്തെക്കുറിച്ച്‌ പോത്തന്നൂര്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൽഹിയിൽ വീണ്ടും അന്തരീക്ഷ മലിനീകരണം രൂക്ഷം;സ്‌കൂളുകള്‍ക്ക് രണ്ടുദിവസം കൂടി അവധി

keralanews air pollution in delhi two days leave for educational institutions

ന്യൂഡൽഹി:ഡൽഹിയിൽ വീണ്ടും അന്തരീക്ഷ മലിനീകരണം രൂക്ഷം.ഈ സാഹചര്യത്തിൽ  സാഹചര്യത്തില്‍ ഡല്‍ഹി, നോയിഡ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് നിര്‍ദേശം.അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ രണ്ട് ആരോഗ്യ അടിയന്തരാവസ്ഥയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഈ സാഹചര്യത്തില്‍ മൂന്നാമതും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.ഡല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മിക്‌സിങ് പ്ലാന്റുകളും ക്രഷറുകളും വെള്ളിയാഴ്ച രാവിലെ വരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിട്ടുണ്ട്.

റഫാൽ കേസ്;പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

keralanews rafale case supreme court rejected the review petitions

ന്യൂഡൽഹി:റഫാൽ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. റഫാൽ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനപ്പരിശോധനാ ഹരജിയിലാണ് വിധി.റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്.ഫ്രഞ്ച് കമ്ബനിയായ ഡാസോ ഏവിയേഷനില്‍ നിന്ന് 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് വിവാദമായത്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ എല്ലാ ആരോപണങ്ങളും തള്ളിയ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് ഇടപാടുമായി മുന്നോട്ടുപോകുന്നതില്‍ പ്രശ്‌നമില്ലെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തരവിട്ടിരുന്നു. ഈ വിധി ശരിവയ്ക്കുകയും റിവ്യൂ ഹര്‍ജികള്‍ തള്ളുകയുമാണ് സുപ്രീംകോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്.സുപ്രീം കോടതി വിധിക്കെതിരെ മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് പുനപ്പരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. വാദം കേള്‍ക്കല്‍ മെയ് പത്തിന് പൂര്‍ത്തിയാക്കിയ സുപ്രീംകോടതി, വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

ശബരിമല യുവതീപ്രവേശന വിധി സുപ്രീം കോടതി പുനഃപരിശോധിക്കും;കേസ് ഏഴംഗ ബെഞ്ചിന് വിട്ടു

keralanews sabarimala issue supreme court refers case to larger bench

ന്യൂഡല്‍ഹി: ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട് സുപ്രീം കോടതി. ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്‌താവിച്ച കോടതി, കേസ് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.രാവിലെ 10.44ന് വിധി പ്രസ്‌താവം വായിച്ച ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗോഗോയി, മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കി.യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. റിട്ട് ഹര്‍ജികളും സര്‍ക്കാരിന്റെ ഹര്‍ജികളും ചേര്‍ത്ത് മൊത്തം 65 ഹര്‍ജികള്‍ കോടതിയിലെത്തി. ഏഴ് പ്രമുഖ കക്ഷികളുടെ വാദങ്ങളാണ് സുപ്രീംകോടതി തുറന്ന കോടതിയില്‍ കേട്ടത്. മറ്റു കക്ഷികള്‍ വാദം എഴുതി നല്‍കുകയായിരുന്നു. 2018 സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് യോജിച്ചു. എന്‍.എസ്.എസും തന്ത്രിയും മറ്റും യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.

