മഹാരാഷ്ട്രയില്‍ അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു

keralanews ajit pawar sworn in as maharashtra deputy chief minister

മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ഉദ്ധവ് താക്കറേയുടെ മകന്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 25 ക്യാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കോണ്‍ഗ്രസില്‍ നിന്ന് 10 മന്ത്രിമാര്‍ സഭയിലുണ്ട്.ഇതോടെ എന്‍സിപിക്ക് 12 ക്യാബിനറ്റ് മന്ത്രിമാരും നാല് മന്ത്രിമാരുമായി. ശിവസേനയ്ക്ക് പത്ത് ക്യാബിനറ്റ് മന്ത്രിമാരും നാല് മന്ത്രിമാരുമാണുള്ളത്. കോണ്‍ഗ്രസിന് പത്ത് ക്യാബിനറ്റ് മന്ത്രിമാരും രണ്ട് മന്ത്രിമാരുമാണുള്ളത്.ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടക്കുന്ന ആദ്യ മന്ത്രിസഭാ വികസനമാണിത്.ദീര്‍ഘനാള്‍ മഹാവികാസ് അകാഡി സഖ്യത്തിനുള്ളില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയായത്.ഒരു മാസത്തിനുള്ളില്‍ ഉപമുഖ്യമന്ത്രിയായി രണ്ടാം തവണയാണ് അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. നവംബര്‍ 26ന് എന്‍സിപിയില്‍ നിന്ന് ബിജെപിക്കൊപ്പം പോയ അജിത്, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രാജിവച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എംഎല്‍എമാര്‍ ഒപ്പമില്ലെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയായിരന്നു രാജി. ഇതിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചു. മുതിര്‍ന്നന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചൗഹാന് താക്കറെ സര്‍ക്കാരില്‍ ഇടംകണ്ടെത്താനായില്ല.അശോക് ചവാന് മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ പൃഥിരാജ് ചവാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകുമെന്നാണ് സൂചന. നിലവില്‍ ബാലസാഹിബ് തോറാട്ട് മന്ത്രിസ്ഥാനത്ത് എത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്.

നിർണായക വിവരങ്ങൾ ചോർന്നു;നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം

keralanews secret information leaked banned social media in the navy

ന്യൂഡല്‍ഹി: നാവിക സേനയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.ഇതിനു പുറമെ സ്മാര്‍ട്ട് ഫോണുകളും നിരോധിച്ചിട്ടുണ്ട്.നാവികസേനയുടെ ചില നിര്‍ണ്ണായക വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്സുകളിലും ഡോക്ക് യാര്‍ഡിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഏഴ് നാവിക സേനാംഗങ്ങളേയും ഒരു ഹവാല ഇടപാടുകാരനേയും മുംബൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. ചില നിര്‍ണായക വിവരങ്ങള്‍ ഇവര്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ വിവരങ്ങള്‍ കൈമാറിയതെന്നും കണ്ടെത്തിയിരുന്നു. സംഭവത്തെ കുറിച്ച് ആന്ധ്രാപ്രദേശ് ഇന്റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും വിശദമായി അന്വേഷിക്കുന്നുണ്ട്.

കനത്ത മൂടല്‍മഞ്ഞ്;ഡല്‍ഹിയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ അടക്കം ആറ് മരണം

keralanews heavy fog six including two children killed as car plunges into canal

ന്യൂഡൽഹി:കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്  ഡല്‍ഹിയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ അടക്കം ആറുപേർ മരിച്ചു.അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. സംഭലില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മഹേഷ്, കിഷന്‍, നീരേഷ്, രാം ഖിലാഡി, മല്ലു, നേത്രപാല്‍ എന്നിവരാണ് മരിച്ചത്.കനത്ത മൂടല്‍മഞ്ഞു മൂലം കാഴ്ച തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഖേര്‍ലി കനാലിലേയ്ക്ക് പതിക്കുകയുമായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേര്‍ മരിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.രണ്ടാഴ്ചയോളമായി ഡല്‍ഹിയിലും യുപി, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞും വായുവിലെ പൊടിപടലങ്ങളും മൂലം പകല്‍ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡല്‍ഹിയിലുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ സ്വാമി അന്തരിച്ചു

