തിരുവനന്തപുരം:കാര്യവട്ടം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 2 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 9 പന്തുകള്‍ ശേഷിക്കെയായിരുന്നു വിന്‍ഡീസ് വിജയം.വിന്‍ഡീസിന് വേണ്ടി ഓപണര്‍ ലെന്‍ഡന്‍ സിമ്മണ്‍സ് 67 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 45 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതമാണ് സിമ്മണ്‍സ് 67 റണ്‍സെടുത്തത്. ലൂയിസ് 40 റണ്‍സെടുത്തും ഹേറ്റ്‌മെയര്‍ 23 റണ്‍സിനും പുറത്തായി. നിക്കോളാസ് പൂരന്‍ 18 പന്തില്‍ 38 റണ്‍സുമായി സിമ്മന്‍സിനൊപ്പം ചേര്‍ന്ന് വിജയലക്ഷ്യം പൂര്‍ത്തിയാക്കി.നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ശിവം ദുബെയുടെ മികവിലാണ് ഇന്ത്യ 170 റണ്‍സ് എടുത്തത്. ദുബെ 30 പന്തില്‍ 54 റണ്‍സെടുത്തു. റിഷഭ് പന്ത് 33 റണ്‍സും രോഹിത് ശര്‍മ 15 റണ്‍സുമെടുത്തു. കോഹ്ലി 19 റണ്‍സിന് പുറത്തായി. മറ്റാര്‍ക്കും തിളങ്ങാനായില്ല.ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഒപ്പത്തിനൊപ്പമായി. മൂന്നാം മത്സരം ഡിസംബര്‍ 11ന് മുംബൈയിലാണ് നടക്കുക.
ഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം
ഡല്‍ഹി : ദില്ലിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ അനജ് മണ്ടിയിലെ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്നലെയുണ്ടായ അപകടത്തില്‍ 43 പേര്‍ മരിച്ചിരുന്നു.മധ്യ ദില്ലിയിലെ റാണി ഝാന്‍സി റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ബാഗ് നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകരമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായ സമയത്ത് ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്.തീപിടുത്തത്തില്‍ ഫാക്ടറി ഉടമ മൊഹദ് റഹാന്‍ പിടിയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. സംഭവത്തെക്കുറിച്ച് ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു.ഫോറന്‍സിക് വിദഗ്ദര്‍ തീപിടിച്ച കെട്ടിടത്തില്‍ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു.ഡല്‍ഹി പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
കര്‍ണാടക ഉപതെരഞ്ഞെടുപ്പ്;വോട്ടെണ്ണൽ പുരോഗമിക്കുന്നു;ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം
ബംഗളൂരു: കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യ ഫലസൂചനകളില്‍ ബി.ജെ.പിക്കാണ് മുന്നേറ്റം.പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിതുടങ്ങുമ്പോള്‍ പത്ത് ഇടങ്ങളില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹുന്‍സൂർ, കഗ്‍വാദ്, വിജയനഗര കൃഷ്ണരാജപുര, മഹാലക്ഷ്മി ലേഔട്ട്, ഗോകഗ്, ഹിരകേരൂർ, അതാനി, യെല്ലാപൂർ എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ലീഡ് ചെയ്യുന്നു. ജെ.ഡി.എസ് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.11 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലെ ബി.ജെ.പി സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ സാധിക്കൂ. ബി.ജെ.പി 13 സീറ്റുകളില്‍ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പയുടെ അവകാശവാദം.എക്സിറ്റ് പോളുകളും ബി.ജെ.പിക്ക് അനുകൂലമാണ്. എന്നാൽ അട്ടിമറി നടക്കുമെന്ന സൂചനകളാണ് കോൺഗ്രസ് നൽകുന്നത്. ഭരണ സഖ്യം പിരിഞ്ഞതിന് ശേഷം ബി.ജെ.പിക്ക് അനുകൂലമായി നിന്നിരുന്ന ജെ.ഡി.എസ്, നിലപാടിൽ വരുത്തിയ മാറ്റമാണ് കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നത്. ഇരു പാർട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നത് എങ്കിലും ചുരുങ്ങിയത് 12 സീറ്റുകളിലെങ്കിലും വിജയം പ്രതീക്ഷിയ്ക്കുന്നുണ്ട്. ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ പൂര്‍ണഫലം ഉച്ചയോടെ പുറത്തുവരും. എക്സിറ്റ്പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു.17 മണ്ഡലങ്ങളിലാണ് ഒഴിവ് വന്നിരുന്നതെങ്കിലും കര്‍ണാടക ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ മുസ്‌കി, ആര്‍.ആര്‍ നഗര്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഈ രണ്ടു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.ഡിസംബര്‍ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പില്‍ 67.91 ശതമാനമായിരുന്നു വോട്ടിങ്. കനത്ത സുരക്ഷയില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്.15 മണ്ഡലങ്ങളില്‍ നിന്നായി 19.25 ലക്ഷം പുരുഷന്മാരും 18.52 ലക്ഷം സ്ത്രീകളും ഉള്‍പ്പടെ 38 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തി.126 സ്വതന്ത്രരും ഒൻപത് വനിതകളുമുള്‍പ്പെടെ 165 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.
