പാരീസ്: കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റിന് പിന്നാലെ ഇപ്പോഴിതാ കൊറോണയുടെ പുതിയൊരു വകഭേദം വന്നിരിക്കുകയാണ്.IHU എന്നാണ് ഈ പുതിയ വേരിയന്റിന്റെ പേര്.ഒമിക്രോണ്‍ വ്യാപനം തീവ്രമായി നില്‍ക്കുന്നതിനിടെയാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1.640.2 (ഇഹു-ഐഎച്ച്‌യു) ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.ഈ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍.ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്നും ഫ്രാന്‍സിലെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആള്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇഹു മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.11.640.2 എന്ന വകഭേദത്തിന് ഇഹു എന്ന് പേരിട്ടത്. ഡബ്ല്യൂഎച്ച്‌ഒ അംഗീകരിക്കുന്നത് വരെ പുതിയ വകഭേദം ഈ പേരിലാകും അറിയപ്പെടുക.ഈ വകഭേദത്തിന് വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതിനാല്‍ മനുഷ്യരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്താന്‍ പുതിയ വകഭേദത്തിന് കഴിയുമെന്നും സൂചനയുണ്ട്.
എടിഎമ്മിൽ നിന്ന് അഞ്ചിൽ കൂടുതൽ തവണ പണമെടുത്താൽ ഇനിമുതൽ അധിക ചാർജ് ഈടാക്കും
ന്യൂഡൽഹി:ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക് പുറമേ പണം പിൻവലിച്ചാൽ ഇനിമുതൽ അധിക ചാർജ് ഈടാക്കും. എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഈടാക്കുന്ന നിരക്കിൽ വർദ്ധനവ് വരുത്താൻ ബാങ്കുകൾക്ക് ആർബിഐ അനുമതി നൽകിയതിന് പിന്നാലെയാണിത്. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.പ്രതിമാസം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി കഴിഞ്ഞാൽ പിന്നീട് നടത്തുന്ന ഇടപാടുകൾക്ക് 20 രൂപ വീതമാണ് ഈടാക്കിയിരുന്നത്. എന്നാൽ 2022 മുതൽ 21 രൂപയും ജിഎസ്ടിയുമാണ് ഇനി നൽകേണ്ടി വരിക. നിലവിൽ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്.എടിഎമ്മിന്റെ ചിലവുകളിൽ ഉണ്ടായ വർദ്ധനയും ഉയർന്ന ഇന്റർചേഞ്ച് ഫീസിനുള്ള നഷ്ടപരിഹാരവും കണക്കിലെടുത്താണ് എടിഎം ഇടപാടുകൾക്ക് ചാർജ് വർദ്ധിപ്പിക്കാൻ ആർബിഐ അനുമതി നൽകിയത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് ബാങ്കുകൾക്ക് ആർബിഐ കൈമാറിയത്.
രാജ്യത്ത് 15 വയസ്സിനു മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ തുടങ്ങി;ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 7 ലക്ഷത്തിലധികം പേര്‍
ന്യൂഡൽഹി: രാജ്യത്ത് 15 വയസ്സിനു മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ തുടങ്ങി.7 ലക്ഷത്തിലധികം പേരാണ് ഇതുവരെ കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തത്.15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷനാണ് ഇന്ന് ആരംഭിച്ചത്.ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസായാണ് നല്‍കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സാധിക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം.ശനിയാഴ്ച മുതലാണ് കൗമരക്കാർക്കായുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. കഴിഞ്ഞ മാസം 24 നാണ് 15 നും 18 നും ഇടയിലുള്ളവർക്ക് കൊവാക്‌സിൻ നൽകാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. കേരളത്തിൽ കൗമാരക്കായ 15.34 ലക്ഷം പേർ ഉണ്ടെന്നാണ് കണക്ക്. ഇവർക്ക് മുഴുവൻ ഉടൻ പ്രതിരോധ വാക്‌സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ജനറൽ/ജില്ലാ/താലൂക്ക് ആശുപത്രികൾ, സിഎച്ച്‌സി എന്നിവിടങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം. ഈ മാസം 10 വരെ ബുധൻ ഒഴികെ എല്ലാ ദിവസവും വാക്‌സിൻ നൽകും. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് വാക്‌സിൻ വിതരണം.കൗമാരക്കാരുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് ബോർഡുകൾ സ്ഥാപിക്കും. വാക്‌സിൻ സ്വീകരിച്ച കുട്ടികളുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തും. കൊറോണ വന്നുപോയവരാണെങ്കിൽ മൂന്ന് മാസങ്ങൾക്ക് ശേഷം വാക്‌സിൻ സ്വീകരിച്ചാൽ മതി.