keralanews vishwesha theertha swami seer of udupi pejavara mutt passes away

ബെംഗളൂരു:ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ സ്വാമി(88) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു വിശ്വേശ്വര തീര്‍ത്ഥയെ, ശ്വാസതടസ്സം അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈ മാസം 20 നാണ് മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രോഗം കലശലായതോടെ, വിശ്വശ്വര തീര്‍ത്ഥ സ്വാമിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ശനിയാഴ്ച സ്വാമിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആശുപത്രിയിലെത്തി സ്വാമിയെ സന്ദര്‍ശിച്ചു.ആശുപത്രിയില്‍ നിന്ന് സ്വാമിയെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മഠത്തിലേക്ക് മാറ്റാന്‍ മഠം അധികൃതരും പണ്ഡിറ്റുമാരും ചേര്‍ന്ന് തീരുമാനിച്ചു.ഇതനുസരിച്ച്‌ ഞായറാഴ്ച പുലര്‍ച്ചെ കെ.എം.സി ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ ഉടുപ്പി ശ്രീകൃഷ്ണ മഠത്തിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് സമാധിയായത്. സ്വാമിയുടെ രോഗമുക്തിക്കായി ഇന്ന് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ പ്രതേക പ്രാര്‍ത്ഥന ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. ഉഡുപ്പി അജ്ജാര്‍ക്കാട് മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ബംഗളൂരുവില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആത്മീയരംഗത്തിന് പുറമെ, സാമൂഹ്യസേവന രംഗത്തും, വിദ്യാഭ്യാസ രംഗത്തും വിശ്വശ്വര തീര്‍ത്ഥ സ്വാമിയുടെ സംഭാവനകള്‍ പ്രശസ്തമാണ്. രാമജന്മഭൂമി മൂവ്‌മെന്റിലും സ്വാമി നിര്‍ണായകപങ്കു വഹിച്ചിട്ടുണ്ട്.

അതിശൈത്യം;ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

keralanews severe cold red alert issued in six states in north india

ന്യൂഡല്‍ഹി: അതി കഠിനമായ ശൈത്യത്തെ തുടര്‍ന്ന് ഡല്‍ഹിയടക്കം ആറു സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പല മേഖലകളിലും താപനില 2.4 ഡിഗ്രി വരെ താഴ്ന്നു. കനത്ത മൂടല്‍മഞ്ഞു മൂലം വ്യോമ, റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു.പുതുവത്സരം വരെ ഡല്‍ഹിയിലെ അതിശൈത്യം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മുടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ കാഴ്ചപരിധി 50-175 മീറ്ററായി ചുരുങ്ങി. പല വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. 24 ട്രെയിനുകള്‍ വൈകിയതായി റെയില്‍വേ അറിയിച്ചു.ഹരിയാനയിലെ റെവാരി ജില്ലയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ കാൺപൂരിൽ നടന്ന അക്രമത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്ക്; പ്രതികളെ കണ്ടെത്താന്‍ കേരളത്തിലടക്കം പോസ്റ്റര്‍ പതിക്കുമെന്നും യു.പി. പോലീസ്

keralanews Uttar Pradesh police say that people from Kerala have been involved in the recent violence in UP against the amendment of the citizenship law

ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതിക്കെതിരേ യു.പിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ്. കാന്‍പുരില്‍ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തില്‍നിന്നുള്ളവരുമുണ്ടെന്നാണ് യു.പി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യു.പി. പോലീസ് നേരത്തെ പറഞ്ഞിരുന്നു. സംഭവങ്ങളില്‍ ഉത്തര്‍പ്രദേശിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചത്.കേരളത്തിന് പുറമേ ഡല്‍ഹിയില്‍നിന്നുള്ളവര്‍ക്കും അക്രമങ്ങളില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാന്‍പുരിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഇവരുടെ പോസ്റ്ററുകള്‍ തയ്യാറാക്കുമെന്നാണ് പോലീസ് പറയുന്നത്. ഈ പോസ്റ്ററുകള്‍ യു.പിയിലും ഡല്‍ഹിയിലും കേരളത്തിലും പതിക്കും.യു.പിയില്‍ സംഘർഷത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കനത്ത മൂടല്‍ മഞ്ഞ്;ഹരിയാനയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

