ദേശീയ പൗരത്വ ഭേദഗതിനിയമം ഒരുകാരണവശാലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

keralanews home minister amit shah says national citizenship amendment act will not be revoked

ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതിനിയമം ഒരുകാരണവശാലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.പുതിയ നിയമംകൊണ്ട് ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടമാകില്ല. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് മോഡി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും നിയമത്തെ എതിര്‍ക്കുന്നവര്‍ അവര്‍ക്ക് കഴിയുന്നത്ര എതിര്‍ക്കട്ടെയെന്നും അമിത് ഷാ പറഞ്ഞു.പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ ആദ്യം നിയമം കൃത്യമായി വായിച്ചുനോക്കി അതിന്റെ അര്‍ത്ഥം മനസിലാക്കണം. ഇന്ത്യയില്‍ ജീവിക്കുന്ന ആരും ഭയപ്പെടേണ്ടതില്ല. ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ല. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.പുതിയ നിയമം കൊണ്ട് ആര്‍ക്കും നീതി ലഭിക്കാതിരിക്കില്ല. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനമെന്നതാണ് മോഡി സര്‍ക്കാരിന്റെ നയം. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും വേട്ടയാടലിന് ഇരയായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുക എന്നതുമാത്രമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം;ബസ് കത്തിച്ചു;മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

keralanews again clash in new delhi over the citizenship amendment bill bus burned metro stations closed
ന്യൂഡൽഹി:പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം.കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി.സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. നഗരത്തിലെ പോലീസ് ബൂത്തിനും തീയിട്ടു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് ലാത്തി ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതനുസരിച്ച്‌ പ്രതിഷേധക്കാര്‍ ഉച്ചയ്ക്ക് ഒരുമണിയോടെ ജഫറാബാദിലെത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ആദ്യ അരമണിക്കൂര്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ ഇവര്‍ പിന്നീട് അക്രമാസക്തരാവുകയായിരുന്നു.സീലംപൂര്‍ നിന്ന് ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. സുരക്ഷയെ കരുതി അഞ്ച് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു.ഡ്രോണ്‍ സംവിധാനമുപയോഗിച്ച്‌ പോലീസ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.

ഉന്നാവ് ബലാൽസംഗക്കേസ്;മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ കുറ്റക്കാരനെന്ന് കോടതി

keralanews former bjp mla kuldeep senagar found guilty in unnao rape case

ന്യൂഡൽഹി:ഉന്നാവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാല്സംഗത്തിനിരയാക്കിയെന്ന കേസിൽ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ കുറ്റക്കാരനെന്ന് കോടതി.ഡല്‍ഹി തീസ് ഹസാരെ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 376, പോക്‌സോ ആക്ടിന്റെ 5,6 വകുപ്പുകള്‍ പ്രകാരമാണ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.മാനഭംഗം , തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി , കേസിലെ കൂട്ടുപ്രതി ശശി സിംഗിനെ വെറുതെ വിട്ടു. കോടതിയില്‍ അതീവ ദുഃഖിതനായി കാണപ്പെട്ട സെന്‍ഗാര്‍, വിധി പ്രഖ്യാപനം കേട്ട് പൊട്ടിക്കര‌ഞ്ഞു.കേസിലെ കുറ്റപത്രം വൈകിയതില്‍ സി.ബി.ഐയെ വിചാരണ കോടതി വിമര്‍ശിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ലക്‌നൗവില്‍ നിന്ന് കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയ ആഗസ്റ്റ് 5 മുതല്‍ ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുകയായിരുന്നു.അടച്ചിട്ട മുറിയില്‍ രഹസ്യമായാണ് വിചാരണ നടന്നത്.

2017 ജൂണ്‍ 4ന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബി.ജെ.പി.എം.എല്‍.എയായിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് കേസ്.പരാതിയുമായി പൊലീസിനെ സമീപിച്ച പെണ്‍കുട്ടിയ്‌ക്കും കുടുംബത്തിനും അവഗണനയും പീ‌ഡനങ്ങളും മാത്രമാണ് നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയുടെ അച്ഛനെ സെന്‍ഗറിന്റെ ആളുകള്‍ ക്രൂരമായി മര്‍ദിച്ച്‌ കള്ളക്കേസില്‍ കുടുക്കി.പിന്നീട് ഇയാൾ കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടു.എല്ലാ വഴികളും അടഞ്ഞതോടെ പെണ്‍കുട്ടി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തുടർന്നാണ് കേസ് സി.ബി.ഐയ്‌ക്ക് വിട്ടത്.ഒടുവില്‍ സുപ്രീം കോടതിക്ക് മുന്നിലെത്തിയ കേസ്, കോടതി യു.പിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധം;യുദ്ധക്കളമായി തലസ്ഥാനം

keralanews massive protests in the country against the citizenship amendment bill

