ന്യൂഡല്‍ഹി:പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.അക്രമ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ദേശവിരുദ്ധമായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോ ആയ ദൃശ്യങ്ങള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ദേശവിരുദ്ധമായ ഏതുതരത്തിലുള്ള ഉള്ളടക്കവും ലൈസന്‍സിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. ഇതു പാലിച്ചുകൊണ്ടുവേണം എല്ലാ സ്വകാര്യ ചാനലുകളും പ്രവര്‍ത്തിക്കേണ്ടതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ആറുമാസം തടവും 10,000 രൂപ പിഴയും;കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരെ ഉപേക്ഷിക്കുന്ന മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ (മകന്റെയോ മകളുടെയോ ഭാര്യ/ഭര്‍ത്താവ്) എന്നിവര്‍ക്ക് 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നല്‍കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരെ ഉപേക്ഷിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവു ശിക്ഷയോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കാം.ഇവര്‍ക്ക് നേരെയുള്ള മാനസികവും ശാരീരികവുമായ ഉപദ്രവം എന്നിവയും ശിക്ഷാര്‍ഹമാക്കും.വസ്ത്രം, ഭവനം, ആരോഗ്യപരിചരണം, സുരക്ഷ, ഭക്ഷണം എന്നിവ ലഭ്യമാക്കേണ്ട ചുമതല സംരക്ഷകര്‍ക്കാണ്. ഇവ പാലിക്കാത്ത മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന ട്രൈബ്യൂണലുകള്‍ക്കെതിരെ പരാതി നല്‍കാം. പരാതി 90 ദിവസത്തിനകം തന്നെ തീര്‍പ്പാക്കണം. 80 വയസ്സിന് മുകളിലാണെങ്കില്‍ 60 ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പാക്കണം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാന്‍ ഓരോ പോലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് 3 മാസം തടവും 5000 രൂപ പിഴയും എന്ന 2007-ലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്.
പൗരത്വ ഭേദഗതി ബില്ലിൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രതിഷേധം കനക്കുന്നു;രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു;അസമില്‍ അനിശ്ചിതകാല കര്‍ഫ്യു പ്രഖ്യാപിച്ചു
ആസാം:പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധക്കാര്‍ അസമില്‍ രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അര്‍ധസൈനിക വിഭാഗത്തിന് പുറമെ സൈന്യത്തെ കൂടി വിന്യസിച്ചേക്കും. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തെക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. വ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി അസമിലെ പത്ത് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നാലു മണിക്കൂര്‍ ഗുവാഹത്തി വിമാനത്താവളത്തില്‍ കുടുങ്ങി. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയില്‍ എത്തിച്ചത്.പ്രതിഷേധങ്ങള്‍ക്കിടെ ഗുവാഹതിയില്‍ നിന്നുമാത്രം 1000 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് അസമില്‍ ഉള്‍ഫ ബന്ദ് പ്രഖ്യാപിച്ചു. ബില്‍പിന്‍വലിക്കുന്നതുവരെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ക്രിഷക് മുക്തി സംഗ്രാം സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതോടെ കടുത്ത പ്രതിഷേധമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അലയിടക്കുന്നത്. പലയിടങ്ങളിലും പ്രതിഷേധം അക്രമങ്ങളിലേക്ക് തിരിഞ്ഞു.വിദ്യാര്‍ത്ഥികളാണ് പ്രധാനമായും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കുന്നത്. ഞായറാഴ്ച ജാപനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്ന പരിപാടിയുടെ ബോര്‍ഡുകള്‍ക്കും മറ്റും പ്രതിഷേധക്കാര്‍ തീവെച്ചു. വടക്ക് കിഴക്കന്‍ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് പൌരത്വ ഭേദഗതി ബില്‍ എന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം. ദീബ്രുഗഡില്‍ പോലീസും സമരക്കാരും ഏറ്റുമുട്ടിയതോടെ പോലീസ് ടിയര്‍ ഗ്യാസും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. നിരവധി ട്രെയിനുകളും പ്രതിഷേധത്തിന് പിന്നാലെ റദ്ദാക്കേണ്ടി വന്നു.
പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി:രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു.പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു. ‘ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരാണെന്ന തെറ്റിദ്ധാരണ പരക്കുന്നുണ്ട്. എന്നാല്‍ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല’- അമിത് ഷാ പറഞ്ഞു.ഈ ബില്ലില്‍ രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. നിങ്ങളെ ചിലര്‍ ഭയപ്പെടുത്താന്‍ നോക്കിയാല്‍ നിങ്ങള്‍ ഭയപ്പെടരുത്. ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ലഭിക്കും. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബില്ലിന്‍ മേല്‍ രാജ്യസഭയില്‍ ചര്‍ച്ച തുടരുകയാണ്. ലോക്സഭയിൽ സർക്കാറിന് എളുപ്പത്തിൽ പാസാക്കാനായ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ സഹായം കൂടാതെ വിജയിപ്പിക്കാൻ കഴിയില്ല. രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കാനും കേന്ദ്ര സർക്കർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമാകുന്നു; രിപുരയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി
ആസാം:പൗരത്വ ഭേദഗതി ബില്ലിനെതിരെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമാകുന്നു.സംഘര്‍ഷ സാഹചര്യത്തില്‍ ത്രിപുരയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. എസ്‌എംഎസ് സേവനവും നിര്‍ത്തലാക്കിയിട്ടുണ്ട്. 48 മണിക്കൂര്‍ നേരത്തേക്കാണ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് ഇന്റര്‍നെറ്റ് സേനവനം നിര്‍ത്തലാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അസമില്‍ പ്രതിഷേധക്കാര്‍ റോഡ് ഗതാഗതവും ട്രെയിന്‍ സര്‍വീസും തടസ്സപ്പെടുത്തി. സം, ത്രിപുര , അരുണാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ദേശീയ പാതയില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെടുത്തിയിരുന്നു.അസമില്‍ പ്രതിഷേധം റെയില്‍വേ ട്രാക്കിലേക്ക് കൂടി കടന്നതോടെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു.ഗുവാഹത്തിയില്‍ സര്‍ക്കാര്‍ ബസിനെതിരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ഒരു ബൈക്കിന് തീവെക്കുകയും ചെയ്തു. സംഘര്‍ഷം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.പൗരത്വം ലഭിക്കുന്ന കുടിയേറ്റക്കാര്‍ തങ്ങളുടെ ജീവനോപാധികള്‍ക്കും നാടിന്റെ തനിമയ്ക്കും ഭീഷണിയാകുമെന്നാണു ഗോത്രസംഘടനകള്‍ ഭയപ്പെടുന്നത്. പ്രതിഷേധങ്ങള്‍ മേഖലയില്‍ ഗോത്രവര്‍ഗക്കാരും മറ്റുള്ളവരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുന്നതിനെ ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്. പലയിടത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു.പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അസമീസ് സിനിമാ പ്രവര്‍ത്തകരും ഗായകരും ചൊവ്വാഴ്ച ഗുവാഹാട്ടിയില്‍ തെരുവിലിറങ്ങി. ദേശീയപുരസ്‌കാര ജേതാവായ അസമീസ് സംവിധായകന്‍ ജനു ബറുവ ‘ഭോഗ ഖിരിക്കീ’ എന്ന തന്റെ ചിത്രം സംസ്ഥാന പുരസ്‌കാരപ്പട്ടികയില്‍നിന്നു പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു.പ്രക്ഷോഭങ്ങള്‍ക്കിടെ സിക്കിമിലെ ദലായ് ജില്ലയില്‍ പ്രക്ഷോഭകര്‍ ചന്തയ്ക്കു തീവെച്ചു. ഹംരോ സിക്കിം പാര്‍ട്ടി നേതാവും ഫുട്‌ബോള്‍ താരവുമായ ബൈച്ചുങ് ബൂട്ടിയയും ബില്ലില്‍ പ്രതിഷേധമറിയിച്ചു.
പൗരത്വ ഭേദഗതി ബിൽ;വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ്
ന്യൂഡൽഹി:എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു.ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ് ആചരിക്കുകയാണ്. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് 11 മണിക്കൂര്‍ പൊതുപണിമുടക്ക്.ആസമില്‍ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. മണിപ്പൂരില്‍ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കു പ്രഖ്യാപിച്ച പണിമുടക്ക് നാളെ പുലര്‍ച്ചെ മൂന്നു മണി വരെ തുടരും. ‘മണിപ്പുര്‍ പീപ്പിള്‍ എഗനിസ്റ്റ് സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്മെന്റ് ബില്‍’ എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് സമരം. മണിപ്പൂരിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്‍ നടപ്പാക്കരുതെന്ന് സമരരംഗത്തുള്ളവര്‍ ആവശ്യപ്പെട്ടു. തദ്ദേശീയ രാഷ്ട്രീയ സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെത്തുടര്‍ന്ന് ത്രിപുരയിലും ജനജീവിതം സ്തംഭിച്ചു.മതം അടിസ്ഥാനപ്പെടുത്തിയുള്ള ബില്ലിനെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ തള്ളിക്കൊണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. മുസ്ലിങ്ങളെ മാത്രം ബില്ലില്‍ നിന്ന് ഒഴിവാക്കികൊണ്ടാണ് ബില്ല് തയ്യാറാക്കിയത്. അഫ്ഗാനിസ്ഥാന്‍,പാകിസ്താന്‍,ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്ന് മുസ്ലിങ്ങളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാനെന്ന അവകാശവാദങ്ങളുമായാണ് ദേഗദതികള്‍ കൊണ്ടുവന്നത്. വരുംദിവസം രാജ്യസഭയില്‍ ബില്‍ പരിഗണനയ്‌ക്കെത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി
ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി.ഏഴ് മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.പാകിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അമുസ്‍ലിംകളായ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ വിവാദ ഭേദഗതി. ഈ രാജ്യങ്ങളില്‍ ഇസ്‌ലാം മതാടിസ്ഥാനത്തിലുള്ള ഭരണഘടനകളുള്ളത് കൊണ്ട് അവിടെ നിന്നുള്ള മുസ്‌ലിംകളെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കിയത്.
പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതോടെ 2014 ഡിസംബര്‍ 31-നോ അതിന് മുന്‍പോ ഇന്ത്യയിലേക്ക് എത്തിയ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രൈസ്തവ, സിഖ്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹത നേടും. ഇവരെ 1920ല ഇന്ത്യയിലേക്കുള്ള പാസ്പോര്‍ട്ട് എന്‍ട്രി നിയമത്തിന്‍റെ സി വ്യവസ്ഥയുടെ രണ്ടും മൂന്നും ഉപവ്യവസ്ഥയില്‍ നിന്നും 1946ലെ വിദേശി നിയമത്തിലെ വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കി അനധികൃത കുടിയേറ്റക്കാര്‍ അല്ലാതാക്കി മാറ്റും. അഭയാര്‍ഥി പ്രവേശന സമയപരിധി 2014 ഡിസംബര്‍ 31 എന്ന് വ്യക്തമായി ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനായി 1955 മുതലുള്ള പൗരത്വ നിയമത്തിന്‍റെ 2(1) ബി വകുപ്പില്‍ പുതിയ വ്യവസ്ഥ എഴുതിച്ചേര്‍ത്തിട്ടുണ്ട്.ഭരണഘടനയുടെ ആറാം അനുബന്ധത്തിന്‍റെ സംരക്ഷണമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകള്‍ക്കു ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ല. അതോടൊപ്പം തന്നെ 1873ലെ ബംഗാള്‍ കിഴക്കന്‍ അതിര്‍ത്തി ഉടന്പടി അനുസരിച്ച് അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം സംസ്ഥാനങ്ങളിലെ യാത്രാനുമതി പരിധിക്കുള്ളിലുള്ള സ്ഥലങ്ങള്‍ക്കും ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നാണ് പൗരത്വ ഭേദഗതി ബില്ലില്‍ ഉറപ്പു നല്‍കുന്നത്.
ഇന്ത്യയിലെ ജനങ്ങളെ മതപരമായി വിഭജിക്കുന്ന നിയമ നിര്‍മ്മാണമാണ് ഭേദഗതിയിലൂടെ ബി.ജെ.പി നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ ഉന്നയിച്ചു. ഇതിന് പിന്നാലെ എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഉവൈസി വിവാദ ബില്‍ സഭയില്‍ കീറിയെറിഞ്ഞു. രാഷ്ട്രീയ അജണ്ടകളില്ലന്നും ഒരു മതത്തിനും ബില്‍ എതിരല്ലന്നും അമിത് ഷാ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനം തുടര്‍ന്നു.ഏഴ് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ടു വന്ന ഭേദഗതികള്‍ തള്ളിയതിന് പിന്നാലെ വോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കി. 80ന് എതിരെ 311 വോട്ടുകള്‍ക്ക് രാത്രി ഏറെ വൈകി ബില്ല് പാസാക്കി.എ.ഐ.ഡി.എം.കെ, ജനതാദള്‍ യു, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡിപി തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, സി.പി.എം, സി.പി.ഐ തുടങ്ങിയവര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
ഡിസംബര്‍ 14 നകം പത്തു തൂക്കുകയറുകള്‍ തയ്യാറാക്കി വെക്കാന്‍ നിര്‍ദേശം;നിര്‍ഭയ കൂട്ടബലാത്സംഗക്കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്ന് സൂചന
ന്യൂഡൽഹി:വധശിക്ഷക്ക് ഉപയോഗിക്കുന്ന തൂക്കുകയർ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ബീഹാറിലെ ബക്സാർ ജയിൽ അധികൃതര്‍ക്ക് ഈ ആഴ്ച അവസാനത്തോടെ 10 തൂക്കുകയറുകള്‍ തയ്യാറായി വെക്കാന്‍ നിർദ്ദേശം ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ തൂക്കുകയറുകള്‍ രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസ് പ്രതികൾക്ക് വേണ്ടിയുള്ളതാണെന്ന അഭ്യൂഹം ശക്തമാണ്.തൂക്കുകയറുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ വൈദഗ്ധ്യമുള്ള സംസ്ഥാനത്തെ ഏക ജയിലാണ് ബക്സാറിലേത്.ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ബക്‌സാർ ജയിലില്‍ തയ്യാറാക്കുന്ന തൂക്കുകയറുകള്‍ മനില കയറുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞയാഴ്ചയാണ് തൂക്കുകയറുകള്‍ നിര്‍മ്മിച്ചുവെക്കാനുള്ള നിര്‍ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചത്. എന്നാൽ ഈ കയറുകൾ എവിടേക്കുള്ളതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഡിസംബർ 14 നകം 10 തൂക്കുകയറുകൾ തയാറാക്കണമെന്നാണ് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.ബക്സാർ ജയിലിൽ വധശിക്ഷക്കുള്ള തൂക്കുകയർ നിർമ്മിക്കുന്ന പാരമ്പര്യമുണ്ട്, ബക്സാർ ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ പറഞ്ഞു.ഒരു തൂക്കുകയർ തയ്യാറാക്കാൻ ഏകദേശം മൂന്ന് ദിവസമെടുക്കും. ഇതിനായി യന്ത്രങ്ങൾ ഉപയോഗിക്കുന്നത് കുറവായിരിക്കും.അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാനുള്ള തൂക്കുകയര്‍ നിര്‍മ്മിച്ചതും ഈ ജയിലിലാണ്. അവസാനമായി ഇവിടെ നിന്ന് ഒരു തൂക്കുകയർ നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ അതിന്റെ വില 1,725 രൂപയായിരുന്നു, അദ്ദേഹം പറഞ്ഞു. “ഇരുമ്പിന്റെയും പിച്ചളയുടെയും വിലയിലെ ഏറ്റക്കുറച്ചിലുകൾ കാരണം കാലാകാലങ്ങളിൽ തൂക്കുകയറിന്റെ നിരക്കില്‍ വ്യത്യാസമുണ്ടാകാറുണ്ട്. “സാധാരണയായി അഞ്ച് മുതൽ ആറ് പേർ വരെയാണ് ഒരു തൂക്കുകയർ നിർമ്മിക്കാന്‍ ആവശ്യമായ മനുഷ്യാധ്വാനം. ജയിൽ ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ചിരിക്കുന്ന സമയപരിധി പാലിക്കുന്നത് ഒരു പ്രശ്‌നമാകില്ലെന്നും കാരണം തൂക്കുകയറുണ്ടാക്കാന്‍ പരിചയസമ്പന്നരായ നിരവധി തടവുകാരും ഉദ്യോഗസ്ഥരും ഇവിടെയുണ്ടെന്നും, അറോറ പറഞ്ഞു. നേരത്തേ പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്‍സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാനുള്ള തൂക്കുകയര്‍ തിഹാര്‍ ജയിലിലേക്ക് എത്തിച്ചത് ഇവിടെ നിന്നാണ്.
കർണാടക ഉപതിരഞ്ഞെടുപ്പ്;12 സീറ്റിൽ ബിജെപി വിജയിച്ചു;കോൺഗ്രസ്സ് രണ്ടിടത്ത്
ഉന്നാവോ പെണ്‍കുട്ടിയുടെ കൊലപാതകം; ആറ് പോലീസുകാർക്ക് സസ്‌പെൻഷൻ
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം ചുട്ടെരിച്ച് കൊന്ന സംഭവത്തില്‍ ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.ഭാടിന്‍ ഖേഡായ്ക്ക് അടുത്തുള്ള ബീഹാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത് .ഇവരില്‍ രണ്ട് പേര്‍ ഇന്‍സ്പെക്ടര്‍മാരും മൂന്ന് പേര്‍ കോണ്‍സ്റ്റബിള്‍മാരുമാണ്.സ്റ്റേഷന്‍ ഇന്‍ചാര്‍ജായ അജയ് ത്രിപാഠി, അരവിന്ദ് സിങ് രഖു വൈശി, എസ്‌ഐ ശ്രീറാം തിവാരി, പോലീസുകാരായ പങ്കജ് യാദവ്, മനോജ്, സന്ദീപ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.എസ്‌പി വിക്രാന്ത് വീറിന്റേതാണ് നടപടി. യുവതിയെ തീയിട്ട് കൊലപ്പെടുത്തിയ സമയത്ത് ഈ പ്രദേശത്തിന്റെ ചുമതലയിലുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇവരെല്ലാം.പ്രതികളുടെ ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയിട്ടും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഉന്നാവിലെ 23 കാരിയെ പ്രതികള്‍ മുൻപും കൊല്ലുമെന്ന് പ്രതികളായ ശിവം ത്രിവേദി,ഹരിശങ്കര്‍ ത്രിവേദി, ശുഭം ത്രിവേദി, റാം കിഷോര്‍, ഉമേഷ് എന്നിവർ ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട യുവതിയുടെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടും സംരക്ഷണം നല്‍കിയില്ലെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം തെറ്റാണെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതികളുടെ ബന്ധുക്കള്‍ പറഞ്ഞു.പൊലീസില്‍ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ശുഭം ത്രിവേദിയുടെ അമ്മയും സഹോദരിയും ആവശ്യപ്പെടുന്നത്.