keralanews heavy fog two died in an accident in haryana

ഡല്‍ഹി:കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ സബാന്‍ ചൗക്കിലാണ് അപകടമുണ്ടായത്. ദില്ലി ജയ്പൂര്‍ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ മരിച്ച രണ്ടുപേരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങള്‍ ബവാളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗത തടസ്സമുണ്ടായി. പോലീസും അധികൃതരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സംഭവസ്ഥലത്തുനിന്ന് നീക്കി.കനത്ത തണുപ്പിനെ തുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഞായറാഴ്ച വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഐഎസ്‌എല്‍;കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം ഇന്ന്

keralanews i s l kerala blasters north east united match today

കൊച്ചി:ഐഎസ്‌എല്‍ ആറാം സീസണില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം.രാത്രി 7:30ന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.കേരളത്തിന്റെ ഈ സീസണിലെ പത്താം മത്സരമാണിത്.പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ്.ഒന്‍പത് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിക്കാനായ ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ്.ഒൻപത് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.പ്ലേ ഓഫ് സാധ്യതകള്‍ സജീവമാകണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ എട്ടെണ്ണത്തിലെങ്കിലും കേരളത്തിന് വിജയിക്കണം.

ആന്റിബയോട്ടിക്ക് മരുന്ന് വാങ്ങണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കുന്നു ​

keralanews doctors prescription makes it mandatory for people to buy antibiotic medicine

ന്യൂഡല്‍ഹി:ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്നു നിര്‍ദേശം. ഇതുസംബന്ധിച്ച്‌ എല്ലാ ഫാര്‍മസികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സിനെക്കുറിച്ച്‌ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കടക്കാര്‍ മരുന്നുകള്‍ നല്‍കുന്നതു കമ്പനികൾ നിരുത്സാഹപ്പെടുത്തണമെന്നും ഡിസിജിഐ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അമിത മരുന്നുപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ആന്റിബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നതിലൂടെ മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയും ഉണ്ടാകുന്നു.ഇതുമൂലം അണുബാധയ്ക്കെതിരെ മരുന്ന് ഫലപ്രദമാകാത്ത സാഹചര്യവുമുണ്ട്.എച്ച്‌, എച്ച്‌ 1 പട്ടികയിലുള്ള ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ വില്‍ക്കാവുന്നതല്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് പുതിയ നിര്‍ദേശം.

ഡൽഹിയിൽ അതിശൈത്യം;താപനില രണ്ട്​ ഡിഗ്രിയിലേക്ക്​

keralanews severe cold grips delhi temperature reaches two degree celsius

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു. ശനിയാഴ്ച രാവിലെ 2.4 ഡിഗ്രിയായിരുന്നു ഡല്‍ഹിയിലെ കുറഞ്ഞ താപനില.വെള്ളിയാഴ്ച 4.2 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനിലയെങ്കില്‍ ശനിയാഴ്ച അത് വീണ്ടും താഴുകയായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡിസംബര്‍ 14ന് ശേഷം ഡല്‍ഹിയില്‍ പല ദിവസങ്ങളിലും താപനില 15 ഡിഗ്രിക്കും താഴെയായിരുന്നു.1901ന് ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ ഡിസംബറിലെ താപനില ഇത്രയും താഴുന്നത്. ഇതിന് മുൻപ് 1997,1998,2003,2014 വര്‍ഷങ്ങളിലാണ് ഡല്‍ഹിയില്‍ അതിശൈത്യമുണ്ടായത്.അതേസമയം ചൊവ്വാഴ്ചമുതല്‍ ഡല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാനമേഖലയില്‍ മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. മഴ പെയ്താല്‍ തണുപ്പിന്റെ കാഠിന്യമേറും.