വീണ്ടും ക്രൂരത;ത്രിപുരയിൽ കാമുകനും കൂട്ടുകാരും ചേര്‍ന്ന് 17കാരിയെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു
അഗര്‍ത്തല:വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് 17കാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്.ശേഷം കാമുകനും അമ്മയും ചേര്‍ന്നു പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.സമൂഹമാധ്യമത്തിലുടെയായിരുന്നു പെണ്‍കുട്ടിയും യുവാവും മാസങ്ങള്‍ക്ക് മുൻപ് പരിചയപ്പെട്ടത്.വിവാഹവാഗ്ദാനം നൽകിയതിനെ തുടർന്ന് പെൺകുട്ടി ഇയാളോടൊപ്പം പോയി. പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ എത്തിച്ച് യുവാവ് തടവിലാക്കി.ശേഷം കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് മാസങ്ങളോളം ബലാത്സംഗത്തിനിരയാക്കി. മകളെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ നല്‍കണമെന്നും, ഇല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. ക്ഷുഭിതരായ നാട്ടുകാർ അജോയിയെയും അമ്മയെയും ആശുപത്രിയിൽ കയ്യേറ്റം ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും.വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.
ക്രിക്കറ്റ് ആവേശത്തില്‍ തലസ്ഥാന നഗരി;ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടത്ത്
തിരുവനന്തപുരം:ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാനത്ത് എത്തി. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇരു ടീമുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്ന് ഇരു ടീമുകളും പ്രത്യേകം ബസുകളില്‍ ഹോട്ടല്‍ ലീലയിലേക്ക് പോയി.നായകന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ എത്തിയത്. നിറഞ്ഞ കൈയടിയോടെയും ഹര്‍ഷാരവത്തോടെയുമാണ് ടീം അംഗങ്ങളെ ആരാധകര്‍ വരവേറ്റത്. നാട്ടുകാരന്‍ സഞ്ജു സാംസണെ ആര്‍പ്പു വിളികളോടെയാണ് ആരാധകര്‍ എതിരേറ്റത്.കഴിഞ്ഞ മത്സരങ്ങളില്‍ ഒക്കെ ടീമില്‍ ഇടം ലഭിച്ചിട്ടും അവസാന ഇലവനില്‍ ഇടം നേടാനാവാതെ പോയ സഞ്ജുവിന് ഞായറാഴ്ച പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.രാത്രി ഏഴുമണിക്കാണ് മത്സരം ആരംഭിക്കുക.ആദ്യ മത്സരം ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരംകൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഈ മാസം 11ന് മുംബൈയിലാണ് മൂന്നാം മത്സരം നടക്കുക.മത്സരത്തിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി പൊലീസ് അറിയിച്ചു.സുരക്ഷയ്ക്കായി 1000 പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി തമ്പാനൂരിൽ നിന്നും ആറ്റിങ്ങല്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തും. മത്സരത്തിനായി കാണികള്‍ക്ക് വൈകിട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി ഗാലറിയിലേക്ക് പ്രവേശിക്കാം.
രോഷം അണയാതെ ജനങ്ങൾ;ഉന്നാവില്‍ ബലാല്‍സംഗക്കേസിലെ പ്രതികള്‍ തീ കൊളുത്തി കൊന്ന യുവതിയുടെ സംസ്‌കാരം ഇന്ന്
ഉത്തർപ്രദേശ്:ഉന്നാവ് ബലാല്‍സംഗക്കേസിലെ പ്രതികള്‍ തീ കൊളുത്തി കൊന്ന 23 കാരിയുടെ സംസ്‌കാരചടങ്ങുകള്‍ രാവിലെ 10 മണിയോടെ ഭാട്ടന്‍ ഖേഡായിലെ വീട്ടില്‍ നടക്കും.ഇന്നലെ രാത്രി 9 മണിയോടെ യുവതിയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു.ജില്ലാ മജിസ്ട്രേറ്റ് ദേവീന്ദര്‍ കുമാര്‍ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാല്‍സംഗകേസിലെ പ്രതികളുള്‍പ്പെട്ട അഞ്ച് അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്ന യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11.40 നാണ് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിനു കിഴടങ്ങിയത്.ഇക്കഴിഞ്ഞ മാർച്ചിൽ യുവതി കൂട്ടബലാൽസംഗത്തിന് ഇരയായിരുന്നു.ഇതിനെതിരെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു.മറ്റുള്ളവരെ പിടികൂടാനായില്ല. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി.ഇയാളും മറ്റ് നാലുപ്രതികളും ചേർന്നാണ് യുവതിയെ തീകൊളുത്തിയത്.
അതേസമയം യുവതിയെ കൊലയ്ക്കുകൊടുത്ത പൊലീസ് അനാസ്ഥയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നു.യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ബിജെപിയുടെ സ്ഥലം എംപി സാക്ഷി മഹാരാജ്, മന്ത്രിമാരായ കമല്‍ റാണി വരുണ്‍ സ്വാമി, പ്രസാദ് മൗര്യ എന്നിവരെ നാട്ടുകാര്‍ വളഞ്ഞു. ‘ഇപ്പോള്‍ എന്തിനെത്തി, മടങ്ങിപ്പോകൂ’ എന്ന് മുദ്രാവാക്യം മുഴക്കി തടഞ്ഞുവച്ചവരെ പിരിച്ചുവിടാന്‍ പൊലീസിന് ബലംപ്രയോഗിക്കേണ്ടി വന്നു.ദാരുണമായ പീഡനം ഏറ്റുവാങ്ങിയ യുവതി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയപ്പോഴൊന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ തിരിഞ്ഞുനോക്കിയിരുന്നില്ല.വീണ്ടും ആക്രമിക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയശേഷമാണ് എംപിയും മന്ത്രിമാരും വീട്ടിലെത്തിയത്. പ്രതിഷേധത്തെത്തുടര്‍ന്ന് ജില്ലാമജിസ്‌ട്രേറ്റിനും വീട് സന്ദര്‍ശിക്കാനായിരുന്നില്ല. ഡല്‍ഹിയില്‍ ഇന്നലെ രാത്രിയിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധപ്രകടനം നടന്നു. ഉന്നാവോ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്.
ഡല്‍ഹിയില്‍ ഫാക്റ്ററി കെട്ടിടത്തിന് തീപിടിച്ച് 32 പേര്‍ മരിച്ചു
ന്യൂഡൽഹി:ഡല്‍ഹിയില്‍ ഫാക്റ്ററി കെട്ടിടത്തിന് തീപിടിച്ച് 32 പേര്‍ മരിച്ചു.റാണി ഝാന്‍സി റോഡില്‍ അനാജ് മന്‍ഡിയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.പൊള്ളലേറ്റവരെ ലോക് നായക്,ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റി.27 അഗ്‌നിശമന യൂണിറ്റുകളാണ് തീയണയ്ക്കാൻ പരിശ്രമിക്കുന്നത്.ഒൻപത് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.50 ലധികം പേരെ രക്ഷപെടുത്തി. പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.സ്‌കൂള്‍ ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. അപകടസമയത്ത് ഫാക്ടറിയലുണ്ടായിരുന്നവര്‍ ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഇത്രയും കൂടാന്‍ കാരണമായത്.