ന്യൂഡൽഹി:പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭം രാജ്യതലസ്ഥാനമായ ഡൽഹിയിൽ അക്രമാസക്തമായി. പ്രക്ഷോഭവുമായി തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ ജാമിയ നഗറില്‍ മൂന്നു ബസുകള്‍ക്ക് തീയിട്ടു. ജാമിയ മിലിയ സര്‍വ്വകലാശാലയിലേക്ക് പൊലീസ് റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകും നടത്തിവരുന്ന സമരമാണ് വലിയ സംഘര്‍ഷമായി വ്യാപിച്ചത്. അതേസമയം, അക്രമങ്ങളില്‍ പങ്കില്ലെന്നും പുറത്തു നിന്നുള്ളവരാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരം നാലു മണിയോടെ ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ‘ഗാന്ധി പീസ് മാര്‍ച്ച്‌’ എന്ന പേരില്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ ആരംഭിച്ചു. എന്നാല്‍ ഈ മാര്‍ച്ച്‌ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.സര്‍വകലാശാല അടച്ചിട്ടും വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അഞ്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. സുഖ്ദേവ് വിഹാര്‍, ജാമിയ മിലിയ ഇസ്ലാമിയ, ഓഖ്‌ല വിഹാര്‍, ജസോള വിഹാര്‍, ആശ്രം മെട്രോ സ്റ്റഷനുകളാണ് അടച്ചത്.അതേസമയം അതേസമയം, ആക്രമണങ്ങള്‍ക്ക് പിന്നില്‍ പൊലീസ് ആണെന്ന് ആരോപിച്ച്‌ ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പുറത്തു വിട്ടു. ബസ് കത്തിക്കാന്‍ കൂട്ടു നിന്നത് പൊലീസെന്നത് ഉള്‍പ്പെടെ പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉന്നയിച്ചിരിക്കുന്നത്.പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിരവധി തെളിവുകളാണ് മനീഷ് സിസോദിയ പുറത്തു വിട്ടിരിക്കുന്നത്. പെട്രോള്‍ ക്യാനുമായി പൊലീസ് നില്‍ക്കുന്ന ചിത്രങ്ങളും വിദ്യാര്‍ഥിനികളെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രങ്ങളും മനീഷ് സിസോദിയ പുറത്തുവിട്ടു. പ്രതിഷേധക്കാരോട് സംഘര്‍ഷം ഒഴിവാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ആഹ്വാനം ചെയ്തു.

ടോ​ള്‍ ബൂ​ത്തു​ക​ളി​ല്‍ ഫാ​സ്ടാ​ഗ് ന​ട​പ്പാ​ക്കു​ന്ന​ത് ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി

keralanews implementing fastag in tollbooths extended for one month

ന്യൂഡൽഹി:രാജ്യത്തെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നടപ്പാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി.യാത്രക്കാരുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.മുന്നൊരുക്കമില്ലാതെ ഫാസ്ടാഗ് നടപ്പാക്കുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഒരു മാസം കൂടി സമയം നീട്ടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.ഡിസംബര്‍ 15 മുതല്‍ ടോള്‍ ബുത്തുകളില്‍ ഫാസ്ടാഗ് നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ 75 ശതമാനം വാഹന ഉടമകളും ഫാസ്ടാഗിലേക്ക് മാറാതിരുന്നതോടെ ജനുവരി 15 മുതല്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് ദേശീയപാത അതോറിറ്റി തീരുമാനിക്കുകയായിരുന്നു.ഫാസ്ടാഗ് നടപ്പാക്കുന്നതിന് മുന്നോടിയായി പാലിയേക്കരയിലും കുണ്ടന്നൂരിലും നടത്തിയ പരീക്ഷണം രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കി.ഇതോടെ ടോള്‍പ്ലാസകളില്‍ യാത്രക്കാര്‍ മണിക്കൂറുകള്‍ കുടുങ്ങി.പലരും ഫാസ്ടാഗ് കാര്‍ഡിന് ഓള്‍ലൈനില്‍ അപേക്ഷിച്ചെങ്കിലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. ഇതോടെയാണ് ഡിസംബര്‍ 15ന് തുടങ്ങാന്‍ നിശ്ചയിച്ച പരിഷ്കാരം ഒരുമാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചത്.