വിദ്യാര്‍ത്ഥി പ്രതിഷേധം ഫലംകണ്ടു;ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന റദ്ദാക്കി

keralanews students protest succeeded hostel fee hike in j n u canceled

ന്യൂഡല്‍ഹി:രണ്ടാഴ്ചയോളമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന സമരം ഒടുവില്‍ ഫലം കണ്ടു. ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിച്ചു. ജെ.എന്‍.യു എക്‌സിക്യുട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മറ്റു പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹോസ്റ്റല്‍ ഫീസില്‍ വര്‍ധനവ് വരുത്തിയതിനെതിരെ ബുധനാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫീസ് ഫര്‍ധവ് പിന്‍വലിച്ച്‌ കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ക്യാമ്ബസിന് പുറത്തായിരുന്ന നടന്നത്. ഇടത്പക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയിരുന്നത്.ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയും രംഗത്തെത്തിയിരുന്നു.

കർണാടകയിലെ വിമത എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു

keralanews supreme court upholds the disqualification of 17 mlas in karnataka

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ 17 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു. അതേസമയം, 2023വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി. അയോഗ്യരാക്കിയ എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.മുന്‍‌ സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാറിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 14 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്നു ജെഡിഎസ് എംഎല്‍എമാരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ 17 എംഎല്‍എമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമര്‍ശിച്ചു.എംഎല്‍എമാര്‍ ആദ്യം ഹൈക്കോടതിയെ സമീപിക്കണമായിരുന്നു.പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ട്. ജനാധിപത്യത്തില്‍ ധാര്‍മികത പ്രധാനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.എംഎല്‍എമാരുടെ അയോഗ്യത ശരിവച്ച സുപ്രീംകോടതി വിധി ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റില്‍ ആറ് ഇടത്തെങ്കിലും ജയിച്ചാല്‍ മാത്രമേ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താന്‍ സാധിക്കൂ. ഡിസംബര്‍ അഞ്ചിനാനാണ് ഉപതെരഞ്ഞെടുപ്പ്. കര്‍ണാടക ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ രണ്ടു മണ്ഡലങ്ങളില്‍ പിന്നീട് മാത്രമേ തെരഞ്ഞെടുപ്പ് നടക്കൂ.

കർണാടകയിൽ വിമത എംഎൽഎമാരെ അയോഗ്യരാക്കിയ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും

keralanews supreme court verdict today on disqualified mlas

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ കൂറുമാറിയ 15 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.രാവിലെ 10.30ന് ജസ്റ്റിസ് എന്‍‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക.ജെഡിഎസ്- കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതാണ് സുപ്രിംകോടതി വിധി. കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ തള്ളി, ജെഡിഎസ്- കോണ്‍ഗ്രസ് പാര്‍ട്ടികളിലെ 15 എംഎല്‍എമാര്‍ ബിജെപിയെ അനുകൂലിക്കുകയായിരുന്നു.ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ പരാതിയിലാണ് മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ 15 എംഎല്‍എമാരെയും കൂറുമാറിയതിനാല്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സ്‌റ്റേ ചെയ്തിരുന്നു.

ഒമാനില്‍ കനത്ത മഴ;കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി ആറ് ഇന്ത്യക്കാര്‍ മരിച്ചു

keralanews six indian workers died in oman during heavy rains when they were buried at an excavation site

മനാമ: ഒമാനില്‍ കനത്ത മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി ആറ് ഇന്ത്യക്കാർ മരിച്ചു.ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. സീബില്‍ എയര്‍പോര്‍ട്ട് ഹൈറ്റ്‌സ് ഭാഗത്ത് ജലവിതരണ പദ്ധതിയുടെ വിപുലീകരണ ജോലികള്‍ക്കിടെയാണ് അപകടം. 14 അടി താഴ്ചയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. പൈപ്പിന് 295 മീറ്റര്‍ നീളമുണ്ട്.ഞായറാഴ്ച രാത്രിയാണ് അപകടത്തെക്കുറിച്ച്‌ വിവരം ലഭിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.ഉടന്‍ തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. വലിയ പമ്പ് സെറ്റുകള്‍ ഉപയോഗിച്ച്‌ വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമാണ് മൃതദേഹം പുറത്തെടുത്തത്.അപകടത്തില്‍ അന്വേഷണം നടത്തണമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് ആവശ്യപ്പെട്ടു.