ലോക്‌സഭയില്‍ സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി;കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം
ന്യൂഡൽഹി:ലോക്‌സഭയില്‍ സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം.ഇതിനായുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും. അതേസമയം എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയത്തെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. തിങ്കളാഴ്ച സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും എംപിമാര്‍ക്ക് വിപ്പു നല്കി. ലോക്‌സഭയില്‍ സ്ത്രീസുരക്ഷ ഉന്നയിച്ചുള്ള ചര്‍ച്ചയ്ക്കിടെ സ്മൃതി ഇറാനിയും കേരള എംപിമാരും തമ്മില്‍ വാഗ്വാദമുണ്ടായിരുന്നു. ടിഎന്‍ പ്രതാപനും ഡീന്‍ കുര്യക്കോസും തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും സ്മൃതി ഇറാനി ആരോപിച്ചത് സഭയെ പ്രക്ഷുബ്ധമാക്കി.തുടര്‍ന്ന് ഇരുവരെയും പുറത്താക്കണമെന്ന് ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു. മന്തികൂടിയായ വനിത അംഗത്തോടുള്ള പെരുമാറ്റവും സഭയോടും സ്പീക്കറോടുമുള്ള അനാദരവും കാരണം സസ്പെന്‍ഡ് ചെയ്യാന്‍ ചട്ടം 374 പ്രകാരമുള്ള പ്രമേയം എന്നാണ് അജണ്ടയില്‍ വ്യക്തമാക്കുന്നത്. ബിജെപിക്ക് ഭൂരിപക്ഷം ഉള്ള സാഹചര്യത്തില്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അവതരിപ്പിക്കുന്ന പ്രമേയം പാസാകും.ശീതകാല സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരേക്കാകും സസ്പെന്‍ഷന്‍. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സ്മൃതി ഇറാനിക്കെതിരേ ആക്രോശവുമായി ടി എന്‍. പ്രതാപനും ഡീന്‍ കുര്യാക്കോസും നടുത്തളത്തില്‍ ഇറങ്ങിയത്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ആഭ്യന്തര മന്ത്രി സഭയിലില്ലായെന്നും പകരം മന്ത്രി സമൃതി ഇറാനിയോ താനോ മറുപടി നല്‍കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകര്‍ സഭയില്‍ വ്യക്തമാക്കായിരുന്നു. തുടര്‍ന്ന് സ്മൃതി ഇറാനി മറുപടി നല്‍കാന്‍ എഴുന്നേറ്റപ്പോള്‍ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതിനിടെയാണ് ടി എന്‍. പ്രതാപനും ഡീന്‍ കുര്യാക്കോസും മന്ത്രിക്കെതിരേ ആക്രോശവും ഭീഷണിയുമായി സഭയുടെ നടുത്തളത്തിലിറങ്ങിയത്. ഭീഷണി വേണ്ടെന്നും സ്ത്രീ ആയതു കൊണ്ടാണോ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്ന് സ്മൃതി ചോദിച്ചു. പിന്നാലെ എംപിമാര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാരും രംഗത്ത് വന്നു. സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തുകയാണ് എംപിമാര്‍ ചെയ്തതെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു.
ഹൈദരാബാദ് ബലാൽസംഗ കേസ്;കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ്:ഹൈദരാബാദ് ബലാൽസംഗ കേസിൽ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി.തിങ്കളാഴ്ച രാത്രി എട്ടുവരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ചിത്രീകരിച്ച് സിഡിയോ പെന്‍ഡ്രൈവോ മഹബൂബ് നഗര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്.ജില്ലാ ജഡ്ജി ഇത് നാളെ വൈകുന്നേരത്തോടെ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് കൈമാറണം.വ്യാഴാഴ്ച രാത്രിയിലാണ് വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചത്.അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലായിരുന്നു സംഭവം.റിമാന്‍ഡിലായിരുന്ന പ്രതികളെ സംഭവം നടന്നതെങ്ങനെ എന്നു മനസ്സിലാക്കാന്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലുപേരും കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.