ഹൈദരാബാദ്: ഹൈദരാബാദില്‍ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ നാലു പ്രതികളെ വെടിവച്ച് കൊന്ന നടപടിയില്‍ പ്രതികരണവുമായി സൈബറാബാദ് കമ്മീഷണര്‍ വി.സി.സജ്ജനാര്‍. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കമ്മീഷണർ പറഞ്ഞു.തെളിവെടുപ്പിനി- പോലീസുകാരുടെ കൈവശമുണ്ടായിരുന്ന രണ്ട‌് തോക്കുകള്‍ തട്ടിയെടുത്ത് പ്രതികള്‍ വെടിയുതിര്‍ത്തു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ തയാറായില്ല.ഇതോടെ വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായി. പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ കമ്മീഷണര്‍ പറഞ്ഞു.രണ്ടു പോലീസുകാര്‍ക്ക് വെടിവയ്പിനിടെ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വി.സി.സജ്ജനാര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.നവംബര്‍ 28 ന് രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം വെറ്റിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഡിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്. ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള്‍ 27 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.പിന്നീട് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഉന്നാവിൽ ബലാൽസംഗ കേസ് പ്രതികൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരം
ഉത്തർപ്രദേശ്:ഉന്നാവിൽ ബലാൽസംഗ കേസ് പ്രതികൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.പെണ്‍കുട്ടി വെന്റിലേറ്ററിലാണെന്നും, രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. പെണ്‍കുട്ടിയെ ചികില്‍സിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ഇന്നലെ ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെത്തിച്ചിരുന്നു. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. കുട്ടിയുടെ ചികില്‍സാച്ചെലവ് യുപി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.കഴിഞ്ഞ മാര്‍ച്ചില്‍ താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ച് യുവതി പരാതി നല്‍കിയിരുന്നു കേസില്‍ ഒരാള്‍ അറസ്റ്റിലായി എങ്കിലും ജാമ്യത്തില്‍ ഇറങ്ങി. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിരുന്നില്ല. ഇവര്‍ എല്ലാവരും ചേര്‍ന്നാണ് കേസിന്റെ തുടര്‍ നടപടികള്‍ക്കായി പോകവെ യുവതിയെ തട്ടികൊണ്ട് പോയി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്:ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.വ്യാഴാഴ്ച രാത്രി ദേശീയപാത 44ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാലു പ്രതികളും കൊല്ലപ്പെട്ടു എന്നാണു പോലീസിന്റെ ഔദ്യോഗിക വിശദീകരണം. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം. മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബര്‍ 28 ന് രാത്രിയാണ് ഷംഷാബാദിനടുത്തുള്ള തോഡുപള്ളി ടോള്‍ ഗേറ്റിന് സമീപംവെച്ച് വനിതാ വെറ്റിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. ഷംഷാബാദിലെ ടോള്‍ പ്ലാസയില്‍നിന്ന് 100 മീറ്റര്‍ അകലെ വൈകിട്ട് ആറോടെ സ്‌കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളിയിലേക്കു പോയി ഈ സമയം പ്രതികള്‍ സമീപത്തുണ്ടായിരുന്നു.നാലു പേരും ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നു.യുവതിയെ കണ്ടതോടെ മാനഭംഗപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടു. പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെത ടയറുകള്‍ പഞ്ചറാക്കി.യുവതി തിരിച്ചുവന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജോളു ശിവ സ്‌കൂട്ടര്‍ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ചു.തന്റെ സ്‌കൂട്ടര്‍ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു.സ്ഥലത്തുനിന്നു വേഗം പോരാന്‍ നിര്‍ദേശിച്ച സഹോദരി പിന്നീടു തിരികെ ഫോണ്‍ വിളിച്ചപ്പോള്‍ ഓഫായിരുന്നു.ഫോണ്‍ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേര്‍ന്നു യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ ഉപദ്രവിച്ചു. പിന്നീടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനില്‍ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ മൃതദേഹം എത്തിച്ചു കത്തിച്ചു. രണ്ടു പേര്‍ ലോറിയിലും മറ്റുള്ളവര്‍ ഡോക്ടറുടെ സ്‌കൂട്ടറിലുമാണു പോയത്.പെട്രോളും ഡീസലും ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്.
ശബരിമല യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ;പരാമര്‍ശം ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ
ഡല്‍ഹി:ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ നിര്‍ണായക പരാമര്‍ശം. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്‍റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തന്നെയാണ് ഈ പരാമര്‍ശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നാണ് ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്. പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‍സിംഗാണ് ബിന്ദു അമ്മിണിക്കായി ഹാജരായത്. ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.ഇതേ ആവശ്യം ഉന്നയിച്ച് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതില്‍ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.