അയോധ്യയിൽ ചരിത്ര വിധി;തർക്കഭൂമി ഹിന്ദുക്കൾക്ക്;മുസ്ലിങ്ങൾക്ക് പകരം ഭൂമി നൽകും

keralanews historic verdict in ayodhya case the disputed land will be given to hindus land will be given to muslims instead

ന്യൂഡൽഹി:അയോദ്ധ്യ കേസിൽ നിർണായക വിധി വന്നു.നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നിര്‍ണ്ണായക വിധി പറഞ്ഞിരിക്കുന്നത്.അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീങ്ങൾക്ക് പകരം ഭൂമി നല്‍കാമെന്നുമാണ് സുപ്രധാന വിധി.പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി മുസ്ലീംങ്ങള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.മുസ്ലീംങ്ങള്‍ക്ക് ആരാധനയ്ക്ക് തര്‍ക്ക ഭൂമിയ്ക്ക് പുറത്ത് സ്ഥലം കൊടുക്കണം.ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് ഉണ്ടാക്കണം. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം. ഇതിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഭൂമിക്കടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോർട്ട് തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. ബാബരി മസ്ജിദ് പണിതത് ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ അല്ല. ആ കെട്ടിടത്തിന്റെ അടിയിലുണ്ടായിരുന്ന അവഷിഷ്ടങ്ങള്‍ ഇസ്ലാമികമല്ല എന്നതിനു തെളിവുണ്ട്. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തര്‍ക്ക സ്ഥലത്തു തന്നെയാണ് ശ്രീരാമന്‍ ജനിച്ചത് എന്നു ഹിന്ദുക്കള്‍ വിശ്വസിച്ചുവരുന്നതിന് തെളിവുണ്ട്. രാം ചബൂത്ര, സീതാ രസോയി എന്നിവയില്‍ ബ്രിട്ടിഷ് കാലത്തിനു മുമ്ബുതന്നെ ഹിന്ദുക്കള്‍ ആരാധാന നടത്തിയിരുന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസില്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

രാമജന്മ ഭൂമിയെ നിയമ വ്യക്തിത്വമായി അംഗീകരിക്കണമെന്ന നിര്‍മോഹി അഖാഡയുടെ വാദം കോടതി അംഗീകരിച്ചില്ല. നിര്‍മോഹി അഖാഡ നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച്‌ ഷിയ വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 1946ലെ ഫൈസാബാദ് കോടതി വിധിയെ ചോദ്യം ചെയ്താണ് ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജി നല്‍കിയിരുന്നത്.40 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്് കേസില്‍ വിധി പറഞ്ഞത്.അയോധ്യ വിധിയുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്.

അ​യോ​ധ്യ കേ​സി​ലെ വിധി പ്രസ്താവം ആരംഭിച്ചു;കേസിൽ ഒരൊറ്റ വിധിയെന്ന് ചീഫ് ജസ്റ്റിസ്

keralanews supreme court starts delivering judgement in ayodhya case

ന്യൂഡല്‍ഹി: അയോധ്യ കേസിലെ വിധി പ്രസ്താവം ആരംഭിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 30 മിനിറ്റിനുള്ളില്‍ വിധി പൂര്‍ണമായും പ്രസ്താവിക്കുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഏകകണ്ഠമായ വിധിയായിരിക്കും ഇതെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു.രാവിലെ 10.30 വിധി പ്രസ്താവം നടത്താന്‍ ആരംഭിച്ചു.കേസില്‍ 40 ദിവസം നീണ്ട തുടര്‍ വാദത്തിന് ശേഷമാണ് വിധി പറയുന്നത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിനാണ് ഇന്ന് പരിഹാരം ഉണ്ടാവുന്നത്.ശനിയാഴ്ച കോടതി അവധിദിനമായിരുന്നിട്ടുകൂടി അയോധ്യ കേസില്‍ വിധി പറയാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.