മെഡിക്കൽ സ്റ്റോറിൽ നിന്നും നൽകിയ തെറ്റായ മരുന്ന് കഴിച്ചു;രക്തം ഛര്‍ദ്ദിച്ച്‌ രണ്ട് വയസുകാരി മരിച്ചു

keralanews two year old child died after given wrong medicine by medical store in delhi

ന്യൂഡൽഹി:മെഡിക്കൽ സ്റ്റോറിൽ നിന്നും നൽകിയ തെറ്റായ മരുന്ന് കഴിച്ചതിനെ തുടർന്ന് രക്തം ഛര്‍ദ്ദിച്ച്‌ രണ്ട് വയസുകാരി മരിച്ചു.ന്യൂഡല്‍ഹി ഷാദരയിലെ ജിടിബി പ്രദേശത്താണ് സംഭവം. പ്രദേശത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് കുട്ടിക്ക് അമ്മ മരുന്ന വാങ്ങി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.കടുത്ത പനിയും ചുമയും മൂലം ബുധനാഴ്ചയാണ് മരുന്ന് വാങ്ങുന്നതിന് വേണ്ടി കുട്ടിയേയും കൊണ്ട് അമ്മ മെഡിക്കല്‍ സ്റ്റോറിലെത്തിയത്.എന്നാല്‍ മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ രോഗത്തിന് ശമനമാകാത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും കുട്ടിയേയും കൊണ്ട് മെഡിക്കല്‍ സ്റ്റോറില്‍ എത്തി. തുടര്‍ന്ന്, സ്റ്റോര്‍ ജീവനക്കാര്‍ കുഞ്ഞിന് ഇഞ്ചക്ഷന്‍ നല്‍കി.പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ തന്നെ അമ്മ കുട്ടിയെ ജിടിബി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്; ഇന്ന് തലസ്ഥാനത്ത് ‘ഭാരത് ബചാവോ’ മഹാറാലി

keralanews congress protest against central govt conduct bharath bachao rally in delhi

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ്സിന്‍റെ ‘ഭാരത് ബചാവോ’ റാലി ഇന്ന്.പൗരത്വ ഭേദഗതി നിയമം, സ്ത്രീ സുരക്ഷ, തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍  എന്നിവയടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് റാലി.പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നതോടെ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാണ്.അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. ഒരു ലക്ഷം പേരെയാണ് റാലിയില്‍ പ്രതീക്ഷിക്കുന്നത്.ഡൽഹിയിൽ ഇത് വരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റാലിയായിരിക്കുമെന്നാണ് അവകാശവാദം. റാലിക്കുള്ള ഒരുക്കങ്ങൾ രാംലീലാ മൈതാനത്ത് പൂർത്തിയായി.കേരളം അടക്കം എല്ലാ പി.സി.സികളില്‍ നിന്നുമുള്ള പ്രതിനിധികള്‍ റാലിക്കായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

എതിര്‍പ്പുകള്‍ മറികടന്ന് നിയമം പ്രാബല്യത്തില്‍; പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു

keralanews the law goes into effect despite the objections president signs citizenship amendment bill

ന്യൂഡൽഹി:പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.ഗസറ്റില്‍ പ്രഖ്യാപനം വന്നതോടെ ഇന്നു മുതല്‍ നിയമം പ്രാബല്യത്തിൽ വരും.ലോക്സഭയിലും രാജ്യസഭയിലും ഏറെ ചര്‍ച്ചകള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവിലാണ് ബില്‍ പാസായത്.വന്‍ ഭൂരിപക്ഷത്തോടെ ലോക്‌സഭ പാസാക്കിയ ബില്ല് ബുധനാഴ്ചയാണ് രാജ്യസഭയിൽ പാസാക്കിയത്. ഇതുപ്രകാരം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നു 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയംതേടിയ ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. അതേസമയം അസം, ത്രിപുര ഉള്‍പ്പെടെയുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായ പ്രക്ഷോഭങ്ങളാണ് ബില്ലിനെതിരെ നടക്കുന്നത്. അസമില്‍ പോലിസ് വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.അസമില്‍ തുടരുന്ന പ്രതിഷേധം മേഘാലയയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇവിടെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.അസമില്‍ ഇന്നലെ അസം ഗണ പരിഷത്തിന്റെ ഗുവാഹത്തിയിലെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.ശക്തമായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ട്രെയിന്‍ വ്യോമഗതാഗതം തടസപ്പെട്ടു. ജനങ്ങള്‍ ശാന്തരാകണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതിയെ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ അജന്‍ണ്ടയാണിതെന്നും, കോണ്‍ഗ്രസ് അതിനെ ശക്തമായി നേരിടുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ്‌ചെയ്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമയുദ്ധത്തിനും പ്രതിപക്ഷം തുടക്കമിട്ടു. മുസ്ലിം ലീഗ് ഇന്നലെ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ്, പി.കെ. നവാസ് കനി എന്നിവര്‍ നേരിട്ടാണ് ഹര്‍ജി നല്‍കിയത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.അതേ സമയം അയല്‍രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ നിയമനിര്‍മ്മാണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പൗരത്വ ബില്ലിനെ വിമര്‍ശിച്ച ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ ചരിത്രപരമായ പദവിയെ ദുര്‍ബലപ്പെടുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും ബംഗ്ലാദേശില്‍ ഹിന്ദുക്കളെ പീഡിപ്പിക്കുന്നുവെന്ന മട്ടിലുള്ള അമിത് ഷായുടെ പ്രസ്താവന അസത്യമാണെന്നും മോമെന്‍ വിമര്‍ശിച്ചിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം; ബി.ജെ.പി എം.എല്‍.എയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു

keralanews protest against citizenship amendment bill protesters set a blaze bjp mla house

ആസാം:പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ അസമിലെ ചബുവയിൽ ബി.ജെ.പി എം‌.എൽ‌.എ ബിനോദ് ഹസാരിക്കയുടെ വസതി കത്തിച്ചു. കൂടാതെ, വാഹനങ്ങളും സർക്കിൾ ഓഫീസും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍.എസ്.എസ് ഓഫീസുകള്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. ദില്‍ബ്രുഗയില്‍ ആര്‍.എസ്.എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാര്‍ ഇന്നലെ രാത്രി തീയിട്ടപ്പോള്‍ തേജ്പൂര്‍, സദിയ എന്നിവിടങ്ങളില്‍ ആര്‍.എസ്.എസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ അസമില്‍ ഇന്നലെ രാത്രി കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീടിനു നേര്‍ക്കും ആക്രമണമുണ്ടായിരുന്നു. ഇതിനിടെ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തുവന്നിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ ദേശീയതലത്തിലുള്ള ബില്ലാണെന്നും അസം ജനത ഒന്നുകൊണ്ടും പേടിക്കേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഉപദേശം.വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്നലെ 105 വോട്ടിനെതിരേ 125 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ പാസായത്.അതേസമയം, ക്രമസമാധാന സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് കേന്ദ്ര സായുധ പൊലീസ് സേനയെ സഹായിക്കാൻ അസം റൈഫിളുകളുടെ അഞ്ച് കമ്പനികളെ അസമിലും മൂന്ന് കമ്പനികളെ ത്രിപുരയിലും വിന്യസിച്ചിട്ടുണ്ട്.

വര്‍ധിക്കുന്ന ഉള്ളി വിലയില്‍ നേരിയ ആശ്വാസം; മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞു

keralanews onion price is decreasing wholesale price reduced 40rupees for one kilogram

കൊച്ചി:കുതിച്ചുയരുന്ന ഉള്ളിവിലയ്ക്ക് നേരിയ ആശ്വാസം.മൊത്തവ്യാപാരത്തില്‍ ഒറ്റയടിക്ക് കുറഞ്ഞത് കിലോയ്ക്ക് 40 രൂപ.ഇതോടെ വില നൂറുരൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍.പുണെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ കുറവുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് വില അറുപത് രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.ഉത്‌പാദനം വീണ്ടും മെച്ചപ്പെട്ടതോടെ മാര്‍ക്കറ്റുകളിലേക്ക് സവാള വണ്ടികള്‍ കൂടുതലായി എത്തി തുടങ്ങിയിട്ടുണ്ട്. വില കുറയ്ക്കാന്‍ വിദേശ സവാളകളും വിപണിയിലെത്തി. നിലവാരവും സ്വാദും കുറവായതിനാല്‍ ഇവയ്ക്ക് ഡിമാന്‍ഡ് മോശമാണ്. എങ്കിലും, ഇവ വിപണിയിലെത്തിയത് വില താഴാന്‍ സഹായകമായിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മൊത്തവില വിപണിയായ നാസിക്കിലെ ലാസല്‍ഗാവില്‍ ഇന്നലെ ഹോള്‍സെയില്‍ വില കിലോയ്ക്ക് 41 രൂപയിലേക്ക് താഴ്‌ന്നു. ഡിസംബര്‍ ഏഴിന് ഇവിടെ വില 71 രൂപയായിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വിളവ് നശിച്ചതാണ് വില കത്തിക്കയറാന്‍ കാരണം.വരും നാളുകളില്‍ സവാള വരവ് കൂടുമെന്നും ജനുവരിയോടെ മൊത്തവില കിലോയ്ക്ക് 20-25 രൂപവരെയായി താഴുമെന്നുമാണ് ലാസല്‍ഗാവിലെ വ്യാപാരികള്‍ പറയുന്നത്. ഇത്, റീട്ടെയില്‍ വില കേരളത്തില്‍ അടുത്തമാസാദ്യം 50 രൂപയ്ക്ക് താഴെയെത്താന്‍ സഹായകമാകും.