ഷംഷാബാദിലെ ടോള്‍ പ്ലാസയില്‍ നിന്ന് 100 മീറ്റര്‍ അകലെ വൈകിട്ട് ആറരയോടെ സ്കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളയിലേയ്ക്കു പോയി.ഈ സമയം പ്രതികള്‍ സമീപത്തിരുന്നു മദ്യപിക്കുകയായിരുന്നു. തങ്ങളുടെ ലോറിയ്ക്ക് സമീപത്തായി യുവതി സ്കൂട്ടര്‍ നിര്‍ത്തിയിടുന്നത് കണ്ട ഇവര്‍ മടങ്ങി വരുമ്പോൾ യുവതിയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ടു.തുടർന്ന് യുവതിയുടെ സ്കൂട്ടറിന്‍റെ ടയര്‍ പ്രതികളിലൊരാള്‍ പഞ്ചറാക്കി. മടങ്ങിവന്ന യുവതിയ്ക്ക് അവര്‍ സഹായ വാഗ്ദാനം നല്‍കി.സ്കൂട്ടര്‍ ശരിയാക്കികൊണ്ടുവരാമെന്നും പറഞ്ഞ് പ്രതികളിലൊരാള്‍ വണ്ടി തള്ളികൊണ്ടുപോയി. ഇതിനിടയില്‍ സംശയം തോന്നിയ യുവതി തന്‍റെ സഹോദരിയെ വിവരമറിയിക്കുകയും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്ന് പറയുകയും ചെയ്തു.അവിടെനിന്നും പെട്ടെന്ന് തിരികെയെത്താന്‍ നിര്‍ദ്ദേശിച്ച സഹോദരി പിന്നീട് ഡോക്ടറെ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു.ഫോണ്‍ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേർന്ന് യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ബോധം വീണ്ടുകിട്ടിയ യുവതി ബഹളം വച്ചപ്പോള്‍ പ്രതികള്‍ ചേര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് സംഭവ സ്ഥലത്തു നിന്നും 20 കിലോമീറ്റര്‍ അകലെ മൃതദേഹം എത്തിച്ച് പെട്രോളും ഡീസലും ഉപയോഗിച്ച് കത്തിക്കുകയുമായിരുന്നു.
ഉന്നാവോയിൽ ബലാൽസംഗകേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരണത്തിനു കീഴടങ്ങി
ന്യൂഡൽഹി:ഉന്നാവിൽ ബലാൽസംഗകേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരണത്തിനു കീഴടങ്ങി.ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.11.10ന് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത് തുടര്‍ന്ന് പരമാവധി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സഫ്ദാര്‍ജങ് ആശുപത്രി അധികതര്‍ അറിയിച്ചു. പ്രാഥമിക ചികിത്സ വൈകിയതും 90 ശതമാനം പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അബോധാവസ്ഥയില്‍ അശുപത്രിയിലെത്തിച്ച യുവതി വെന്റിലേറ്ററിലായിരുന്നു.വിവാഹ വാഗ്ദാനം നല്‍കിയ ആള്‍ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ പെണ്‍കുട്ടിയെയാണ് പ്രതികളടക്കം അഞ്ചു പേര്‍ ചേര്‍ന്നു തീ കൊളുത്തി പരിക്കേല്‍പ്പിച്ചത്. ഉന്നാവ് ഗ്രാമത്തില്‍ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാന്‍ തുടങ്ങവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അതീവ ഗുരുതരവസ്ഥയിലായ പെണ്‍കുട്ടിയെ ലക്നൗവിലെ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു.തന്നെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തനിക്ക് മരിക്കാന്‍ ആഗ്രഹമില്ലെന്നും പെണ്‍കുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. ”എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നോട് ഇത് ചെയ്തവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്ക് കാണണം” പെണ്‍കുട്ടി സഹോദരനോട് പറഞ്ഞതിങ്ങനെ.ആക്രമിക്കപ്പെട്ട ദിവസം ദേഹത്ത് പടര്‍ന്നുപിടിച്ച തീയുമായി പെണ്‍കുട്ടി ഒരു കിലോമീറ്ററോളം ഓടിയെന്ന് ദൃസാക്ഷികള്‍ പറഞ്ഞിരുന്നു. ഒരുകിലോമീറ്ററോളം ഓടിയതിന് ശേഷമാണ് പെണ്‍കുട്ടിയെ ദൃസാക്ഷികള്‍ കാണുന്നത്. ഇവരാണ് പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. വിജനമായ റോഡില്‍വെച്ചായിരുന്നു ആക്രമണം. തീ ആളി പടരുന്നതിനിടെ ഇവര്‍ ആംബുലന്‍സ് നമ്പറിലേക്ക് ഫോണ്‍ വിളിച്ചിരുന്നു.