നിർഭയ കേസ്;ആരാച്ചാരാകാൻ തയ്യാറായി പാലായിൽ നിന്നും ഒരു യുവാവ്
കോട്ടയം: നിര്‍ഭയക്കേസിലെ പ്രതികളുടെ കഴുത്തില്‍ കൊലക്കയര്‍ അണിയിക്കാന്‍ തയാറായി പാലായിൽ നിന്നും ഒരു യുവാവ്.പാലാ സ്വദേശിയും ഡ്രൈവറും സാമൂഹിക പ്രവര്‍ത്തകനുമായ നവില്‍ ടോമാണ് നീതി നടപ്പാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തീഹാര്‍ ജയില്‍ സൂപ്രണ്ടിന് കത്തയച്ചത്. വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍മാരില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് താന്‍ കത്തയച്ചതെന്ന് നവില്‍ ടോം പറഞ്ഞു.ഡല്‍ഹി സെന്‍ട്രല്‍ ജയിലിന്റെ സൂപ്രണ്ടും പ്രിസണ്‍സ് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറലുമായ മുകേഷ് പ്രസാദിനാണ് നവില്‍ ഇ- മെയില്‍ അയച്ചിരിക്കുന്നത്.പ്രതികളെ തൂക്കിക്കൊല്ലുന്നതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും വയനാട്ടിലെ ആദിവാസി മേഖലയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന് ആംബുലന്‍സ് വാങ്ങാന്‍ ഈ പണം ഉപയോഗിക്കുമെന്നും നവില്‍ പറഞ്ഞു. നിര്‍ഭയക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായ സാഹചര്യത്തിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാരെ തേടുന്നത്.ഷിംല സ്വദേശിയായ രവികുമാര്‍ തന്നെ ആരാച്ചാരാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. പവന്‍ ജല്ലാദ് എന്ന ആരാച്ചാരും ഇതിന് സന്നദ്ധത അറിയിച്ചിരുന്നു.ആരാച്ചാരുടെ തസ്തിക സ്ഥിരം നിയമനത്തിനുള്ളതല്ല.ആവശ്യമുള്ളപ്പോള്‍ റിക്രൂട്ട് ചെയ്യുകയാണ് ചെയ്യുന്നത്.മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യമുണ്ടാകുക എന്നത് മാത്രമാണ് ആരാച്ചാര്‍ തസ്തികയുടെ യോഗ്യത.
കർണാടകയിലെ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്
ബെംഗളൂരു:കര്‍ണാടകത്തിലെ 15 നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി.രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. 37,82,681 പേരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. കോണ്‍ഗ്രസ്, ജെ.ഡി.എസ്. സിറ്റിങ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് 66ഉം ജനതാദളിന് 34ഉം അംഗങ്ങളുണ്ട്. അയോഗ്യരാക്കിയ 16 കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍എമാരില്‍ 13 പേരും നിലവിലെ മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു.ഇവയെല്ലാം കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളാണ്. കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍നിന്ന് 17 എംഎല്‍എമാര്‍ രാജിവച്ചതാണ് തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഇവരില്‍ 14 പേരും ബിജെപിയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
സഖ്യം അടഞ്ഞ അധ്യായമല്ലെന്ന കോൺഗ്രസിന്റെ പ്രഖ്യാപനവും ബി.ജെ.പി വിരുദ്ധ നിലപാടിലേക്ക് ജെ.ഡി.എസ് എത്തിയതുമാണ് ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് ആറ് സീറ്റുകൾ മതി. കൂടുതൽ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ സർവെ ഫലങ്ങളെല്ലാം ബി.ജെ.പിക്ക് അനുകൂലവുമാണ്.അതേസമയം 12 സീറ്റുകളെങ്കിലും നേടി ജെ.ഡി.എസിനൊപ്പം ഭരണം തുടരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.ശക്തമായ സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ബംഗളുരു നഗരം ഉൾപ്പെട്ട നാല് മണ്ഡലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.4185 പോളിങ് സ്റ്റേഷനുകളിലായി 42,500 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോലീസിനോടൊപ്പം കര്‍ണാടക സായുധസേനാംഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.ഡിസംബര്‍ ഒന്‍പതിനാണ് വോട്ടെണ്ണല്‍.
ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
ലഖ്നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ പ്രതികള്‍ തീകൊളുത്തി െകാലപ്പെടുത്താന്‍ ശ്രമിച്ചു.ഗുരുതരമായി പൊള്ളേലറ്റ യുവതിയെ കാണ്‍പൂരിലെ ആര്‍.ആര്‍.എല്‍ ആശുപത്രിയിലേക്ക് മാറ്റി.വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ന് ബയ്സ്വര ബിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. റായ് ബറേലിയിലേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്ന യുവതിയെ ബലാത്സംഗകേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള സംഘം പിന്തുടര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു.ആറംഗ അക്രമി സംഘം യുവതിയെ മര്‍ദിക്കുകയും കത്തികൊണ്ട് കുത്തി വലിച്ചിഴച്ച് വയലിലേക്ക് കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.നില വഷളായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും യുവതിയെ കാണ്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.യുവതിയുടെ മൊഴിയെ തുടര്‍ന്ന് മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി കൂട്ട ബാലത്സംഗത്തിനിരയായത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി. പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച് യുവതി വീണ്ടും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഹരി ശങ്കര്‍ ത്രിവേദി, കിഷോര്‍, ശുഭം, ശിവം, ഉമേഷ് എന്നിവരാണ് പ്രതികള്‍.
നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ എണ്ണക്കപ്പൽ റാഞ്ചി;കപ്പലിൽ 18 ഇന്ത്യൻ ജീവനക്കാരും
ന്യൂഡല്‍ഹി: നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ ഹോങ്കോങ് കപ്പല്‍ തട്ടിയെടുത്തു. കപ്പലില്‍ 18 ഇന്ത്യന്‍ ജീവനക്കാരുമുണ്ടെന്നാണ് വിവരം.മേഖലയില്‍ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ഏജന്‍സിയായ എ.ആര്‍.എക്സ്. മാരിടൈം ആണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയതെന്നാണ് ഏജന്‍സി വെബ്‌സൈറ്റില്‍ പറയുന്നത്. ബോണി ദ്വീപിന് സമീപത്തു വച്ചാണ് കപ്പൽ റാഞ്ചിയത്.കപ്പലിൽ 26 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇതിൽ 18 പേരും ഇന്ത്യക്കാരാണ്.ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇന്ത്യന്‍ എംബസി നൈജീരിയന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരെ രക്ഷിക്കാന്‍ അവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു.
ഛത്തീസ്ഗഡിലെ ഐടിബിപി ക്യാമ്പിൽ ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവർത്തകർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും
റായ്പൂര്‍:ഛത്തീസ്ഗഡില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലുണ്ടായ സംഘര്‍ഷത്തിനിടെ ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും ഉൾപ്പെടുന്നു.ഐടിബിപി കോണ്‍സ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിന് വെടിവെപ്പില്‍ പരിക്കേറ്റു. ഐടിബിപി ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഐടിബിപി ഹെഡ്‌കോണ്‍സ്റ്റബില്‍ മസുദുല്‍ റഹ്മാനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തത്. ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ മഹേന്ദ്രസിങ് ( ബിലാസ്പൂര്‍, ഹിമാചല്‍പ്രദേശ്), ദല്‍ജിത്ത് സിങ് ( ലുധിയാന-പഞ്ചാബ്), കോണ്‍സ്റ്റബിള്‍മാരായ സുര്‍ജിത്ത് സര്‍ക്കാര്‍ (ബര്‍ദ്വാന്‍- പശ്ചിമബംഗാള്‍), ബിശ്വരൂപ് മഹദോ (പുരൂലിയ-പശ്ചിമബംഗാള്‍) എന്നിവരാണ് മരിച്ചത്.നാരായണ്‍പൂരില്‍ രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. വ്യക്തിപരമായ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് ബസ്തര്‍ മേഖലയുടെ ചുമതലയുള്ള ഐ ജി പി സുന്ദരരാജ് അറിയിച്ചു.തര്‍ക്കത്തിനിടെ ഒരു പൊലീസുകാരന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത പൊലീസുകാരനെയും വെടിവെച്ച് കൊന്നു. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍മാര്‍ഗം റായ്‌പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. മാവോയിസ്റ്റുകളെ നേരിടാനാണ് ഐടിബിപി വിഭാഗത്തെയും ചത്തീസ്ഗഡില്‍ വിന്യസിച്ചിരിക്കുന്നത്.സംഭവത്തെക്കുറിച്ച് ഐടിബിടി അന്വേഷണം ആരംഭിച്ചു.
ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി.ചിദംബരത്തിന് ജാമ്യം
ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം.സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 100 ദിവസത്തിലധികമായി ചിദംബരം കസ്റ്റഡിയിലായിരുന്നു.ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം ജയിലിലായത്. ഇതിനെതിരെ വിചാരണക്കോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഹരജി തള്ളിയ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ച് ഹരജിയില്‍ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് ജാമ്യം നല്‍കി ഉത്തരവിട്ടത്. ഐഎന്‍എക്സ് മീഡിയ പണമിടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വഴിവിട്ട് വിദേശ ഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന്‍റെ പ്രതിഫലമായി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണം ലഭിച്ചെന്നാണ് ആരോപണം.