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം; നാലുപേര്‍ മരിച്ചു
ചെന്നൈ:തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു.എട്ടുവയസുള്ള ഒരു കുട്ടി അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു.മൂന്ന് പേര്‍ സംഭവ സ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.ശ്രീവല്ലിപുത്തുരിലെ ആര്‍.കെ.വി എം. പടക്കനിര്‍മ്മാണ ശാലയില്‍ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്.എസ്. കുമാര്‍ (38), പി. പെരിയസ്വാമി (40), എസ്. വീരകുമാര്‍ (40), പി. മുരുഗേശന്‍ (38) എന്നിവരാണ് മരിച്ചത്. കുമാര്‍, പെരിയസ്വാമി, വീരകുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചും മുരുഗേശന്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍വെച്ചുമാണ് മരണപ്പെട്ടത്. പരിക്കേറ്റവര്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പൂജ നടത്താനായാണ് ജോലിക്കാര്‍ പടക്ക നിര്‍മ്മാണ യൂണിറ്റിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജമ്മുകശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു;നിരവധിപേർക്ക് പരിക്കേറ്റു
ജമ്മു: ജമ്മുകശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.കത്രയില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.45ഓടെയാണ് അപകടം ഉണ്ടായത്.അപകടത്തിന് പിന്നാലെ തീർത്ഥാടനം നിർത്തിവെച്ചു. ഉന്നത ഉദ്യോഗസ്ഥരും ക്ഷേത്ര ബോർഡ് പ്രതിനിധികളും അപകടസ്ഥലത്തുണ്ട്. ഡൽഹി ,ഹരിയാന,പഞ്ചാബ് ,ജമ്മുകശ്മീർ എന്നിവടങ്ങളിൽ നിന്നെത്തിയ ഭക്തർക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ നരേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.ജമ്മു കശ്മീരിലെ ഘട്രാ പട്ടണത്തിന് സമീപമുള്ള പർവതത്തിലാണ് ലോകപ്രശസ്തമായ വൈഷ്ണോദേവി ക്ഷേത്രം.
വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി വർധിപ്പിക്കാനുള്ള തീരുമാനം മാറ്റി കേന്ദ്രം
ന്യൂഡൽഹി:വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ജിഎസ്ടി കൗണ്‍സിലിന്റെ 46-ാമത് യോഗമാണ് ദില്ലിയില്‍ ചേര്‍ന്നത്.ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ പ്രീ-ബജറ്റ് കൂടിയാലോചനയിലാണ് വിഷയം ചര്‍ച്ചയായത്.ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ദല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിഷയം ഉന്നയിച്ചിരുന്നത്. ടെക്സ്റ്റൈല്‍സിന്റെ ജിഎസ്ടി നിരക്ക് ഉയര്‍ത്തുന്നത് 2022 ജനുവരി 1 മുതല്‍ നിലവില്‍ വരുന്നതിനെ അനുകൂലിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കുകയായിരുന്നു.
‘ലോകം കൊവിഡ് സുനാമി’യിലേക്ക്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ:ലോകം ‘കൊവിഡ് സുനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി.ഡെല്‍റ്റയും പുതിയ ഒമൈക്രോണ്‍ വകഭേദവും ചേരുമ്ബോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഒമൈക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതർ ആയത്.
ഒമൈക്രോണ്‍;ദില്ലിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; സ്‌കൂളുകളും കോളേജുകളും അടച്ചിടും
ന്യൂഡൽഹി:ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജോലിക്കാര്‍ മാത്രം ഹാജരായാൽ മതി.സ്വിമ്മിങ്ങ് പൂള്‍, ജിം, തീയേറ്റര്‍ തുടങ്ങിയവ അടച്ചിടും. മെട്രൊയില്‍ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഹോട്ടലുകളില്‍ 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനാനുമതി. കടകള്‍ ഇടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കാവൂ.വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേര്‍ക്ക് പങ്കെടുക്കാം.മാളുകളിലും മാര്‍ക്കറ്റുകളിലും തിരക്ക് കൂടുന്ന പശ്ചാത്തലത്തില്‍ ഇത് നിയന്ത്രിക്കും. നിയന്ത്രണങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു.നിയന്ത്രണങ്ങൾ അറിയിച്ചുകൊണ്ടുള്ള വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കും.സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമായി മാസ്ക് ധരിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.
ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവ്;കേരളമുൾപ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താനൊരുങ്ങി കേന്ദ്രസംഘം
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപനം വര്‍ധിച്ച കേരളം അടക്കമുള്ള പത്ത് സംസ്ഥാനങ്ങളില്‍ സന്ദർശനം നടത്താനൊരുങ്ങി കേന്ദ്രസംഘം.രാജ്യത്ത് നിലവില്‍ 17 സംസ്ഥാനങ്ങളിലായി 415 ഒമിക്രോണ്‍ രോഗികളുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 108 പേരാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ചികിത്സയിലുള്ളത്. 79 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയാണ് പിന്നില്‍. കേരളത്തില്‍ 37 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചാം സ്ഥാനത്താണ് കേരളം.സർവെയ്‌ലൻസ് ഉൾപ്പടെയുള്ള കോൺടാക്ട് ട്രേസിങ് നോക്കുക, ജിനോം സീക്വൻസിങ്ങിനായി സാമ്പിളുകൾ ശേഖരിച്ച് കൊറോണ പരിശോധന നടത്തുക, ആശുപത്രി കിടക്കകളുടെ ലഭ്യതയും ആംബുലൻസ്, വെന്റിലേറ്റർ, മെഡിക്കൽ ഓക്‌സിജൻ തുടങ്ങിയവയുടെ ലഭ്യതയും പരിശോധിക്കുക, വാക്‌സിനേഷന്റെ പുരോഗതി വിലയിരുത്തുക എന്നീ പ്രവർത്തനങ്ങളാണ് പ്രധാനമായും കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിരവധി സംസ്ഥാനങ്ങളിൽ രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഒമിക്രോൺ സാഹചര്യത്തിൽ കർശനമാക്കിയിട്ടുണ്ട്. ജനങ്ങൾ ഒത്തുകൂടുന്നതിനും നിയന്ത്രണമുണ്ട്.
രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു
ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. ജയ്സല്‍മേറില്‍ വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്.മിഗ്- 21 യുദ്ധവിമാനത്തിന്‍റെ പൈലറ്റ് വിങ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് കൊല്ലപ്പെട്ടത്. ഗംഗ ഗ്രാമത്തിന് സമീപമുള്ള ഡിഎൻപി ഏരിയയിലാണ് അപകടമുണ്ടായത്.ഇന്നലെ രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. കാണാതായ പൈലറ്റിനായുള്ള തിരച്ചിലിനിടെ പൈലറ്റിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയെങ്കിലും, തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനാൽ രക്ഷിക്കാനായില്ല.പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറോ ആണ് ഇതിനു പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരം.